Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
john paul
cancel
Listen to this Article

മരണത്തിന്റെ നിറം തേടിയുള്ള യാത്രയിലാകും ഒരുപക്ഷേ, ജോൺ പോൾ ഇപ്പോൾ. തീരാസൗഹൃദത്തിന്റെ ഏതോ ലോകത്തിരുന്ന് ഭരതനും പവിത്രനും കലാമണ്ഡലം ഹൈദരലിക്കും ടെലിപ്പതിയിലൂടെ പകർന്നുതരാൻ കഴിയാതിരുന്ന ആ നിറം തേടി...

നാലുപേരും ഒന്നിച്ച ഒരു സൗഹൃദ സദസ്സിൽ ഭരതനാണ് ചോദിച്ചത് മരണത്തിന്റെ നിറം എന്തായിരിക്കുമെന്ന്. തവിട്ടുനിറമെന്നാണ് പവിത്രൻ പറഞ്ഞത്. ആട്ടവിളക്കിന്റെ നിറമായിരിക്കുമെന്നായി ഹൈദരലി. 'ഇതുവരെ മരിച്ചിട്ടില്ല, അതുകൊണ്ട് അറിയില്ല' എന്ന് ജോൺ പോളും പറഞ്ഞു. ഇളംനീലയാകാൻ സാധ്യതയുണ്ടെന്നായിരുന്നു ഭരതന്റെ അനുമാനം. 'മരിച്ചു കഴിഞ്ഞാൽ നമ്മളിങ്ങനെ ആകാശത്തേക്കാണ് പോകുക, അങ്ങോട്ടു ലയിക്കണമെങ്കിൽ നിറം ഇളം നീലയാകണം. അപ്പോൾ മരണത്തിന്റെ നിറം ഇളംനീലയാണ്' എന്ന ന്യായവും ഭരതൻ മുന്നോട്ടുവെച്ചു.

അന്ന് അവർ ഒരു കാര്യം പറഞ്ഞുറപ്പിച്ചാണ് പിരിഞ്ഞത്. നമ്മളിൽ ആരാണോ ആദ്യം മരിക്കുന്നത് അയാൾ അവിടെ ടെലിപ്പതിയുടെ കൗണ്ടർ തുറന്നിട്ടുണ്ടെങ്കിൽ അവിടെനിന്ന് ആദ്യം മരണത്തിന്റെ നിറം എന്താണെന്ന സന്ദേശം അയയ്ക്കണം. മൂന്നു പേരും മരിച്ചിട്ടും ആ നിറം അറിയിച്ചുള്ള ടെലിപ്പതി സന്ദേശം തന്നെ തേടിയെത്തിയില്ലെന്ന് ജോൺ പോൾ പലപ്പോഴും പറഞ്ഞിരുന്നു.

മലയാള സിനിമയെ ഒരു മതമായെടുത്താൽ അതിലെ വിശ്വാസികൾക്ക് ജോൺ പോൾ ഒന്നാമനായിരുന്നു അദ്ദേഹം. സിനിമയെ സംബന്ധിച്ച ഏത് സംശയനിവാരണത്തിനും മലയാളികൾക്ക് സമീപിക്കാമായിരുന്ന ആചാര്യന്മാരുടെ മുൻനിരയിൽ ഉണ്ടായിരുന്നയാൾ. എഴുത്തിന്റെ മർമരമായും സർഗാത്മകതയുടെ ഒരു ചെറുപുഞ്ചിരിയായും എന്നും മലയാള സിനിമക്കൊപ്പം ജോൺ പോൾ ഉണ്ടായിരുന്നു.

മലയാളിയുടെ ഉള്ള് തൊട്ട നൂറോളം സിനിമകളിലൂടെ ജോൺ പോൾ നിത്യഹരിത ഓർമ്മയാകു​മ്പോൾ ബാങ്ക് ജീവനക്കാരനില്‍നിന്ന് പത്രക്കാരനും പിന്നീട് തിരക്കഥാകൃത്തുമായി മാറിയ ആ ജീവിതം അടയാളപ്പെടുത്തിയത് എഴുത്തിന്റെ ശക്തിയെയാണ്. വായനയിലൂടെയാണ് അദ്ദേഹം എഴുത്തിന്റെ ലോക​ത്തേക്ക് എത്തുന്നത്. നാലാംക്ലാസിൽ പഠിക്കുമ്പോളാണ് അധ്യാപകനായ പിതാവിന് എറണാകുളത്തുനിന്ന് പാലക്കാട് ചിറ്റൂരിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. അങ്ങിനെ ​ജോൺ അദ്ദേഹത്തിനൊപ്പം ചിറ്റൂരിലെത്തി. അവിടെ രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് 11വരെയായിരുന്നു സ്‌കൂൾ സമയം. ബാക്കി സമയം മുഴുവൻ കളിച്ചുനടന്ന ജോണിനെ പിതാവ് അടുത്തുള്ള വായനശാലയിൽ എത്തിക്കുകയായിരുന്നു. ആദ്യം ഡിറ്റക്ടീവ് നോവലുകൾ വായിച്ച് രസിച്ച ജോണിന്റെ വായനാശീലത്തെ വഴിതിരിച്ചുവിട്ടത് എം.ടി വാസുദേവൻനായരുടെ 'നാലുകെട്ട്' ആണ്. പിന്നെ വായനയും അതിലൂടെ എ​ഴുത്തും ജീവിതത്തിന്റെ ഭാഗമായി.

