'അമ്മ സംഘടനയിലെ പ്രശ്നങ്ങൾ അതിനകത്ത് തീരണം', നിവൃത്തികേടുകൊണ്ടായിരിക്കാം അൻസിബ പ്രതികരിച്ചത് -ആസിഫ് അലി
text_fieldsകൊച്ചി: താരസംഘടനയായ അമ്മയിലെ തർക്കങ്ങൾ അതിനകത്ത് തന്നെ തീരണമെന്ന് നടൻ ആസിഫ് അലി. പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടാകും. നിവൃത്തികേടുകൊണ്ടായിരിക്കാം അൻസിബ സംഘടനയിൽനിന്ന് പുറത്തുവന്നശേഷം പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയിലെ പ്രശ്നങ്ങൾ സംഘടനയിൽത്തന്നെ തീരണം. അതിനുള്ള ഇടം സംഘടനയിൽ തന്നെയുണ്ട്. അവിടെ തീരാത്തപ്പോഴായിരിക്കും അൻസിബയെപ്പോലുള്ളവർ പ്രശ്നങ്ങൾ പുറത്തുപറയുന്നത്. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയില്ല. ഞാനും മാധ്യമങ്ങളിലൂടെയാണ് പ്രശ്നങ്ങളെ കുറിച്ച് അറിയുന്നത്. അതുകൊണ്ട് ഒരഭിപ്രായം പറയാൻ എനിക്കറിയില്ല. രണ്ടുപേരുടെ ഭാഗവും കേട്ടശേഷം മാത്രം എന്റെ അഭിപ്രായം പറയാമെന്നും ആസിഫ് അലി പറഞ്ഞു.
മലയാള ചലച്ചിത്ര താരസംഘടന 'അമ്മ'യുടെ ജോയന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കാൻ കാരണം നടൻ ടിനി ടോമും സംഘടനയിലെ മറ്റുചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തനിക്കെതിരേ ടിനി ടോം ക്രൂരമായ അപവാദപ്രചാരണം നടത്തി. വർഗീയമായി അധിക്ഷേപിച്ചെന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ടിനി ടോം തന്നെ ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചതായും അൻസിബ പറഞ്ഞിരുന്നു.
അതേസമയം, തന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് ടിനി ടോം പറഞ്ഞു. ഈ വിഷയത്തിൽ 'അമ്മ' സംഘടന തീരുമാനമെടുക്കട്ടെ. അൻസിബയുടെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് അറിയില്ല. സംഘടനക്കുള്ളിൽത്തന്നെ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ടിനി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 21-നാണ് അൻസിബ ഹസൻ 'അമ്മ'യുടെ ജോയന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളും തൊഴിൽപരമായ തിരക്കുകളുമാണ് രാജിക്ക് കാരണമെന്നായിരുന്നു വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

