Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഭാ​വ​ഗാ​യ​ക​ന്റെ...

ഭാ​വ​ഗാ​യ​ക​ന്റെ തി​രി​ച്ചു​വ​ര​വ്

text_fields
bookmark_border
ഭാ​വ​ഗാ​യ​ക​ന്റെ തി​രി​ച്ചു​വ​ര​വ്
cancel
camera_alt

പി. ജയചന്ദ്രൻ

തൃശ്ശൂരിലെ കാസിനോ ഹോട്ടലിന്റെ മുറിയിൽ ഇരുന്ന് ചുടുചായയും കുടിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് എം.ഡി. രാജേന്ദ്രൻ 30 വർഷം മുമ്പുള്ള മധുരിക്കും ഓർമകളിലേക്ക് എന്നെയും കൂട്ടിക്കൊണ്ടുപോയി. 1996ലായിരുന്നു സംഭവം. വിശ്വം ഫിലിം ഇന്റർനാഷനലിന്റെ ‘ദേവരാഗം’ എന്ന ചലച്ചിത്രത്തിലെ പാട്ടുകളുടെ റെക്കോഡിങ് ചെന്നൈയിലെ ഒരു സ്റ്റുഡിയോയിൽ നടക്കുന്നു. മണിരത്നത്തിന്റെ ‘റോജ’യിലൂടെ ചലച്ചിത്രരംഗത്ത് തരംഗമായി മാറിയ അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ നായകൻ. മലയാളത്തിൽ തുടങ്ങി ബോളിവുഡിൽ താരറാണിയായി വിരാജിക്കുന്ന ശ്രീദേവി നായികയും.

ഇന്ത്യൻ സിനിമയിലെ അക്കാലത്തെ തിളക്കമാർന്ന രണ്ടു നക്ഷത്രങ്ങളെ അണിനിരത്തി അഭ്രപാളിയിൽ സിനിമക്ക് സാക്ഷാത്കാരം നൽകുന്നത് മലയാള സിനിമയിലെ എക്കാലത്തെയും മഹാനായ സംവിധായകൻ ഭരതനും. സംഗീത പ്രാധാന്യമുള്ള സിനിമയിലെ പാട്ടുകൾ എഴുതാൻ ഭാഗ്യം ലഭിച്ചത് ‘ശാലിനി എന്റെ കൂട്ടുകാരി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന എം.ഡി. രാജേന്ദ്രനായിരുന്നു. പിൽക്കാലത്ത് ഇന്ത്യൻ സിനിമയുടെ രാജവീഥികളെ ഗ്രാമി, ഓസ്കർ പുരസ്കാരങ്ങൾകൊണ്ട് പ്രകാശപൂർണമാക്കിയ കീരവാണിയായിരുന്നു ചിത്രത്തിന്റെ സംഗീതസംവിധായകൻ.

സിനിമയിൽ അരവിന്ദ് സ്വാമിയും ശ്രീദേവിയും പ്രത്യക്ഷപ്പെടുന്ന

‘ശിശിരകാല മേഘമിഥുന രതിപരാഗമോ

അതോ ദേവരാഗമോ

കുളിരിൽ മുങ്ങുമാത്മദാഹ മൃദുവികാരമോ

അതോ ദേവരാഗമോ

ഇന്ദ്രിയങ്ങളിൽ ശൈത്യ നീലിമ

സ്പന്ദനങ്ങളിൽ രാസചാരുത

മൂടൽ മഞ്ഞല നീർത്തി ശയ്യകൾ

ദേവദാരുവിൽ വിരിഞ്ഞു മോഹനങ്ങൾ...’




എന്ന ശൃംഗാര ചന്ദ്രികയുടെ പൂനിലാവ് പടർത്തുന്ന ഗാനം പാടിക്കാൻ ആദ്യം ഉദ്ദേശിച്ചിരുന്നത് യേശുദാസിനെയും ചിത്രയെയും ആയിരുന്നു. എന്നാൽ, യേശുദാസ് സ്ഥലത്തുണ്ടായിരുന്നില്ല. കീരവാണിയെപ്പോലെ തെലുഗുവിൽ വളരെ തിരക്കേറിയ ഒരു സംഗീതസംവിധായകനെ മടക്കി അയച്ച് റെക്കോഡിങ് മാറ്റിവെക്കാനും കഴിയില്ല. ഭരതൻ ആകെ പരിഭ്രമത്തിലായി. ഈ സമയത്ത് കീരവാണിയുടെ അസിസ്റ്റന്റായ രാജാമണി ഒരു നിർദേശം വെക്കുന്നു.

‘നമ്മുടെ ജയേട്ടനെ അടുത്തകാലത്തായി ആരും വിളിക്കുന്നില്ല. ഈ ഗാനം അദ്ദേഹത്തെക്കൊണ്ട് പാടിച്ചാലോ..?’

