എത്ര സുന്ദരം ഈ സ്വപ്നഗാനങ്ങൾ
text_fieldsഅഭയ്ദേവ്,ദക്ഷിണാമൂർത്തി,രവീന്ദ്രൻ,വയലാർ രാമവർമ
‘നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍
നിശ്ചലം ശൂന്യമീ ലോകം’
സ്വപ്നങ്ങളെക്കുറിച്ചുള്ള ഏറ്റവും മികച്ച കണ്ടെത്തലാണ് വയലാർ രാമവർമയുടെ ഈ വരികളെന്ന് തോന്നിയിട്ടുണ്ട്. 1965ൽ പുറത്തിറങ്ങിയ ‘കാവ്യമേള’ എന്ന സിനിമയിലെ ‘സ്വപ്നങ്ങൾ... സ്വപ്നങ്ങളേ നിങ്ങൾ സ്വർഗകുമാരികളല്ലോ’ എന്നു തുടങ്ങുന്ന ഗാനം ആസ്വാദകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്.അപ്സരകന്യകൾ പെറ്റുവളർത്തുന്ന, സ്വർഗത്തിൽനിന്നു വിരുന്നു വരാറുള്ള ചിത്രശലഭങ്ങളായി സ്വപ്നത്തെ വർണിക്കുകയാണ് വയലാർ. വരികൾ ശ്രദ്ധിക്കുക:
‘അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
ചിത്രശലഭങ്ങള്‍ നിങ്ങള്‍
സ്വർഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
ചിത്രശലഭങ്ങള്‍ നിങ്ങള്‍...’
നാമറിയാതെ നമ്മുടെ മനസ്സിന്റെ വാതിൽ തുറന്നു വരുന്ന സ്വപ്നങ്ങളില്ലെങ്കിൽ ദൈവങ്ങളുമില്ല, മനുഷ്യരുമില്ല, ജീവിത ചൈതന്യവുമില്ല എന്ന് പറയുന്നതിലെ കാവ്യചിന്തയും യുക്തിയും ശ്രദ്ധേയം. യേശുദാസും പി. ലീലയും ചേർന്നു പാടിയ ഗാനത്തിന് ആകർഷകമായ ഈണമൊരുക്കിയത് വി. ദക്ഷിണാമൂർത്തി.
സ്വപ്നത്തിൽ കണ്ട രാജകുമാരനെ കൺകുളിർക്കെ കാണാൻ തുമ്പിയോട് വർണച്ചിറകുകൾ കടം ചോദിക്കുന്ന മനോഹര ഗാനമുണ്ട് ‘സർപ്പക്കാട്’ എന്ന സിനിമയിൽ. അഭയദേവിന്റെ വരികൾ. ബാബുരാജിന്റെ ഈണം. പൂന്തോട്ടത്തിൽ നൃത്തം ചെയ്ത് നായികയായ അംബിക പാടുകയാണ്:
‘ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു
സ്വർണത്താമര പൂത്തെന്ന്
പൂവിറുക്കാന്‍ സ്വർഗത്തൂന്നൊരു
ദേവകുമാരന് വന്നെന്ന്’
കുട്ടിക്കാലത്ത് ഒത്തിരി ഇഷ്ടം തോന്നിയ ഇതിലെ വരികളാണ്:
‘കടം തരാമോ തുമ്പീ നിന്നുടെ
കനകച്ചിറകൊരു നിമിഷം നീ
പറന്നു ചെന്നെന്‍ ദേവകുമാരനെ
മനം കുളിര്‍ക്കെ കണ്ടോട്ടേ’
(പാടിയത്: പി. ലീല, വർഷം: 1965). ഒരു നിമിഷത്തേക്കാണ് ചിറകുകൾ കടം ചോദിക്കുന്നത്. അത്രയും നേരംകൊണ്ട് സ്വപ്നത്തിൽ വന്നെത്തിയ ദേവകുമാരന്റെ അടുത്തേക്കെത്താമെന്ന ചിന്തയും ഭാവനയും അഭിനന്ദനീയം തന്നെ.
2019ൽ പുറത്തിറങ്ങിയ ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിലുമുണ്ട് സ്വപ്നം കണ്ട കാര്യം.
