മനസ്സേ നീയൊന്നുപാടൂ മൗനഗാനം
text_fieldsഎവിടെ കേട്ടാലും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന സംഗീതമുദ്രകൾകൊണ്ട് സമ്പന്നമായിരുന്നു രവീന്ദ്രന്റെ ഗാനകല. വൈവിധ്യ സുന്ദരമായ ഗാനങ്ങളായിരുന്നു അവയെല്ലാം. നിലവിലുണ്ടായിരുന്ന ഒരു പാട്ടുഭാഷയെ സ്വകീയമായും സംഗീതാത്മകമായും വ്യാഖ്യാനിക്കാൻ കഴിഞ്ഞുവെന്നതാണ് രവീന്ദ്രന്റെ നേട്ടം. അതുല്യമായ സംഗീതഭാവനയുടെ സ്വാഭാവിക പരിണാമമായിരുന്നു അത്. പാട്ടിൽ പലതരം വികാരങ്ങളുടെ ഭാവപ്പകർച്ചകൾക്കാണ് രവീന്ദ്രന്റെ സംഗീതം വഴിയൊരുക്കിയത്.
ഏകാന്തവും വിഷാദഭരിതവുമായ ഒരു സംഗീതഭാവുകത്വം രവീന്ദ്രന്റെ പാട്ടുകളിൽ വേണ്ടുവോളമുണ്ടായിരുന്നു. ഏകാന്ത മൗനത്തിന്റെ തീവ്രസൗന്ദര്യം, സ്മൃതികൾ, നോവുകൾ, നെടുവീർപ്പുകൾ, വിരഹം, കാത്തിരിപ്പ് എന്നിങ്ങനെ ഏകാന്തതയുടെ വിവിധ വിസ്തൃതികൾ രവീന്ദ്ര ഗാനങ്ങളിൽ നിരന്തര സാന്നിധ്യമായി. ഏകാന്ത മൗനമായിരുന്നു രവീന്ദ്രൻ ഗാനങ്ങളുടെ ആരൂഢം. മൗനത്തിന്റെ പലവിധ ലീലകൾ ആ പാട്ടുകളിൽ വിലോലമായി. ഏകാന്തത നോവായും ഓർമയായും നിറഞ്ഞ അനുഭൂതിയായും ആ ഗാനങ്ങളിൽ വിടർന്നു.
വേർപിരിക്കാൻ ആവാത്തവിധം മൗനത്തിന്റെ ഒരു അടര് രവീന്ദ്രന്റെ പാട്ടുകളെ സാന്ദ്രമാക്കി. ഒറ്റപ്പെട്ടവന്റെയും പ്രണയാതുരന്റെയുമൊക്കെ നോവുകൾ രവീന്ദ്രന്റെ ഗാനങ്ങളിൽ ഈണമായി നിറഞ്ഞു. ഒരുപക്ഷേ, അദ്ദേഹം പാട്ടിൽ ആവിഷ്കരിച്ചത് ആത്മാവിന്റെ വേദനകൾ ആയിരുന്നു. മലയാളത്തിൽ രവീന്ദ്രൻ ആദ്യമായി സംഗീതം ചെയ്ത ‘താരകേ’ എന്ന പാട്ടിലുണ്ടായിരുന്നു, ഏതോ കിനാവിന്റെ ഏകാന്തതീരത്തിൽ പൊലിഞ്ഞുപോയ ഒരു താരകയുടെ പുഞ്ചിരി. ഏകാന്ത നോവിന്റെ തീക്ഷ്ണത ഈ പാട്ടിൽ കിനിഞ്ഞിറങ്ങുകയായിരുന്നു. സ്വരങ്ങളുടെ ആരോഹണാവരോഹണങ്ങൾകൊണ്ട് ഏകാന്തതക്ക് ഈണമിടുകയായിരുന്നു രവീന്ദ്രൻ. ഈണത്തിന്റെ അവരോഹണ ധന്യതയിൽ യേശുദാസിന്റെ ആലാപനമാധുര്യം. ‘താഴെ’ എന്ന വാക്കിനെ മന്ദ്രസ്ഥായിയിൽ അത്രക്കും ധ്യാനാത്മകമാക്കി യേശുദാസ്.
