സംഗീത് സിത്താര
text_fieldsസംഗീതത്തിന്റെ ആ സുവർണ താരകം മണ്ണിൽ പെയ്തുതുടങ്ങിയിട്ട് നാലുപതിറ്റാണ്ടുകൾ പിന്നിടുന്നു. മലയാളിയുടെ കാതിന് സ്വരമാധുരിപകർന്ന മോഹൻ സിത്താരയുടെ ജീവിതയാത്രയിലൂടെ...
ഒരു സിത്താറിൽ നിന്നൊഴുകുന്ന മോഹന സംഗീതം പോലെ മോഹൻ സിത്താരയുടെ ഈണങ്ങൾ നമ്മുടെ കാതുകളെ തേടിയെത്താൻ തുടങ്ങിയിട്ട് 40 വർഷം തികഞ്ഞു. 1986ൽ ആദ്യ ഗാനം ഹിറ്റായപ്പോൾ തന്നെ മോഹൻ സിത്താരയെ മലയാളം ശ്രദ്ധിച്ചിരുന്നു. പിന്നീടത് മാറുന്ന ആസ്വാദന ശീലങ്ങൾക്കൊപ്പം പല രാഗങ്ങളിൽ, പല താളങ്ങളിൽ കേൾവിപ്പുറത്തെത്തി. പാശ്ചാത്യ സംഗീതത്തിന്റെയും നാടോടി പാരമ്പര്യത്തിന്റെയും ശൈലികൾ ആ ഈണങ്ങളിലേക്ക് ചേർത്തുവെച്ചപ്പോൾ ‘എന്ത് സുഖമാണീ’ പാട്ട് എന്ന് നമ്മൾ അറിയാതെ മൂളിപ്പോയി.
എട്ടാം വയസ്സിൽ വയലിൻ പഠിച്ചായിരുന്നു തുടക്കം. പിന്നീട് ഹാർമോണിയവും തബലയും മൃദംഗവും കോംഗോ ഡ്രമ്മുമെല്ലാം ആ വിരലുകൾക്ക് വഴങ്ങി. 1986ൽ ‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിൽ ഒ.എൻ.വി എഴുതിയ ‘രാരീ രാരീരം രാരോ’ ആയിരുന്നു ഈണമിട്ട ആദ്യ സിനിമാ ഗാനം. ജി. വേണുഗോപാൽ എന്ന ഗായകന്റെ അരങ്ങേറ്റ ചിത്രം. തുടർന്നിങ്ങോട്ട് 200ഓളം സിനിമകളിലായി എണ്ണൂറിലധികം ഗാനങ്ങൾ. ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും വേറെ. മനുഷ്യ ജീവിതത്തിന്റെ വിശുദ്ധമായ എല്ലാ വികാരങ്ങളും ഭാവങ്ങളും അവയിൽ നിറഞ്ഞു. അമ്മയുടെ വാത്സല്യം ‘ഉണ്ണീ വാവാ വോ’ എന്ന് മധുരമുള്ള താരാട്ടായി. പറഞ്ഞറിയിക്കാനാവാത്ത ഇഷ്ടം ‘നീൾമിഴി പീലിയിൽ നീർമണി’യായി തുളുമ്പി. വിരഹ നൊമ്പരം ‘ഇലകൊഴിയും ശിശിരത്തിൽ ചെറുകിളി’കളുടെ വിലാപമായി. ഗൃഹാതുരത്വത്തിന്റെ നോവ് ‘പോകാതെ കരിയിലക്കാറ്റേ’ എന്ന് തേങ്ങി. യുവത്വത്തിന്റെ സ്വപ്നങ്ങൾ ‘കറുപ്പിനഴകെ’ന്ന് ആർത്തുവിളിച്ചു....എൺപതുകളുടെ രണ്ടാം പകുതി മുതൽ മോഹൻ സിത്താര പാട്ടിൽനിന്ന് പാട്ടിലേക്ക് ഓടുകയായിരുന്നു. 2001ൽ മാത്രം ഈണമിട്ടത് 80ഓളം ഗാനങ്ങൾക്ക്. 24 മണിക്കൂറും പാട്ടിനൊപ്പം ജീവിച്ച നാളുകൾ. സിനിമയുടെ തിരക്കില്ലെങ്കിലും യുവതലമുറയെ സംഗീതത്തിലേക്ക് കൈപിടിക്കാൻ തൃശൂരിൽ ‘മോഹൻ സിത്താരാസ് കോളജ് ഓഫ് പെർഫോമിങ് ആർട്സ്’ എന്ന സ്ഥാപനവുമായി അദ്ദേഹം ഇന്നും സജീവമാണ്. സംഗീത ജീവിതത്തിന്റെ 40ാം വർഷത്തിൽ മോഹൻ സിത്താര മനസ്സ് തുറക്കുന്നു....
