‘അമ്മ’ അഡ്ഹോക് കമ്മിറ്റി കേസിൽ കക്ഷി ചേരാൻ അൻസിബക്ക് അവകാശമില്ല, ഇത്തരം നീക്കം പ്രതികാരബുദ്ധി -ശ്വേതാ മേനോൻ
text_fieldsകൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരാൻ നടി അൻസിബ ഹസന് അവകാശമില്ലെന്ന് നടി ശ്വേതാ മേനോൻ. അൻസിബ അഡ്ഹോക് കമ്മിറ്റിയുടെ ഭാഗമല്ലെന്നും വ്യക്തിപരമായ പ്രതികാരബുദ്ധിയോടെയാണ് ഇത്തരം നീക്കം നടത്തുന്നതെന്നും ശ്വേതാ മേനോൻ ആരോപിച്ചു. എറണാകുളം മുൻസിഫ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.
കേസിൽ അൻസിബ കക്ഷി ചേരാൻ ശ്രമിക്കുന്നത് വ്യക്തിപരമായ വൈരാഗ്യം തീർക്കാനാണെന്ന് എറണാകുളം മുൻസിഫ് കോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിൽ ശ്വേതാ മേനോൻ ചൂണ്ടിക്കാട്ടി. ശ്വേത നൽകിയ പരാതിയെത്തുടർന്ന് അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം കോടതി നേരത്തെ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസിൽ കക്ഷി ചേരാൻ അൻസിബ നിയമനടപടി ആരംഭിച്ചത്.
അൻസിബ അഡ്ഹോക് കമ്മിറ്റിയുടെ ഭാഗമല്ലെന്നും കേസ് നടപടികൾ അനാവശ്യമായി നീട്ടിക്കൊണ്ടുപോകാനാണ് ഇത്തരമൊരു ശ്രമം നടത്തുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ‘അമ്മ’ സംഘടനയുടെ വൈസ് പ്രസിഡന്റായി തുടരാനുള്ള തന്റെ നിയമപരമായ അവകാശം സംരക്ഷിക്കാനാണ് കോടതിയെ സമീപിച്ചതെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി.
അതേസമയം, പ്രസിഡന്‍റ് സ്ഥാനത്തുനിന്നും ശ്വേതാ മേനോനെ മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നതായാണ് റിപ്പോർട്ട്. നിലവിൽ ശ്വേത സ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ മാറ്റം വരണമെന്നാണ് സംഘടനയിലെ ഒരു വിഭാഗം സ്ത്രീകളുടെ ആവശ്യം. തെരഞ്ഞെടുപ്പ് വേണോ ശ്വേത തുടരണമോ എന്നതില്‍ 'പെൺമക്കൾ' വാട്സാപ് ഗ്രൂപ്പിൽ അഭിപ്രായരൂപവത്കരണത്തിന് ശ്രമം തുടങ്ങി. സംഘടനപരമായ അഭിപ്രായ വ്യത്യാസങ്ങളും വിവാദങ്ങളും കാരണം ശ്വേതയെ നേരത്തെതന്നെ വാട്സാപ് ഗ്രൂപ്പിൽനിന്ന് പുറത്താക്കിയിരുന്നു.
ഈ സാഹചര്യത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും ചർച്ചാവിഷയമാക്കിയും അമ്മയിലെ പവർ ഗ്രൂപ്പിനെ കടന്നാക്രമിച്ചും ശ്വേത മേനോൻ സമൂഹമാധ്യമ പോസ്റ്റ് പങ്കുവച്ചതോടെ താരസംഘടനയിലെ പോര് വീണ്ടും ചൂടുപിടിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാരോപിതരാണ് സംഘടനയിലെ ചിലരെ മുൻനിർത്തി തന്നെ അധിക്ഷേപിക്കുന്നതെന്നും താൻ എക്സിക്യൂട്ടീവിൽ ഉള്ളിടത്തോളം കാലം ആരോപണവിധേയരായ ആരെയും സംഘടനയുടെ തലപ്പത്തേക്കു വരാൻ അനുവദിക്കില്ലെന്നും സമൂഹ മാധ്യത്തിൽ പങ്കുവെച്ച പോസ്റ്റിൽ ശ്വേത മേനോൻ പറഞ്ഞിരുന്നു.
അമ്മയിലെ അഭിപ്രായ വ്യത്യാസങ്ങളും തമ്മിൽപോരും സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മലയാളത്തിലെ പല പ്രമുഖ താരങ്ങളും വിവാദങ്ങളിൽ ചോദ്യം ചെയ്യപെടുകയും പൊലീസ് കേസുകളിൽ വിദേയരാകുകയും ചെയ്തിരുന്നു. അമ്മയിൽ തുടങ്ങിയ തർക്കങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. പുതിയ തെരഞ്ഞെടുപ്പ് വേണമെന്നും പുതിയ നേതൃത്വം സംഘടനയുടെ തലപ്പത്തു വരണമെന്നുമാണ് ഒരു വിഭാഗത്തിന്‍റെ നിലവിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

