Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഗസൽപാടിയ മലയാളം

ഗസൽപാടിയ മലയാളം

text_fields
bookmark_border
ഗസൽപാടിയ മലയാളം
cancel
camera_alt

ചിത്രീകരണം: വിനീത് എസ്.പിള്ള

എന്നായിരിക്കും മലയാളത്തിൽ ആദ്യമായി ഗസലുകൾ വന്നത്? പല പാട്ടുകളും നമ്മൾ പണ്ടുമുതലേ ഗസലുകളായി കരുതിവന്നിരുന്നെങ്കിലും യഥാർഥ മലയാള ഗസലുകൾ വന്നിട്ട് അധികകാലമായിട്ടില്ലത്രെ. വേണു വി. ദേശം രചിച്ച് ഉമ്പായി സംഗീതം നൽകി ആലപിച്ച ‘പ്രണാമം’ എന്ന ഗസൽ ആൽബത്തിലൂടെയാണ് ലക്ഷണമൊത്ത മലയാളം ഗസലുകൾ ജനിക്കുന്നതെന്ന് ഗാനചരിത്രത്തിനു പിന്നിലുള്ളവർ പറയുന്നു. അങ്ങനെയെങ്കിൽ ‘മലയാളം’ ഗസലുകൾ അതിന്റെ കാൽനൂറ്റാണ്ട് പൂർത്തിയാക്കുകയാണ്...

ഗസലിനെ അനുസ്മരിപ്പിക്കുന്ന മലയാള ഗാനങ്ങൾ കേരളത്തിന് പുതുമയുള്ള ഒന്നല്ല. ഇവിടത്തെ സവിശേഷമായ ഹിന്ദുസ്ഥാനി സംഗീത പാരമ്പര്യമാണ് അതിന് വഴിയൊരുക്കിയത്. വേറിട്ട ഈ സംഗീത ശാഖയുടെ വശ്യസുഗന്ധം കേരളക്കരയാകെ വീശിയടിക്കാൻ മുഖ്യകാരണം വിശേഷണങ്ങൾ ആവശ്യമില്ലാത്ത രണ്ട് തുറമുഖ നഗരങ്ങൾ തന്നെയാണ്, കൊച്ചിയും കോഴിക്കോടും. ഹിന്ദുസ്ഥാനി സംഗീതത്തിനുവേണ്ടി ജീവിച്ചുമരിച്ച അസംഖ്യമാളുകളുടെ ജീവിതഗന്ധിയായ ഒട്ടേറെ കഥകൾ ഈ നഗരങ്ങൾക്ക് പറയാനുണ്ട്.

കൊച്ചിയും കോഴിക്കോടും

ആദ്യകാലത്ത് പ്രധാനമായും ഉർദു, ഹിന്ദി ഗസലുകൾക്കാണ് കേരളത്തിൽ ആസ്വാദകരുണ്ടായിരുന്നത്. പാട്ടിനുപുറമെ ഏതെങ്കിലുമൊരു സംഗീതോപകരണം വായിക്കാനറിയാവുന്നവർകൂടിയായിരുന്നു ഇത്തരം ആസ്വാദകർ. വർഗ-വർണ വ്യത്യാസങ്ങളേതുമില്ലാതെ മത-ജാതി-രാഷ്ട്രീയ വിശ്വാസങ്ങൾക്കപ്പുറം സംഗീതം അസ്ഥിക്ക് പിടിച്ചവരായിരുന്നു കൊച്ചിയിലും കോഴിക്കോട്ടുമുള്ള സംഗീതപ്രേമികൾ. സംഗീതമെന്ന ഈയൊരു ഒറ്റമൂലിയിൽ തങ്ങളുടെ സകലമാന ജ്വരങ്ങൾക്കും ശമനം ലഭിക്കുമെന്ന് അവർക്കറിയാമായിരുന്നു. പതിറ്റാണ്ടുകൾ മുേമ്പ മലബാറിലും കൊച്ചിയിലും ഉറക്കമില്ലാത്ത രാവുകൾ സമ്മാനിക്കുന്ന മെഹ്ഫിലുകൾ പതിവു കാഴ്ചയാണ്. ഇവിടങ്ങളിൽ വിവാഹവും ഗൃഹപ്രവേശനവും അടക്കമുള്ള കുടുംബവേദികളും സംഗീതഭരിതമായിരുന്നു. ഉർദു, ഹിന്ദി ഗാനങ്ങൾക്കുപുറമെ ഗസൽ ഛായയുള്ള മലയാളത്തിലെ ലളിതഗാനങ്ങളും ചലച്ചിത്രഗാനങ്ങളും ഇത്തരം വേദികളിൽ അവതരിപ്പിക്കപ്പെടാറുണ്ട്.



