ദേവരാഗങ്ങളിലെ ഹാസ്യഗാനങ്ങൾ
text_fieldsകാലം 1972. ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന പെരിഞ്ഞനം ദേവി ടാക്കീസിൽനിന്നാണ് ‘മയിലാടുംകുന്ന്’ എന്ന സിനിമ കാണുന്നത്. ഈ സിനിമയെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ മനസ്സിൽ ആദ്യം തെളിഞ്ഞുവരുക,
‘പാപ്പീ... അപ്പച്ചാ... അപ്പച്ചനോടോ അമ്മച്ചിയോടോ
പാപ്പിക്ക് സ്നേഹം’ എന്ന ഹാസ്യഗാനവും അതിന്റെ ചിത്രീകരണവുമാണ്. അപ്പച്ചനായി അഭിനയിച്ച അടൂർ ഭാസിയുടെയും പാപ്പി എന്ന മകനായി അഭിനയിച്ച മാസ്റ്റർ വിജയകുമാറിന്റെയും രസകരമായ അഭിനയമുഹൂർത്തങ്ങളാണ് ഈ ഗാനത്തെ മനസ്സിൽ മായാതെ നിർത്തുന്നത്. സിനിമയിൽ അടൂർ ഭാസിയുടെ കഥാപാത്രത്തിന്റെ പേര് മാത്തൻ. കള്ളുകുടിച്ച് പൂസായി അയാൾ, മകനായ പാപ്പിയുമൊരുമിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ പാടുന്ന പാട്ടാണ് ‘പാപ്പീ... അപ്പച്ചാ...’ എന്നത്.
‘അപ്പച്ചനോടോ അമ്മച്ചിയോടോ പാപ്പിക്ക് സ്നേഹം?’ എന്ന് ചോദിക്കുമ്പോഴെല്ലാം ‘അപ്പച്ചനോട്’ എന്ന് പാപ്പി പറയുന്നുണ്ട്. ആ ധൈര്യത്തിലും ആത്മവിശ്വാസത്തിലുമാണ്, താൻ പട്ടയടിച്ചതും പാലം കടന്നപ്പോൾ കാൽ തെറ്റിവീണതും പാട്ടുംപാടി കരയിലടുത്തതും കഞ്ചാവടിച്ച് കറങ്ങിയതും ബീഡിക്ക് തീയിനു ഷാപ്പിലെ പെണ്ണിന്റെ വീട്ടില്‍ ചെന്നതും നാണംകെട്ടതുമെല്ലാം അമ്മച്ചിയോട് പറയരുതെന്ന് അയാൾ പാപ്പിയോടു പറയുന്നത്.‘മിണ്ടിയാലെന്താ അപ്പച്ചാ’ എന്ന് പാപ്പി ചോദിക്കുമ്പോൾ ‘ഓ, അതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്ലേടാ’ എന്ന മറുപടിയാണ് ഏറ്റവും രസകരം.
ദേവരാജൻ മാസ്റ്റർ
അടൂർ ഭാസിക്കുവേണ്ടി ഗാനം ആലപിച്ചത് സി.ഒ. ആന്റോ. പാപ്പിക്കുവേണ്ടി ബേബി ലതയും (ലത രാജു). കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ ഗാനമേളകളിൽ ഈ ഗാനം കള്ളുകുടിയനെപ്പോലെ പാടി അഭിനയിച്ച് സദസ്സിനെ കൈയിലെടുത്തിട്ടുണ്ട് സി.ഒ. ആന്റോ.വ്യത്യസ്തമായ ഒട്ടേറെ ഹാസ്യഗാനങ്ങൾ ജി. ദേവരാജൻ ഒരുക്കിയിട്ടുണ്ട്. വയലാർ-ദേവരാജൻ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ, 1959ൽ പുറത്തിറങ്ങിയ ‘ചതുരംഗ’ത്തിലെ ‘പെണ്ണിന്റെ ചിരിയും പ്രണയത്തിൻ പനിയും ആദ്യമാദ്യം കുളിരും പിന്നെപൊള്ളും വിറച്ചുതുള്ളും...’ എന്ന ഗാനമാണ് ദേവരാജന്റെ സംഗീതത്തിൽ മലയാള സിനിമയിൽ കേട്ട ആദ്യ ഹാസ്യഗാനം.
