Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപിന്നെ, എന്നോടൊന്നും...

പിന്നെ, എന്നോടൊന്നും പറയാതെ...

text_fields
bookmark_border
പിന്നെ, എന്നോടൊന്നും പറയാതെ...
cancel

വാക്കുകൾ വാക്കുകളായി മാത്രം നിൽക്കാതെ അവ ജീവിതത്തിന്റെ അർഥമുള്ള ഒരു ജൈവ ഘടന നിർമിക്കുന്നുണ്ട്. വാക്കുകൾ കൊണ്ടാണ് പാട്ടുകളുണ്ടായിരിക്കുന്നത്. ജീവിതത്തിന്റെ സമാന്തര ചരിത്രം പറയുന്ന പാട്ടുകളിൽ വാക്കുകൾ വലിയ പ്രാധാന്യം വഹിക്കുന്നു. പാട്ടിൽ ഓരോ വരിയും ജീവിത രക്തം പോലെ ഒഴുകുന്നുണ്ട്. പാട്ടുകളിലെ വാക്കുകളുടെ അർഥവാഹകശേഷി വളരെ വലുതാണ്. അവിടെ ഒരു വാക്ക് സവിശേഷ സന്ദർഭത്തിൽ വന്നുചേരുമ്പോൾ അതിന് വലിയ മാനങ്ങൾ കൈവരുന്നു.

പാട്ടിലെ സന്ദർഭം പാട്ടിനെ സൗന്ദര്യാത്മകമാക്കുന്നു. നേരെ തിരിച്ചുമങ്ങനെ. കേൾക്കുന്നയാൾ പാട്ടിന്റെ പലപല അർഥ ജീവിതത്തിലേക്ക് കടക്കുന്നു. അത്രക്കും സാധാരണമാണ് പാട്ട്. ജീവിതത്തിന്റെ കൂടെ എപ്പോഴുമുണ്ടത്. വാക്കുകൾ കണിശമായ ഉചിതജ്ഞതയോടെ പാട്ടിൽ വിന്യസിക്കുന്ന രീതികൾക്കായിരുന്നു ഗാനരചയിതാക്കൾ പ്രധാന്യം നൽകിയത്. പാട്ടിന്റെ പല്ലവിയിൽ ആദ്യം വരുന്ന വാക്കിന്റെ ഹ്രസ്വതയും ലാളിത്യവും ആ പാട്ടിനെ മുഴുവനായും നിർവചിക്കുന്നതിന് എത്രയോ നിദർശനങ്ങളുണ്ട്. പദങ്ങളുടെ സഹജലാളിത്യം ആദ്യവരിയിൽ ഒരു താക്കോൽ വാക്കിന്റെ സാന്നിധ്യമുറപ്പിക്കുക വഴിയാണ് ഗാനരചയിതാക്കൾ ഇത് സാധ്യമാക്കുന്നത്.

എത്രയെത്ര ധ്വനിരാജികളാണ് ‘അരികിൽ’ എന്ന വാക്കിനുള്ളതെന്നറിയാൻ ‘അരികിൽ നീയുണ്ടായിരുന്നെങ്കിൽ...’ എന്ന പാട്ട് വീണ്ടും വീണ്ടും കേട്ടാൽ മതി. അരികിൽ എന്ന വാക്കാണ് ഈ പാട്ടിൽ മറ്റു വാക്കുകളുടെ അർഥങ്ങളെ നിർണയിക്കുന്നത്. അരികിൽ എന്ന വാക്കിന് ഊന്നൽ നൽകിയായിരുന്നു ദേവരാജൻ മാഷ് ആ പാട്ടിന് ഈണമിട്ടത്. പല പാട്ടുകളിലും ആദ്യ വാക്ക് പാട്ടിനെ വ്യാഖ്യാനിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നു. ‘പറയൂ ഞാൻ എങ്ങനെ പറയേണ്ടു’ (ഒ.എൻ.വി) എന്ന് തുടങ്ങുന്ന പാട്ടിലെ ‘പറയൂ’ എന്ന വാക്കിലുണരുന്ന എണ്ണമറ്റ എഴുതാപ്പുറങ്ങൾ കേൾവിക്കാർ പൂരിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്.

