'കച്ചാ ബദാം' വൈറൽ ഗായകന് വാഹനാപകടത്തിൽ പരിക്കേറ്റു
text_fieldsകൊൽക്കത്ത: 'കച്ചാ ബദാം' എന്ന ഗാനത്തിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ഗായകൻ ഭുബൻ ബദ്യാകറിന് വാഹനാപകടത്തിൽ പരിക്കേറ്റു. പുതുതായി വാങ്ങിയ കാർ ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. നെഞ്ചിന് പരിക്കേറ്റ ഇദ്ദേഹമിപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പശ്ചിമ ബംഗാളിലെ ബിർഭൂമിൽ നിന്നുള്ള നിലക്കടല വിൽപനക്കാരനാണ് ഭുബൻ ബദ്യാകർ. ഇദ്ദേഹം രചന നിർവഹിച്ച് പാടിയ 'കച്ച ബദാം' ഒറ്റരാത്രികൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ സെൻസേഷണലായത്. ഗ്രാമങ്ങളിലേക്ക് നഗ്നപാദനായി സഞ്ചരിച്ച് ഉപജീവനം കണ്ടെത്തുന്നതിനിടെയാണ് നിലക്കടല വിൽക്കാനായി സ്വന്തമായൊരു ജിംഗിൾ അദ്ദേഹം തയാറാക്കുന്നത്.
കച്ചാ ബദാമിന്‍റെ വിവിധ റീമിക്സുകളും റീൽസ് പതിപ്പുകളും ഇതിനകം തന്നെ സമൂഹമാധ്യമങ്ങൾ കീഴടക്കികഴിഞ്ഞിട്ടുണ്ട്. നിരവധി ബോളിവുഡ് താരങ്ങളടക്കമുള്ളവർ ജിംഗിളിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുകയും അതിന്റെ ആകർഷകമായ താളത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

