കേട്ടു കേട്ടൊരീണം പോലെ
text_fieldsപി. ജയചന്ദ്രൻ
മനസ്സകം നിറയെ പാട്ടു നിറച്ചുവെച്ച മഹാഗായകന് വിടപറയുന്നത് ആ സംഗീതം നമ്മുടെ ഹൃദയങ്ങളിലേക്ക് പകർന്നുതന്നാണ്. പാട്ടുപെട്ടിയിൽനിന്നു പണ്ടു കേട്ട ഒരീണംപോലെ പി. ജയചന്ദ്രന്റെ സ്വരം എന്നും മലയാളിയുള്ളിടത്തെല്ലാം അലയടിക്കും
ആദ്യമായെഴുതിയ സിനിമാഗാനത്തിന്റെ റെക്കോഡിങ് തൃശൂരിലെ ഓം സ്റ്റുഡിയോയിലായിരുന്നു. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘ക്യാപ്റ്റനി’ലെ വിശ്വജിത്ത് സംഗീതം നല്കിയ ‘‘പാട്ടുപെട്ടീലന്ന് നമ്മള്’’ എന്ന ഗാനം. റെക്കോഡിങ്ങിനായി ഞാനും വിശ്വജിത്തും നേരത്തേയെത്തി. പാടാനെത്തുന്നത് മലയാളത്തിന്റെ ഭാവഗായകനാണ് എന്നത് ഒരേസമയം സന്തോഷാതിരേകവും വിവരണാതീതമായ പിരിമുറുക്കവും ആകാംക്ഷയും സൃഷ്ടിക്കുന്നുണ്ടായിരുന്നു മനസ്സില്‍.
വിശ്വജിത്ത് നേരത്തേ ചെയ്തുവെച്ച സംഗീതത്തില്‍ എഴുതുമ്പോള്‍ അത് പാടാനിരിക്കുന്നത് പി. ജയചന്ദ്രന് എന്ന പ്രിയ ഗായകനായിരിക്കുമെന്ന് ആലോചനകളിലൊന്നും ഉണ്ടായിരുന്നില്ല. പ്രജേഷ് സെന്‍ ഗായകനെ വെളിപ്പെടുത്തുമ്പോള്‍ ശരിക്കും സന്തോഷത്തിന്റെ ഉന്മാദം അനുഭവിച്ചു. ഗായകന് അനൂപ് ശങ്കറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓം സ്റ്റുഡിയോ. അദ്ദേഹം കാത്തിരിക്കുന്ന പ്രിയഗായകന് എത്തിയ കാര്യം പറഞ്ഞു. പെട്ടെന്ന് മനസ്സ് ശൂന്യമായതുപോലെ തോന്നി. എന്താണിനി ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥ. പതിയെ പുറത്തിറങ്ങി. സെറ്റിയില്‍ പാട്ടുപെട്ടിയുടെ വരികള്‍ സ്വന്തമായി എഴുതിയ ഡയറി പേജ് തുറന്ന് വായിക്കുകയാണ് അദ്ദേഹം.
‘‘കാര്‍മേഘ വര്‍ണന്റെ മാറില്‍ മാലകള്‍ ഗോപികമാര്‍’’ എന്ന പാട്ട് അവിടെ നിറയുന്നതുപോലെ തോന്നി. നിഷ്പ്രയാസം പാട്ടിന്റെ വര്ണമാലകള് എടുത്തണിയുന്ന ഗായകന്. പാട്ടായി തുടിക്കുന്നുവെങ്കിലും നേരിട്ട് അരികില്‍ കാണുമെന്നോ എഴുതിയ ഒരു വരിയെങ്കിലും പാടുമെന്നോ വിചാരിച്ചിട്ടേയില്ല. ഞാന്‍ അരികിലേക്ക് ചെന്നു. പാട്ടില്‍നിന്ന് തലയുയര്‍ത്തി നോക്കി. ഗൗരവം വിടാതെ ചോദിച്ചു:
‘‘ആരാണ്..?’’
‘‘പാട്ടെഴുതിയ...’’
ഞാന്‍ പറഞ്ഞൊപ്പിച്ചു.
