നാണമില്ലേടോ? ധർമേന്ദ്രയുടെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ പാപ്പരാസികൾക്ക് നേരെ പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ
text_fieldsമുംബൈ: ആശുപത്രി വിട്ടെത്തിയതിന് പിന്നാലെ, നടൻ ധർമേന്ദ്രയുടെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ പാപ്പരാസികളോട് പൊട്ടിത്തെറിച്ച് മകനും നടനുമായ സണ്ണിഡിയോൾ. 10 ദിവസത്തെ ആശുപത്രിവാസത്തിന് പിന്നാലെയാണ് ധർമേന്ദ്ര ബുധനാഴ്ച മടങ്ങിയെത്തിയത്.
രാവിലെ ധർമേന്ദ്രയും കുടുംബവും വസതിയിൽ മടങ്ങിയെത്തിയതിന് പിന്നാലെ, പാപ്പരാസികന്‍ വീടിന് ചുറ്റും തമ്പടിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വേളയിൽ ധർമേന്ദ്ര മരിച്ചതായടക്കം വാർത്തകൾ വന്നത് കുടുംബത്തെ ഒട്ടൊന്നുമല്ല പ്രതിരോധത്തിലാക്കിയത്.
ധർമേന്ദ്ര മടങ്ങിയെത്തിയതിന് പിന്നാലെ, സ്വകാര്യതയെ മാനിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ‘ധർമേന്ദ്ര ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായി. വീട്ടിൽ അദ്ദേഹം വിശ്രമം തുടരും. മാധ്യമങ്ങളും പൊതുജനങ്ങളും ഊഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കുകയും ചെയ്യണമെന്നും അഭ്യർഥിക്കുന്നു,’ കുടുംബം വാർത്താക്കുറിപ്പിൽ പറഞ്ഞു.
സ്വകാര്യത മാനിക്കണമെന്ന് തുടർച്ചയായി കുടുംബം ആവശ്യപ്പെട്ടിട്ടും ഫോട്ടോഗ്രാഫർമാരും വ്ളോഗർമാരുമടക്കമുള്ളവർ തുടർന്നതോടെയാണ് സണ്ണി ഡിയോൾ പ്രതികരണവുമായി രംഗത്തെത്തിയത്. ‘നിങ്ങളുടെ വീട്ടിലും അമ്മയും അഛനുമില്ലേ? നിങ്ങൾക്കും കുട്ടികളില്ലേ? നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ?,’ കൈ കൂപ്പിക്കൊണ്ട് സണ്ണി ഡിയോൾ ചോദിച്ചു.
അതേസമയം, ധർമ്മേന്ദ്രയെ ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാർഥിക്കണമെന്ന് ആവശ്യപ്പെടുന്ന ഹേമമാലിനിയുടെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. ‘എനിക്ക് ഇക്കുറി ഇത് അത്ര എളുപ്പമായിരുന്നില്ല. ധരംജിയുടെ ആരോഗ്യം ഞങ്ങൾക്ക് വലിയ ആശങ്കയാണ്. മക്കൾക്ക് ഉറക്കമില്ലാതായിരിക്കുന്നു. ഉത്തരവാദിത്തങ്ങൾ വളരെയധികം ഉള്ളയാളെന്ന നിലയിൽ എനിക്ക് ദുർബലയാവാതെ പിടിച്ചുനിന്നേ പറ്റൂ. അദ്ദേഹം ആശുപത്രി വിട്ടതിൽ ആശ്വാസവും വീട്ടിലേക്ക് മടങ്ങിയെത്തിയതിൽ അതിയായ സന്തോഷവുമുണ്ട്. നിങ്ങൾ സ്നേഹിക്കുന്ന ആളുകളുടെ കൂട്ടത്തിൽ അദ്ദേഹത്തെയും ഓർക്കണം. ബാക്കി തോ സബ് ഊപർ വാലെ കെ ഹാത്ത് മേം ഹേ (മറ്റെല്ലാം സർവ്വശക്തന്റെ കൈകളിലാണ്). ദയവായി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക,’ എന്നായിരുന്നു മാലിനിയുടെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