‘പോരൂ പോരൂ, എന്നൊടുത്തുണരുന്ന പുലരികളേ’, ജീവിതത്തോട് നന്ദിപറയുന്ന പാട്ടാണ്. ‘പോരൂ പോരൂ’ എന്ന പല്ലവിയിലെ ആവർത്തിത പദങ്ങൾക്ക് ഈ പാട്ടിൽ വലിയ പ്രാധാന്യമുണ്ടാകുന്നു. നഷ്ടപ്പെട്ടു പോകുമോ എന്ന് കരുതുന്ന ജീവിതത്തിലെ പ്രകാശ നിർഭര നിമിഷങ്ങളെ മുഴുവൻ ചേർത്തുനിർത്താനുള്ള അദമ്യമായ ആഗ്രഹമാണ് ഈ പാട്ടിലുള്ളത്. ആദ്യ വാക്കിന്റെ സമസ്ത സാധ്യതകളിലേക്കും വിടരുന്ന എത്രയോ ഗാനങ്ങളുണ്ട് മലയാളത്തിൽ. ‘പിന്നെയും പിന്നെയും’ എന്ന പാട്ടിലെ ആദ്യ വാക്കിന്റെ ആവർത്തനത്തിൽ നിറയുന്ന ജീവിതത്തുടർച്ചകളെ ഗിരീഷ് പുത്തഞ്ചേരി എത്ര മനോഹരമായാണ് അടയാളപ്പെടുത്തിയത്. ‘എന്നിട്ടും’ എന്ന മൂന്നക്ഷര വാക്കിലാണ് ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ എന്ന ഭാസ്‌കരൻ മാഷിന്റെ പാട്ട് തുടങ്ങുന്നത്. സന്ദേഹവും പരിഭവവും നഷ്ടബോധവും പ്രണയോന്മുഖതയുമെല്ലാം ചേർന്ന ഒരു പാട്ടിലേക്ക് പ്രവേശിക്കാനുള്ള വാതിൽ കൂടിയായിരുന്നു ‘എന്നിട്ടും’ എന്ന ആ വാക്ക്.

‘ഒരു പുഷ്പം മാത്രം’ എന്ന പാട്ടിലെ ആദ്യവരിയിലെ ‘മാത്രം’ എന്ന പദത്തിന് മാത്രമുള്ള അധികാർഥ ദീപ്തികൾ വലുതാണ്. ‘ഒരു’ എന്ന വാക്കിന് അധികാർഥം നൽകുന്ന അതിനോടടുത്ത് നിൽക്കുന്ന മാത്രം എന്ന വാക്കിന് കനമേറുന്നു. ആവർത്തിത പദങ്ങളുടെ സന്നിവേശം പാട്ടിൽ മറ്റൊരു ജീവിതം പണിയുന്നു. കണ്ണും കണ്ണും തമ്മിൽ തമ്മിൽ, അകലെ അകലെ നീലാകാശം, ദൂരെ ദൂരെ ദൂരെ ഏതോ തീരം തേടിത്തേടി... ഇത്തരം പാട്ടുകളിൽ ഈണത്തിന്റെ ഇമ്പമേറ്റുവാനും ഈ റിഥം സഹായിക്കുന്നുണ്ട്.