തുടക്കം വയലിനിൽ
തൃശൂരിലെ പെരുവല്ലൂർ ഗ്രാമത്തിലാണ് ജനിച്ചത്. അച്ഛൻ നാടകങ്ങൾക്ക് പാടാൻ പോകുമായിരുന്നു. എനിക്ക് പഠനത്തേക്കാൾ ഇഷ്ടം പാട്ടായിരുന്നു. മൂന്നാം ക്ലാസിലെത്തിയപ്പോൾ വയലിൻ പഠിക്കാൻ കെ.ജി. സത്താറിന്റെയടുത്ത് പോയി. കുറച്ച് മുതിർന്നപ്പോൾ അദ്ദേഹം പ്രോഗ്രാമുകൾക്കൊക്കെ എന്നെയും കൂട്ടിത്തുടങ്ങി. 1977ലാണ് സംഗീതം പഠിക്കാൻ തിരുവനന്തപുരത്ത് യേശുദാസിന്റെ തരംഗനിസരി സ്കൂൾ ഓഫ് മ്യൂസിക്കിൽ ചേരുന്നത്. ജ്യേഷ്ഠൻ അവിടെ സിത്താറിസ്റ്റായിരുന്നു. അക്കാലത്ത് തിരുവനന്തപുരത്തെ മികച്ച ഓർക്കസ്ട്രയാണ് സിത്താര മ്യൂസിക് ക്ലബ്. ബാലഗോപാലൻ തമ്പിയും മാർക്കോസുമൊക്കെ അതിൽ പാടിയിരുന്നു. ഞാൻ അവിടെ വയലിൻ വായിക്കാൻ പോകും. പിന്നീട് മൃദംഗവും തബലയും കോംഗോ ഡ്രമ്മുമെല്ലാം വായിച്ചുതുടങ്ങി.
ചിത്രാഞ്ജലി, തരംഗിണി സ്റ്റുഡിയോകൾ തുടങ്ങിയപ്പോൾ അസിസ്റ്റന്റായി പ്രവർത്തിച്ചു. ദക്ഷിണാമൂർത്തി, ദേവരാജൻ, ശ്യാം എന്നിവർക്കു വേണ്ടി ഓർക്കസ്ട്രേഷൻ നിർവഹിച്ചു. ദേവരാജൻ മാഷിന്റെയും ഇളയരാജയുടെയും ഗാനങ്ങൾക്കായി വയലിനും വായിച്ചിരുന്നു. മ്യൂസിക് ക്ലബ് വിട്ടെങ്കിലും ‘സിത്താര’ എന്റെ പേരിന്റെ ഭാഗമായി. ടി.കെ. രാജീവ് കുമാറാണ് ‘ഒന്ന് മുതൽ പൂജ്യം വരെ’യുടെ സംവിധായകൻ രഘുനാഥ് പലേരിക്ക് എന്നെ പരിചയപ്പെടുത്തിയത്. ഗാനമേളക്കിടയിൽ മിമിക്രി അവതരിപ്പിക്കുന്ന രാജീവ് കുമാറിനെ സിത്താര ക്ലബിൽ വെച്ച് അടുത്തറിയാം. നാട്ടിലെ പരിപാടികൾക്കായി ചില മുസ്ലിം, ക്രിസ്ത്യൻ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നല്ലാതെ സിനിമാ ഗാനത്തിന് സംഗീതം നൽകി പരിചയമുണ്ടായിരുന്നില്ല.