‘‘ഉം... നല്ല വരികളാണ്...’’ അദ്ദേഹം പിന്നീടൊന്നും പറഞ്ഞില്ല. പൂര്‍ണ നിശ്ശബ്ദതയില്‍ നിമിഷങ്ങള്‍. റെക്കോഡിങ്ങിന് സജ്ജമായെന്ന് സൗണ്ട് എന്‍ജിനീയര്‍ രാമു പറയും വരെ തുടര്‍ന്ന നിശ്ശബ്ദത. ജയചന്ദ്രന് മാസ്റ്റര്‍ കണ്‍സോളില്‍ കയറി. പാടാന്‍ തുടങ്ങി. ഇടക്ക് വിശ്വജിത്ത് ചെറിയ ചില മാറ്റങ്ങള്‍ സൂചിപ്പിച്ചു.
‘‘താന്‍ പാടിയ പോലെ പാടാനാണെങ്കില്‍ പിന്നെ ഞാനെന്തിനാണ്! തനിക്ക് പാടിയാ പോരേ...’’ അദ്ദേഹം ക്ഷുഭിതനായി... കണ്സോളില്നിന്നിറങ്ങി... ഞാനും വിശ്വജിത്തും കൂടെയുണ്ടായിരുന്ന അന്‍സാര്‍ നെടുമ്പാശ്ശേരിയും പിന്നാലെ ചെന്ന് അദ്ദേഹത്തെ സ്നേഹപൂര്‍വം തിരികെ വിളിച്ചു. പാട്ടു തുടര്‍ന്നു. വിശ്വജിത്ത് പിന്നീട് ഒരിടത്തും ഒന്നും പറയാതെ മിണ്ടാതിരുന്നു.
‘‘എന്താ വിശ്വാ... ഓക്കെയല്ലേ... താനെന്താ മിണ്ടാത്തേ?’’ മാസ്റ്റര്‍ ചോദിച്ചു.
വിശ്വജിത്ത് ചിരിച്ചു; അദ്ദേഹവും.അതുവരെയുള്ള മുറുക്കമൊന്നഴിഞ്ഞു. പിന്നീട് അവര്‍ പരസ്പരം പറഞ്ഞുകൊണ്ടുതന്നെ റെക്കോഡിങ് മുന്നോട്ടുപോയി. പാടിക്കഴിഞ്ഞതോടെ ടെൻഷനൊഴിഞ്ഞു. പഴയ പാട്ടുകളും കഥകളുമായി ഏറെനേരം ഞങ്ങള്‍ക്കൊപ്പമിരുന്നു. പി. സുശീലാമ്മയുടെ പാട്ടുകള്‍, അര്ജുനന് മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, അങ്ങനെ പലരിലൂടെ, പാട്ടുകളിലൂടെ ഭാവഗായകന്റെ ശബ്ദം ഞങ്ങള്‍ക്കിടയില്‍ മുഴങ്ങി.
റെക്കോഡിങ് കഴിഞ്ഞ് കാറുമെടുത്ത് ഒരു യുവാവിന്റെ ഉത്സാഹത്തോടെ അതിവേഗത്തില്‍ ഓടിച്ചുപോയി. പതിനയ്യായിരത്തില്‍പരം പാട്ടുകള്‍ പല ഭാഷകളില്‍ അതുല്യ സംഗീതസംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും സംഗീതജ്ഞര്‍ക്കുമൊപ്പം പാടിയ ഗായകന് ഈ പാട്ട് കൂട്ടത്തിലൊരു ചെറുകണിക മാത്രം; പക്ഷേ, ഞങ്ങള്‍ക്ക് സര്‍ഗജീവിതത്തില്‍ കിട്ടിയ വൈഡൂര്യമായിരുന്നു ആ പാട്ട്. മാസ്റ്റര്‍ ആ പാട്ടിനി ഓര്‍മിക്കുമോ എന്ന് ഞാനും ആലോചിച്ചുകൊണ്ടിരുന്നു.