ഗസൽമണമുള്ള പാട്ടുകൾ

ലക്ഷണയുക്തമായ ഗസലുകളായി കണക്കാക്കാനാകുമോയെന്ന സംശയം നിലനിൽക്കുേമ്പാൾതന്നെ അതിനോട് ചേർത്തുനിർത്താവുന്ന ഒട്ടനവധി കാൽപനിക ഗീതങ്ങൾ പിറവിയെടുത്ത പ്രാദേശിക ഭാഷയാണ് മലയാളം. ഒരു കാലത്ത് മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പുഷ്ടമാക്കിയ പി. ഭാസ്കരൻ-എം.എസ്. ബാബുരാജ് കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളാണ് അവയിലേറെയും. പക്ഷേ, അപ്പോഴും മലയാളത്തിൽ ഒരു ഗസൽ എന്ന സങ്കൽപം യാഥാർഥ്യമായിരുന്നില്ല.

കോഴിക്കോട് അബ്ദുൽ ഖാദറിെൻറ മക്കളായ നജ്മൽ ബാബുവും സത്യജിത്തും കോഴിക്കോട്ടും ഫിലിപ് ഫ്രാൻസിസ് തൃശൂരിലും ഉമ്പായി കൊച്ചിയിലും ഇതിനായി ശ്രമങ്ങൾ നടത്തി. അറബിയിൽ പിറവിയെടുത്ത് പിൽക്കാലത്ത് പേർഷ്യൻ ഭാഷയിലേക്ക് പകർന്നുകിട്ടുകയും ഒടുവിൽ ഉർദുവിെൻറ സ്വന്തമായി മാറുകയും ചെയ്ത കാവ്യരൂപമാണ് ഗസൽ. ഉർദു സാഹിത്യശാഖയിലെ ഏറ്റവും ജനപ്രിയ പദ്യവിഭാഗമാണ് ഗസൽ. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതധാരയിലെ കാൽപനിക ഭംഗിയും ലളിത സുന്ദരവുമായ രൂപഭാവങ്ങളോടു കൂടിയ ഗസൽ ജനകീയമായിമാറിയതിൽ അത്ഭുതമില്ല. വളരെയധികം ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലി പിന്തുടരുന്ന ഗസലുകളിലെ വർണനകളേറെയുള്ള ശാന്തമായ വരികളിൽ പ്രണയവും പ്രണയ നൈരാശ്യവും വിരഹദുഃഖവുമെല്ലാം തുടിച്ച് നിൽക്കുന്നു. ഇന്ത്യയിലും പാകിസ്താനിലും ഈ രാജ്യക്കാർ ഏറെ ജോലിചെയ്യുന്ന ഗൾഫ് രാജ്യങ്ങളിലുമാണ് ഗസലിന് ഏറെ ആരാധകരുള്ളത്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഉന്നതസ്ഥാനത്ത് നിലകൊണ്ടുവെങ്കിലും പിൽക്കാലത്ത് നല്ലൊരളവിൽ വൃദ്ധിക്ഷയം സംഭവിക്കാനിടയായെങ്കിലും പുതുതലമുറയിൽ വലിയതോതിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞ ഗസൽ പൂർവാധികം ശക്തിയോടെ തിരിച്ചുവരവിെൻറ പാതയിലാണ് ഇന്ന്. യഥാർഥ ഗസലിെൻറ കെട്ടിലും മട്ടിലും മലയാള ഗസൽ പിറവിയെടുത്തത് പിൽക്കാലത്ത് ഉമ്പായിയെന്ന് അറിയപ്പെട്ട മട്ടാഞ്ചേരിക്കാരൻ അബു ഇബ്രാഹീം എന്ന അനുഗൃഹീത ഗായകന്റെ മാസ്മരിക കണ്ഠത്തിൽനിന്നായിരുന്നു. കൊച്ചിയുടെ പ്രിയ ഗായകൻ മെഹ്ബൂബിെൻറ തബലിസ്റ്റായിരുന്ന ഉമ്പായിക്ക് ജീവിച്ചിരിക്കുേമ്പാൾ തന്നെ കേരളത്തിെൻറ ഗസൽ ചക്രവർത്തിയെന്ന പേര് നേടാനും ദേശ-വിദേശങ്ങളിൽ പ്രശസ്തനായി മാറാനും കഴിഞ്ഞു.

