Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഗായിക വാണി ജയറാം...

ഗായിക വാണി ജയറാം അന്തരിച്ചു

text_fields
bookmark_border
vani jayaram
cancel

ചെന്നൈ: പ്രശസ്ത പിന്നണി ഗായികയും പദ്മഭൂഷൺ ജേതാവുമായ വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തിലാണ് പദ്മഭൂഷൺ പുരസ്കാരം തേടിയെത്തിയത്.

തമിഴ്നാട്ടിലെ വെല്ലൂരിൽ 1945ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർഥ പേര്. സലിൽ ചൗധരിയുടെ സംഗീത സംവിധാനത്തിൽ 'സ്വപ്നം' എന്ന ചിത്രത്തിലെ 'സൗരയൂഥത്തിൽ വിടർന്നൊരു...' എന്ന ​ഗാനമാണ് മലയാളത്തിൽ അവർ ആദ്യം ആലപിച്ചത്.

സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. 1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' എന്ന ഗാനത്തിലൂടെ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാർഡുകൾ നേടി. ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ പ്രഗല്ഭരുടെ ഗാനങ്ങൾ പാടിയ വാണി ജയറാം ആശാ ഭോസ്‌ലെക്കൊപ്പം 'പക്കീസ' എന്ന ചിത്രത്തിൽ ഡ്യുയറ്റ് പാടി. മദൻ മോഹൻ, ഒ.പി. നയ്യാർ, ആർ.ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്‌ദേവ് തുടങ്ങിയവരുടെ സംഗീതത്തിനും ശബ്ദം നല്കി. 1968ൽ സിത്താർ വാദകനും സംഗീത പ്രേമിയുമായ ജയറാമിനെ വിവാഹം കഴിച്ചു. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടിയ അവർ 1974-ൽ ചെന്നൈയിലേക്ക് തന്‍റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായത്.

മലയാളത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾക്കാണ് വാണി ജയറാം സ്വരം നൽകിയത്. ആഷാഢമാസം ആത്മാവിൽ മോഹം, ഏതോ ജന്മ കൽ‌പ്പനയിൽ, സീമന്ത രേഖയിൽ, നാദാപുരം പള്ളിയിലെ, തിരുവോണപ്പുലരിതൻ, പകൽ സ്വപ്നത്തിൻ പവനുരുക്കും, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി... തുടങ്ങി ഒട്ടനവധി ഗാനങ്ങൾ ആലപിച്ചു. 2014ൽ ഒരു നീണ്ട ഇടവേളക്ക് ശേഷം 1983 എന്ന ചിത്രത്തിൽ ഗോപീ സുന്ദറിന്‍റെ സംഗീതത്തിൽ പി. ജയചന്ദ്രനൊപ്പം 'ഓലഞ്ഞാലി കുരുവീ...' എന്ന ഗാനം ആലപിച്ചു കൊണ്ടാണ് വാണി ജയറാം മലയാളത്തിലേക്ക് മടങ്ങി വന്നത്.

19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. 1975 ൽ തമിഴ് ചിത്രമായ അപൂർവ്വരാഗത്തിലെ 'ഏഴുസ്വരങ്ങളുക്കുൾ' എന്ന ഗാനത്തിനും, 1980ൽ ശങ്കരാഭരണത്തിലെ ഗാനങ്ങൾക്കും, 1991 സ്വാതി കിരണത്തിലെ ഗാനങ്ങൾക്കും ദേശീയ പുരസ്കാരം നേടി. വാണി ജയറാമിന്‍റെ 30 കവിതകൾ ‘ഒരു കുയിലിൻ കുരൾ കവിതൈ വടിവിൽ’ എന്ന പേരിൽ പുസ്തകമായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vani Jayaram
News Summary - Vani Jayaram passed away
Next Story