കുളികഴിഞ്ഞു കോടിമാറ്റിയ ശിശിരകാല ചന്ദ്രിക
text_fieldsഎസ്. ജാനകി, പ്രതാപ് സിങ്
മലയാളത്തിലെ മാധ്യമ രംഗത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രിയ ഗായിക അന്തരിച്ച എസ്. ജാനകിയാണ് നിറഞ്ഞുനിൽക്കുന്നത്. ജാനകിയുടെ പാട്ടുകൾ, അഭിമുഖങ്ങൾ, വിവിധ വ്യക്തികളുമായുള്ള സൗഹൃദങ്ങൾ, അനുഭവങ്ങൾ, ചില പാട്ടുകളുടെ അറിയാക്കഥകൾ അങ്ങനെ പലതും. തീർച്ചയായും ഇത്തരം കാര്യങ്ങൾ അഭിനന്ദനമർഹിക്കുന്നു.
ആറു പതിറ്റാണ്ടുകാലം ദക്ഷിണേന്ത്യൻ സിനിമയുടെ രാഗലഹരിയായി മാറിയ ഗായികയുടെ ജീവിതത്തിൽ നിന്നുള്ള കൗതുകങ്ങൾ എല്ലാ വായനക്കാരും ആവേശപൂർവമാണ് സ്വീകരിക്കുന്നത്.
ഇതുവരെ എസ്. ജാനകിയുടെ കേൾക്കാൻ പറ്റാത്ത ഗാനങ്ങൾ വരെ യൂട്യൂബിൽനിന്നും തപ്പിപ്പിടിച്ച് പലരും പോസ്റ്റ് ചെയ്യുന്നു. മറ്റു ചിലർ അത്തരം ഗാനങ്ങൾ ഡൗൺലോഡ് ചെയ്ത് വാട്സ് ആപ്പിലും ഫേസ്ബുക്കിലും റീലുകളിലുമായി പ്രചരിപ്പിക്കുന്നു. തമിഴ്, തെലുഗു, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളിൽ നിന്നുള്ള വിഡിയോകൾ വരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിക്കൊണ്ടിരിക്കുന്നു. ഫോണിൽ ഇത്തരം ഒരു വിഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ യാദൃച്ഛികം എന്നുതന്നെ പറയട്ടെ രാവിലെ എനിക്ക് അപ്രതീക്ഷിതമായി ഒരു ഫോൺകാൾ. പഴയകാല സംഗീതസംവിധായകൻ പ്രതാപ് സിങ് ആയിരുന്നു ഫോണിൽ.
‘പാട്ടോർമകൾ’ സ്ഥിരമായി വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് പ്രതാപ് സിങ്. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തിയത് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച ‘മുൾക്കിരീടം’ എന്ന ചിത്രത്തിൽ എസ്. ജാനകി പാടിയ മനോഹരമായ ഗാനമായിരുന്നു. ഈ ഗാനത്തെക്കുറിച്ച് ആരും ഒന്നും എഴുതിക്കണ്ടതുമില്ല.
‘കുളികഴിഞ്ഞു കോടിമാറ്റിയ
ശിശിരകാല ചന്ദ്രികേ
കണ്ണെഴുത്തിനു ചെപ്പുനീട്ടി
വിണ്ണിലുള്ള താരകൾ
അല്ലിയാമ്പല്‍ മാല കോര്‍ത്തുനിന്റെ
മുടിയില്‍ ചൂടുവാന്‍പോരുമോ...’
എന്ന ഗാനം ഒരുകാലത്ത് ആകാശവാണിയിലൂടെ സ്ഥിരമായി വന്നിരുന്നത് പെട്ടെന്ന് ഓർത്തുപോയി. കിട്ടിയ സന്ദർഭം പാഴാക്കാതെ ഈ പാട്ടിന്റെ ചരിത്രവഴികളെ കുറിച്ചാണ് ഞാൻ പ്രതാപ്ജിയോട് ചോദിച്ചത്. ജാനകിയമ്മ പലപ്പോഴും മൂളിനടക്കാറുണ്ടായിരുന്ന ഈ ഗാനത്തിന്റെ നാൾവഴികളെ കുറിച്ച് കേട്ടപ്പോൾ തീർച്ചയായും ആ കഥ വായനക്കാരുമായി പങ്കുവെക്കുവാൻ തോന്നിയത് സ്വാഭാവികം.