നവോദയയാണ് സിനിമയുടെ നിർമാണം. പാട്ട് കമ്പോസ്ചെയ്യാൻ അറിയാമോ എന്ന് നവോദയ അപ്പച്ചന്റെ മകൻ ജിജോ ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞു. ശ്രമിച്ചുനോക്കൂ എന്നുപറഞ്ഞ് ഹാർമോണിയവും മുറിയുമെല്ലാം ഏർപ്പാടാക്കി. പിന്നീട് ‘കുടുംബപുരാണം’ എന്ന ചിത്രത്തിലെ ‘താലോലം താനേ താരാട്ടും’ എന്ന ഗാനത്തിന് ഉപയോഗിച്ച ഈണമാണ് ആദ്യം ‘രാരീ രാരീരം രാരോ’ എന്ന ഗാനത്തിന് ഇട്ടത്. ഒന്നുകൂടി മാറ്റി നോക്കൂ എന്ന് പറഞ്ഞപ്പോൾ ഉണ്ടാക്കിയതാണ് ഇപ്പോൾ കേൾക്കുന്ന ഈണം. സംഗീത സംവിധായകൻ പുതുമുഖമായതിനാൽ പാട്ടെഴുതുന്നത് പ്രശസ്തനായ ഒ.എൻ.വി തന്നെയാകട്ടെ എന്ന് നിർമാതാക്കൾ തീരുമാനിച്ചു. പാട്ടിലെ ചില അക്ഷരങ്ങൾ ഞാൻ പറഞ്ഞതനുസരിച്ച് ഒ.എൻ.വി തിരുത്തിത്തന്നു. പാട്ട് ഞങ്ങളെല്ലാം പ്രതീക്ഷിച്ചതിനുമപ്പുറം ഹിറ്റായി.
ഹിറ്റുകളുടെ പിറവി
1987ലാണ് മോഹൻ രൂപ് സംവിധാനം ചെയ്ത ‘വർഷങ്ങൾ പോയതറിയാതെ’ എന്ന ചിത്രം ഇറങ്ങുന്നത്. പാട്ടുകൾ തന്റെ സുഹൃത്തായ കോട്ടക്കൽ കുഞ്ഞുമൊയ്തീൻകുട്ടിയെ കൊണ്ട് എഴുതിക്കാമെന്ന് പറഞ്ഞു മോഹൻ രൂപ്. കുഞ്ഞുമൊയ്തീൻ കുട്ടി അന്ന് മന്ത്രി യു.എ. ബീരാന്റെ സെക്രട്ടറിയാണ്. ഞാൻ ഇട്ട ട്യൂണിന് അനുസരിച്ച് അദ്ദേഹം വരികളെഴുതി. ‘ഇലകൊഴിയും ശിശിരത്തിൽ ചെറുകിളികൾ വരവായി’ എന്ന ഗാനം അത്ര ഹിറ്റാകുമെന്ന് കരുതിയില്ല. യേശുദാസിന്റെ ആലാപനത്തിന് വല്ലാത്തൊരു ഫീലുണ്ടായിരുന്നു. തുടർന്നാണ് യേശുദാസിന്റെ ആഗ്രഹപ്രകാരം ഞാനും കുഞ്ഞുമൊയ്തീൻ കുട്ടിയും ചേർന്ന് തരംഗിണിക്കു വേണ്ടി ‘വെള്ളിപ്പറവകൾ’ എന്ന ആൽബം ഒരുക്കിയത്. ആശയത്തിലും സംഗീതത്തിലും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു അതിലെ ഗാനങ്ങൾ. തരംഗിണിക്കുവേണ്ടി ‘എന്നും ഈ പൊന്നോണം’, ‘ദിവ്യഹൃദയം’ തുടങ്ങിയ ആൽബങ്ങൾക്കും സംഗീതം നൽകി.