വിനിമയത്തിന്റെയും സംസ്കാരത്തിന്റെയും അടയാളമായി പാട്ടിലെ ആദ്യവാക്കുകൾ മാറുകയാണ്. ആദ്യവരിയിലൂടെയും വാക്കിലൂടെയും പാട്ടിനെ അതിന്റെ സാകല്യാവസ്ഥയിൽ അറിയുക എന്നത് ശ്രദ്ധേയമാണ്. ആദ്യ വാക്കിൽ നിന്ന്, കേൾക്കുന്നയാൾ ആ പാട്ടിലെ അർഥത്തെ സ്വന്തം നിലയിൽ അപനിർമിക്കുന്നു. ഗാനരചയിതാവ് ഉപയോഗിക്കുന്ന താക്കോൽ വാക്കിൽ നിന്ന് കേൾവിക്കാരൻ പുതിയ അർഥങ്ങൾക്ക് ജന്മം നൽകുന്നു. വാക്കുകൾ പലത് ചേർന്ന് പാട്ടിൽ പല സന്ദർഭങ്ങൾ ഉണ്ടാകുന്നു. ചെറിയ ചെറിയ വാക്കുകൾ ചേർന്നുണ്ടാകുന്ന പാട്ടിന്റെ വിപുലതയാർന്ന അർഥ ശരീരത്തിൽ എപ്പോഴും സവിശേഷവും സജീവവുമായ വികാരങ്ങളും വിചാരങ്ങളും ഒത്തുചേരുന്നു. ഓരോ വാക്കും ഓരോ പാട്ടായി മാറുന്ന സമയങ്ങളുമുണ്ട്. ‘പിന്നെ’ എന്ന ആദ്യ വാക്കിൽനിന്നാണ് ‘പിന്നെ, എന്നോടൊന്നും പറയാതെ’ എന്ന ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടിന്റെ പിറവി. രണ്ടക്ഷരമുള്ള ഒരു വാക്കിൽനിന്ന് പ്രവഹിച്ചുതുടങ്ങുന്ന പാട്ടുനദിയിൽ ജീവിതത്തിന്റെ പല പല തോണികൾ ഒഴുകിനടക്കുന്നു. അതേ സമയം വാക്കിന്റെ പല നൗകകൾ സമഗ്രതയുടെ ഒരു തീരത്ത് വന്നുനിൽക്കുകയും ചെയ്യുന്നു.

പാട്ടിലെ ആദ്യവാക്ക് ഒരു കഥാപാത്രത്തിന്റെ മാനസിക നിലയെയോ ഭാവാന്തരീക്ഷത്തെയോ അവതരിപ്പിക്കുന്ന ഒരു ഘടകമായി മാറുന്നു. മറ്റ് കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ തുടക്കങ്ങളും സൂചനകളും പ്രദാനം ചെയ്യുന്നതുമാവാം. ഇങ്ങനെയുള്ള തുടക്ക വാക്കുകൾ പാട്ടിൽ സാധിച്ചെടുക്കുന്ന അധിക മാനങ്ങൾക്ക് പ്രാമുഖ്യമുണ്ട്. ‘മകളേ പാതി മലരേ’ എന്ന വരിയിലെ വാക്കുകൾ (പാതിമലർ എന്ന വാക്ക് കണ്ണദാസന്റെ പാട്ടിൽ നിന്ന് ബിച്ചു തിരുമല കടമെടുത്തതാണ്) അത്രക്കും സരളമാണ്. എന്നാൽ, അവ ആ സിനിമയിലെ (ചമ്പക്കുളം തച്ചൻ) കഥാസന്ദർഭത്തിന്റെ മുഴുവൻ അർഥങ്ങളെയും ഒന്നിച്ചുൽപാദിപ്പിക്കുന്നുണ്ട്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെയും അന്തഃസംഘർഷത്തിന്റെയുമൊക്കെ അന്തരംഗം കാണിച്ചുതരുന്നുണ്ട് ഈ ആരംഭവാക്കുകൾ. പാട്ടിലെ പ്രമേയ സൂചകമായി ആദ്യ വാക്കുകൾ പ്രസക്‌തമാകുന്നു. പാട്ടിന്റെ സമഗ്രാർഥമെന്ന ഭാവസ്ഥിതിയെയാണ് ഈ തുടക്ക വാക്കുകൾ ധ്വനിപ്പിക്കുന്നത്. പാട്ടിലെ വിവിധാനുഭവങ്ങളിലേക്ക് കേൾവിക്കാരെ സൗമ്യമായി ക്ഷണിക്കുകയാണ് ഈ തുടക്ക വാക്കുകളുടെ ധർമം. അത് ഹൃദ്യമായ ഒരു കാൽപനികാനുഭൂതിയെ നമുക്കുമുന്നിൽ വെച്ചുതരുന്നു. പാട്ടിൽ പൂരിപ്പിക്കേണ്ടുന്ന പല ഇടങ്ങളെയും ഈ വാക്കുകൾ പൂരിപ്പിക്കുന്നു.