എന്റെ ഹാര്‍ഡ് ഡിസ്ക് ഓം സ്റ്റുഡിയോയില്‍ മറന്നുവെച്ച കാര്യം പറയാന്‍ സൗണ്ട് എന്‍ജിനീയര്‍ രാമുവിനെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘ജയേട്ടന് ഇന്നലെയും പാട്ടു വന്നു കേട്ടിട്ടു പോയി. അങ്ങനെ അപൂര്‍വമായേ കേള്‍ക്കാന്‍ വരാറുള്ളൂ... ഇഷ്ടപ്പെട്ടിട്ടുണ്ട്.’ എനിക്കാ വാക്കുകള്‍ തന്ന ഊര്‍ജവും ആനന്ദവും അളവുകളില്ലാത്തതായിരുന്നു.
‘ക്യാപ്റ്റന്‍’ സിനിമയും പാട്ടും പുറത്തിറങ്ങിയ ശേഷം ജയചന്ദ്രന് മാസ്റ്ററെ വിളിക്കാന്‍ നോക്കിയിട്ടൊന്നും കിട്ടിയില്ല. ഒരു സങ്കടവും തോന്നിയില്ല. എഴുതിവെച്ച വരികളില്‍ മലയാളിയുടെ ഹൃദയസ്വരമായ ഗായകന് പാടിയെന്നതുതന്നെ എന്നെ സംബന്ധിച്ച് തീരാത്ത സന്തോഷമാണ്. കുറച്ചു ദിനം കഴിഞ്ഞ് മൊബൈല്‍ സ്ക്രീനില്‍ ആലാപനത്തിന്റെ രസതന്ത്രമറിഞ്ഞ മനുഷ്യന്റെ പേര്. മിസ്ഡ് കോള്‍! പരിഭ്രമത്തോടെ തിരിച്ചുവിളിച്ചു. സ്നേഹപൂര്‍വം അദ്ദേഹത്തിന്റെ സംസാരം. ‘പാട്ടുപെട്ടി’ വേദിയില്‍ പാടിയതിനെ കുറിച്ച്, പാട്ടുകളെക്കുറിച്ച്... അത് മറക്കാനാവാത്ത ഒന്നായങ്ങനെ കിടന്നു. പിന്നീട് വിളിച്ചപ്പോള്‍ ആ നമ്പര്‍ കിട്ടിയില്ല. കൂടുതൽ ശ്രമിച്ചതുമില്ല.
പിന്നീട് ഒരു സപ്ലിമെന്റിൽ അഭിമുഖത്തില്‍ പ്രിയപ്പെട്ട പാട്ടുകളെക്കുറിച്ച് പറഞ്ഞ കൂട്ടത്തില്‍ ‘ക്യാപ്റ്റന്‍’ സിനിമയില്‍ വിശ്വജിത്ത് ഈണമിട്ട ‘‘പാട്ടുപെട്ടീലന്ന് നമ്മള്’’ എന്റെ സിനിമാ ജീവിതത്തിലെ അപൂര്‍വ ഗാനങ്ങളിലൊന്നാണ്...’’ എന്ന് അദ്ദേഹം പറയുന്നത് വായിച്ചപ്പോള്‍ അകത്ത് ഇളനീരൊഴുകി. നല്ല തണുപ്പും മധുരവും ലഹരിയും...
എന്തൊരു ഗായകനായിരുന്നു; കടത്തുവള്ളം യാത്രയായി കടവില്‍ ഞാന്‍ മാത്രമായി എന്ന വിരഹവേദന, ചെണ്ടയ്ക്കൊരു കോലുണ്ടട മണ്ടക്കൊരു കൊട്ടുണ്ടടയെന്ന വികൃതിത്തരം, മനസ്സില്‍ തുളുമ്പുന്ന മൗനാനുരാഗത്തിന് അനുഭൂതി സ്മൃതി തന് ചിറകിലേറി ഗ്രാമഭൂവിലണയുന്ന ഗൃഹാതുരത, കാലത്തിന് കണികയാമീ ഒരു ജന്മത്തിന്റെ ജാലകത്തിലൂടപാരതയെ നോക്കുന്ന ദര്‍ശനം... ഇങ്ങനെ വൈവിധ്യമാര്‍ന്ന പാട്ടുകളുടെ ഭാവതലങ്ങളെ ശബ്ദംകൊണ്ട് അറിഞ്ഞു തൊട്ടുമിനുക്കുന്ന ഗായകന്റെ മാന്ത്രികത പി. ജയചന്ദ്രനില്‍ മലയാളമത്രയും അറിഞ്ഞതാണ്. അവയോരോന്നും വേദിയില്‍ പാടുമ്പോഴും കൃത്യമായി, സമ്പൂര്‍ണമായി പാട്ടിന്നാത്മാവിനെ പകരാന്‍ കാണിക്കുന്ന കണിശതയും നാമറിഞ്ഞതാണ്.