ചിത്രത്തിൽ ഡ്രൈവറുടെ റോൾ അവതരിപ്പിച്ച എസ്.പി. പിള്ളയും യുവകാമുക വേഷത്തിൽ സിനിമയിൽ ഹാസ്യത്തിന് ചുക്കാൻ പിടിച്ച ബഹദൂറും ചേർന്നുള്ള സംവാദമാണ് ഗാനരംഗം. തന്റെ പ്രണയത്തെയും കാമുകിയുടെ അച്ഛന്റെ എതിർപ്പിനെയും കുറിച്ചുള്ള ബഹദൂറിന്റെ ആവലാതികളും എസ്.പി. പിള്ളയുടെ ആശ്വസിപ്പിക്കലുമാണ് അന്നത്തെ ഒരു ട്രെൻഡ് ഗാനമായി കരുതാവുന്ന ഈ ഗാനരംഗത്തിന്റെ പശ്ചാത്തലം. എസ്.പി. പിള്ളക്ക് കുമരേശനും ബഹദൂറിനു പട്ടം സദനും ആയിരുന്നു പിന്നണി ശബ്ദം നൽകിയത്.
വയലാർ
1963ൽ പുറത്തിറങ്ങിയ ‘ഡോക്ടർ’ എന്ന സിനിമയിലെ ഗാനങ്ങൾ എഴുതിയത് പി. ഭാസ്കരൻ. ഇതിലെ, മെഹബൂബ് പാടിയ ഏറെ പ്രശസ്തമായ ഹാസ്യഗാനമാണ്: ‘കേളടീ നിന്നെ ഞാൻ കെട്ടുന്ന കാലത്ത് നൂറിന്റെ നോട്ടുകൊണ്ടാറാട്ട്... കണ്ണാണെ നീയെന്നെ കെട്ടിയില്ലെങ്കിലോ കണ്ണീരിലാണെന്റെ നീരാട്ട്’. തിക്കുറിശ്ശിയുടെ ആശുപത്രിയിലെ കമ്പൗണ്ടറായ എസ്.പി. പിള്ള നാട്ടിൻപുറത്തുകാരിയായ കോട്ടയം ശാന്തയുടെ പിറകെ നടന്ന് വിവാഹാഭ്യർഥന നടത്തുന്ന പാട്ടാണിത്. താനെന്തുകൊണ്ടും കേമനാണെന്ന് കാണിക്കാനായി അസമിൽ പോയ കാര്യം പറയുന്നു. കല്യാണം നടത്തിക്കിട്ടാനായി അച്ഛനുമമ്മക്കും ബന്ധുക്കൾക്കും പണം വാഗ്ദാനം ചെയ്യുന്നുമുണ്ട് അയാൾ. വരികൾ നോക്കൂ:
‘അപ്പനുമമ്മക്കും ആയിരം വീതം
അച്ചായൻമാർക്കൊക്കെ അഞ്ഞൂറു വീതം
അയലത്തുകാർക്കൊക്കെ അമ്പതു വീതം
അച്ചാരം നൽകീട്ടു കല്യാണം.’
ബഹദൂറിന്റെ നല്ലൊരു ഹാസ്യഗാനം ദേവരാജന്റെ ഈണത്തിൽ ‘നിത്യകന്യക’ (1963) എന്ന ചിത്രത്തിലുണ്ട്. ‘കൈയിൽ നിന്നെ കിട്ടിയാലൊരു കലാകാരിയാക്കും...’ (പാടിയത് പട്ടം സദനും കുമരേശനും) ‘കളഞ്ഞുകിട്ടിയ തങ്കം’ (1964) എന്ന സിനിമയിലെ ഗാനമാണ്: ‘പറയുന്നെല്ലാരും പറയുന്നെല്ലാരും പണ്ടേ നമ്മളു പ്രേമമാണെന്ന് പറയുന്നെല്ലാരും’ എന്ന് പറഞ്ഞുകൊണ്ടാണ് ഗാനമാരംഭിക്കുന്നത്.
