നിങ്ങൾക്ക് മരണമില്ല ദിലീപ് സാബ്, ആ ഓരോ ഫ്രെയിമുകളിലും നിങ്ങളുടെ ശ്വാസമുണ്ട് -റസൂൽ പൂക്കുട്ടി
text_fields'നിത്യശാന്തതയിൽ വിശ്രമിക്കൂ താരമേ. നിങ്ങൾക്ക് മരണമില്ല. നിങ്ങൾ ജീവൻ നൽകിയ ഓരോ ഫ്രെയിമുകളിലും നിങ്ങളുടെ ശ്വാസമുണ്ട്. നിങ്ങളെ അത്രമേൽ ഇഷ്ടപ്പെടുന്നു... മുംബൈ ഇനി ഒരിക്കലും പഴയ പോലെയായിരിക്കില്ല. കാരണം, നാളെകളിലെ മുംബൈയിൽ ദിലീപ് കുമാർ സാബ് ഉണ്ടാകില്ല. പ്രാർഥനകൾ' - ഭാവതീവ്രതയുടെ അഭിനയ മുഹൂർത്തങ്ങൾ വെള്ളിത്തിരയിൽ അനശ്വരമാക്കിയ ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിന് വിടചൊല്ലി ഓസ്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്.
ദിലീപ് കുമാറിന്‍റെ അനുഗ്രഹത്തോടെയാണ് തന്‍റെയും സഹപാഠികളുടെയും കരിയർ ആരംഭിച്ചതുതന്നെ എന്ന് റസൂൽ പൂക്കുട്ടി ഓർമിക്കുന്നു. കാരണം, അദ്ദേഹം പഠനം പൂർത്തിയാക്കിയ വർഷം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ബിരുദദാന ചടങ്ങിലെ മുഖ്യാതിഥി ദിലീപ് കുമാർ ആയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധം ദിലീപ് കുമാറിനെ ക്ഷുഭിതനാക്കിയതും പിന്നീട് കാര്യമറിഞ്ഞപ്പോൾ അദ്ദേഹം വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചതും റസൂൽ പൂക്കുട്ടി ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെക്കുന്നു. അന്നത്തെ ബിരുദദാന ചടങ്ങിന്‍റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
റസൂൽ പൂക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം-
1997ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ 21ാം ബിരുദദാന ചടങ്ങ് നടന്ന ആ നാടകീയമായ ദിനം ഞങ്ങളിൽ പലരും ഇന്ന് ഓർക്കുന്നുണ്ടാകാം. ദിലീപ് കുമാർ സാബ് ആയിരുന്നു അന്നത്തെ ചടങ്ങിലെ മുഖ്യാതിഥി. ഇൻസ്റ്റിറ്റ്യൂട്ട് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ നീക്കത്തിനെതിരെയുള്ള സ്റ്റുഡന്റ്സ് യൂനിയന്‍റെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൈകളിൽ കറുത്ത റിബൺ കെട്ടിയും മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ പിടിച്ചുമാണ് ഞങ്ങൾ ബിരുദം ഏറ്റുവാങ്ങാൻ അണിനിരന്നത്. തന്നിൽ നിന്ന് ബിരുദം ഏറ്റുവാങ്ങേണ്ട വിദ്യാർഥികളുടെ ഈ അപ്രതീക്ഷിത പെരുമാറ്റത്തിൽ ദിലീപ് സാബ് വളരെ അസ്വസ്ഥനായി.