പഴയകാല സംഗീത സംവിധായകനായ പ്രതാപ് സിങ്ങിനെ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. ഉത്തരേന്ത്യൻ സംഗീതസംവിധായകൻ എന്ന് പലരും തെറ്റിദ്ധരിച്ച പ്രതാപ് സിങ് എറണാകുളം ജില്ലയിലെ ചെറായി സ്വദേശിയാണ്. ഇപ്പോൾ തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ വിശ്രമ ജീവിതം നയിക്കുകയാണ് നല്ലൊരു നോവലിസ്റ്റ് കൂടിയായ അദ്ദേഹം.
‘മുത്ത്’ എന്ന ചിത്രത്തിൽ യേശുദാസും രാധാ പി. വിശ്വനാഥും പാടിയ
‘വിമൂകശോക സ്മൃതികളുണര്‍ത്തി
വീണ്ടും പൗർണമി വന്നൂ
വിഷാദ വീചികള്‍
മാത്രം വിരിയും
വിപഞ്ചികേ നീ പാടൂ...’
എന്ന പ്രശസ്ത ഗാനം തൃശൂരിൽ ജോൺസന്റെ സഹായത്തോടെ മലയാള സിനിമയിൽ ആദ്യമായി സ്റ്റുഡിയോക്കുപുറത്ത് റെക്കോഡ് ചെയ്ത വലിയ ചരിത്രമുള്ള സംഗീതസംവിധായകനാണ് പ്രതാപ് സിങ്. 1967ൽ പുറത്തിറങ്ങിയ എൻ.എൻ. പിഷാരടിയുടെ ‘മുൾക്കിരീടം’ എന്ന ചിത്രത്തിൽ പി. ഭാസ്കരന്റെ വരികൾക്ക് സംഗീതം പകർന്നുകൊണ്ടാണ് പ്രതാപ് സിങ് ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാകുന്നത്. എസ്. ജാനകിയുടെ ഇഷ്ട മലയാളഗാനങ്ങളിൽ ഒന്നായ ‘കുളികഴിഞ്ഞു കോടിമാറ്റിയ ശിശിരകാല ചന്ദ്രികേ’ എന്ന ഗാനം മാത്രം മതി ഈ സംഗീത സംവിധായകനെ എന്നും ഓർക്കാൻ.
മധു ആദ്യമായി അഭിനയിച്ച ‘നിണമണിഞ്ഞ കാൽപ്പാടുക’ളുടെ വൻ വിജയത്തിനുശേഷം എൻ.എൻ. പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ‘മുൾക്കിരീടം’. അദ്ദേഹംതന്നെയായിരുന്നു ചിത്രത്തിന്റെ നിർമാതാവും. അക്കാലത്ത് ഏതാനും നാടകങ്ങൾക്കുവേണ്ടി പിന്നണി പാടുകയും നാടകഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിക്കുകയും ചെയ്തിരുന്ന പ്രതാപ് സിങ്ങിനെ
പിഷാരടി തന്റെ പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കാനായി മദ്രാസിലേക്ക് ക്ഷണിച്ചു. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്ത തന്നെ ഈ ഉദ്യമത്തിൽ നിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞെങ്കിലും പിഷാരടി സമ്മതിച്ചില്ല. പ്രതാപ് സിങ്ങിനെയും കൊണ്ട് അദ്ദേഹം മദ്രാസിലേക്ക് യാത്രതിരിച്ചു.
പി. ഭാസ്കരനെയായിരുന്നു ‘മുൾക്കിരീട’ത്തിനുവേണ്ടി പാട്ടുകൾ എഴുതാൻ നിശ്ചയിച്ചത്. മദ്രാസിൽ എത്തിയപ്പോൾ, ഭാസ്കരൻ തന്റെ ജന്മനാടായ കൊടുങ്ങല്ലൂരിൽ പോയിരിക്കുകയാണെന്ന് അറിഞ്ഞു. ഒരാഴ്ച കഴിഞ്ഞേ തിരികെ വരുകയുള്ളൂ.എന്തായാലും ഒരാഴ്ച സമയം ഉണ്ടല്ലോ, നാലഞ്ച് ഈണങ്ങൾ ഉണ്ടാക്കിവെക്കാനായി പിഷാരടിയുടെ നിർദേശം. മനസ്സില്ലാമനസ്സോടെ പ്രതാപ് സിങ് ആ ദൗത്യം ഏറ്റെടുത്തു. ഭാസ്കരൻ മാസ്റ്റർ തിരിച്ചുവന്നപ്പോൾ നാല് പാട്ടുകൾക്കുള്ള ഈണങ്ങളെല്ലാം പ്രതാപ് സിങ് തയാറാക്കി വെച്ചിരുന്നു. അത്തരം ഒരു പുതിയ പരീക്ഷണത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ഭാസ്കരൻ മാസ്റ്ററും. അങ്ങനെ ആദ്യമായി ഈണത്തിനനുസരിച്ച് ഭാസ്കരൻ മാസ്റ്റർ പാട്ടുകളെഴുതാൻ കാരണക്കാരനായതും പ്രതാപ് സിങ് ആയിരുന്നു. ചിത്രത്തിലെ രണ്ടു ഗാനങ്ങൾ പിഷാരടിയുടെ സുഹൃത്തായ തമ്പിയും രണ്ടു ഗാനങ്ങൾ എസ്. ജാനകിയുമാണ് പാടിയത്. ജാനകി പാടിയ ‘കുളികഴിഞ്ഞു കോടിമാറ്റിയ ശിശിരകാല ചന്ദ്രികേ...’ ഹിറ്റായി എന്നു മാത്രമല്ല ആ ഗാനം ജാനകിയുടെ പ്രിയപ്പെട്ട ഗാനവുമായി മാറി. കാലങ്ങൾ ഏറെ കടന്നുപോയി. ഒരിക്കൽ പാട്ടുകളെ കുറിച്ച് നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന രവി മേനോൻ എസ്. ജാനകിയെ സന്ദർശിക്കാനായി മദ്രാസിലുള്ള അവരുടെ വസതിയിലെത്തി.