മലയാളത്തിലെന്ന പോലെ തമിഴിലും ജയചന്ദ്രന് ഗാനങ്ങള്‍ക്ക് അസംഖ്യം ആരാധകരുണ്ട്. മലയാളത്തോളം തന്നെ തമിഴില്‍ പാട്ടുകള്‍ പാടിയെങ്കിലും ഇളയരാജയുടെ ‘രാസാത്തീ ഒന്ന്’ എന്ന ഒറ്റ ഗാനം മതി തമിഴകത്തിന് ആ ഗായകനെ അനശ്വരനായി ഹൃദയത്തിലേറ്റാന്‍. തെലുങ്കിലും കന്നഡത്തിലും അദ്ദേഹം പാടിയ പാട്ടുകള്‍ കാലാതിവര്‍ത്തിയായ ഹിറ്റുകളാണ്.
ജയചന്ദ്രന് മാസ്റ്ററേ എന്നു വിളിച്ചാല്‍, മാഷോ തന്നെ ഞാന്‍ ഏത് സ്കൂളിലാ പഠിപ്പിച്ചതെന്ന് തിരിച്ചു ചോദിച്ച് വിശേഷണങ്ങളെ അദ്ദേഹം റദ്ദു ചെയ്തു.മാസ്റ്റേഴ്സ് ദക്ഷിണാമൂര്‍ത്തിയും ദേവരാജനും മുതല്‍ ജോണ്സണ് വരെയുള്ള സംഗീത സംവിധായകരാണെന്ന് കൂട്ടിച്ചേര്‍ത്തു. യേശുദാസ് പാടേണ്ടിയിരുന്ന ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’യുമായി സിനിമാ ഗാനരംഗത്ത് ചുവടുറപ്പിക്കുമ്പോള്‍ പകരമല്ല അതുല്ല്യമായ മറ്റൊരു ഗായക സാനിധ്യമാണ് അതെന്ന് മലയാളം തിരിച്ചറിഞ്ഞു. കോവിഡ് എല്ലാവരെയും വീട്ടിലാക്കിയ കാലത്ത് ‘സമം’ എന്ന ഗായകരുടെ കൂട്ടായ്മയുടെ ഓണ്‍ലൈന്‍ പരിപാടി. കാമറക്കു മുന്നില്‍ ലൈവായി പി. ജയചന്ദ്രന് മാസ്റ്റര്‍ ഇരിക്കുന്നു. കൈയിലൊരു ഡയറിയുണ്ട്. ആവശ്യപ്പെട്ട എല്ലാ പാട്ടുകളും പാടുകയാണ്, ഹൃദയത്തില്‍ സൂക്ഷിച്ച വരികളുമായി! എവിടെയും നോക്കാതെ അനര്‍ഗളം പാട്ട് ഒഴുകിവരുന്നു. യേശുദാസ്, പി. സുശീല എന്നിവരൊക്കെ പാടിയ പാട്ടുകളും അതില്‍പെടും. മനസ്സകം നിറയെ പാട്ടു നിറച്ചുവെച്ച മഹാഗായകന്. ലൈവ് പതിവു സമയത്തിലധികം നീണ്ടുപോയിട്ടും തളരാതെ ഇടറാതെ പാടിക്കൊണ്ടിരുന്നു. എഴുപതു കഴിഞ്ഞൊരു മനുഷ്യന് എല്ലാ ഊര്‍ജത്തോടെയും പാട്ടുകളില്നിന്ന് പാട്ടുകളിലേക്ക് അനായാസം പറന്നുനടക്കുന്നത് വിസ്മയത്തോടെ കണ്ടുനിന്നു.
ആ പാട്ട് മുറിയുന്നില്ല... മലയാളിയുള്ള കാലമത്രയും ജയചന്ദ്രൻ പാടിക്കൊണ്ടേയിരിക്കും; ആ ഭാവസാന്ദ്ര സ്വരം കാതുകളിൽ അലയടിച്ചുകൊണ്ടേയിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.