അല്ലിയാമ്പല്‍ കടവിൽ...
text_fieldsഅജയ് ജോസഫ് പിതാവിനും മകനുമൊപ്പം
അനശ്വര സംഗീതപ്രതിഭ ജോബ് മാഷിന്റെ മകനും സംഗീത സംവിധായകനുമായ അജയ് ജോസഫ് സംഗീത ജീവിതവും കുടുംബ വിശേഷങ്ങളും പങ്കിടുന്നു...
‘അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം- അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം...’ എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ അനശ്വര സംഗീതപ്രതിഭയാണ് ജോബ് മാഷ്. അദ്ദേഹത്തിന്റെ സംഗീതവഴിയിലൂടെ മകന് അജയ് ജോസഫും മലയാള ചലച്ചിത്ര സംഗീത സംവിധാന രംഗത്ത് ഒരുപിടി ഗാനങ്ങളൊരുക്കി മുന്നേറുന്നു. സംഗീത പാരമ്പര്യത്തിന്റെ കെട്ടുപാടുകളൊന്നുമില്ലാതെ സ്വന്തമായി ഒരുക്കുന്ന സംഗീതവഴികളിലൂടെ സഞ്ചരിക്കാനാണ് അജയ് ജോസഫിന് ഇഷ്ടം. മലയാളത്തിലെ പ്രമുഖ പിന്നണിഗായകരെക്കൊണ്ടെല്ലാം അജയ് ജോസഫ് പാടിച്ചിട്ടുണ്ടെങ്കിലും അപ്പന്റെ പ്രിയപ്പെട്ട കൂട്ടുകാരന് കെ.ജെ. യേശുദാസിനെക്കൊണ്ട് മാത്രം പാട്ടുപാടിക്കാന്‍ അജയ് ജോസഫിന് കഴിഞ്ഞിട്ടില്ല. ദാസേട്ടനെക്കൊണ്ട് പാടിക്കുക എന്നതൊരു മോഹമല്ലെന്നും തന്റെ അതിമോഹമാണെന്നുമാണ് അജയ് ജോസഫ് പറയുന്നത്. മലയാളസിനിമയില്‍ നല്ല ഗാനങ്ങള്‍ ഒരുക്കി മുന്നേറുന്ന അജയ് ജോസഫ് തന്റെ സംഗീതജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു
അല്ലിയാമ്പലായ് വന്ന സംഗീതജീവിതം
1965ല്‍ ഇറങ്ങിയ ‘റോസി’ എന്ന സിനിമക്കുവേണ്ടി പി. ഭാസ്കരന് മാഷ് എഴുതി യേശുദാസ് പാടിയ ഗാനമാണ് ‘അല്ലിയാമ്പല്‍ കടവിൽ...’. ആ ഗാനത്തിന് സംഗീതം ഒരുക്കിയത് അപ്പന് കെ.വി. ജോബ് മാഷായിരുന്നു. ഇന്നും ആ ഗാനം മൂളിനടക്കുന്ന ബാല്യ-കൗമാരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. മലയാളത്തിലെ എക്കാലത്തെയും അഞ്ച് ഗാനങ്ങള്‍ തിരഞ്ഞെടുത്താല്‍ അതിലൊന്ന് ഈ ഗാനമായിരിക്കും, അത്രക്കും മനോഹരമായിരുന്നു ആ ഗാനം. പക്ഷേ, ആ ഗാനം അപ്പന് കാര്യമായ ഗുണമൊന്നും ഉണ്ടാക്കിയിട്ടില്ല. അപ്പനാണ് ആ ഗാനം ഒരുക്കിയതെന്ന് പലര്‍ക്കും അറിയില്ല. പക്ഷേ, ആ ഗാനം എനിക്ക് ഒത്തിരി ഗുണം ചെയ്തിട്ടുണ്ട്. എവിടെച്ചെന്നാലും എനിക്കൊരു ഇരിപ്പിടം കിട്ടുന്നത് ആ ഗാനത്തിന്റെ പേരിലാണ്. പലയിടങ്ങളിലും പരിഗണിക്കപ്പെടാതെ പോകുമ്പോള്‍ ജോബ് മാഷിന്റെ മകനാണ് എന്നു പറയുമ്പോള്‍ കിട്ടുന്ന സ്വീകാര്യത വളരെ വലുതാണ്. അല്ലിയാമ്പലിലൂടെ ഒഴുകിയെത്തിയതാണ് എന്റെ സംഗീതജീവിതം.
സിനിമ മേഖലയിൽ പരിചയമുള്ള ഒത്തിരി പേരുണ്ടെങ്കിലും സിനിമാസംഗീത സംവിധാനരംഗത്തേക്ക് വരുന്നത് വളരെ യാദൃച്ഛികമായിട്ടാണ്. ജയിംസ് അഗസ്റ്റിന് എന്ന സുഹൃത്ത് വഴിയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കരയെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് സിനിമയിലേക്ക് എന്നെ കൊണ്ടുവരുന്നത്. ‘കല്‍ക്കണ്ടം’ എന്ന എന്റെ ആദ്യചിത്രം അദ്ദേഹം നല്‍കിയതാണ്. പിന്നീട് പതിനഞ്ചോളം സിനിമകള്‍ക്ക് സംഗീതം ഒരുക്കി, ആ സിനിമകള്‍ എല്ലാം തന്നെ ഷാജി പട്ടിക്കര തന്നതും അദ്ദേഹത്തിന്റെ ശിപാര്‍ശകളില്‍ എനിക്ക് ലഭിച്ചതുമാണ്. ഒരു കൂടപ്പിറപ്പിനെപ്പോലെ എനിക്ക് വഴികാട്ടിയായി എന്നെ ചേര്‍ത്ത് നിര്‍ത്തുന്ന ഷാജി പട്ടിക്കരയുടെ സഹായം ഏറെ സ്നേഹത്തോടെ ഓർമിക്കുന്നു.
