ഹ്രസ്വ ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറക്കം; അവസാനദിനത്തിൽ 27 ചിത്രങ്ങൾ
text_fieldsതിരുവനന്തപുരം: ആറുദിനങ്ങൾ നീണ്ട 13ാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളക്ക് ചൊവ്വാഴ്ച കൊടിയിറക്കം.
19 വിഭാഗങ്ങളിലായി 220 സിനിമകളും വിഡിയോകളും പ്രദർശിപ്പിച്ച മേളയിൽ എട്ട് മലയാള ചിത്രങ്ങൾ ഉൾെപ്പടെ 27 ചിത്രങ്ങൾ അവസാന ദിനം പ്രദർശിപ്പിക്കും.
ജയൻ മങ്ങാട് സംവിധാനം ചെയ്ത തീയാട്ടം, സജീദ് നടുത്തൊടിയുടെ ബാംബൂ ബാലഡ്സ് തുടങ്ങിയ ചിത്രങ്ങൾ ഫോക്കസ് ഷോർട്ട് ഡോക്യുമെൻററി വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക.
വിവിധ വിഭാഗങ്ങളിലായി 71 മത്സരചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായ അനിമേഷൻ ചിത്രങ്ങൾ, മ്യൂസിക് വിഡിയോകൾ ഏകാന്തതയും അതിജീവനവും എന്ന വിഭാഗത്തിൽ ഉൾപ്പെട്ട 10 ചിത്രങ്ങൾ, അമ്പതോളം വനിതകളുടെ ചിത്രങ്ങൾ എന്നിവ മേളയിൽ പ്രേക്ഷകപ്രീതി നേടി.
സമാപനസമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് ഏരീസ് പ്ലക്സ് എസ്.എൽ തിയറ്റർ സമുച്ചയത്തിലെ ഓഡി -1 ൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. മേളയിലെ വിവിധ വിഭാഗങ്ങളിലെ ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും. തുടർന്ന് വിജയചിത്രങ്ങൾ പ്രദർശിപ്പിക്കും.