പത്രലേഖകരും അടുത്ത സുഹൃത്തുക്കളുമൊക്കെ വന്നാൽ പുറത്തെ ശബ്ദകോലാഹലങ്ങളുടെ ശല്യമില്ലാതെ ജാനകിയമ്മ സംസാരിക്കാറുള്ളത് വീടിന്റെ മട്ടുപ്പാവിലായിരിക്കും. അന്നും രാവേറെ ചെല്ലുന്നതുവരെ പാട്ടിന്റെ ചരിത്രവും അനുഭവങ്ങളും നാൾവഴികളെക്കുറിച്ചുമൊക്കെ അവർ സംസാരിച്ചു
കൊണ്ടേയിരുന്നു. പെട്ടെന്ന് രവിമേനോൻ ചോദിച്ചു, ‘ആയിരക്കണക്കിന് പാട്ടുകൾ പാടിയ അമ്മയുടെ മനസ്സിലേക്ക് നിലാവുള്ള ഈ രാത്രിയിൽ ഏത് ഗാനമാണ് കടന്നുവരുന്നത്’ എന്ന്.
ഒട്ടും ആലോചിക്കാതെ ജാനകിയമ്മ ആ പാട്ട് പാടാൻ തുടങ്ങി.
‘കുളികഴിഞ്ഞു കോടിമാറ്റിയ
ശിശിരകാല ചന്ദ്രികേ...’
പാട്ട് മുഴുവൻ പാടിയെങ്കിലും ആ പാട്ട് അണിയിച്ചൊരുക്കിയ സംഗീതശിൽപിയെ ജാനകിയമ്മക്ക് ഓർമയുണ്ടായിരുന്നില്ല. അദ്ദേഹത്തെ പിന്നെ പഴയ മദ്രാസ് നഗരത്തിലോ കേരളത്തിലോ ഒരിക്കലും കണ്ടിട്ടുമില്ല. അദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ടെന്ന് ജാനകിയമ്മ പറഞ്ഞപ്പോൾ, ആയിരക്കണക്കിന് പാട്ടുകളെക്കുറിച്ച് നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന രവിമേനോനും തന്റെ നിസ്സഹായത സമ്മതിക്കേണ്ടി വന്നു. പിന്നീട് എത്രയോ വർഷങ്ങൾക്കുശേഷമാണ് ഗായകൻ വേണുഗോപാൽ വഴി രവി മേനോൻ പ്രതാപ് സിങ്ങിനെ കണ്ടെത്തുന്നതും ഈ കഥകൾ പറയുന്നതും.
വെറും 10 മിനിറ്റ് നേരത്തെ ഫോൺ സംഭാഷണത്തിനിടയിൽ പ്രതാപ് സിങ് ഈ കഥയെല്ലാം എന്നോട് പറഞ്ഞപ്പോൾ സത്യത്തിൽ എന്റെ മനസ്സ് തുടികൊട്ടുകയായിരുന്നു. പ്രതാപ് സിങ് പറഞ്ഞ, ജാനകിയമ്മയുമായി ആത്മബന്ധമുള്ള ഈ ഗാനചരിത്രത്തിന് അക്ഷര രൂപം കൊടുക്കാനുള്ള വെമ്പലിൽ ഞാൻ ആ ഫോൺ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

