
‘മൃദു ഭാവേ, ദൃഢ കൃത്യേ’; കണ്ണൂർ സ്ക്വാഡിലെ ആദ്യ ഗാനമെത്തി, റിലീസ് നാളെ
text_fieldsനവാഗതനായ റോബി വര്‍ഗീസ് രാജ് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘കണ്ണൂര്‍ സ്ക്വാഡ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'മൃദു ഭാവേ, ദൃഢ കൃത്യേ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തുവിട്ടത്. കേരള പൊലീസിന്റെ ആപ്തവാക്യത്തിലുള്ള ഗാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നത് സുഷിൻ ശ്യാമാണ്. വിനായക് ശശികുമാറിന്റെതാണ് വരികൾ.
മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമിക്കുന്ന ചിത്രത്തിൽ അദ്ദേഹം ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഷാഫിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഷാഫിയോടോപ്പം നടൻ റോണി ഡേവിഡും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.
മമ്മൂട്ടിയെ കൂടാതെ, കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി വമ്പൻ താരനിരയാണുള്ളത്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകറാണ്. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗാം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.