ബ്ലെസി സംവിധാനം ചെയ്ത എട്ട് ചിത്രങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചു. ‘ഇന്നലെ’ സിനിമയുടെ ബാക്ക് ഗ്രൗണ്ട് സ്കോർ കഴിഞ്ഞ് ട്രെയിനിൽ വരുമ്പോഴാണ് ഒരു സിനിമ പ്ലാൻ ചെയ്യുന്ന കാര്യം ബ്ലെസി ആദ്യമായി പറഞ്ഞത്. വർഷങ്ങൾക്കുശേഷം ഒരിക്കൽ ബ്ലെസി വിളിച്ചു. വേറെ സബ്ജക്ടാണെന്ന് പറഞ്ഞു. ‘കാഴ്ച’യിലെ ‘കുഞ്ഞേ നിനക്കുവേണ്ടി’, ‘പളുങ്കി’ലെ ‘മാനത്ത് വെള്ളി വിതാനിച്ച’, ‘ഭ്രമര’ത്തിലെ ‘അണ്ണാരക്കണ്ണാ വാ’, ‘തന്മാത്ര’യിലെ ‘മിണ്ടാതെടി കുയിലേ’ തുടങ്ങിയ ഗാനങ്ങൾ ആസ്വാദകർ ഏറ്റെടുത്തു. വിനയനൊപ്പം പ്രവർത്തിച്ച സിനിമകളിലെ ഗാനങ്ങളും വൻ ഹിറ്റുകളായി. ‘ദൈവത്തിന്റെ വികൃതികളി’ലെ ‘ഇരുളിൻ മഹാനിദ്രയിൽ...’ എന്ന കവിത യേശുദാസിനെക്കൊണ്ട് ചൊല്ലിക്കാനാണ് ആദ്യം ആലോചിച്ചത്. യേശുദാസ് ആകുമ്പോൾ അത് പാട്ടായി മാറും എന്ന് പിന്നീട് തോന്നി. കവിതയായി തന്നെ അനുഭവപ്പെടണം എന്നതുകൊണ്ടാണ് വി. മധുസൂദനൻ നായരെക്കൊണ്ട് ചൊല്ലിച്ചത്. തുടർന്നും നൂറുകണക്കിന് ഗാനങ്ങൾ. സിനിമ പുറത്തിറങ്ങാത്തതിനാൽ ശ്രദ്ധിക്കപ്പെടാതെ പോയ ഗാനങ്ങളും ഏറെയുണ്ട്.
ഒരുപക്ഷേ, ഞാൻ സംഗീതം ചെയ്ത അവസാന ഹിറ്റ് ഗാനം ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’യിലെ ‘പതിനേഴിന്റെ പൂങ്കരളിൽ’ ആയിരിക്കും. പി. ഭാസ്കരനും ശ്രീകുമാരൻ തമ്പിയും മുതൽ റഫീഖ് അഹമ്മദും ബി.കെ. ഹരിനാരായണനും വരെയുള്ള ഗാനരചയിതാക്കളോടൊപ്പം പ്രവർത്തിച്ചു. എസ്.പി. ബാലസുബ്രഹ്മണ്യവും കമുകറ പുരുഷോത്തമനും യേശുദാസും മുതൽ പുതു തലമുറയിലെ ഇന്ദുലേഖ വാര്യർ വരെയുള്ളവരെക്കൊണ്ട് പാടിച്ചു. അഫ്സൽ, വിധു പ്രതാപ്, മഞ്ജരി, ജ്യോത്സന, അൻവർ സാദത്ത്, സുദീപ് കുമാർ, കലാഭവൻ മണി തുടങ്ങിയ ഗായകരെ മലയാള സിനിമക്ക് പരിചയപ്പെടുത്താനായി. അതെല്ലാം ജീവിതത്തിലെ വലിയ സന്തോഷങ്ങളാണ്.
