'ആന്തം ഫോർ കശ്മീരിന്' കേന്ദ്ര സർക്കാർ വിലക്ക്; യൂട്യൂബിൽ നിന്ന് നീക്കം ചെയ്തു
text_fieldsകശ്മീർ ജനതയുടെ ജീവിതാവസ്ഥ വരച്ചുകാട്ടുന്ന 'ആന്തം ഫോർ കശ്മീർ' എന്ന ശ്രദ്ധേയമായ ഹ്രസ്വ ചിത്രത്തിന് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. നിരവധി ഹ്രസ്വചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ കൊച്ചി സ്വദേശി സന്ദീപ് രവീന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. വിലക്കിനെതിരെ അദ്ധേഹം രംഗത്തെത്തിയിട്ടുണ്ട്. രാജ്യദോഹപരമായ വാക്കുകളോ ദൃശ്യങ്ങളോ ഇല്ലാത്ത ഈ ചെറിയ ചിത്രത്തെ ബി.ജെ.പി. സർക്കാർ ഭയപ്പെടുന്നതെന്തിനാണെന്ന് സംവിധായകനായ സന്ദീപ് രവീന്ദ്രനാഥ് ചോദിച്ചു.
കേന്ദ്ര സർക്കാർ ഇടപെട്ട് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ ചിത്രം യൂട്യൂബിൽ നിന്നും നീക്കം ചെയ്തിരുന്നു. ചിത്രം റിലീസായതിന് പിന്നാലെ വലിയ ചർച്ചയായി മാറിയിരുന്നു. വൈകാതെ യൂട്യൂബ് ലീഗൽ സപ്പോർട്ട് ടീം സിനിമ പിൻവലിക്കുകയാണെന്ന് സംവിധായകനെ അറിയിക്കുകയും ചെയ്തു. മിനിസ്ട്രി ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു നടപടി. വിവരസാങ്കേതികവിദ്യാനിയമം 69-എ ഉപയോഗിച്ച് സിനിമയ്ക്ക് പൂർണ പ്രദർശനവിലക്കും ഏർപ്പെടുത്തി.
കശ്മീരിലെ തിരോധാനങ്ങളും ഏറ്റുമുട്ടലുകളും അവ ജനങ്ങളിൽ ഉണ്ടാക്കുന്ന ആശങ്കകളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്. പ്രശസ്ത സംവിധായകൻ ആനന്ദ് പട്‌വർദ്ധൻ, കർണാടക സംഗീതജ്ഞൻ ടിഎം കൃഷ്ണ എന്നിവർ ചേർന്നായിരുന്നു ഒമ്പത് മിനിറ്റുള്ള ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. മേയ് ഒന്നിന് 370ആം അനുച്ഛേദം റദ്ദാക്കിയതിന്റെ 1000 ദിവസം പൂർത്തിയായതിനോട് അനുബന്ധിച്ചായിരുന്നു ചിത്രം എത്തിച്ചിരിക്കുന്നത്. സായുധ സേനയുടെ പ്രത്യേക അധികാര നിയമം അഫ്സ്പ ഉള്ള പ്രദേശങ്ങളിലാണ് ചിത്രീകരണം നടത്തിയത്.