കാട്ടാളനിലൂടെ 'കാന്താര'യുടെ സംഗീത സംവിധായകൻ അജനീഷ് ലോകനാഥ് മലയാളത്തിലേക്ക്
text_fieldsമാർക്കോ എന്ന ചിത്രത്തിനു ശേഷം ക്യൂബ്സ് എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് പോൾ വർഗീസ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിലൂടെ 'കാന്താര' എന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥ് മലയാളത്തിലെത്തുന്നു.
കാട്ടാളന്‍റെ വേട്ടക്കൊപ്പം അജനീഷ് ലോക്നാഥുമെന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യം നൽകി വൻ മുതൽമുടക്കിൽ ഉയർന്ന സാങ്കേതിക മികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആന്‍റണി വർഗീസ് പെപ്പെയാണ്. ചിത്രത്തിൽ ആൻ്റണി വർഗീസ് എന്ന തന്‍റെ യഥാർഥ പേരിൽത്തന്നെയാണ് താരം എത്തുന്നത്.
വൻ താരനിരയുടെ അകമ്പടിയോടെ എത്തുന്ന ചിത്രത്തിൽ പ്രമുഖ മലയാള താരങ്ങൾക്കു പുറമേ ദക്ഷിണേന്ത്യൻ-ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. 2009ൽ പുറത്തിറങ്ങിയ ശിശിര എന്ന കന്നഡ സിനിമയിലൂടെ ചലച്ചിത്ര രംഗെത്തെത്തിയ അജനീഷ് പിന്നീട്, അകിര, കിരിക് പാർട്ടി, ബെൽബോട്ടം, അവനെ ശ്രീമൻ നാരായണ, ദിയ, വിക്രാന്ത് റോണ, കാന്താര, ഗന്ധാഡ ഗുഡി, കൈവ, യുവ, ബഗീര തുടങ്ങിയ കന്നഡ സിനിമകളിലും കുരങ്ങു ബൊമ്മൈ, റിച്ചി, നിമിർ, മഹാരാജ തുടങ്ങിയ തമിഴ് സിനിമകളിലും ഏതാനും തെലുങ്ക് സിനിമകളിലും ശ്രദ്ധേയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.
ലോകമാകെ തരംഗമായി മാറിയ 'കാന്താര'യിലെ സംഗീതം വലിയ ജനശ്രദ്ധ നേടുകയുണ്ടായി. റിലീസിനായി ഒരുങ്ങുന്ന 'കാന്താര ചാപ്റ്റർ 2'വിനും സംഗീതമൊരുക്കുന്നത് അജനീഷാണ്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. മാർക്കോ നേടിയ വിജയം ക്യൂബ്സ് എന്‍റർടൈൻമെന്‍റ് എന്ന നിർമാണ സ്ഥാപനത്തെ ഇൻഡ്യയിലെ മികച്ച ബാനറുകളിലൊന്നാക്കി മാറ്റിയിരിക്കുന്നു അതു നിലനിർത്തി കൊണ്ടുതന്നെയാകും ക്യൂബ്സിന്‍റെ കാട്ടാളനും എത്തുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.