കോഴിക്കോട്: പുതുവർഷത്തിലേക്ക് പ്രതീക്ഷകളോടെ പറന്നുയരാൻ പുതിയ റാപ്പുമായി എത്തിയിരിക്കുകയാണ് നടനും റാപ്പറും നർത്തകനുമായ നീരജ് മാധവ്. 2020ൽ ലോക്ഡൗൺ സമയത്ത് ഹിറ്റായ 'പണി പാളീല്ലോ' റാപ്പിന് ശേഷം നീരജ് മാധവ് അവതരിപ്പിക്കുന്ന 'ൈഫ്ല'യും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് രണ്ടേകാൽ ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.
കോവിഡ് 2020ലെ സന്തോഷം കവർന്നെടുത്തതിൽ നിരാശയിലാണ്ട് കഴിയാതെ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും പുതുവർഷത്തെ വരവേൽക്കണമെന്ന സന്ദേശമാണ് 'ഫ്ലൈ'യിലൂടെ നീരജും സംഘവും നൽകുന്നത്. 'പോയി ഒന്ന് പറന്നിട്ടു വാ ടീമേ' എന്നാണ് റാപ്പ് പങ്കുെവച്ച് നീരജ് കുറിച്ചിരിക്കുന്നത്. 'പറക്കട്ടെ ഞാനിനി, ചിറകടിച്ചുയരട്ടെ, ചിരിക്കട്ടെ ഞാനിനി, കരയില്ല, തളരില്ല' എന്ന വരികളിൽ തുടങ്ങുന്ന റാപ്പിൽ കോവിഡ് കാരണം ലോകത്ത് നിരവധി പ്രശ്നങ്ങളുണ്ടെങ്കിലും മനസ്സുലയാതെ, തളരാതെ, ഉള്ളിൽ കനിവുമായി നാളേക്ക് പറന്നുയരാം എന്ന പുതുവര്‍ഷ ചിന്തയാണ് പങ്കുവെക്കുന്നത്.
അത്ര പരിചിതമല്ലാത്ത സംഗീതരൂപം ആയിട്ടും നീരജിന്‍റെ 'പണി പാളീല്ലോ' റാപ്പ് മലയാളികൾ ഏറ്റെടുത്തിരുന്നു. കൊച്ചുകുട്ടികളടക്കം ഈ പാട്ട് പാടി നൃത്തം ചെയ്യുന്നതിന്‍റെ വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇപ്പോൾ 'ഫ്ലൈ'യും ന്യൂജനറേഷൻ ഏറ്റെടുത്തിരിക്കുകയാണെന്ന് തെളിയിക്കുകയാണ് വിഡിയോക്ക് ലഭിക്കുന്ന ലൈക്കുകളും കമന്‍റുകളും. 'ആശാനേ മാരക എഡിറ്റിങ്', 'സിനിമയെ വെല്ലുന്ന വിഷ്വൽസ്', 'വന്നു മക്കളെ അടുത്ത സൂപ്പർ ഹിറ്റ് സാധനം... ഇത് പൊരിക്കും' തുടങ്ങി പാട്ടിലെ ഇഷ്ടപ്പെട്ട വരികൾ വരെ കമന്‍റായി വന്നിട്ടുണ്ട്.
'2020 എനിക്ക് മടുത്തു, തെണ്ടി തെണ്ടി ഞാൻ വെറുത്തു' എന്നൊക്കെ പറഞ്ഞ ശേഷം പുറത്തിറങ്ങി ആളുകളെ കാണാനും ചിരിക്കാനുള്ള ആഗ്രഹമാണ് പാട്ടിലുള്ളത്. 'പക്ഷേ, ചിരിച്ചിട്ടിപ്പോൾ എന്താ കാര്യം മറയല്ലേ മുഖത്ത്?' എന്ന ചോദ്യവും നീരജ് ഉന്നയിക്കുന്നു. പണ്ട് ഒന്നിനും നേരമില്ലായെന്ന പരിഭവിച്ചിരുന്നവർ ഇന്ന് ധാരാളമായി ലഭിച്ചിരിക്കുന്ന സമയം ഫലപ്രദമായി വിനിയോഗിക്കണമെന്നും ആരുമിന്ന് തനിച്ചല്ല, എല്ലാവരും ഒന്നിച്ചാണെന്ന സന്ദേശവും പാട്ടിലുണ്ട്. കൂട്ടിനാരുമില്ലെങ്കിലും തനിച്ചാണെന്ന് വിഷമിച്ചിരിക്കാതെ 'നിന്‍റെ ഹീറോ നീ തന്നെ'യെന്ന് വീണ്ടും വീണ്ടും പറഞ്ഞ് മുന്നേറണമെന്നും പാട്ട് പറഞ്ഞുവെക്കുന്നു.
പാട്ടെഴുതിയത് നീരജ് തന്നെയാണ്. സംഗീതം ഡാൻ പിയേഴ്സൺ നിർവഹിച്ചിരിക്കുന്നു. വീഡിയോയുടെ സംവിധാനവും എഡിറ്റിങും രോഹിത് ഭാനുവാണ്. അർഫാൻ നുജൂം, അക്ഷയ് ആനന്ദ്, ആൽബർട്ട് തോമസ് എന്നിവരാണ് വി.എഫ്.എക്സും സി.ജി.ഐയും.