‘ഇന്നലെ ഞാനൊരു സൊപ്പനം കണ്ടു
‘ദൂരത്തൊരു നാട്ടിൽ പോയെന്ന്’
(രചന: അങ്കമാലി പ്രാഞ്ചി, സംഗീതം: ജേക്സ് ബിജോയ്, പാടിയത്: സച്ചിൻ രാജ്). സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്നത് രാജകുമാരനും സുൽത്താനും രാജ്ഞിയുമൊക്കെ ആകുമ്പോൾ ഗാനങ്ങൾ കേൾക്കാൻ കൗതുകം ഏറെയാണ്. അങ്ങനെ ഇഷ്ടം തോന്നിയ മറ്റൊരു ഗാനമാണ്:
‘സ്വപ്നം വന്നെന് കാതില്‍ ചൊല്ലിയ
കൽപിതകഥയിലെ രാജകുമാരാ
നീലക്കാടുകള്‍ പൂത്തപ്പോള്‍
നീയിന്നു വരുമെന്നറിഞ്ഞൂ ഞാന്‍...’
(ചിത്രം: ചെകുത്താന്റെ കോട്ട, രചന: പി. ഭാസ്കരൻ, സംഗീതം: ബി.എ. ചിദംബരനാഥ്. പാടിയത്: പി. ലീല, വർഷം: 1967) ‘സ്വപ്നം വന്നെൻ കാതില്‍ ചൊല്ലിയ...’ എന്ന ഗാനത്തിലെ വരികളിലെ ‘വന്നെൻ’ എന്ന വാക്കു മാത്രം മാറ്റി ‘സ്വപ്നം എന്നുടെ കാതില്‍ ചൊല്ലിയ കല്‍പ്പിതകഥയിലെ രാജകുമാരാ’ എന്ന് അൽപം ശോകം കലർത്തി മറ്റൊരു ഈണത്തിൽ പി. ലീല തന്നെ പാടുന്നുമുണ്ട്.
സ്വപ്നത്തിലെ കൽപിതകഥ പി. ഭാസ്കരന്റെ മറ്റൊരു പാട്ടിലുമുണ്ട്. ഇടയ പെൺകുട്ടിയെ കാണാനെത്തിയ കാമുകന്റെ മാറാപ്പു കണ്ട് നവരത്ന വ്യാപാരിയാണെന്ന് ധരിക്കുന്ന കാമുകിയോട് മാറാപ്പിലുള്ളത് രത്നങ്ങളല്ല, നിറമുള്ള സ്വപ്നങ്ങളാണെന്ന് പറയുകയാണ് കാമുകൻ.
‘കനവു നെയ്തൊരു കൽപിത കഥയിലെ
ഇടയപ്പെൺകൊടി ഞാൻ
അവളുടെ കുടിലിൽ വിരുന്നിനെത്തിയ
നവരത്നവ്യാപാരി ഭവാൻ
നവരത്നവ്യാപാരി
രത്നങ്ങളല്ലെൻ മാറാപ്പിൽ
സ്വപ്നങ്ങൾ വർണസ്വപ്നങ്ങൾ
വനഗായിക നിൻ കഴുത്തിലണിയാൻ
വസന്തമാല്യങ്ങൾ -നവ വസന്തമാല്യങ്ങൾ’
(ചിത്രം: മാന്യശ്രീ വിശ്വാമിത്രൻ, സംഗീതം: ശ്യാം. വർഷം: 1974)
‘ശംഖുപുഷ്പം’ (1977) എന്ന സിനിമയിലെ സ്വപ്നഗാനത്തിലുമുണ്ടൊരു രാജകുമാരൻ.
‘സ്വപ്നത്തില്‍ നിന്നൊരാള്‍ ചോദിച്ചു-പ്രേമ
സ്വർഗത്തില്‍ കൂട്ടിനു പോരാമോ...
രാഗത്തിന് പൂമാല കോര്‍ക്കാമോ -നിന്റെ
രാജകുമാരനു ചാര്‍ത്താമോ... '
(രചന: പി.പി. ശ്രീധരനുണ്ണി, സംഗീതം: എം.കെ. അർജുനൻ, പാടിയത്: പി. ജയചന്ദ്രൻ)
‘കുടുംബിനി’യിൽ അഭയദേവ് എഴുതിയ ഗാനത്തിലെ രാജകുമാരനും സ്വർഗത്തിൽനിന്നാണ് വരുന്നത്. മനസ്സിന്റെ വാതിലിൽ മുട്ടുന്ന രാജകുമാരിയുമുണ്ട്.