പല മാനുഷിക ഭാവങ്ങളുടെയും ജീവിതകാലാവസ്ഥയുടെയുമൊക്കെ സംക്ഷിപ്ത രൂപമാണ് ആരംഭവാക്കുകളിൽ തുടിക്കുന്നത്. തുടരുന്ന ജീവിത ഘടനയുടെ പ്രകടനപത്രിക പോലെ പാട്ടിൽ ആദ്യവാക്കുകൾ നിലകൊള്ളുന്നു. ‘ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മൺവിളക്കൂതിയില്ലേ’ എന്ന പാട്ടിലെ ‘ഇന്നലെ’ എന്ന വാക്കിലെ ഭൂതകാലസ്മൃതികൾ പാട്ടിന് ബഹുലതയാർന്ന അർഥങ്ങൾ നൽകുന്നുണ്ട്. ‘ഇനിയും നിന്നോർമ തൻ ഇളവെയിലിൽ’ (ഒ.എൻ.വി) എന്ന പാട്ടിലെ ‘ഇനിയും’ എന്ന വാക്കുണ്ടാക്കുന്ന കനവും കരുത്തുമൊന്നുവേറെയാണ്. ‘ഒരിക്കൽ നിറഞ്ഞും ഒരിക്കൽ മെലിഞ്ഞും ഒഴുകും പുഴപോലെ’ എന്ന ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ ‘ഒരിക്കൽ’ എന്ന വാക്ക് മാറ്റിസ്ഥാപിക്കാനാവാത്ത വിധം ആ പാട്ടിനോട് അത്രക്കും ഇണങ്ങിച്ചേർന്നിരിക്കുന്നു.

‘ആരെയും ഭാവഗായകനാക്കും’ എന്ന പാട്ടിലെ ‘ആരെയും’ എന്ന പദത്തിന്റെ അതിശയോക്തിപരമായ പ്രതിനിധാനം അത്യന്തം ഔചിത്യമാർന്നതാണ്. ‘പിന്നെ, എന്നോടൊന്നും പറയാതെ പകൽപക്ഷി സ്വയം പറന്നെങ്ങോ പോയ്’ (ഗിരീഷ് പുത്തഞ്ചേരി) എന്ന പാട്ടിലെ ‘പിന്നെ’ എന്ന രണ്ടക്ഷര വാക്കിന് പിന്നെപ്പിന്നെ അർഥ സന്ദർഭങ്ങൾ ഏറുന്നു. ‘നേരം മങ്ങിയ നേരം’ എന്ന ഒ.എൻ.വിപ്പാട്ടിലെ ഘനീഭൂതമായ നേരത്തിന് ജീവിതത്തിലെ സാന്ദ്രമായ സമയത്തിന് പകരം നിൽക്കാനാവുന്നു. ഇങ്ങനെ പാട്ടിന്റെ ജീവിതത്തെ കുറിക്കുന്ന അടിസ്ഥാന ഏകകമായി മാറുകയാണ് അതിലെ ആദ്യപദങ്ങൾ. അവ പാട്ടിന്റെ അകത്തളങ്ങളെ കൂടുതൽ കൂടുതൽ വിസ്തൃതമാക്കുന്നു...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoviesMusic
News Summary - movie music
Next Story