‘സ്മൃതികൾ നിഴലുകൾ’, ‘വിടതരൂ ഇന്നീ സായംസന്ധ്യയിൽ’, ‘ഗോപികേ ഹൃദയമൊരു’ (തീരാവ്യഥകളിൽ എന്ന ഭാഗം), ‘യാത്രയായ് വെയിലൊളി’ (നിഴലിനെ എന്ന ഭാഗം), ‘സാന്ദ്രമാം മൗനത്തിൻ’... ഇങ്ങനെ എത്രയോ ഗാനങ്ങൾ. രവീന്ദ്രന്റെ സംഗീതത്തിൽ വന്ന ചില ഗാനങ്ങൾ ശ്രദ്ധിച്ചാലറിയാം അവയിലെ മൗനത്തെ പൂരിപ്പിക്കുന്ന ഹമ്മിങ്ങുകളുടെ പ്രാധാന്യം. ‘മനസ്സൊരു കോവിൽ’ എന്ന ഗാനത്തിൽ ഇതേറെ പ്രകടമാണ്. അനുപല്ലവിയിലെ ‘ഏതോതോ ഇടവഴികളിൽ’ എന്ന ഭാഗത്തെ നീട്ടലുകൾ അതിൽ ഉപയോഗിക്കുന്ന വയലിൻ ബിറ്റുകൾ, തബലയുടെ നടകൾ എന്നിവയൊക്കെ ഒരു ഏകാന്ത വിഷാദത്തെ പാട്ടിലേക്ക് പറഞ്ഞയക്കുന്നു. പാട്ട് തുടങ്ങുന്നതുതന്നെ ‘ഉറങ്ങിയില്ലേ അടത്ത്................ ഭയങ്കര ചൂട്’ എന്ന പ്രണയികളുടെ സംഭാഷണത്തുടർച്ചകളിലാണ്. അഭിലാഷ സ്മൃതികളിൽ ഏകാന്തത നെയ്ത പാട്ടായിരുന്നു ‘ഒറ്റക്കമ്പിനാദം’. ആദ്യവരിയിൽ തന്നെ ഏകാകിയുടെ ആത്മസംഗീതമുണ്ട്. ‘ഏകരാഗം’ ‘ഒറ്റക്കമ്പിനാദം’ ‘മൂകരാഗഗാനലാപം’ എന്നീ വരികളിൽ നൽകിയിട്ടുള്ള ഈണത്തിന്റെ ലയമാധുര്യം ഒന്ന് വേറെത്തന്നെയാണ്. ‘തേങ്ങും ഹൃദയം’ എന്ന പാട്ടിലും ഈ ഏകാകിയുടെ അനുസ്പന്ദനങ്ങൾ അനുഭവിച്ചറിയാൻ കഴിയുന്നു.
‘സുഖമോ ദേവി’യിലെ ‘ഒരു കുഞ്ഞുസൂര്യനെ’ എന്ന പാട്ടിലാണ് ഏകാന്ത മൗനത്തിന്റെ താരസ്ഥായി. ഈ ഗാനത്തിൽ പ്രണയമൗനത്തെ പകുത്തെടുക്കുന്നത് ‘വെറുതെ’ എന്ന വാക്കിന്റെ വ്യത്യസ്ത സ്ഥായികളാണ്. ഇത്തരം സ്ഥായികൾ ‘ഇരുഹൃദയങ്ങളിലൊന്നായ് വീശി’ എന്ന പാട്ടിലെ ‘ഓരോ നിമിഷവും ഓരോ ദിവസവും’ എന്ന ഭാഗത്തുണ്ട്. ഈയൊരു മൃദുമർമരത്തിലും പ്രതിധ്വനികളിലുമൊക്കെയാണ് രവീന്ദ്രൻ, മൗനത്തിന്റെ അടരുകൾ നിർമിക്കുന്നത്. താളത്തിന്റെ ക്രമമായ പ്രവാഹത്തിൽ ചെറിയ വ്യത്യാസം വരുത്തിയും ഈ മൗനമാത്രകൾ സൃഷ്ടിക്കുന്നുണ്ട് രവീന്ദ്രൻ. ഏകാന്തമായ കാത്തിരിപ്പിനെ പിന്തുടരുന്ന സ്വരശ്രുതികൾ ഇഴപാകിയിരിക്കുന്നു ഈ പാട്ടിൽ.
