'പൊന്നിയിൻ സെൽവൻ 2'; സംഗീത മാജിക്കൊരുക്കി എ.ആർ റഹ്മാൻ -മേക്കിങ് വിഡിയോ
text_fieldsഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ 2. ഏപ്രിൽ 28നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസിനെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് മാർച്ച് 29 ന് ചെന്നൈയിലെ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടക്കും. ലോഞ്ചിൽ പൊന്നിയിൻ സെൽവനിലെ പ്രധാന താരങ്ങളും പങ്കെടുക്കുമെന്നാണ് സൂചന.
സിനിമ റിലീസിന് തയാറെടുക്കുമ്പോൾ പൊന്നിയിൻ സെൽവന്റെ മ്യൂസിക് ആൽബത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ലൈക്ക പ്രൊഡക്ഷൻസിന്റെ ട്വിറ്റർ പേജിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ശ്വേതാ മോഹന്‍, ചിന്‍മയി, ശക്തിശ്രീ ഗോപാല്‍ എന്നിവര്‍ ഗാനം ആലപിക്കുന്നതാണ് വിഡിയോയിൽ. അഞ്ചു ഭാഷകളില്‍ എത്തുന്ന പി.എസ്2(പൊന്നിയിൻ സെൽവൻ 2) ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദാണ്. ഏഴ് ഗാനങ്ങളാണ് ചിത്രത്തിനായി റഹ്മാൻ ഒരുക്കിയിരിക്കുന്നത്.
വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, പ്രകാശ് രാജ്, നാസര്‍, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. രവി വര്‍മ്മനാണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും തോട്ടാ ധരണി കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ശ്രീ ഗോകുലം മൂവിസാണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്.