മകന്റെ സംഗീതപ്രേമത്തോട് ഉമ്പായിയുടെ പിതാവിന് അങ്ങേയറ്റത്തെ വിരോധമായിരുന്നു. മകനെ ഒരു കപ്പലോട്ടക്കാരൻ/നാവികനാക്കുകയെന്നത് മാത്രമായിരുന്നു അദ്ദേഹത്തിെൻറ ലക്ഷ്യം. അതിനായി ബോംബെയിലേക്ക് അയച്ചെങ്കിലും അവിടെ ഏഴുവർഷം ചെലവഴിച്ചത് സംഗീത പഠനത്തിനായിരുന്നു. ജീവിക്കാനായി സംഗീതവുമായി പുലബന്ധം പോലുമില്ലാത്ത പലവേഷങ്ങളും അബു ഇബ്രാഹീമിന് കെട്ടിയാടേണ്ടിവന്നു. ഒടുവിൽ തൊണ്ണൂറുകളിൽ എറണാകുളം നഗരത്തിലെ നക്ഷത്ര ഹോട്ടലായ അബാദ് പ്ലാസയുടെ ഭോജനശാലയിൽ ഉത്തരേന്ത്യൻ അതിഥികളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഉർദുവിലും ഹിന്ദിയിലുമുള്ള ഗസലുകളും ഹിന്ദി സിനിമകളിലെ പാടിപ്പതിഞ്ഞ റഫി, കിഷോർ, മുകേഷ്, തലത്ത് മുഹമ്മദ് ഗാനങ്ങൾ അവതരിപ്പിച്ച് ആസ്വാദകരുടെ ഹൃദയങ്ങളിൽ ഉമ്പായി സ്ഥാനംപിടിച്ചു.

ആദാബിൽനിന്നും പ്രണാമത്തിലേക്ക്

ഗസലിനോടുള്ള ഉമ്പായിയുടെ അദമ്യമായ പ്രണയം ഒടുവിൽ കൊണ്ടുചെന്നെത്തിച്ചത് ‘ആദാബ്’ എന്ന ആൽബത്തിലായിരുന്നു. പക്ഷേ, അന്നും ഉമ്പായി മനസ്സിൽ ഒളിപ്പിച്ച ഒരു സ്വപ്നമുണ്ടായിരുന്നു, മലയാളത്തിൽ ഒരു ഗസൽ സംഗീത ആൽബം. അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാൻ ആദ്യം തയാറായവരിൽ പ്രമുഖൻ ഗാനഗന്ധർവൻ യേശുദാസ് തന്നെയായിരുന്നു. ഒരു ആൽബമിറക്കണമെന്ന ആശയം അദ്ദേഹം മുന്നോട്ടുവെക്കുകയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടർന്ന് കൊച്ചിയിലെ കസ്റ്റംസ് കലക്ടറായിരുന്ന ബേദിയും പ്രമുഖ വ്യവസായിയായ ജോസ് തോമസുമെല്ലാം ഇടപെട്ടാണ് ‘ആദാബ് ’എന്ന ഉമ്പായി പാടിയ ഗസൽ ആൽബം പുറത്തിറങ്ങിയത്. പാട്ടെഴുതിയത് ബഹാരോ ഫൂൽ ബർസാവോ... മേരാ മെഹബൂബ് ആയാഹേ.... പോലുള്ള ഗാനങ്ങൾ എഴുതിയ പ്രണയത്തിെൻറ രാജകുമാരനായ ഡോ. ഹസ്രത് ജയ്പുരിയും. ഉർദു കവിതയുടെ സമൃദ്ധമായ സുഗന്ധം ഹിന്ദി ചലച്ചിത്രഗാനങ്ങൾക്ക് പകർന്നുനൽകിയ അദ്ദേഹം ‘അബ്സാരെ എ ഗസൽ’ എന്ന ഗാന സമാഹാരത്തിലെ 32 ഗാനങ്ങൾ ചിട്ടപ്പെടുത്തി ആൽബമാക്കാനുള്ള അനുവാദം നൽകുകയായിരുന്നു.