കണ്ണീരിന്റെ ഈണങ്ങൾ
താരാട്ടുപാട്ടുകളുടെയും ശോകഗാനങ്ങളുടെയും മൂഡ് എനിക്ക് ഇഷ്ടമാണ്. സ്വന്തം ജീവിതാനുഭവങ്ങളുടെ നോവിൽ പിറന്നതാണ് അത്തരം മിക്ക പാട്ടുകളും. ‘നെഞ്ചുടുക്കിൻെറ താളത്തുടുപ്പിൽ’ ഇങ്ങനെ ചിട്ടപ്പെടുത്തിയതെന്ന് പറയാം. ഞങ്ങൾ നാല് മക്കളായിരുന്നു. ചെറുപ്പത്തിൽ ഒരുപാട് കഷ്ടപ്പെട്ടു. വിശപ്പായിരുന്നു ഏറ്റവും വലിയ ദുഃഖം. രാത്രി ഞാനും അനുജത്തിയും അമ്മയുടെ മടിയിൽ കിടക്കും. ഒന്നുമുണ്ടാകില്ല കഴിക്കാൻ. അമ്മ താരാട്ട് മൂളി ഞങ്ങളെ ഉറക്കും. താരാട്ടുപാട്ടുകൾ ഉണ്ടാക്കുമ്പോൾ ആ ഓർമകളാണ് മനസ്സിൽ. ഉള്ളിൽ ഇപ്പോഴും ബാല്യത്തിലെ സങ്കടങ്ങൾ ബാക്കി കിടക്കുന്നുണ്ട്. ഹൈസ്കൂളിൽ പഠിക്കുമ്പോൾ പല ദിവസവും മുഴുപ്പട്ടിണിയായിരുന്നു. രാവിലെയും ഉച്ചക്കും ഭക്ഷണം കഴിക്കാനുണ്ടാവില്ല. കൂട്ടുകാർ ചോറ്റുപാത്രം തുറക്കുമ്പോൾ സാമ്പാറിന്റെയും മീൻകറിയുടെയും മണം ഉയരും. ഞാൻ ഡെസ്കിൽ തലചായ്ച്ച് കിടക്കും. അപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകും. കുറച്ചുകഴിഞ്ഞ് സ്കൂൾ മുറ്റത്തെ കിണറ്റിൽ നിന്ന് വയർ നിറയെ വെള്ളം കോരി ക്കുടിക്കും. അടുത്തൊരു അമ്പലമുണ്ട്. അവിടെ പോയി കരയും. ഇത്തരം അനുഭവങ്ങളാണ് എന്റെ പാട്ടിലെ വാത്സല്യവും കണ്ണീരും.
എല്ലാം ദൈവത്തിൽ അർപ്പിച്ചാണ് പാട്ടുകൾ ചെയ്യുന്നത്. അവാർഡ് കിട്ടണമെന്നോ സൂപ്പർ ഹിറ്റാകണമെന്നോ എല്ലാവരും ഇഷ്ടപ്പെടണമെന്നോ അപ്പോൾ ചിന്തിക്കാറില്ല. അങ്ങനെ വിചാരിച്ച് ഒരു പാട്ട് ഉണ്ടാക്കാനാകില്ല. സിനിമയിലെ സന്ദർഭം ആവശ്യപ്പെടുന്നത് എന്താണോ അത് കണ്ണടച്ച് ചെയ്യുന്നു. എല്ലാവരും ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ദൈവം തരുന്നു എന്നേ പറയാനുള്ളൂ. ലളിതമായ ഈണമുണ്ടാക്കി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനം. ദേവരാജൻ മാഷൊക്കെ ഒരു പാട്ടിന്റെ വരികൾക്ക് വേണ്ട ട്യൂൺ മാത്രമേ നൽകിയിരുന്നുള്ളൂ.