പ്രത്യേകദിനങ്ങള്ക്കായി ഒരുക്കിയ പാട്ടുകള്‍
മദേഴ്സ് ഡേ, ഫാദേഴ്സ് ഡേ, ടീച്ചേഴ്സ് ഡേ തുടങ്ങിയ പ്രത്യേക ദിവസങ്ങളുടെ പ്രാധാന്യങ്ങള്‍ക്കനുസരിച്ച് ഒത്തിരി പാട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍ അങ്ങനെയുള്ള പാട്ടുകള്‍ ഒരുക്കാനായിരുന്നു ഏറെ ആഗ്രഹം. പിന്നീട് ഓണം, വിഷു, ക്രിസ്മസ് ഭക്തിഗാനങ്ങളുമൊക്കെ ഒരുക്കി. മുപ്പതിലധികം പ്രത്യേകതരം ദിനങ്ങള്‍ക്കായുള്ള പാട്ടുകള്‍ക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്. നൂറോളം ആല്‍ബങ്ങളും റിലീസ് ചെയ്തു.
സ്വപ്നം അഞ്ച് ഹിറ്റുകള്‍
ഒത്തിരി പാട്ടുകള്‍ ഒരുക്കി അറിയപ്പെടുന്ന സംഗീത സംവിധായകനാകണമെന്നോ പണം സമ്പാദിക്കണമെന്നോ ആഗ്രഹമില്ല. എന്നാല്‍, എല്ലാ കാലവും എന്നെ ഓർമിക്കാന്‍ കഴിയുന്ന അഞ്ച് ഹിറ്റുകള്‍ ഒരുക്കണമെന്ന് ആഗ്രഹമുണ്ട്. സംഗീതാസ്വാദകര്‍ക്ക് എക്കാലവും മൂളിനടക്കാന്‍ കഴിയുന്ന അഞ്ച് സൂപ്പര്‍ഹിറ്റ് പാട്ടുകള്‍ ഒരുക്കുക എന്നതാണ് എന്റെ സ്വപ്നം. അതിന് കഴിയും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഞാന്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന പാട്ട് ‘ശ്രീരാഗമോ...’ എന്ന് ദാസേട്ടന് പാടിയ പാട്ടാണ്. പല പാട്ടുകളും ഒത്തിരി ഇഷ്ടമാണെങ്കിലും എത്ര കേട്ടാലും മതിവരാത്ത എപ്പോഴും കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനം ‘ശ്രീരാഗമോ...’ തന്നെയാണ്.
ദേവരാജന്‍ മാഷും അര്ജുനന് മാഷും
ഞങ്ങള്‍ ചെന്നൈയില്‍ താമസിക്കുന്ന കാലം മുതല്‍ ദേവരാജന്‍ മാഷുമായും അര്ജുനന് മാഷുമായും കുടുംബത്തിന് അടുത്തബന്ധമുണ്ടായിരുന്നു. അപ്പന് അക്കാലത്ത് ഏറ്റവും മികച്ചരീതിയില്‍ സിത്താര്‍ വായിക്കുന്നയാളായിരുന്നു. അതുകൊണ്ടുതന്നെ ഒത്തിരി പാട്ടുകള്‍ക്ക് ദേവരാജന്‍ മാഷ് അപ്പനെക്കൊണ്ടാണ് സിത്താര്‍ വായിപ്പിച്ചിരുന്നത്. അത് അക്കാലത്ത് ഞങ്ങളുടെ ജീവിതത്തിന് ഏറെ സഹായകരമായിരുന്നു. അര്ജുനന് മാഷ് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും വീട്ടില്‍ വരുമായിരുന്നു അങ്ങനെ അപ്പന്റെ സമകാലികരായിരുന്ന ഒത്തിരി പേരുടെ സഹായവും അനുഗ്രഹവും എനിക്കും ലഭിച്ചിട്ടുണ്ട്. ജോണ്‍പോള്‍ സാര്‍, ഗോപാലന് മാഷ്, നജീബിക്ക ഇവരോടെല്ലാം എനിക്കേറെ സ്നേഹവും കടപ്പാടുമുണ്ട്.
ലാളിത്യം പഠിപ്പിച്ച പിതാവ്
അപ്പന് ഒരു ദുശ്ശീലവും ഉണ്ടായിരുന്നില്ല. വീടിന് വേണ്ടിയാണ് അദ്ദേഹം ജീവിച്ചുമരിച്ചത്. സിനിമയുടെ വർണശബളമായ ജീവിതമോ ആര്‍ഭാടമോ ഒന്നും അപ്പനുണ്ടായിരുന്നില്ല. വളരെ ലളിതമായിട്ടാണ് അദ്ദേഹം ജീവിച്ചിരുന്നത്. ചെറിയ സ്വപ്നങ്ങള്‍ കാണാന്‍ എന്നെ പ്രേരിപ്പിച്ചത് അപ്പനായിരുന്നു. അപ്പന് താങ്ങും തണലുമായി കുടുംബം പോറ്റിയിരുന്നത് അമ്മയുമായിരുന്നു. അമ്മയും വളരെ ലാളിത്യത്തോടെയാണ് ഞങ്ങളെ വളര്‍ത്തിയത്. ഞങ്ങള്‍ രണ്ട് മക്കളാണ്. അനിയന് ജയ്സണ്‍ കുട്ടിക്കാലം മുതലേ സംഗീതത്തോട് താൽപര്യം ഉണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹവും കുടുംബവും സിംഗപ്പൂരില്‍ താമസിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