കഠിനമായ പരിശ്രമങ്ങൾക്കൊടുവിൽ ആദാബ് ഇറങ്ങി. വാണിജ്യപരമായി വിജയമായിരുന്നുവെന്ന് അവകാശപ്പെടാനായില്ലെങ്കിലും ആസ്വാദക സമൂഹം ഏറ്റെടുത്തുവെന്നതിനാൽ ഉമ്പായിയിൽ ആ ആവേശം കെടാതെ കത്തിനിന്നു. തന്റെ ചിരകാല സ്വപ്നമായ മലയാളത്തിൽ ഒരു ഗസൽ എന്ന ആഗ്രഹം പുറത്തെടുത്തത് അതിനെ തുടർന്നായിരുന്നു. അതിനായി പി. ഭാസ്കരൻ മാഷിനെ ആദ്യം സമീപിച്ചു. അദ്ദേഹം താൽപര്യത്തോടെ സമ്മതിച്ചുവെങ്കിലും കാര്യം നടന്നില്ല. തുടർന്ന് ഒ.എൻ.വി കുറുപ്പും യൂസഫലി കേച്ചേരിയും ഉമ്പായിയുടെ ആഗ്രഹത്തോട് ക്രിയാത്മകമായി പ്രതികരിച്ചു. പക്ഷേ, അതും പലവിധ കാരണങ്ങളാൽ പ്രാവർത്തികമായില്ല. ഒടുവിൽ ആ നറുക്ക് വീണത് യുവകവിയായ വേണു വി. ദേശത്തിനായിരുന്നു. അതിന് നിമിത്തമായത് കച്ചേരിപ്പടിയിലെ ഉമ്പായിയുടെ സങ്കേതമായ ഫ്രൈസ് വില്ലേജ് റസ്റ്റാറൻറിലെ ജീവനക്കാരനും കടുത്ത സംഗീതാസ്വാദകനുമായ പാലക്കാട്ടുകാരൻ ഉണ്ണിയും.

മലയാളത്തിന്റെ ഗസലുകൾ പിറക്കുന്നു

ഫോർട്ട് കൊച്ചിയിലെ സർക്കാർ അതിഥിമന്ദിരത്തിൽ നടന്ന കൂടിക്കാഴ്ചകൾ വേണു വി. ദേശത്തിന് മറക്കാൻ കഴിയില്ല. മുംബൈയിലെ തന്റെ നഷ്ട പ്രണയമുൾപ്പെടെയുള്ള അനുഭവങ്ങൾ വേണുവിനോട് ഉമ്പായി പങ്കുവെച്ചു. ഹിന്ദുസ്ഥാനി രാഗങ്ങൾക്ക് വഴങ്ങാൻ വേണ്ടി പലവട്ടം വരികൾ മാറ്റിയെഴുതി. ഒടുവിൽ വേണു നൽകിയ ഒരു ഡസൻ ഗസലുകളിൽ ഒമ്പതെണ്ണവും ഉൾപ്പെടുത്തി ആദ്യ മലയാള ഗസൽ ആൽബം ‘പ്രണാമം’ പുറത്തിറങ്ങി. മൂന്നുഗാനം മാറ്റിനിർത്തപ്പെട്ടത് ആൽബത്തിെൻറ ദൈർഘ്യം പോലുള്ള സാങ്കേതിക കാരണങ്ങളാൽ മാത്രം. ‘എത്ര സുധാമയമായിരുന്നാ ഗാനം... അത്രമേൽ വേദനയേകിയെന്നിൽ... ജന്മങ്ങളേറെ തപസ്സിരുന്നാൽ പോലും...’ ആസ്വാദകരുടെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിച്ചു.