തന്‍റെ മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം ഞങ്ങളെ ശകാരിച്ചു. കലാകാരന്മാർക്കും വിദ്യാർഥികൾക്കും, പ്രത്യേകിച്ച് സിനിമയിൽ ജോലി ചെയ്യാൻ പോകുന്നവർക്ക്, അച്ചടക്കം ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. ഞങ്ങളെ അദ്ദേഹത്തിന്‍റെ പരാമർശങ്ങൾ വളരെ നിരാശരാക്കി. ഞങ്ങളുടെ പ്രതിഷേധത്തെ കുറിച്ച് അധികൃതർ തെറ്റായ വിവരങ്ങളാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നതെന്നും ഞങ്ങൾ മനസ്സിലാക്കി. ചടങ്ങിന് ശേഷം ദിലീപ് സാബുമായി സംസാരിക്കാൻ അവസരം നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും അധികൃതർ അനുമതി നൽകിയില്ല. ഞങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ഓഫിസിന് മുന്നിൽ തടിച്ചുകൂടിയ ശേഷം മുദ്രാവാക്യം വിളിച്ചുതുടങ്ങി-'ഞങ്ങൾക്ക് ദിലീപ് കുമാറിനെ കാണേണ്ട, വിനോദ് കുമാറിനോട് (മഷാൽ എന്നി സിനിമയിൽ ദിലീപ് സാബ് അവതരിപ്പിച്ച കഥാപാത്രം) സംസാരിച്ചാൽ മതി' എന്നായിരുന്നു ഞങ്ങൾ ആവശ്യപ്പെട്ടത്.
കുറച്ചുസമയം കഴിഞ്ഞ് അതൃപ്ത മുഖഭാവത്തോടെ ദിലീപ് സാബ് ഇറങ്ങി വന്നു. ഞങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ വളരെ ബഹുമാനത്തോടെയും കൃത്യതയോടെയും ഞങ്ങൾ പ്രതിഷേധിക്കുന്നതിന്‍റെ കാരണങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അദ്ദേഹം ശ്രദ്ധാപൂർവം ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കുകയും കാര്യങ്ങൾ ബോധ്യമായതോടെ 'സിന്ദാബാദ്' വിളിക്കുന്നതുപോലെ കൈ മുകളിലേക്ക് ഉയർത്തുകയും ചെയ്തു. ഏറെ സന്തുഷ്ടരായ ഞങ്ങൾ സി.ആർ.ടിയിലേക്ക് (ക്ലാസ് റൂം തീയേറ്റർ) പോകുകയും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ മഹേഷ് ഭട്ടുമായി സംസാരിക്കുകയും ചെയ്തു.
അൽപം ചൂടേറിയ ആ വാഗ്വാദത്തിൽ, അക്കാലത്ത് നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചെയർമാൻ സ്ഥാനത്ത് തുടരുന്നതിലെ അദ്ദേഹത്തിന്‍റെ ധാർമിക നിലപാടിനെ ഞങ്ങൾ ചോദ്യം ചെയ്തു. വിദ്യാർഥികളുടെ വികാരം മനസ്സിലാക്കിയ അദ്ദേഹം ഉടൻ രാജി പ്രഖ്യാപിക്കുകയും ചെയ്തു. അതിന് ഭട്ട് സാബ് താങ്കളെയും അഭിവാദ്യം ചെയ്യുന്നു. ഇന്നും പ്രക്ഷോഭം നയിക്കുന്ന വിദ്യാർഥികളെ കാണുേമ്പാൾ എനിക്ക് ദിലീപ് സാബിനെ ഓർമ്മവരും.
നിത്യശാന്തതയിൽ വിശ്രമിക്കൂ താരമേ. നിങ്ങൾക്ക് മരണമില്ല. നിങ്ങൾ ജീവൻ നൽകിയ ഓരോ ഫ്രെയിമുകളിലും നിങ്ങളുടെ ശ്വാസമുണ്ട്. നിങ്ങളെ അത്രമേൽ ഇഷ്ടപ്പെടുന്നു... മുംബൈ ഇനി ഒരിക്കലും പഴയ പോലെയായിരിക്കില്ല. കാരണം, നാളെകളിലെ മുംബൈയിൽ ദിലീപ് കുമാർ സാബ് ഉണ്ടാകില്ല. പ്രാർഥനകൾ.