‘സ്വപ്നത്തിൻ പുഷ്പരഥത്തിൽ
സപ്തസ്വര ഗാനവുമായ്
സ്വർഗത്തിൽനിന്നു വരും
രാജകുമാരാ... രാജകുമാരാ
മണിവീണക്കമ്പി മുറുക്കി
മധുരപ്പൂം തേനൊഴുക്കി
മനസ്സിന്റെ വാതിലിൽ മുട്ടും
രാജകുമാരീ... രാജകുമാരീ...’
(പ്രിയതമ എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതിയ ഒരു ഗാനത്തിൽ ‘കരളിൻ വാതിലിൽ മുട്ടിവിളിക്കുന്ന കാവ്യ ദേവകുമാരി’യുണ്ട്)
പി. ഭാസ്കരൻ എഴുതിയ, ‘പൊൻകിനാവിൻ പുഷ്പരഥത്തിൽ പോയ് വരൂനീ’ (കറുത്ത പൗർണമി)..., ‘ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു’ (അന്വേഷിച്ചു കണ്ടെത്തിയില്ല) എന്നിവയും സുന്ദരമായ സ്വപ്നഗാനങ്ങൾ തന്നെ.
‘കാവ്യമേള’ സിനിമാ പോസ്റ്റർ,‘ഒരു മേയ് മാസ പുലരിയിൽ’ പോസ്റ്റർ
ഒരു കാലത്ത് സ്കൂൾ വാർഷികങ്ങളിൽ കുട്ടികൾ നൃത്തം ചെയ്തിരുന്ന ഒരു ഗാനമുണ്ട്. ‘സ്വപ്നത്തിലെന്നെ വന്ന് നുള്ളിനുള്ളിയുണർത്തുന്ന സുൽത്താനെ’ക്കുറിച്ചുള്ള ആ ഗാനമെഴുതിയത് വയലാർ രാമവർമ. ടെലിഗ്രാം സംവിധാനത്തിലൂടെ മെസേജ് കൈമാറിയിരുന്ന അന്നത്തെ സംവിധാനം വരികളിൽ മനോഹരമായി കൂട്ടിയിണക്കിയിട്ടുണ്ട്. വരികൾ നോക്കൂ:
‘സ്വപ്നത്തിലെന്നെ വന്നു
നുള്ളിനുള്ളിയുണര്‍ത്തുന്ന
സുല്‍ത്താനേ... പൊന്നു സുല്‍ത്താനേ...
ഖല്‍ബില്‍നിന്നു ഖല്‍ബിലേക്കു
കണ്പുരികപ്പീലികൊണ്ടു
കമ്പിയില്ലാക്കമ്പി തന്നതെന്താണ്...’
(ചിത്രം: കാത്തിരുന്ന നിക്കാഹ്, സംഗീതം: ജി. ദേവരാജൻ, പാടിയത്: പി. സുശീല, വർഷം: 1965)
‘മധുരിക്കും ഓർമകളേ, മലർമഞ്ചൽ കൊണ്ടുവരൂ...’ എന്ന മധുര മനോജ്ഞ നാടകഗാനം പാടിയ സി.ഒ. ആന്റോ സിനിമയിൽ പാടിയതേറെയും ഹാസ്യഗാനങ്ങളാണ്.
‘വീടിന് പൊൻമണി വിളക്കു നീ
തറവാടിന് നിധി നീ കുടുംബിനി’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് ശബ്ദം ഇണങ്ങിച്ചേർന്നിട്ടും അത്തരത്തിലുള്ള ഗാനങ്ങൾ അദ്ദേഹത്തെ തേടിയെത്തിയുമില്ല.