‘ഒരു നോക്ക് കാണുവാനായി... ഒരു വാക്ക് കേൾക്കുവാനായി...’, ‘മനസ്സേ... നീയെൻ പ്രേമഗാനം ഓർത്തിരുന്നുവോ...’, ‘ഘനസാന്ദ്രമീ രാത്രി, പാടുന്നുമൂകം തരളഗാനത്തിൻ വസന്തം...’, ‘നിൻ മന്ദ ഹാസം... കണ്ട നാൾ മുതൽ നിന്നെയോർത്തു ഞാൻ...’, ‘തേടിയലഞ്ഞു ഞാൻ...’, ‘പൂവായി... കുളിരായി നീയെെൻറ ഹൃദയത്തിൽ പുളകങ്ങൾ...’ തുടങ്ങിയ വിൽസൺ ഓഡിയോസ് പുറത്തിറക്കിയ ‘പ്രണാമ’ത്തിലെ ഗാനങ്ങൾ കാമ്പസുകളിൽ സൂപ്പർ ഹിറ്റായി. കൗമാരക്കാർ പ്രേമലേഖനങ്ങളിലും ഓട്ടോഗ്രാഫുകളിലും അവ പകർത്തിയെഴുതി സായൂജ്യമടഞ്ഞു. ജനപ്രിയ ഗായകൻ എന്ന അംഗീകാരം ഉമ്പായിക്ക് നേടിക്കൊടുത്തതിൽ ഗസൽ ആൽബങ്ങൾക്ക് ഏറെ പങ്കുണ്ട്. പ്രത്യേകിച്ചും വേണു വി. ദേശവുമായി ചേർന്നുള്ള ‘പ്രണാമ’ത്തിന്. 1986ൽ പുറത്തിറങ്ങിയ ജോൺ എബ്രഹാമിെൻറ പ്രശസ്തമായ ‘അമ്മ അറിയാനി’ൽ ഗസൽഗായകനായി പാടി അഭിനയിക്കുക വഴി ഉമ്പായി എന്ന പേര് തിരശ്ശീലയിൽ ആദ്യമായി തെളിഞ്ഞു. ജനകീയകൂട്ടായ്മയിൽ നിർമിച്ച ഈ ചലച്ചിത്രം ഉമ്പായിയെ എല്ലാ അർഥത്തിലും അടയാളപ്പെടുത്തുകയായിരുന്നു. ഉമ്മയുടെ പ്രിയപ്പെട്ട ഉമ്പായിയെന്ന വിളിപ്പേര് സിനിമയിൽ ആദ്യമായി അവതരിപ്പിച്ചതും സംവിധായകൻ ജോൺ എബ്രഹാം തന്നെ. മലയാള ഗസൽ ആൽബം എന്ന സ്വപ്നം ‘പ്രണാമ’ത്തിലൂടെ യാഥാർഥ്യമാക്കുന്നതിൽ തുല്യപ്രാധാന്യം പരിഭാഷകനും നോവലിസ്റ്റുമായ വേണു വി. ദേശത്തിനുമുണ്ട്. മലയാളത്തിലെ ആദ്യ ഗസൽ ആൽബത്തിെൻറ രചയിതാവ് എന്ന ഖ്യാതി കവിയെ കൂടുതൽ അനുഗൃഹീതനാക്കുകയാണ്.

