പ്രേക്ഷകരുടെ മനസ്സിൽ കുടുങ്ങും ഈ 'ബ്രാൽ'
text_fieldsനാട്ടിൻപുറങ്ങളിലെ തോട്ടിലും പാടത്തുമൊക്കെ സാധാരണയായി കണ്ടുവരുന്ന മീനുകളിലൊന്നാണ് വരാൽ അഥവാ 'ബ്രാൽ'. മലയാളികളുടെ പ്രിയപ്പെട്ട ആ ബ്രാൽ തന്നെയാണ് അബ്രു സൈമൺ സംവിധാനം ചെയ്ത 'ബ്രാൽ' എന്ന ഹ്രസ്വ ചിത്രത്തിലെ പ്രധാനതാരവും. ബ്രാലുകൾക്ക് ഒരു പ്രത്യേകതയുണ്ട്. അവ അതിവിരുതന്മാരാണ്. അത്ര പെട്ടെന്നൊന്നും കെണിയിൽ അകപ്പെടില്ല. കെണിയിൽ അകപ്പെടുത്താനാകട്ടെ, മീൻപിടുത്തക്കാർക്ക് നല്ല വൈദഗ്ധ്യം വേണം. ഇല്ലെങ്കിൽ ബ്രാൽ വഴുതിപോകുമെന്നാണ് കേട്ടുകേൾവി.
തൃശൂരിലെ ഏതോ ഉൾനാടൻ ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് അബ്രു തന്‍റെ കഥ പറയുന്നത്. ധർമ്മനും അയാളുടെ ഭാര്യ ജിജിയും അവരുടെ മക്കളും അടങ്ങുന്ന കുടുംബമാണ് കഥയിലെ പ്രധാന ഇടം. അയാളെ ചുറ്റിപ്പറ്റി നിൽക്കുന്നവർ മാത്രമാണ് മറ്റ് കഥാപാത്രങ്ങളാദയ അയൽപക്കക്കാരൻ ചുട്ടഴി തോമയും അയാളുടെ കുടുംബവുമെല്ലാം. ഇൗ നാട്ടിൻപുറം നന്മകൾ കൊണ്ട് അത്രത്തോളം സമൃദ്ധമല്ല എന്ന് അബ്രു തുടക്കം മുതൽക്ക് പ്രത്യേകം അടിവരയിട്ട് കാണിക്കുന്നുണ്ട്. ധർമ്മനെ ബുദ്ധിമുട്ടിക്കാൻ ഒരുങ്ങിയിറങ്ങിയിരിക്കുന്ന ആളാണ് ചുട്ടഴി തോമ. അയാളുടെ ചെയ്തികൾ തന്നെയാണ് ഒരു വേലിക്ക് അപ്പുറവും ഇപ്പുറവും നിന്നായി തർക്കമുണ്ടാകുന്നതിന്‍റെ പ്രധാന കാരണവും.
പൊട്ടിപോയ ജനൽപ്പാളി ഘടിപ്പിക്കാനായി അതിരാവിലെ പോകുന്നതിനിടയിലാണ് ധർമ്മൻ യാദൃശ്ചികമായി മീൻ പിടിക്കാൻ ഇരിക്കുന്നത്. വെറുതെ ചൂണ്ടയിട്ട് ഇരിക്കുന്ന ധർമ്മന്‍റെ കയ്യിൽ അയാൾ പോലും പ്രതീക്ഷിക്കാതെ ഒരു ബ്രാൽ അകപ്പെടുന്നു. ആ ബ്രാൽ കൊണ്ടയാൾ കറി വെക്കാൻ ശ്രമിക്കുന്നു. തുടർന്ന് ഉണ്ടാകുന്ന നർമ്മ മുഹൂർത്തങ്ങളും ആ ബ്രാൽ കറിയെ ചുറ്റിപ്പറ്റിയുണ്ടാകുന്ന കുടുംബ വഴക്കും അയൽപക്ക തർക്കങ്ങളും ഒക്കെയാണ് 'ബ്രാൽ' പറയുന്നത്.
കഥയിൽ പുതുമയുണ്ടെന്നല്ല, മെയ്ക്കിങ്ങിൽ പുതുമ കാണിച്ചു എന്നതാണ് 'ബ്രാലി'നെ അത്യാവശ്യം വേറിട്ട് നിർത്തുന്ന ഘടകം. സ്ക്രീനിൽ നിന്നിറങ്ങി ജീവിതത്തിന്‍റെ ഓരം ചേർന്ന് നിൽക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങൾ. സിനിമയ്ക്കപ്പുറം ജീവിതത്തിന്‍റെ പലയിടത്തുമായി നമുക്കു കണ്ടെത്താൻ കഴിഞ്ഞേക്കാവുന്ന കഥാപാത്രങ്ങൾ. അങ്ങിനെ തോന്നിപ്പിക്കുന്നതിന് അത്രയേറെ സാധാരണമായ സംഭാഷണങ്ങളും റിയലിസ്റ്റിക്കായ രീതിയിലുള്ള ഛായാഗ്രഹണവും വഹിച്ചിരിക്കുന്ന പങ്കും നിസ്സാരമല്ല.
കൊതിക്കെറുവിനെ കുറിച്ച് സംവിധായകന് സിനിമയിലൂടെ പറയണമെങ്കിൽ, തീർച്ചയായും പ്രേക്ഷകന് കൊതി എന്നതും ഒരു അനുഭവമായി മാറേണ്ടത് ഇവിടെ അനിവാര്യമാണ്. പ്രേക്ഷകനെ ഇവിടെ കൊതി പിടിപ്പിക്കുന്നത് ധർമ്മനും കുടുംബവും ഉണ്ടാക്കുന്ന ബ്രാൽ കറി തന്നെയാണ്. ധർമ്മനായി അഭിനയിച്ച സി.ആർ. രാജന്‍റെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ്. പ്രതാപൻ കെ.എസ്, സന, ബീന തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ദീപക്, അശ്വഘോഷൻ എന്നിവർ ചേർന്നാണ്. കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് വിജോ അമരാവതി, അബ്രു സൈമൺ, ശ്രീരാജ് എന്നിവരുമാണ്.