വിരുന്നുകാരി എന്ന സിനിമക്കു വേണ്ടി പി. ഭാസ്കരൻ-ബാബുരാജ് ടീം ഒരുക്കിയ ഒരു യുഗ്മഗാനം എസ്. ജാനകിയുമൊത്ത് പാടാൻ അവസരം കിട്ടിയെങ്കിലും പാട്ട് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെയും പോയി. ആ ഗാനത്തിൽ
‘ഇന്നലെ ഞാനൊരു സ്വപ്നശലഭമായ്
നിൻ കണ്മിഴിത്താമരയിൽ കടന്നുവന്നു
അറിഞ്ഞുവോ സഖിയറിഞ്ഞുവോ?’ എന്ന് കാമുകൻ ചോദിക്കുമ്പോൾ കാമുകി മറുപടി പറയുന്നതിങ്ങനെ:
‘മാനസമോഹത്തിൻ മകരന്ദ പാനപാത്രം
മാരൻ ചുണ്ടുകൊണ്ടു നുകർന്നപ്പോൾ
അറിഞ്ഞല്ലോ ഞാനുണർന്നല്ലോ...’
‘സങ്കൽപ പുഷ്പവിമാനത്തിലൂടെ സന്ധ്യാനേരത്തെ ആകാശക്കാഴ്ചകൾ കണ്ടതും ചന്ദ്രക്കലയാകും ചന്ദനത്തോണിയിൽ സന്ധ്യയാം യമുനാ നദിയിൽ തുഴഞ്ഞതും അറിഞ്ഞില്ലേ’ എന്നും കാമുകൻ തിരക്കുന്നുണ്ട്. നടക്കാത്ത പല ആഗ്രഹങ്ങളും സഫലമാകുന്നത് സ്വപ്നങ്ങളിലാണ്. വർണച്ചിറകുള്ള പൂമ്പാറ്റകളെപ്പോലെ പാറിപ്പറക്കാനും പക്ഷികളെപ്പോലെ വാനിൽ സഞ്ചരിക്കാനുമുള്ള മോഹങ്ങൾ കുഞ്ഞുമനസ്സുകളിലുണ്ടാകും. ആ മോഹം മനസ്സിൽ വെച്ചുകൊണ്ടാകാം പി. ഭാസ്കരൻ ‘ഒരു മെയ് മാസപ്പുലരിയിൽ’ എന്ന സിനിമക്കു വേണ്ടി,
‘പുലർകാല സുന്ദര സ്വപ്നത്തിൽ
ഞാനൊരു പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വർണച്ചിറകുമായ് പാറി...’ എന്ന അതീവസുന്ദര ഗാനമെഴുതിയത്. (സംഗീതം: രവീന്ദ്രൻ, പാടിയത്: കെ.എസ്. ചിത്ര, വർഷം: 1987).
‘ഗുരുവായൂർ കേശവൻ’ എന്ന സിനിമയിലുമുണ്ട് ഇതുപോലെ, വർണച്ചിറകുകൾ വീശിയെത്തുന്ന ഗാനം.
‘സുന്ദരസ്വപ്നമെ നീയെനിക്കേകിയ
വർണച്ചിറകുകൾ വീശി
പ്രത്യൂഷനിദ്രയിൽ ഇന്നലെ ഞാനൊരു
ചിത്രപതംഗമായ് മാറി...’
(രചന: പി. ഭാസ്കരൻ, സംഗീതം: ദേവരാജൻ, ആലാപനം: യേശുദാസ് & പി. ലീല, വർഷം 1977)
പി. ഭാസ്കരൻ തന്നെ എഴുതിയ,
‘നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ
സ്വപ്നത്തിൻ കളിയോടം കിട്ടീ
കളിയോടം മെല്ലെ തുഴഞ്ഞു ഞാൻ മറ്റാരും
കാണാത്ത കരയിൽ ചെന്നെത്തീ
കാണാത്ത കരയിൽ ചെന്നെത്തി...’ (ചിത്രം: പകൽക്കിനാവ്, സംഗീതം: ബി.എ. ചിദംബരനാഥ്, വർഷം: 1966) എന്ന ഗാനവും ഒരിക്കലും നമുക്ക് മറക്കാനാവില്ല. സ്വപ്നങ്ങളുടെ യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന ഒരു ഗാനമുണ്ട് ‘ഒരാൾകൂടി കള്ളനായി’ എന്ന ചിത്രത്തിൽ. ഗാനമെഴുതിയത് അഭയദേവ്. സംഗീതമൊരുക്കിയത് ജോബ്. പാടിയത് യേശുദാസും പി. ലീലയും ചേർന്ന്. വർഷം: 1964. കാമുകന്റേതാണ് ചോദ്യം:
‘കിനാവിലെന്നും വന്നെന്നെ
കിക്കിളികൂട്ടും പെണ്ണേ
ഉണര്ന്നുനോക്കും
നേരത്തെവിടാണോടിപ്പോവതു നീ?