ഗസൽഛായയുള്ള മലയാള ഗാനങ്ങൾ

ഗസൽഛായയുള്ള മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രഗാനം ഏതെന്ന ചോദ്യത്തിന് പി. ഭാസ്കരൻ എഴുതി ബാബുരാജ് ഈണമിട്ട് കോഴിക്കോട് അബ്ദുൽ ഖാദർ ആലപിച്ച ‘മിന്നാമിനുങ്ങി’ലെ (1954) ‘നീയെന്തറിയുന്നു നീലത്താരകമെ വാസന്തവാനത്തിൽ നീ ചിരിക്കുമ്പോൾ...’ ആയിരിക്കാമെന്നാണ് ഉത്തരം. ചലച്ചിത്രേതര ഗാനങ്ങളിൽ മനസ്സിൽ വരുന്നത് ‘പാടാനോർത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ...’ എന്ന ടാഗോർ ഗീതമാണ്. അതിെൻറ രചയിതാവും ഭാസ്കരൻ മാഷ് തന്നെ. അതു പാടിയതാകട്ടെ ഖാദർക്കയും. ബാല്യകാലസഖിയിൽ പി. ഭാസ്കരൻ- ബാബുരാജ് ടീം ഒരുക്കിയ ‘കരളിൽ കണ്ണീർമുകിൽ നിറഞ്ഞാലും കരയാൻ കഴിയാത്ത വാനമേ...’ ശോകാർദ്രമായ ഗസലിനോട് അടുത്തുനിൽക്കുന്നു. ‘താമസമെന്തേ വരുവാൻ...’ എന്ന പ്രശസ്ത ഗാനമാണ് പൊതുവെ മലയാളം ഗസലായി അംഗീകരിക്കപ്പെടുന്നത്. പിൽക്കാലത്താണ് ‘മലയാളം ഗസൽ’ എന്ന ബ്രാൻഡിൽ കാസറ്റുകളിൽ ഉമ്പായിയുടെ ഗസൽ ആൽബങ്ങൾ പുറത്തിറക്കുന്നത്. ആദ്യം വേണു വി. ദേശവും പിന്നീട് ഒ.എൻ.വി, യൂസഫലി കേച്ചേരി, സച്ചിദാനന്ദൻ, പ്രദീപ് അഷ്ടമിച്ചിറ, ഈസ്റ്റ് കോസ്റ്റ് വിജയൻ തുടങ്ങിയവരും ഉമ്പായിയുമായി കൈകോർത്തു. ‘ഗസൽ മാല’ പോലുള്ള ഹിറ്റുകൾ മലയാളക്കരയാകെ ഏറ്റെടുത്തു.

‘പ്രണാമ’ത്തിെൻറ കാൽനൂറ്റാണ്ട്

മലയാള ഗസൽ ശാഖയെ അടയാളപ്പെടുത്തിയ ആദ്യ മലയാള ഗസൽ ആൽബം ‘പ്രണാമ’ത്തിന്റെ പിറവിക്ക് കാൽനൂറ്റാണ്ട് തികയുമ്പോൾ മാർച്ച് അഞ്ചിന് കൊച്ചിയിൽ ആഘോഷങ്ങൾ നടക്കുകയാണ്. ജി. ദേവരാജൻ മാസ്റ്ററുടെ സ്മരണക്കായി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ദേവദാരു ഫൗണ്ടേഷനും ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി വൈകീട്ട് 5.30ന് ‘ഉമ്പായി /പ്രണാമം @ 25’ എന്ന സംഗീതപരിപാടി സംഘടിപ്പിക്കുന്നുമുണ്ട്. ദേവരാജൻ മാസ്റ്ററുടെ ശിഷ്യനും ഉമ്പായിയുടെ സഹോദരീ പുത്രനുമായ സി.കെ. സാദിഖ് അടക്കമുള്ള പ്രമുഖരായ ഗായകർ പ്രണാമത്തിലെ ഗാനങ്ങൾ പുനരവതരിപ്പിക്കും. വേണു വി ദേശം, സംഗീത സംവിധായകൻ ബേണി, അവതാരകൻ സനൽ പോറ്റി തുടങ്ങിയവരും ചടങ്ങിലുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SongGhazal song
News Summary - Ghazal song
Next Story