വേടൻ ജയിലില്‍ കിടന്നിട്ടുണ്ടോ എന്ന് നോക്കേണ്ട കാര്യം എനിക്കില്ല; അയാളുടെ വരികളില്‍ കവിതയുണ്ട് -കൈതപ്രം
text_fieldsസംസ്ഥാന ചലച്ചിത്ര പുരസ്കാരം പുരസ്‌കാരം നേടിയ വേടന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗാനരചയിതാവ് കൈതപ്രം. വേടന്റെ വരികളില്‍ കവിതയുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങള്‍ നോക്കാതെ എഴുത്തിന് അവാര്‍ഡ് നല്‍കിയത് ശരിയായ തീരുമാനമാണെന്നും കൈതപ്രം പറഞ്ഞു. ‘മഞ്ഞുമ്മല്‍ ബോയ്‌സിലെ 'കുതന്ത്രം' എന്ന ഗാനത്തിന്റെ രചനക്കാണ് വേടന് പുരസ്കാരം ലഭിച്ചത്.
പുരസ്‌കാരം വേടന് നൽകിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അതിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാന രചയിതാക്കളിലൊരാളായ കൈതപ്രം.
അവാര്‍ഡിന് അര്‍ഹമായ പാട്ട് താന്‍ കേട്ടിട്ടുണ്ടെന്ന് പറഞ്ഞ കൈതപ്രം വേടന്റെ വരികളില്‍ കവിതയുണ്ടെന്നും പറഞ്ഞു. വേടന്‍ എന്തെഴുതി എന്നാണ് താന്‍ നോക്കിയതെന്നും ആ വരികള്‍ക്ക് അവാര്‍ഡ് ലഭിച്ചതില്‍ കുറ്റമില്ലെന്നും കൈതപ്രം പറയുന്നു. ഒരു മലയാള ചാനലിലെ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘വേടന്‍ സാംസ്‌കാരിക നായകനാണോ അതോ ജയിലില്‍ കിടന്നയാളാണോ എന്നൊന്നും എനിക്ക് നോക്കേണ്ടതില്ല. അതിന് ചുമതലപ്പെട്ടവരാണ് അത്തരം കാര്യങ്ങള്‍ നോക്കേണ്ടത്. ജയിലില്‍ കിടന്ന ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തടസ്സമോ പ്രയാസമോ ഇല്ലാത്ത നാട്ടില്‍ വേടന് പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. അതില്‍പരം കൗതുകം വേറെയെന്തെങ്കിലുമുണ്ടോ’.
‘അയാള്‍ എഴുതിയ വരികള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം, അതില്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം’ എന്ന് എഴുതിയതിന് അവാര്‍ഡ് ലഭിച്ചു. അതില്‍ ഞാന്‍ കുറ്റമൊന്നും കാണുന്നില്ല. അവാര്‍ഡു കമ്മിറ്റിക്കാര്‍ അവരുടെ പ്രസ്താവനകളില്‍ കക്ഷിരാഷ്ട്രീയം ഉള്‍പ്പെടുത്തരുത്. അത് വിവാദമുണ്ടാക്കും’.
‘അത്തരം കാര്യങ്ങളില്‍ കമ്മിറ്റിക്കാര്‍ മാത്രമാകും ഉത്തരവാദികള്‍. സദാചാര വിരുദ്ധരെ കൈകാര്യം ചെയ്യേണ്ടത് പൊലീസാണ്. എന്റെ മുന്നില്‍ എഴുത്ത് മാത്രമേയുള്ളൂ. അവാര്‍ഡുകളുടെ ചരിത്രം പരിശോധിച്ചാല്‍ എല്ലാ അവാര്‍ഡും ശരിയായ ചരിത്രമില്ല. ഇപ്പോഴും ചിലത് അങ്ങനെയൊക്കെ തന്നെയാണ്’ കൈതപ്രം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