സ്മൃതികൾ ഉൾപ്പെടുന്ന ഈ ആത്മഗതങ്ങൾ ഈണത്തെ ധ്വനിപ്പിക്കുന്നതിന് നല്ലൊരു ഉദാഹരണമാണ് ‘വിടതരൂ’ എന്ന ഗാനം. ‘ഈ യാത്രയിൽ പിന്നെയും പാടും സ്മൃതികളായ് പിറകെ’ എന്ന ഒ.എൻ.വി വരികളുടെ ആന്തരാർഥത്തെ അറിഞ്ഞുകൊണ്ടാണ് രവീന്ദ്രൻ ഈ പാട്ടീനീണമിട്ടത്. ഏതോ യാത്രാഗീതം പാടിപ്പിരിയുന്ന പ്രണയിമനസ്സുണ്ടായിരുന്നു ഇതിൽ.
‘മനസ്സേ നിന്റെ മണിനൂപുരങ്ങൾ’ എന്ന പാട്ടിന് രവീന്ദ്രൻ നൽകിയ ഈണം ശ്രദ്ധേയമാണ്. ഈ പാട്ടിലും ആത്മഗതങ്ങളുടെ ആലാപനമാണ് നമ്മെ അതിശയിപ്പിക്കുന്നത്. ഇതേ ഫ്ലേവറുള്ള മറ്റൊരു രവീന്ദ്രഗാനമാണ് ‘മനസ്സേ നീയൊന്നുപാടൂ’ ഇതിന്റെ അനുപല്ലവിയിലെ ‘സ്വരമാധുരം, ശ്രുതി മധുരം, തിരുമധുരം’ എന്ന ഭാഗം രവീന്ദ്രന്റെ പാട്ടുകളിലെ പ്രോഗ്രഷനെ എടുത്തുകാണിക്കുന്നുണ്ട്. ഓരോ പാട്ടും നമ്മെ മൗനത്തിന്റെ മുനമ്പിൽ കൊണ്ടുപോയി നിർത്തും. മൗനസംഗീതത്തിന്റെ മായാവാതിൽ തുറക്കുന്ന മറ്റൊരു രവീന്ദ്രഗീതിയാണ് ‘വിളിച്ചതാര് വിളികേട്ടതാര്’. എത്രയോ അടരുകളിൽ ................സാന്ദ്രമാക്കുന്ന ഗാനംകൂടിയാണിത്. പാട്ടിന്റെ പല്ലവിയിലുള്ളതുപോലെ ഇതിലൊരു വിജന വിപിനമുണ്ട്.
