ഓൺലൈൻ മ്യൂസിക് വീഡിയോ ചാനലുമായി സന്തോഷ് ശിവൻ എത്തുന്നു
text_fieldsസന്തോഷ് ശിവനും ഡോ. അജിത് ജോയിയും
കൊച്ചി: ലോകോത്തര നിലവാരത്തിൽ സംഗീത വീഡിയോകൾ ആസ്വാദകർക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഓൺലൈൻ മ്യൂസിക് വീഡിയോ ചാനലുമായി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും ജോയി മൂവി പ്രൊഡക്ഷൻസും രംഗത്ത്. രാജ്യത്തെ വിവിധ ലൊക്കേഷനുകളിൽ ഷൂട്ടുചെയ്യുന്ന പാൻ ഇന്ത്യൻ മ്യൂസിക് വീഡിയോയാണ് സംരംഭത്തിെൻറ ആദ്യ പ്രൊഡക്ഷൻ.
ബോളിവുഡ് മോഡലുകളും ഉന്നത സാങ്കേതിക വിദഗ്ധരും ഗായകരും ഒന്നിക്കുന്ന വീഡിയോ ഉദാത്ത സ്നേഹത്തിെൻറ ആവിഷ്കാരമായിരിക്കുമെന്ന് സന്തോഷ് ശിവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം തിരുവാലിയിലെ കനൽ അവതരിപ്പിക്കുന്ന ആറ് നാടൻ പാട്ടുകളുടെ വീഡിയോ ഒരുക്കും. അതുൽ നറുകരയാണ് ഇതിന് നേതൃത്വം നൽകുക. സോപാന സംഗീതം, വടക്കൻ പാട്ടുകൾ, പാണൻ പാട്ടുകൾ, വഞ്ചിപ്പാട്ടുകൾ തുടങ്ങിയവയിലും ആൽബം ഒരുക്കും.
വൈറ്റിലയിൽ സ്റ്റുഡിയോ പൂർത്തിയായി വരികയാണെന്ന് ജോയി മൂവി പ്രൊഡക്ഷൻസ് സി.എം.ഡി ഡോ. അജിത് ജോയി അറിയിച്ചു. പുതിയ ഏറി അലക്സ മിനി എൽ.എഫ് കാമറ, ലെൻസുകൾ, ബ്ലാക് മാജിക് ഡാവിഞ്ചി റിസോൾവ് എന്നിവയുൾപ്പെടെ നാലുകോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി നടത്തിയത്. ഘട്ടങ്ങളായി 25 മുതൽ 35 കോടിയുടെ നിക്ഷേപത്തോടെ സമ്പൂർണ്ണ വെർച്വൽ റിയാലിറ്റി സ്റ്റുഡിയോ സ്ഥാപിക്കുകയാണ് ലക്ഷ്യം. യൂട്യൂബിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് ചാനൽ പുറത്തുവരിക. ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ, കോറിയോഗ്രാഫർ എൻ. ശ്രീകാന്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രദീപ് മേനോൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