എവിടാണോടിപ്പോവതു നീ?’ കാമുകി പറയുന്ന മറുപടിയിലെ പ്രണയം എത്ര ചേതോഹരമാണെന്ന് നോക്കൂ.
‘ഓടിപ്പോണില്ലെങ്ങും ഞാന്‍
ഒളിച്ചുപോകില്ലെങ്ങും ഞാന്‍
കണ്ണുതുറക്കും നേരം ഇങ്ങടെ
ഖല്ബിലിരിക്കും ഞാന്‍...’
ഇനിയുമുണ്ട് സ്വപ്നങ്ങളുടെ മായക്കാഴ്ചകളിലൂടെ അനുഭൂതികൾ പകർന്നു തന്ന ഗാനങ്ങൾ. അവയിൽ ചിലതെങ്കിലും പറഞ്ഞു പോകാതെ വയ്യ.
സ്വപ്നസുന്ദരി നീയൊരിക്കലെൻ സ്വപ്നശയ്യാതലങ്ങളിൽ (അധ്യാപിക, ഒ.എൻ.വി-വി. ദക്ഷിണാമൂർത്തി), എന്റെ സ്വപ്നത്തിൻ താമരപൊയ്കയിൽ വന്നിറങ്ങിയ രൂപവതി... (അച്ചാണി, പി. ഭാസ്കരൻ-ദേവരാജൻ), സ്വപ്നമെന്നൊരു ചിത്രലേഖ (ശിക്ഷ, വയലാർ-ദേവരാജൻ), ഉറങ്ങിയാലും സ്വപ്നങ്ങൾ (സ്വപ്നങ്ങൾ, വയലാർ-ദേവരാജൻ), ഒരിക്കലെൻ സ്വപ്നത്തിന്റെ ശരത്കാല കാനനത്തിൽ (എറണാകുളം ജങ്ക്ഷൻ, പി. ഭാസ്കരൻ-ബാബുരാജ്), കനവിൽ വന്നെന്റെ കവിളിണ തഴുകിയ കരതലമേതു സഖീ (പ്രിയതമ, ശ്രീകുമാരൻ തമ്പി-ബ്രദർ ലക്ഷ്മൺ), സ്വപ്നത്തിൻ ലക്ഷദ്വീപിലെ പുഷ്പനന്ദിനീ (ചക്രവർത്തിനി, വയലാർ-ദേവരാജൻ) സ്വപ്നങ്ങൾ എന്റെ സ്വപ്നങ്ങൾ മുല്ലപ്പന്തലൊരുക്കി (മൗനനൊമ്പരം, പൂവച്ചൽ ഖാദർ-ജോൺസൺ), സ്വപ്നങ്ങൾക്കർഥങ്ങൾ ഉണ്ടായിരുന്നെങ്കിൽ (ഓർമകളേ വിടതരൂ, ഡോ. പവിത്രൻ-കെ.ജെ. ജോയ്), സ്വപ്നം വെറുമൊരു സ്വപ്നം (പ്രേമഗീതങ്ങൾ, ദേവദാസ്-ജോൺസൺ)...
ഒരിക്കലും ഉണരാത്ത ഉറക്കമാണല്ലോ മരണം. അതുകൊണ്ടുതന്നെ ഉറക്കത്തിന്റെ അന്ധകാരത്തിൽ മുങ്ങിയ ഏകാന്ത നിമിഷങ്ങളിൽ വലിയൊരു ആശ്വാസവും പ്രതീക്ഷയും തന്നെയാണ് സ്വപ്നങ്ങൾ. അതെ, നിങ്ങളീ ഭൂമിയിൽ ഇല്ലാതിരുന്നെങ്കിൽ നിശ്ചലം, ശൂന്യമീ ലോകം; ഒരുപക്ഷേ, മരണം പോലെ...!
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

