അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു; ഇളയരാജക്ക് പിന്നാലെ 'ഗുഡ് ബാഡ് അഗ്ലി'ക്കെതിരെ ധനുഷിന്‍റെ പിതാവും
text_fieldsആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത, അജിത് കുമാർ ചിത്രം ഗുഡ് ബാഡ് അഗ്ലി മികച്ച പ്രതികരണം നേടിയിരുന്നു. റിലീസ് ചെയ്ത് മാസങ്ങൾക്ക് ശേഷം വീണ്ടുമൊരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് ചിത്രം. അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചതിന് 'ഗുഡ് ബാഡ് അഗ്ലി'യുടെ നിർമാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് നടൻ ധനുഷിന്റെ പിതാവും ചലച്ചിത്ര സംവിധായകനുമായ കസ്തൂരി രാജ.
സേലത്ത് നടന്ന തന്റെ 'സാമകൂടങ്കി' എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കസ്തൂരി രാജ. പലപ്പോഴും യഥാർഥ സ്രഷ്ടാക്കളുടെ അനുമതി തേടാതെ പുതിയ സിനിമകളിൽ പഴയ സംഗീത ട്രാക്കുകൾ ഉപയോഗിക്കുന്ന പുതുതലമുറ ചലച്ചിത്ര നിർമാതാക്കളെ അദ്ദേഹം വിമർശിച്ചു. തന്റെ അനുമതി ഇല്ലാതെ പഴയ ചിത്രങ്ങളിലെ പാട്ട് ഉപയോഗിച്ചുവെന്നും നിര്‍മാതാക്കള്‍ക്കെതിരേ ഉടന്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
'ഇളയരാജ, ദേവ തുടങ്ങിയ അതികായന്മാർ കാലാതീതമായ സംഗീതം സൃഷ്ടിച്ചു. അതിൽ നിന്ന് വ്യത്യസ്തമായി, ഇന്നത്തെ സ്രഷ്ടാക്കൾ പുതുമയെക്കാൾ ഗൃഹാതുരത്വത്തെയാണ് ആശ്രയിക്കുന്നത്. പഴയ ട്രാക്കുകൾ ഉപയോഗിക്കുന്നത് ഒരു പ്രശ്നമല്ല, പക്ഷേ യഥാർഥ സ്രഷ്ടാക്കളിൽ നിന്ന് അനുമതി തേടണം. നിർഭാഗ്യവശാൽ, ഇക്കാലത്ത് ആരും അനുമതി ചോദിക്കാൻ മെനക്കെടുന്നില്ല' -കസ്തൂരി രാജ പറഞ്ഞു.
ഏപ്രിലിൽ, സംഗീതസംവിധായകൻ ഇളയരാജയുടെ ടീം ഗുഡ് ബാഡ് അഗ്ലിയുടെ നിർമാതാക്കൾക്ക് 'ഇളമൈ ഇതോ ഇതോ', 'എൻ ജോഡി മഞ്ഞ കുരുവി', 'ഒത്ത റൂവ' എന്നീ ഗാനങ്ങൾ അനധികൃതമായി ഉപയോഗിച്ചതിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ചിത്രത്തിൽ ഗാനങ്ങൾ യഥാർഥ സംഗീതസംവിധായകന്റെ അനുമതിയില്ലാതെ ഉപയോഗിക്കുകയും, മാറ്റം വരുത്തുകയും, വാണിജ്യപരമായി ചൂഷണം ചെയ്യുകയും ചെയ്തതായി നോട്ടീസിൽ ആരോപിച്ചു. ചിത്രത്തിന്റെ നിർമാതാക്കളിൽ നിന്ന് അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു.
ഇതിനു മറുപടിയായി, നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് പ്രസ്താവന പുറത്തിറക്കി ഗാനങ്ങളുടെ അനധികൃത ഉപയോഗത്തെക്കുറിച്ചുള്ള ആരോപണങ്ങൾ തള്ളി. സിനിമയിൽ ഉപയോഗിച്ച ഗാനങ്ങൾക്ക് ആവശ്യമായ എല്ലാ മ്യൂസിക് ലേബലുകളിൽ നിന്നും അനുമതി വാങ്ങിയിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.