ചില പാട്ടുകൾ അങ്ങനെ സംഭവിച്ചുപോവുകയാണ്. ‘വചന’ത്തിലെ നീൾമിഴി പീലിയിൽ, ‘വാസന്തിയും ലക്ഷ്മിയും’ ചിത്രത്തിലെ ആലിലക്കണ്ണാ എന്നിവയെല്ലാം തയാറെടുപ്പുകളില്ലാതെ പെട്ടെന്നുണ്ടാക്കിയ ട്യൂണുകളാണ്. വിനയൻ സിനിമകളിലെ മിക്ക പാട്ടുകളും അങ്ങനെതന്നെ. ‘ഉണ്ണീ വാവാവോ’ കമ്പോസ് ചെയ്യുമ്പോൾ കടുത്ത പനിയായിരുന്നു. ‘ഹിസ് ഹൈനസ് അബ്ദുള്ള’യിലെ ബാക്ക്ഗ്രൗണ്ട് സ്കോറാണ് ‘സാന്ത്വന’ത്തിലെ ‘സ്വരകന്യകമാർ....’ എന്ന പാട്ടിന്റെ ഈണമാക്കിയത്. ‘കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ’ എന്ന പാട്ടിന്റെ ഈണവും മറ്റൊരു സിനിമയുടെ ബാക്ക് ഗ്രൗണ്ട് സ്കോർ ആയിരുന്നു.
എന്നും ഗന്ധർവനൊപ്പം
തരംഗനിസരിയിൽ പഠിക്കുമ്പോൾ ഒരു ദിവസം രാത്രി യേശുദാസ് കയറിവന്നു. തൂവെള്ള വേഷം. ആദ്യമായി കാണുകയാണ്. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം ഞാൻ വയലിൻ വായിച്ചു. തീർന്നപ്പോൾ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. അന്ന് തുടങ്ങിയ ബന്ധമാണ്. ഇന്നും ഞാൻ ദൈവത്തെ പോലെ ബഹുമാനിക്കുന്ന ആളാണ് അദ്ദേഹം. ഒരു പാട്ട് കൊടുത്താൽ ഇതുപോലെ പാടി ഫലിപ്പിക്കുന്ന മറ്റൊരാളില്ല. ശരാശരി നിലവാരമുള്ള ഗാനങ്ങൾ പോലും അദ്ദേഹം പാടി ഗംഭീരമാക്കും. അണിഞ്ഞു അംഗരാഗം, ചെമ്പരുന്തിൻ ചേലുണ്ടേ, എന്നമ്മേ ഒന്നു കാണാൻ, സിന്ദൂര സേന്ധ്യ പറയൂ, മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം, രാവിൻ നിലാക്കായൽ, നിന്റെ കണ്ണിൽ വിരുന്നുവന്നൂ, ശിവദം ശിവനാമം, കണ്ണീർ മഴയത്ത്, കണ്ടു കണ്ടു കണ്ടില്ല...ഇങ്ങനെ 200ലധികം ഗാനങ്ങൾ അദ്ദേഹത്തിനായി ചിട്ടപ്പെടുത്താൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഇപ്പോഴും ആ ബന്ധം തുടരുന്നു.
‘നീൾമിഴി പീലിയിൽ നീർമണി തുളുമ്പി’ എന്ന ഗാനത്തിന്റെ കമ്പോസിങ് ട്രിവാൻഡ്രം റെസ്റ്റ് ഹൗസിലായിരുന്നു. മനസ്സിന്റെ ഏങ്ങൽ പോലെ ഫീൽ ചെയ്യുന്ന പാട്ടാകണമെന്നായിരുന്നു സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ആവശ്യം. ഒ.എൻ.വി എഴുതിയ വരികൾ നോക്കി എങ്ങനെയോ പെട്ടെന്ന് ഉണ്ടാക്കിപ്പോയ പാട്ടാണ്. വളരെ ഒതുക്കി, പതിഞ്ഞ ശബ്ദത്തിൽ അതിമനോഹരമായിരുന്നു അതിന്റെ ആലാപനം. പക്ഷേ, ‘നീൾമിഴി പീലി’ എന്നത് നീർമണി പീലി എന്നാണ് യേശുദാസ് ഉച്ചരിച്ചത്. ഫൈനൽ റെക്കോഡിങ് കഴിഞ്ഞപ്പോഴാണ് പിഴവ് ഒ.എൻ.വിയുടെ ശ്രദ്ധയിൽപ്പെട്ടത്. നന്നായി പാടി, ഇനി മാറ്റേണ്ട എന്ന് പറഞ്ഞു അദ്ദേഹം.