(പാടിയത് മെഹബൂബും കോട്ടയം ശാന്തയും, ഗാനരംഗത്ത് ബഹദൂറും വാസന്തിയും). കിഷോർ കുമാറിനെക്കൊണ്ട് ഒരു സിനിമാഗാനം പാടിക്കണമെന്നത് നിർമാതാവായ പാവമണിയുടെ വലിയൊരു ആഗ്രഹമായിരുന്നു. പ്രതാപ്ചിത്രയുടെ ബാനറിൽ അദ്ദേഹം നിർമിച്ച ‘അയോധ്യ’ എന്ന സിനിമയിലൂടെ അത് സാധ്യമാവുകയും ചെയ്തു. അങ്ങനെ, മലയാള ഗാനശാഖക്ക് ലഭിച്ച, ഹിന്ദിയും മലയാളവും കലർന്ന ഹാസ്യഗാനമാണ്:
‘എ ബി സി ഡി ചേട്ടൻ കേഡി
അനിയനു പേടി അടി ഇടി പിടി.’
ജോലി കിട്ടി കുടുംബവുമായി മദ്രാസിലേക്ക് താമസം മാറ്റിയ പ്രേംനസീർ ഒരു ഒഴിവുദിവസം ഭാര്യയും (കെ.ആർ. വിജയ) മക്കളും (മാസ്റ്റർ രഘു, ബേബി ശാന്തി) ഒരുമിച്ച് കടൽത്തീരത്ത് പാട്ടുപാടി ഉല്ലസിക്കുന്നതാണ് ഗാനരംഗം. കിഷോർ കുമാറിന്റെ ഗാനം ഉൾപ്പെടുത്താൻ വേണ്ടി മാത്രം ഒരുക്കിയ സന്ദർഭമായിരുന്നു അത്. പി. ഭാസ്കരനാണ് ഗാനമെഴുതിയത്. വർഷം: 1975.
‘തനിനിറം’ എന്ന സിനിമയിൽ വയലാർ എഴുതിയ രണ്ട് ഹാസ്യഗാനങ്ങളുണ്ട്. നായികയായ വിജയശ്രീയോട് (കഥാപാത്രം: രാധ) വല്ലാത്ത പ്രണയമാണ് പട്ടം സദന്. രാധക്ക് മാത്രമല്ല, അവൾ വളർത്തുന്ന ആടിനുപോലും ഇഷ്ടമല്ല അയാളെ. രാധയാണെന്ന് സങ്കൽപിച്ച് അയാൾ ആടിനെ പാടിക്കേൾപ്പിക്കുന്ന പാട്ടാണ്: ‘എന്തൂട്ടാണീ പ്രേമമെന്ന് നിനക്കറിയില്ലേ
എന്റെ രാധേ പ്രാണനാഥേ.’ പി. ജയചന്ദ്രനാണ് മുഖ്യഗായകൻ. സംഭാഷണങ്ങളുമായി പട്ടം സദനുമുണ്ട്. ‘തനിനിറ’ത്തിലെ രണ്ടാമത്തെ ഹാസ്യഗാനമാണ്:
‘ഇവന്‍ വിസ്കി ഇവന്‍ ബ്രാണ്ടി
ഇവനെന്റെ പ്രിയപ്പെട്ട വാറ്റ്.’
