ദേവദൂതർ കൈപിടിച്ചു; അഞ്ച് പതിറ്റാണ്ടിനുശേഷം പള്ളി ഗായക സംഘത്തിനൊപ്പം പാടി ഔസേപ്പച്ചന്‍
text_fieldsഒല്ലൂര്‍: ‘ലേറ്റായാലും ലേറ്റസ്റ്റായി താന്‍ വരുവേ’ എന്ന രജനികാന്തിന്റെ സംഭാഷണം പങ്കുവെച്ച് കൊണ്ട് 50 വര്‍ഷം മുമ്പത്തെ പള്ളിഗായക സംഘത്തിലെ ഗായകനായി ഔസേപ്പച്ചന്‍ എന്ന സംഗീത സംവിധായകന്‍ എത്തിയപ്പോള്‍ അത് ഒല്ലൂരിനും ഒല്ലൂര്‍ സെന്റ് ആന്റണീസ് െഫാറോന പള്ളിയിലെ ഗായക സംഘത്തിനും അഭിമാന മുഹൂര്‍ത്തം.
ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വി. റപ്പായേല്‍മാലാഖയുടെ തിരുനാളിനോടനുബന്ധിച്ച് മുന്‍കാല ഗായകരുടെ സംഗമത്തിലേക്കാണ് 1975കളില്‍ പള്ളിയില്‍ വയലിന്‍ വായിച്ചിരുന്ന മേച്ചേരി ഔസേപ്പച്ചന്‍ കടന്നുവന്നത്. അന്ന് പള്ളിയില്‍ ഗായകസംഘത്തിലുണ്ടായിരുന്ന മേരി എന്ന ഗായികയെ കണ്ടതും ഔസേപ്പച്ചന് എറെ സന്തോഷമായി.
പഴയകാല അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. 1975ന് ശേഷം മദ്രാസിലെ സിനിമ ലോകത്തിലേക്ക് പോയതോടെ തിരിച്ചുവരവിനെ പറ്റി ചിന്തിക്കാതെയായി. 50 വര്‍ഷങ്ങൾക്ക് ശേഷം തിരിച്ചുവന്ന് ജന്മനാടിന്റെ സ്വീകരണം ലഭിക്കുമ്പോള്‍ ഇതിന് മുമ്പ് ലഭിച്ച അംഗീകാരങ്ങളേക്കാള്‍ സന്തോഷം തരുന്ന അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങിൽ ദൈവദൂതരുടെ വേഷം ധരിച്ച കുട്ടികള്‍ ഔസേപ്പച്ചനെ വേദിയിലേക്ക് ആനയിച്ചു. വികാരി ഫാ. വര്‍ഗീസ് കൂത്തുരും നടത്ത് കൈക്കാരന്‍ ഷോണി അക്കരയും ചേര്‍ന്ന് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. മുന്‍ കാലഗായക സംഘം ഒരുക്കിയ സംഗീത വിരുന്നും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