ദിവസം അഞ്ചും ആറും സിനിമയിലെ പാട്ടുകളുടെ ജോലികൾ ചെയ്ത കാലമുണ്ടായിരുന്നു. 48 മണിക്കൂർ വരെ ഉറങ്ങാതിരുന്നിട്ടുണ്ട്. ചെന്നൈയിൽ ‘ആലിലക്കണ്ണാ’ എന്ന ഗാനത്തിന്റെ റെക്കോർഡിങ് നടക്കുന്നു. രണ്ടു വരി പാടിയിട്ട് ഓക്കെ ആണോ എന്നറിയാൻ യേശുദാസ് തിരിഞ്ഞുനോക്കുമ്പോൾ ഞാൻ കുഴഞ്ഞുവീഴുകയാണ്. കണ്ണുകൾ താനേ അടഞ്ഞു. ശബ്ദം പുറത്തുവരുന്നില്ല. അദ്ദേഹം പാട്ടുനിർത്തി ഓടിവന്നു. ദിവസങ്ങളോളം ഉറങ്ങാതിരുന്നതുകൊണ്ട് സംഭവിച്ചതായിരുന്നു.
ഇവർ പാഠപുസ്തകങ്ങൾ
പി. ഭാസ്കരൻ മാഷും ഒ.എൻ.വിയും യൂസഫലി കേച്ചേരിയും എന്റെ പാഠ പുസ്തകങ്ങളാണ്. ഭാസ്കരൻ മാഷിനൊപ്പം ജോലി ചെയ്യുന്നത് പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ്. അദ്ദേഹം ഒരു ഹെഡ്മാസ്റ്ററെ പോലെയാണ്. നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാം. യൂസഫലി കേച്ചേരിക്കൊപ്പവും കൈതപ്രത്തിനൊപ്പവുമാണ് കൂടുതൽ പ്രവർത്തിച്ചത്. ലളിതമായിരുന്നു അവരുടെ എഴുത്ത്. ഒ.എൻ.വിയുടേത് പക്കാ കവിതയായിരിക്കും. അപ്പോൾ കവിതയുടെയും സിനിമാ പാട്ടിന്റെയും സ്വഭാവം അതിന്റെ സംഗീതത്തിൽ സമന്വയിക്കണം. ചില വാക്കുകളെ എങ്ങനെ പാട്ടിൽ പരിചരിക്കണം എന്ന് പഠിച്ചത് ഇവരിൽ നിന്നാണ്.
