
ഇരുവഴിഞ്ഞിപ്പുഴ പിണങ്ങിയാൽ ഇൗ നാട് മുങ്ങും; ചേന്ദമംഗല്ലൂരിലെ പ്രളയ കാഴ്ചകൾ ഒപ്പിയെടുത്ത് 'കൊങ്ങമ്പള്ളം'
text_fieldsഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞാൽ ആദ്യം വെള്ളം നിറയുന്ന പ്രദേശങ്ങളിലൊന്നാണ് കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂർ, പുൽപറമ്പ് പ്രദേശങ്ങൾ. വർഷത്തിൽ ഒന്നോ രണ്ടോ തവണ 'വിരുന്നെത്തുന്ന' ആ കൊങ്ങമ്പള്ളത്തെ കുട്ടികളും മുതിർന്നവരും കളിയും കുളിയും മീൻപിടിത്തവുമായി ആഘോഷമാക്കുകയാണ് പതിവ്. എന്നാൽ, 2018ലും 19ലും ആ പതിവ് തെറ്റി. കേരളത്തിലെ പല പ്രദേശങ്ങളും പോലെ അപ്രതീക്ഷിത പ്രളയത്തിൽ ഇൗ ഗ്രാമങ്ങളും തീർത്തും ഒറ്റപ്പെട്ടു. നാലിലൊന്ന് വീടുകളിലും വെള്ളം കയറി. പരസ്പര സ്നേഹത്തിെൻറയും സഹകരണത്തിെൻറയും വറ്റാത്ത കാരുണ്യത്തിെൻറയും നിമിഷങ്ങൾക്ക് കൂടി സാക്ഷിയായിരുന്നു പ്രളയ ദിനങ്ങൾ.
ആ ഒാർമകൾ വീണ്ടെടുക്കാൻ ഗ്രാമത്തിലെ ഒരു പറ്റം യുവാക്കളുടെ നേതൃത്വത്തിൽ 2019ലെ പ്രളയത്തെ പശ്ചാത്തലമാക്കി നിർമിച്ച ഡോക്യു ഫിക്ഷനാണ് 'കൊങ്ങമ്പള്ളം'. പ്രളയവും അവയുണ്ടാക്കുന്ന പാരിസ്ഥിതിക, സാമൂഹിക വശങ്ങൾ വരച്ചു കാട്ടിയും ചിന്തകൾ ഉദ്ദീപിപ്പിച്ചും മലയാളി അനുഭവിച്ചുകൊണ്ടിരിക്കുന്നതും അനുഭവിക്കാനിരിക്കുന്നതുമായ പ്രകൃതി ദുരന്തങ്ങളെ എങ്ങിനെ അഭിമുഖീകരിക്കണമെന്ന പാഠവും അറിവുകളും പരിസ്ഥിതിയുമായി ബന്ധപ്പെടുത്തിയുള്ള അന്വേഷണങ്ങളുമാണ് 'കൊങ്ങമ്പള്ള'ത്തിെൻറ ഇതിവൃത്തം. പ്രശസ്ത സാമൂഹിക പ്രവർത്തകൻ നജീബ് കുറ്റിപ്പുറമാണ് ഡോക്യു ഫിക്ഷൻ റിലീസ് ചെയ്തത്.
ഒപ്പം, 2019ൽ നാടനുഭവിച്ച പ്രളയ കാലത്തെ കാഴ്ചകളും അനുഭവങ്ങളും പ്രസ്തുത സന്ദർഭങ്ങളിലെ സാമൂഹിക മാധ്യമങ്ങളിലെ ഒരു നാടിെൻറ ചലനങ്ങളും കോർത്തിണക്കിയാണ് ഇത് തയാറാക്കിയത്.
പ്രളയാനന്തര പശ്ചാത്തലത്തിൽ മുൻകരുതലുകളുടെയും ശാസ്ത്രീയ പ്രകൃതി സമീപനങ്ങളുടെയും പ്രാധാന്യമാണ് കൊങ്ങമ്പള്ളം ചർച്ച ചെയ്യുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നവ സാമൂഹിക മാധ്യമങ്ങളിൽ മികച്ച പ്രതികരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ അഡ്വ.ഹരീഷ് വാസുദേവൻ, ഡിസ്ട്രിക്ട് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ഓഫിസർ നൗഷബ തുടങ്ങിയ വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് 'കൊങ്ങമ്പള്ളം' നിർമാണം.