സീ മ്യൂസിക്കും കെ.വി.എൻ പ്രൊഡക്ഷൻസും ഒന്നിക്കുന്നു; ടോക്സിക്കിന്‍റെ സംഗീത അവകാശത്തിനായി വമ്പൻ കരാർ
text_fieldsയാഷ് നായകനാകുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്' ചിത്രത്തെക്കുറിച്ചുള്ള ആവേശം ഓരോ അപ്ഡേറ്റിനൊപ്പവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ചിത്രത്തിന്റെ സംഗീത അവകാശത്തിനായി സീ മ്യൂസിക് കമ്പനിയുമായി ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചു. അടുത്ത കാലത്ത് സീ മ്യൂസിക് നടത്തിയ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നാണിത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിക്കൊണ്ട് സീ മ്യൂസിക് കമ്പനി ഈ വമ്പൻ പ്രോജക്റ്റിന്റെ ഭാഗമായിരിക്കുന്നു. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ടോക്‌സിക്കും സീ മ്യൂസിക്കും തമ്മിലുള്ള സഹകരണം, സിനിമയുടെ പാൻ-ഇന്ത്യൻ, ആഗോള റിലീസ് തന്ത്രങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിങ്ങനെ പ്രശസ്തരായ സംഗീതസംവിധായകർ ഒത്തുചേരുന്ന ബഹുസ്വര സംഗീത വിരുന്നാണ് ചിത്രത്തിലുള്ളത്. വിശാൽ മിശ്ര നാല് ഗാനങ്ങൾ ഒരുക്കുമ്പോൾ, തനിഷ്ക് ബാഗ്ചി, അർസ്‌ലാൻ നിസാമി, ഫഹീം അബ്ദുള്ള എന്നിവർ ചേർന്ന് ഒരു ഗാനം ഒരുക്കുന്നു. രവി ബസ്രൂർ ഒരു ഗാനത്തിനൊപ്പം ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. കഥയോട് ചേർന്നുനിൽക്കുന്നതും അതോടൊപ്പം വൈകാരികതയും മാസ് എനർജിയും നിറഞ്ഞതുമായ ഗാനങ്ങളായിരിക്കും ചിത്രത്തിലുണ്ടാകുക.
'ഭാഷയുടെയും, ദേശങ്ങളുടെയും ഒക്കെ അതിർവരമ്പുകൾക്ക് അപ്പുറത്തുള്ള പാൻ-ഇന്ത്യൻ സിനിമയുടെ യഥാർഥ പ്രതിഫലനമാണ് ടോക്സിക്' -എന്ന് സീ മ്യൂസിക് കമ്പനി സി.ബി.ഒ സുജൽ പരേഖ് പറഞ്ഞു. ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലെ എല്ലാ ഗാനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിന് കീഴിൽ എത്തിക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ടോക്സിക്കിന് ആവശ്യം അവിസ്മരണീയമായ സംഗീതാനുഭവമാണ്. സിനിമയുടെ താളമാണ് സംഗീതം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സീ മ്യൂസിക്കുമായി ചേർന്നുള്ള യാത്ര കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ദീർഘകാലമായുള്ള സഹകരണത്തിന്റെ തുടക്കമാണ്' -എന്ന് കെ.വി.എൻ പ്രൊഡക്ഷൻസ് ചെയർമാൻ വെങ്കട്ട് കെ. നാരായണ പറഞ്ഞു.
അതേസമയം, ടോക്സിക് ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. യാഷിന്റെ പുതിയ കഥാപാത്രമായ 'ടിക്കറ്റ്' (Ticket) ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ അഭിനയിക്കുന്ന ചിത്രത്തിനായി പ്രേക്ഷകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ചിത്രീകരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റുന്നുണ്ട്. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും നിർമിക്കുന്ന ടോക്സിക് 2026 മാർച്ച് 19-ന് തിയറ്ററുകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