മഹാരാജാസിലെ പഠനവും പിന്നീട് കവി പി. കുഞ്ഞിരാമൻനായർ, കാനായി കുഞ്ഞിരാമൻ, ജി. അരവന്ദൻ, ഭരതൻ തുടങ്ങിയവരുമായിട്ടുള്ള സൗഹൃദവും ഈ രണ്ട് ശീലങ്ങളെയും ദൃഢമാക്കി. ജോൺ പോൾ പറഞ്ഞ കോളജുകാല കഥകൾ ഭരതന് ഇഷ്ടപ്പെട്ടതിൽ നിന്നാണ് സൂപ്പർ ഹിറ്റ് സിനിമയായ 'ചാമരം' പിറന്നത്. അതിനുമുമ്പ് ഐ.വി. ശശിയുടെ 'ഞാൻ ഞാൻ മാത്രം' എന്ന സിനിമക്ക് കഥ എഴുതിയിരുന്നു.

ഇടവേളകളില്ലാത്ത എഴുത്തിലേക്കായിരുന്നു പിന്നെ ജോൺ പോളിന്റെ സഞ്ചാരം. മോഹന്‍, പി.ജി. വിശ്വംഭരന്‍, പി.എന്‍. മേനോന്‍, കെ.എസ്. സേതുമാധവന്‍, ബാലു മഹേന്ദ്ര, ജോഷി, സത്യന്‍ അന്തിക്കാട്, കമൽ തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങള്‍ക്കായി എഴുതി. 'പ്രണയമീനുകളുടെ കടൽ' വരെ പിന്നെയെല്ലാം ചരി​ത്രം.

ജോൺ പോൾ ബാങ്ക് ജോലി ഉപേക്ഷിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ ശേഷം 1972ലാണ് അദ്ദേഹം കാനറാ ബാങ്കിൽ ജോലിക്ക് കയറുന്നത്. ബാങ്കിന്റെ അനുവാദത്തോടെയെ സാഹിത്യരചനകൾ പാടുള്ളൂ എന്നും പ്രതിഫലത്തിന്റെ മൂന്നിലൊന്ന് ബാങ്കിൽ നൽകണമെന്നും അന്ന് വ്യവസ്‍ഥ ഉണ്ടായിരുന്നു. ഇതൊക്കെ പാലിച്ചാണ് ആനുകാലികങ്ങളിൽ ചില കഥകൾ പ്രസിദ്ധീകരിച്ചത്. പക്ഷേ, സിനിമ എഴുത്തുകാരൻ ആയതോടെ ഇതെല്ലാം തെറ്റി. മെഡിക്കൽ ലീവ് വരെ എടുത്താണ് തിരക്കഥ എഴുതിയിരുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് മദ്രാസിലേക്കും തിരിച്ചുമുള്ള വിമാനയാത്രകളിൽ കാനറാ ബാങ്ക് ചെയർമാൻ മംഗലാപുരം സ്വദേശി രത്‌നാകറെ കണ്ടുമുട്ടുമായിരുന്നു. ബാങ്ക് ജോലിക്കാരനാണെന്ന് പറയാതെ സിനിമാ പ്രവർത്തകൻ എന്ന നിലയിലാണ് ജോൺ അദ്ദേഹവുമായി സംസാരിച്ചിരുന്നത്. ഒരിക്കൽ ബാനർജിറോഡ് ബ്രാഞ്ചിലെത്തിയ രത്നാകർ ജോൺ പോളിനോട് പറഞ്ഞു-'നിങ്ങൾ ബാങ്ക് ജീവനക്കാരനാണെന്ന് എനിക്കറിയാമായിരുന്നു. നിങ്ങൾക്ക് സമാധാനമായിക്കോട്ടെ എന്ന് കരുതി ഒന്നും ചോദിക്കാതിരുന്നതാണ്'. ഇതിൽ കുറ്റബോധം തോന്നി ജോൺ പോൾ 1983ൽ ജോലി രാജിവെച്ചു.

കെയർ ഓഫ് സൈറബാനു, ഗ്യാങ്സ്റ്റർ എന്നീ സിനിമകളിലൂടെ അദ്ദേഹം അഭിനേതാവുമായി. ടെലിവിഷന്‍ അവതാരകന്‍, ചലച്ചിത്ര അധ്യാപകന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം സാംസ്കാരിക കേരളത്തിൽ തന്നെ അടയാളപ്പെടുത്തുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:john paul
News Summary - One and only John Paul of malayalam cinema
Next Story