കോഴിക്കോട് ഹരിദാസിന്റെ ‘ജോർജ്കുട്ടി കെയർ ഓഫ് ജോർജ് കുട്ടി’യുടെ സംഗീത ജോലികൾ നടക്കുന്ന തിരക്കേറിയ സന്ധ്യാ സമയത്ത് മുണ്ടുടുത്ത് ഒരാൾ കയറി വന്നു. ഹരിദാസ് പരിചയപ്പെടുത്തി, ഇതാണ് ഗിരീഷ്. ഏറെ നിർബന്ധിച്ചപ്പോഴാണ് ഗിരീഷ് എന്റെ മുന്നിൽ ഇരുന്നത്. ഞാനിട്ട ട്യൂണിനനുസരിച്ച് ഗിരീഷ് പെട്ടെന്ന് വരികൾ എഴുതി. ഞങ്ങൾ കുറേ നേരം സംസാരിച്ചിരുന്നു. കൈയിൽ പണമില്ലാത്തതിനാൽ ഭാര്യയുടെ താലിമാല പണയം വെച്ചാണ് വന്നതെന്ന് ഗിരീഷ് പറഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞുപോയി. കഷ്ടപ്പാടുകൾ മാറുമെന്നും അറിയപ്പെടുന്ന ഗാനരചയിതാവാകുമെന്നും ഞാൻ ആശ്വസിപ്പിച്ചു. പിന്നീട് ഗിരീഷ് പുത്തഞ്ചേരിയായി, നമ്മെയെല്ലാം അത്ഭുതപ്പെടുത്തിയ പാട്ടെഴുത്തുകാരനായി അദ്ദേഹം ഉയരങ്ങളിലേക്ക് പോയി.
സംഗീതമാണ് രാഷ്ട്രീയം
തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തമാണ് 40 വർഷത്തെ സംഗീത ജീവിതം. സംഗീത സംവിധായകനാകും, മോഹൻ സിത്താരയാകും എന്നൊന്നും ചിന്തിച്ചിട്ട് പോലുമില്ല. ഒന്നുമില്ലായ്മയിൽ നിന്ന് ദൈവം എല്ലാം തന്നു. രോഗബാധിതനായി മരണം അടുത്തെത്തിയ സന്ദർഭമുണ്ട്. നല്ല പാട്ടുകൾ ഇനിയും ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം. പക്ഷേ, കാലം മാറി. നല്ല പാട്ടുകൾ ആർക്കും വേണ്ടാതായി. പഴയ തിരക്കുപിടിച്ച കാലത്തെക്കുറിച്ച് ഇടക്ക് ഓർക്കാറുണ്ട്. അതിനൊരു സുഖമുണ്ട്. അവസരം ചോദിച്ച് പോകാൻ മടിയുള്ളയാളാണ് ഞാൻ. നമ്മുടെ വിളി മറ്റൊരാൾക്ക് ശല്യമായി തോന്നാൻ ഇടകൊടുത്തിട്ടില്ല. സംഗീതത്തിലേക്ക് അടുക്കുന്തോറും മനസ്സ് കൂടുതൽ മൃദുവാകും എന്ന് ജീവിതം എന്നെ പഠിപ്പിച്ചു. പണ്ട് എപ്പോഴോ ചെയ്ത ചെറിയ തെറ്റുകളെക്കുറിച്ച് ഓർത്തുപോലും പശ്ചാത്താപം കൊണ്ട് മനസ്സ് വിശുദ്ധമാകും. നമുക്ക് പരിചയമില്ലാത്തവർക്കുവേണ്ടി പോലും പ്രാർഥിക്കുന്ന ഒരാളായി മാറും.
അമ്പിളി സംവിധാനം ചെയ്യുന്ന ‘സ്വാമിയും വർക്കിയും’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്കാണ് പുതുതായി സംഗീതം ചെയ്യുന്നത്. സംഗീതസാന്ദ്രമായ പ്രണയകഥ ഇതിവൃത്തമായ സിനിമയുടെ തിരക്കഥയും സംവിധാനവുമാണ് മറ്റൊരു സ്വപ്നം. മകൻ അവിൻ മോഹൻ സിത്താര ഏതാനും സിനിമകളിൽ സംഗീത സംവിധാനം നിർവഹിച്ചു. മകളും പാടും. ഭാര്യ ബീനയാണ് സംഗീത കോളജിന്റെ കാര്യങ്ങൾ നോക്കിനടത്തുന്നത്. പാട്ടാണ് എെന്റ ലോകം. രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. അതേക്കുറിച്ച് ചിന്തിക്കാറുമില്ല. സംഗീതം, അത് മാത്രമാണ് എന്റെ രാഷ്ട്രീയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

