'ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിക്ക്'; നഞ്ചിയമ്മക്ക് പിന്തുണയുമായി ബിജിബാൽ
text_fieldsനഞ്ചിയമ്മ, ബിജിബാൽ
മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മക്കെതിരെ ശുദ്ധസംഗീത വാദക്കാർ ഉയർത്തുന്ന വിമർശനങ്ങളുടെ മുനയൊടിച്ച് സംഗീത സംവിധായകൻ ബിജിബാൽ. സംഗീതത്തിലെ ശുദ്ധി എന്താണെന്ന് ബിജിബാൽ ചോദ്യമുയർത്തി. 'ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിക്ക്' എന്ന് നഞ്ചിയമ്മയുടെ രേഖാചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് ബിജിബാൽ പറഞ്ഞു.
നഞ്ചിയമ്മയുടെ അവാർഡിനെ വിമർശിച്ച് ശുദ്ധസംഗീത വാദക്കാരായ ഏതാനും പേർ രംഗത്തെത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിലാണ് നഞ്ചിയമ്മക്ക് പിന്തുണയുമായി ബിജിബാൽ വന്നത്.
നഞ്ചിയമ്മ ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെന്നും, സ്വരവും ശുദ്ധിയുമില്ലാതെയാണ് അവർ പാടുന്നതെന്നുമാണ് ശുദ്ധസംഗീതവാദക്കാരുടെ വിമർശനം. ഇതിനേക്കാൾ നന്നായി പാടുന്ന എത്രയോ പേർ ഉണ്ടെന്നും അവർക്കായിരുന്നു അവാർഡ് കൊടുക്കേണ്ടതെന്നും ചിലർ ഉന്നയിക്കുന്നു.
ഡ്രമ്മറും സംഗീതഞ്ജനുമായ ലിനുലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെ അവാർഡ് നൽകിയതിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഒരു മാസം കൊടുത്താലും സാധാരണ ഒരു ഗാനം പഠിച്ചു പാടാൻ നഞ്ചിയമ്മയ്ക്ക് സാധിക്കില്ല. പിച്ച് ഇട്ടുകൊടുത്താല്‍ അതിനനുസരിച്ച് പാടാനൊന്നും അവർക്ക് കഴിയില്ല. നഞ്ചിയമ്മയ്ക്ക് അവാർഡ് നൽകാനുള്ള തീരുമാനം സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് ഇൻസൽട്ടായി തോന്നുമെന്നും വിഡിയോയിൽ പറയുന്നുണ്ട്. അയ്യപ്പനും കോശിയും സിനിമയിലെ ഗാനത്തിന് പ്രത്യേക ജൂറി പരാമർശമായിരുന്നു നഞ്ചിയമ്മക്ക് നൽകേണ്ടിയിരുന്നതെന്നും ലിനു പറയുന്നു.