ഭരതൻ അരികിലുണ്ടായിരുന്ന പാട്ടിന്റെ ശിൽപി എം.ഡി.ആറിനെ ചോദ്യഭാവത്തിൽ നോക്കി. ഈ മനോഹര വരികളുടെ ഭാവമറിഞ്ഞു പാടാൻ ജയചന്ദ്രൻ തന്നെയായിരിക്കും ഏറ്റവും നല്ലത്. രാജാമണിയുടെ അഭിപ്രായത്തെ ഞാനും പിന്താങ്ങുന്നു. എം.ഡി.ആറിന്റെ ആ നിർദേശം ഭരതനും ഇഷ്ടമായി. ഒരുകാലത്ത് മലയാള ചലച്ചിത്രഗാനാലാപന രംഗത്തെ സമ്പന്നമാക്കിയ, ആയിരത്തിലധികം പാട്ടുകൾ പാടി സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും നേടിയ ജയചന്ദ്രനെ നീണ്ട പത്ത് വർഷത്തോളം പലരും അവഗണിച്ചിരുന്നത് ഓർക്കുന്നുണ്ടായിരിക്കുമല്ലോ?

മലയാളത്തിലെ ഒരു ഗായകനും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത കടുത്ത അവഗണന ഈ കാലഘട്ടത്തിൽ ജയചന്ദ്രന് നേരിടേണ്ടിവന്നു എന്നതാണ് യാഥാർഥ്യം. പക്ഷേ, പ്രതിഭാധനനായ കലാകാരനെ ഒരു ശക്തിക്കും തോൽപിക്കാൻ കഴിയില്ല എന്നതായിരുന്നു ഭരതനും എം.ഡി.ആറും എടുത്ത ആ തീരുമാനം തെളിയിച്ചത്. എന്തായാലും കീരവാണിയുടെ സംഗീതത്തിൽ ‘ശിശിരകാല മേഘമിഥുന രതിപരാഗമോ...’ എന്ന എം.ഡി.ആറിന്റെ വരികളുടെ വശ്യത ഒട്ടും ചോർന്നുപോകാതെ ജയചന്ദ്രൻ പാടി അനശ്വരമാക്കി. ഒരുപക്ഷേ, ജയചന്ദ്രന്റെ യുഗ്മഗാനങ്ങളിൽ ഏറ്റവും പ്രണയഭാവം നിറഞ്ഞ ഈ പാട്ട് അങ്ങനെ ചരിത്രത്തിലേക്ക് നടന്നുകയറി.

വിസ്മൃതിയിലാണ്ടുപോയ ഭാവഗായകന്റെ തിരിച്ചുവരവിന് കളമൊരുങ്ങി എം.ഡി.ആറിന്റെ ഈ മനോഹരമായ വരികളും കീരവാണി നൽകിയ ഭാവോജ്ജ്വലമായ സംഗീതവും. ചിത്രം സാമ്പത്തികമായി വലിയ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും പാട്ടുകളുടെ വിൽപനയിലൂടെ ജോണി സാഗരികക്ക് വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. പിന്നാലെ വന്ന കമലിന്റെ നിറത്തിലെ

‘പ്രായം നമ്മിൽ മോഹം നൽകി

മോഹം കണ്ണിൽ പ്രേമം നൽകി

പ്രേമം നെഞ്ചിൽ രാഗം നൽകി

രാഗം ചുണ്ടിൽ ഗാനം നൽകി

ഗാനം മൂളാനീണം നൽകി

ഈണം തേടും ഈറത്തണ്ടിൽ

കാറ്റിൻ കൈകൾ താളം തട്ടി

താളക്കൊമ്പത്തൂഞ്ഞാലാടി പാടൂ നാട്ടുമൈനേ...

കൂടെയാടൂ ചോലമയിലേ...

ഒന്നു പാടൂ നാട്ടുമൈനേ...’

എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ ആ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചതോടുകൂടി ജയചന്ദ്രൻ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ വീണ്ടും ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. പിന്നീട് ഹിറ്റുകളുടെ ഒരു വലിയ പരമ്പര.

ഇന്ന് കാലത്തിന്റെ രഥചക്രങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ മലയാളികളുടെ പ്രിയപ്പെട്ട ഭാവഗായകൻ ജയചന്ദ്രൻ കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് ഒരു വർഷം പൂർത്തിയാവുന്നു. പക്ഷേ എം.ഡി.ആറിന്റെ ഓർമകളിൽ ഈ ഗാനത്തിന് ഇന്നും നിത്യവസന്തം. ഒരു മഹാഗായകന്റെ തിരിച്ചുവരവിന് ചുക്കാൻ പിടിക്കാൻ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തി. ഇന്നും ഈ ഗാനം രതിപരാഗമായി മിന്നിമറയുമ്പോൾ എം.ഡി.ആറിന്റെ ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരിക്ക് ഇനിയും ഇത്തരം ഒട്ടേറെ കഥകൾ പറയാനുണ്ടായിരിക്കും.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamCelebritiessingerP. Jayarajan
News Summary - p. jayachandran
Next Story