അത് മൗനത്താൽ മഹാകാവ്യങ്ങൾ പാടുന്ന മാനസസരോവരം ആയിരുന്നു. മന്ത്രസ്ഥായിയിൽ ഏകാന്ത ശോകത്തിന്റെ സ്വച്ഛതകൾ അനുപമവും അപരിമേയവും ആകുന്ന മറ്റൊരു രവീന്ദ്രഗാനമാണ് ‘നീലാകാശം നിഴലാടുന്നു’. ഈ ഗാനം നാം സൂക്ഷ്മമായി കേൾക്കുമ്പോൾ നാമേതോ ഏകാന്തതീരത്ത് നിൽക്കുന്നതുപോലെ തോന്നും. ‘ഇന്നുമെന്റെ കണ്ണുനീരിൽ’ എന്ന പാട്ടിൽ വയലിനിന്റെ വ്യത്യസ്തസ്ഥായികളുടെ തുടർച്ചയായിട്ടാണ് പല്ലവിയുടെ വരവ്. സ്മൃതിയും ഗൃഹാതുരതയും ഇടകലർത്തുന്ന നിമിഷങ്ങളാണ് ഈ പാട്ടിൽ ഏകാന്തതയുടെ ശ്രുതിചേർക്കുന്നത്. ‘ചെമ്പകപ്പൂമരച്ചോട്ടിൽ’ എന്ന ഗാനത്തിൽ ഏകാന്തമൗനത്തിന്റെ കനമുണ്ടാകുന്നത് മന്ദ്രസ്ഥായിലെ അഭൗമകാന്തിയിലാണ്. പാട്ടിലെ അനുപല്ലവിയുടെ അവസാനത്തിൽ ‘അകലേ’ എന്ന വാക്കിന് നൽകുന്ന നീട്ടലും ‘അരികെ’ എന്ന വാക്കിന് നൽകുന്ന അടുപ്പവും ശ്രദ്ധേയമാണ്. ഈ പാട്ടിന്റെ നിർവഹണത്തിൽ രവീന്ദ്രൻ ഘനസാന്ദ്രമാക്കുന്ന പ്രണയനോവിന്റെ ഭാവപ്പകർച്ചകൾ ഒന്നുവേറെത്തന്നെയാണ്. ‘മൗനത്തിൽ ചിറകിൽ’ എന്ന് തുടങ്ങുന്ന ഗാനത്തിലും ഇത്തരം ഭാഗതലങ്ങൾ കാണാം. ‘സാന്ദ്രമാം മൗനത്തിൻ’ എന്ന ഗാനത്തിൽ മുഴുവൻ മരണത്തിന്റെ മൗനമാണ്.
‘നീ വിട പറയുമ്പോൾ’ എന്ന പാട്ടിലും വിരഹ മൗനത്തിന്റെ നോവുണരുന്നുണ്ട്. ‘മേലേ ചന്ദ്രികപ്പൂത്താലം, താഴേ മല്ലികപ്പൂത്താലം’ എന്ന പാട്ടിൽ ‘മേലേ’ ‘താഴേ’ എന്നീ രണ്ട് വാക്കുകളിലും രവീന്ദ്രൻ പ്രയുക്തമാക്കുന്ന സംഗീതത്തിന് മാറ്റേറെയാണ്.
‘മനസ്സിൽനിന്നും മനസ്സിലേക്കൊരു മൗനസഞ്ചാരം’, ‘തംബുരു കുളിർചൂടിയോ’, ‘പൊയ്കിൽ കുളിർപൊയ്കയിൽ’, ‘ശീവേലി മുടങ്ങി ശ്രീദേവി മടങ്ങി’, ‘മനസ്സുകളുടെ സംഗമം’ എന്നീ ഗാനങ്ങളിലെല്ലാം ഏകാന്തമായ ഒരു മനസ്സിന്റെ ആന്ദോളനമുണ്ട്. കാവാലം-രവീന്ദ്രൻ ടീമിന്റെ ‘യാത്രയായ് വെയിലൊളി’ എന്ന ചാരുകേശി രാഗത്തിലുള്ള ഗാനത്തിൽ ഒരു കുട്ടനാടൻ മൗനത്തിന്റെ പ്രകൃതി മുഴുവനുമുണ്ട്. തീരാനോവിന്റെ പ്രസാദമധുരം ആ പാട്ടിൽ ലയിച്ചുകിടക്കുന്നു. ‘വികാര നൗകയുമായ്’ എന്ന പാട്ടി രവീന്ദ്രൻ ചേർത്തുവെച്ചിട്ടുള്ള വിഷാദവിസ്തൃതികൾ ഏറെയായിരുന്നു. ‘രാക്കിളിപ്പൊൻമകളെ’ എന്ന നീട്ടലിൽ ശോകം നിറഞ്ഞുകിടക്കുന്നു. കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞുകൊണ്ടാണ് ഈ പാട്ടിന് രവീന്ദ്രൻ ഈണമിട്ടിട്ടുണ്ടാവുക.
