Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവയലാർ: അമൃതഗീതങ്ങളുടെ...

വയലാർ: അമൃതഗീതങ്ങളുടെ മാന്ത്രികൻ

text_fields
bookmark_border
വയലാർ: അമൃതഗീതങ്ങളുടെ മാന്ത്രികൻ
cancel
camera_alt

 വയലാർ രാമവർമ്മ

'വയലാർ'! – കാലത്തെ തോൽപ്പിച്ച ആ നാലക്ഷരങ്ങൾ മലയാളിയുടെ ഹൃദയത്താളുകളിൽ ഇന്നും നിത്യവസന്തമായി പൂത്തുനിൽക്കുന്നു. അതൊരു വെറും തൂലികാനാമമല്ല; പകരം പ്രകൃതിയും പ്രണയവും പ്രതീക്ഷയും എല്ലാം സമ്മേളിച്ച ഒരു യുഗത്തിന്റെ പ്രതീകമാണ്. വിശ്വദർശനം വിളയുന്ന 'വയലും', അണമുറിയാത്ത സ്നേഹമൊഴുകുന്ന 'ആറും' ഒന്നിച്ചുചേർന്ന 'വയലാർ' എന്ന ആ സർഗ്ഗപ്രതിഭ, ഇന്നും നമുക്ക് ഓരോരുത്തർക്കും ഒരു മധുരാനുഭൂതിയായി നിലകൊള്ളുന്നു. വയലാർ രാമവർമ്മയുടെ തൂലികയിൽ നിന്നും അടർന്നുവീണ ഓരോ വരിയും ഒരു കാലഘട്ടത്തിന്റെ സ്വപ്നവും തത്വശാസ്ത്രവുമായിരുന്നു.

ഏഴു പതിറ്റാണ്ടിലെ ഗാനപ്രവാഹം

1956-ൽ 'കൂടപ്പിറപ്പ്' എന്ന ചിത്രത്തിലെ "തുമ്പീ..." എന്ന ലളിതസുന്ദരമായ ഗാനത്തിലൂടെയാണ് വയലാറിന്റെ സംഗീത പ്രവാഹം ആരംഭിച്ചത്. ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം, 2026ൽ വയലാർ ഗാനങ്ങളുടെ എഴുപതാം വാർഷികം ആഘോഷിക്കുമ്പോഴും ആ ഗീതങ്ങൾ പ്രഭ മങ്ങാതെ നിൽക്കുന്നത് അവയിൽ തുടിക്കുന്ന സത്യത്തിന്റെയും പ്രണയത്തിന്റെയും സൗന്ദര്യവും കരുത്തും കൊണ്ടാണ്. 1300-ൽ പരം ഗാനങ്ങളിലൂടെ അദ്ദേഹം തീർത്തത് മായാത്ത വർണച്ചിറകുകളുള്ള ഒരു സ്വപ്നലോകമാണ്. 'സന്യാസിനി'യും 'ചക്രവർത്തിനി'യും 'വെൺചന്ദ്രലേഖ'യും 'പ്രേമഭിക്ഷുകി'യുമെല്ലാം മലയാളി ഹൃദയങ്ങളിൽ ഇന്നും വിരിയുന്ന പാതിരാപ്പൂക്കളാണ്.

തത്വശാസ്ത്രം പൂക്കുന്ന ഗീതങ്ങൾ

തത്ത്വചിന്തകൾ പൂത്തുലയുന്ന, വർണ്ണസുന്ദരമായൊരു നന്ദനോദ്യാനമാണ് വയലാറിന്റെ ഗാനപ്രപഞ്ചം. മനുഷ്യൻ മതങ്ങളെ സൃഷ്ടിക്കുന്നതിനും മുൻപേ സ്നേഹത്തെ പ്രതിഷ്ഠിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ വിശ്വദർശനം. 1972ൽ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്ത 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു...' എന്ന അനശ്വര ഗാനം ഇതിന്റെ ഉത്തമ നിദർശനമാണ്. “ഈശ്വരൻ ഹിന്ദുവല്ല, ഇസ്ലാമല്ല, ക്രിസ്ത്യാനിയല്ല…” എന്ന് പാടിക്കൊണ്ട് വയലാർ മലയാളിയുടെ മതനിരപേക്ഷ ബോധത്തിന് അടിത്തറയിട്ടു.

മനുഷ്യന്റെ നൊമ്പരങ്ങളെ തൊടാത്ത ഒരു സിദ്ധാന്തവും തനിക്ക് സ്വീകാര്യമല്ലെന്ന് ആ വിപ്ലവകാരി തന്റെ വാക്കുകളിലൂടെ ഉറക്കെ പ്രഖ്യാപിച്ചു: "സ്നേഹിക്കയില്ല ഞാൻ നീറുമീ ആത്മാവിനെ/ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും...!". വയലാർ എന്നും സ്ത്രീപക്ഷത്തു നിന്ന കവിയായിരുന്നു. "കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവന"യെ, ആ യുഗപ്രഭാവൻ നെഞ്ചേറ്റി. 'പ്രളയപയോധിയിൽ' എന്ന ഗാനത്തിലൂടെ പ്രപഞ്ചതാളങ്ങളെയും കാലമെന്ന മഹാപ്രവാഹത്തെയും അദ്ദേഹം അങ്ങേയറ്റം ദാർശനികമായി ആവിഷ്കരിച്ചു.

മൃത്യുവിനെ ജയിച്ച തൂലിക

"മൃത്യുവിന്റെ ഗുഹയിൽ വേദനയുടെ ഒരു രക്തപുഷ്പം വിരിയിച്ചുകൊണ്ട്" വയലാർ ഈ ലോകത്തോട് വിടപറഞ്ഞിട്ട് അഞ്ച് പതിറ്റാണ്ടുകളാകുന്നു. വെറും 47-ാം വയസ്സിൽ ആ മഹാപ്രതിഭ മൂകസംഗീതത്തിന്റെ ലോകത്തേക്ക് യാത്രയായെങ്കിലും, അദ്ദേഹത്തിന്റെ വരികൾക്ക് മരണം വിധിക്കാൻ കാലത്തിന് കഴിഞ്ഞില്ല. "ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി" എന്ന് പാടിയ കവി, തന്റെ ഗാനങ്ങളിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തിൽ നിത്യവും പുനർജനിക്കുന്നു. സ്വന്തം കവിതയിൽ അദ്ദേഹം കുറിച്ചിട്ട 'എനിക്കു മരണമില്ല' എന്ന ധീരമായ പ്രഖ്യാപനം സാക്ഷ്യപ്പെടുത്തിക്കൊണ്ട്, വയലാർ എന്ന ആ 'ആറ്', ആയിരം പാദസരങ്ങളണിഞ്ഞ ഒരു ജീവപ്രവാഹമായി, അണമുറിയാത്ത പ്രണയസ്വപ്നമായി, ഇന്നും ഓരോ മലയാളിയുടെയും സിരകളിൽ അമൃതഗംഗയായി ഒഴുകിക്കൊണ്ടിരിക്കുന്നു, ഏഴു പതിറ്റാണ്ടുകൾക്കു ശേഷവും!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vayalar ramavarmaMemoriesmusician
News Summary - Vayalar: The Magician of Amrit Geetham
Next Story