'പിച്ച് ഇട്ടുകൊടുത്താല്‍ അതിനനുസരിച്ച് പാടാനൊന്നും അവർക്ക് കഴിയില്ല'; നഞ്ചിയമ്മക്ക് പുരസ്കാരം നൽകിയതിനെതിരെ ശുദ്ധസംഗീത വാദക്കാർ
text_fieldsകഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മലയാള സിനിമ നിരവധി അവാർഡുകൾ വാരിക്കൂട്ടിയിരുന്നു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ് മലയാളത്തിന് അഭിമാനമായത്. സിനിമയിലെ ഗാനമാലപിച്ച നഞ്ചിയമ്മക്ക് മികച്ച ഗായികക്കുള്ള അവാർഡ് ലഭിച്ചിരുന്നു. ഇപ്പോഴിതാ നഞ്ചിയമ്മയുടെ അവാർഡുമായി ബന്ധപ്പെട്ടാണ് സോഷ്യൽ മീഡിയയിലെ ചർച്ച പൊടിപൊടിക്കുന്നത്. അവാർഡിനെ വിമർശിച്ച് ശുദ്ധസംഗീത വാദക്കാരായ നിരവധി പേരാണ് കുറിപ്പുകളും വീഡിയോയുമായി എത്തിയത്.
ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെന്നും, സ്വരവും ശുദ്ധിയുമില്ലാതെയാണ് അവർ പാടുന്നതെന്നുമാണ് വിമർശനം. ഇതിനേക്കാൾ നന്നായി പാടുന്ന എത്രയോ പേർ ഉണ്ടെന്നും അവർക്കായിരുന്നു അവാർഡ് കൊടുക്കേണ്ടതെന്നും ചിലർ ഉന്നയിക്കുന്നു. വിമർശന പോസ്റ്റുകളെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റിടുന്നവരുമുണ്ട്.
ഡ്രമ്മറും സംഗീതഞ്ജനുമായ ലിനുലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെ അവാർഡ് നൽകിയതിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഒരു മാസം കൊടുത്താലും സാധാരണ ഒരു ഗാനം പഠിച്ചു പാടാൻ നഞ്ചിയമ്മയ്ക്ക് സാധിക്കില്ല. പിച്ച് ഇട്ടുകൊടുത്താല്‍ അതിനനുസരിച്ച് പാടാനൊന്നും അവർക്ക് കഴിയില്ല. നഞ്ചിയമ്മയ്ക്ക് അവാർഡ് നൽകാനുള്ള തീരുമാനം സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് ഇൻസൽട്ടായി തോന്നുമെന്നും വിഡിയോയിൽ പറയുന്നുണ്ട്. അയ്യപ്പനും കോശിയും സിനിമയിലെ ഗാനത്തിന് പ്രത്യേക ജൂറി പരാമർശമായിരുന്നു നഞ്ചിയമ്മക്ക് നൽകേണ്ടിയിരുന്നതെന്നും ലിനു പറയുന്നു. മൂന്നും നാലും വയസുമുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവയ്ക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തു പോകില്ല അങ്ങനെയൊക്കെയുള്ളവര്‍. പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍ -ലിനു പറയുന്നു. ലിനുവിന്റെ അഭിപ്രായത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് എത്തുന്നത്.
അതേസമയം നഞ്ചിയമ്മക്ക് ആശംസ അറിയിക്കാത്ത സെലിബ്രിറ്റികൾക്കെതിരെയും വിമർശനം ഉയരുന്നുണ്ട്. പാട്ടുകാരിൽ തന്നെ സുജാതയും സിതാര കൃഷ്ണകുമാറും മാത്രമാണ് അവരുടെ പേജിലൂടെ നഞ്ചിയമ്മക്ക് ആശംസ അറിയിച്ച് എത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം.