ഇരിട്ടി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിെൻറ പ്രാധാന്യവും സന്ദേശവുമുൾക്കൊള്ളുന്ന ഹ്രസ്വചിത്രമൊരുക്കി ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ്.
എൻ.എസ്.എസ് വളൻറിയർമാരായ പൂർവവിദ്യാർഥികൾ ഉൾപ്പെടെ കലാകാരന്മാരുടെ കൂട്ടായ്മയിലാണ് ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂനിറ്റ് 'ഇൻഫെക്ടഡ്' എന്ന ഷോർട്ട് ഫിലിം ഒരുക്കിയത്.
കോവിഡാനന്തരം സ്കൂൾ അധ്യയനമാരംഭിക്കുമ്പോൾ വിദ്യാർഥികൾ പാലിക്കേണ്ട കോവിഡ് പ്രോട്ടോകോളിനെപറ്റിയും പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും വിദ്യാർഥികളെ ഓർമപ്പെടുത്തുന്നതാണ് ചിത്രത്തിെൻറ ഇതിവൃത്തം. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു നാരായണനാണ്. കാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിദ്ധാർഥാണ്.
നിപുൺ മുരളീധരൻ, മിമിക്രി കലാകാരനും പൂർവവിദ്യാർഥിയുമായ ബിപ്ലവ് നന്ദൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ഇതോടൊപ്പം എൻ.എസ്. എസ് വളൻറിയർമാരായ വിദ്യാർഥികളും അധ്യാപകരും ചിത്രത്തിൽ കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. യൂട്യൂബ് വഴി ചിത്രം ഞായറാഴ്ച റിലീസ് ചെയ്തു.