‘മഴ പെയ്തുമാനം’ എന്ന പാട്ടിൽ അദ്ദേഹം ലയിപ്പിച്ചു ചേർത്ത ഗൃഹാതുരഭാവത്തിന്റെ അഴകൊന്നു വേറെയാണ്. ‘പറയൂ ഞാനെങ്ങനെ പറയേണ്ടൂ’ എന്ന പാട്ടിൽ അനുരാഗിയുടെ ഏകാന്ത നിമിഷങ്ങളെയാണ് രവീന്ദ്രൻ പകുത്തുവെച്ചത്.
‘ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾ -ക്കെത്ര കിനാക്കളുണ്ടായിരിക്കും’ എന്ന പാട്ടിൽ കാൽപനിതകയുടെ സ്നേഹനൊമ്പരങ്ങളും ഗൃഹാതുരതയുമെല്ലാം മന്ദ്രതരമാകുന്നു.
‘മനസ്സിൻ മണിച്ചിമിഴിയിൽ’ എന്ന പാട്ട് ഒറ്റപ്പെട്ടവന്റെ അന്തരാമൊഴികളെ സംഗീതാത്മമാക്കുന്നു. ‘പറയാത്തമൊഴികൾതൻ’ എന്ന ഗാനത്തിൽ മൗനത്തിൽ നിന്നും മൊഴിപ്പിറവിയിലേക്കുള്ള അറിയാദൂരങ്ങളെ സംഗീതസാന്ദ്രമാക്കുകയാണ്. കാവ്യാത്മക വിമൂകത തരളഭാവങ്ങൾ അടയാളപ്പെടുത്തുന്ന മറ്റൊരു രവീന്ദ്രഗാനമാണ് ‘ഏകാകിയാം നിന്റെ സ്വപ്നങ്ങൾക്കൊക്കെയും’ ഏകാന്തതതുടെ അനന്യമായൊരു പാട്ടാണിത്. ‘പോയ്വരൂ വേനലെ’ എന്ന വരിയിലൊക്കെ ഈ നഷ്ടസ്വപ്നമുണ്ട്. ഏകാകിയുടെ സ്വപ്നഗീതം കൂടിയാണിത്. വാസന്തിരാഗത്തിൽ തീർത്ത ഈ പാട്ടിന്റെ അതേ സ്വരൂപത്തിൽതന്നെയാണ് ‘പുഴയോരഴകുള്ള പെണ്ണ്’ എന്ന പാട്ടും രവീന്ദ്രൻ തീർത്തത്. ‘ഇനിയും നിന്നോർമകൾതൻ’ എന്ന പാട്ടും ഇത്തരത്തിലുള്ള ഏകാകിയുടെ നിമിഷങ്ങൾ പങ്കിടുന്നു. ‘പാതിമായും ചന്ദ്രലേഖ’ ‘ദൂരെപുഴയുടെ പാട്ടായി’ ‘തോണിക്കാരനുമവന്റെ പാട്ടും’ ‘ഗോപികേ ഹൃദയമൊരു..........പെൺശംഖുപോലെ’ ഇങ്ങനെ പാട്ടിൽ അവനവനെ വിഷാദഭരിതമാക്കുന്ന ഇടങ്ങളെ തൊട്ടുകാണിക്കുകയായിരുന്നു രവീന്ദ്രൻ.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

