'സാബി'ന് ചാരേ എന്നും സൈറ...
text_fieldsപ്രവചനങ്ങൾ തെറ്റാണെന്ന് തെളിയിച്ച 55 വർഷം. അതായിരുന്നു വെള്ളിത്തിരയിലും ജീവിതത്തിലും ഒരുപോലെ ഹിറ്റായ ദിലീപ് കുമാർ-സൈറ ബാനു ജോഡിയുടെ ജീവിതം. വിവാഹിതരാകുേമ്പാൾ ഇരുവരും തമ്മിലെ പ്രായവ്യത്യാസം 22. ഈ ദാമ്പത്യം അധികനാൾ നീളില്ലെന്ന് പലരും പ്രവചിച്ചു. ആ പ്രവചനങ്ങളെെയല്ലാം കാറ്റിൽ പറത്തി അവർ ജീവിച്ചുകാണിക്കുകയും ചെയ്തു; ഒരൊറ്റ മനസ്സായി, അരനൂറ്റാണ്ടിലേറെ. അവശതകളിലെല്ലാം ജീവൻ പകർന്ന് തെൻറ പ്രാണേശ്വരെൻറ ചാരത്ത് സൈറ ഉണ്ടായിരുന്നു. 'സാബ്' എന്നായിരുന്നു സൈറ ദിലീപിനെ വിളിച്ചിരുന്നത്. 'സാബി'നൊപ്പം എന്നും നിലകൊള്ളുകയും ചെയ്തിരുന്നു.
മുൻകാല നടിയായ നസീമ ബാനുവിന്‍റെ മകളായ സൈറക്ക് 12ാം വയസ്സിൽ തന്നെ ദിലീപ് കുമാറിനോട് പ്രണയം തുടങ്ങിയിരുന്നു. അന്നദ്ദേഹത്തിന് 34 വയസ്സായിരുന്നു. മറാത്ത മന്ദിറിൽ 'മുഗളേ അസം' സിനിമയുടെ ആദ്യപ്രദർശനത്തിന് ദിലീപ് കുമാർ എത്തുമെന്ന് പ്രതീക്ഷിച്ച്‍ സൈറ കാത്തുനിന്നിരുന്നു. പക്ഷേ, നിരാശയായിരുന്നു ഫലം.
പിന്നീട് സൈറ നടിയായപ്പോൾ പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി തന്‍റെ സിനിമയിൽ നായികയാകുന്നതും അദ്ദേഹം തടഞ്ഞു. പിന്നീട് ഗോപി, സഗിന, ബായിരാഗ് സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. പിന്നീടൊരിക്കൽ സൈറയുടെ പുതിയ വീട്ടിലേക്ക് ചെന്ന ദിലീപ് കുമാറിന് ആദ്യ കാഴ്ചയിൽ തന്നെ അവരോട് ഇഷ്ടം കൂടുകയായിരുന്നു. വീടിെൻറ കവാടത്തിൽ ചിത്രപ്പണികളാൽ അലംങ്കൃതമായ സാരിയിൽ മനോഹരിയായി നിന്ന സൈറയെ കുറിച്ച് ആത്മകഥയിൽ ദിലീപ് കുമാർ വിവരിച്ചിട്ടുമുണ്ട്.
1966 ഒക്ടോബർ 11നായിരുന്നു വിവാഹം. വിവാഹശേഷം 10 വർഷത്തോളം സൈറ അഭിനയം തുടർന്നു. 1972ൽ എട്ടാം മാസം ഗർഭസ്ഥ ശിശു മരിച്ചതോടെ ഇനി കുട്ടികൾ വേണ്ടെന്ന് ഇവർ എടുത്ത തീരുമാനം വാർത്തയായിരുന്നു. പിന്നീട് 'സാബി'നെ പരിചരിച്ചു വീട്ടമ്മയായി ഒതുങ്ങിക്കൂടുന്ന സൈറയെയാണ് കണ്ടത്.
'79 ൽ ഹൈദരാബാദിൽ ക്രിക്കറ്റ് കളി കാണാനെത്തിയ അസ്മ എന്ന പാകിസ്താൻ യുവതിയുമായി പ്രണയത്തിലായ ദിലീപ് കുമാർ അവരെ രഹസ്യമായി വിവാഹം ചെയ്തു. മൂന്നുവർഷം കൊണ്ട് ആ ബന്ധം തകരുകയും ചെയ്തു. തന്‍റെ 'സാബ്' തന്നിലേക്ക് തന്നെ മടങ്ങിവരുമെന്ന ഉറച്ച വിശ്വാസത്തിൽ കാത്തിരുന്ന സൈറയിലേക്ക് അദ്ദേഹം മടങ്ങുകയും ചെയ്തു. സൈറയോടുള്ള പ്രണയം പോലെ തന്നെ പ്രശസ്തമായിരുന്നു ദിലീപ് കുമാറിന്‍റെ പിങ്ക് നിറത്തോടുള്ള പ്രണയവും...