പി. മാധുരിയും എ.പി. കോമളയുമാണ് ഗായകരെങ്കിലും അവരുടെ ശബ്ദത്തിൽ സിനിമയിൽ പാടി അഭിനയിക്കുന്നത് പ്രേംനസീറും അടൂർ ഭാസിയുമാണ്. കള്ളനായ പറവൂർ ഭരതൻ, സ്വാമി അരുളാനന്ദ എന്നപേരിൽ നടത്തുന്ന ആശ്രമം സന്ദർശിക്കാൻ പോയ ഉഷാകുമാരി വീട്ടിൽ തിരിച്ചെത്തിയില്ല. സ്ത്രീകൾക്ക് മാത്രമേ ആശ്രമത്തിനകത്തേക്ക് പ്രവേശനമുള്ളൂ. ഉഷാകുമാരിക്ക് എന്തുസംഭവിച്ചുവെന്നറിയാനായി വിജയശ്രീയും സ്ത്രീവേഷം കെട്ടിയ പ്രേംനസീറും അടൂർ ഭാസിയും പട്ടം സദനും തന്ത്രപൂർവം ആശ്രമത്തിലെത്തുന്നു. സ്ത്രീ വിഷയത്തിൽ തൽപരനായ സ്വാമിജി അവരെ മദ്യം വിളമ്പി സൽക്കരിക്കുന്നു. ആ സൽക്കാരത്തിൽ നൃത്തം ചെയ്ത് പ്രേംനസീറും അടൂർ ഭാസിയുമാണ് ഈ ഗാനം പാടുന്നത്.
ദേവരാജൻ ഈണം പകർന്ന ഹാസ്യഗാനങ്ങൾ കൂടുതലും അവതരിപ്പിച്ചത് അടൂർ ഭാസിയാണ്. ‘റൗഡി’ എന്ന ചിത്രത്തിലെ ‘പാലാട്ട് കോമൻ വന്നാലും പരമുച്ചട്ടമ്പി മാറൂല്ല...’ എന്ന ഗാനമായിരിക്കണം ദേവരാജൻ-അടൂർഭാസി കൂട്ടുകെട്ടിലെ ആദ്യ ഹിറ്റ്. സത്യൻ അവതരിപ്പിച്ച പരമുച്ചട്ടമ്പിയുടെ വീരസ്യങ്ങൾ നാട്ടുകാരുടെ ഇടയിൽ പറഞ്ഞുനടക്കുകയാണ് ഈ ഗാനത്തിലൂടെ ഭാസിയുടെ ഔസോ എന്ന കഥാപാത്രം. ‘കൊട്ടാരം വിൽക്കാനുണ്ട്’ എന്ന സിനിമയിലെ ഹാസ്യഗാനമാണ്:
‘വിസ്കി കുടിക്കാന്‍ വെള്ളിക്കിണ്ടി’ (പാടിയത് ജയചന്ദ്രനും സംഘവും). കൊട്ടാരത്തിന്റെ അവസാനത്തെ അവകാശിയായ അടൂർ ഭാസി കുറേ നാളുകളായി വിദേശത്താണ്. കൊട്ടാരം വിൽപനയുമായി ബന്ധപ്പെട്ട് ഭാര്യയുമായി (സുകുമാരി) നാട്ടിലെത്തുന്ന അയാൾ, തന്റെ പ്രതാപം കാണിക്കാനായി നാട്ടിലെ പ്രമാണികളെ വിളിച്ചുകൂട്ടി സൽക്കാരം നടത്തുന്നു. ആ സൽക്കാരത്തിൽ മദ്യപിച്ച് ലക്കുകെട്ട് അടൂർ ഭാസി പാടുന്ന പാട്ടാണിത്.
1973ലെ ‘കലിയുഗം’ എന്ന ചിത്രത്തിൽ കള്ളുഷാപ്പിൽ വെച്ച് അടൂർ ഭാസിയുടെ കഥാപാത്രം സുധീറിനെ ആശ്വസിപ്പിക്കുന്ന ഗാനമാണ് ‘പാലം കടക്കുവോളം നാരായണ...’ (ആലാപനം പി. ജയചന്ദ്രൻ). 1974ലെ ‘രാജഹംസ’ത്തിൽ കാറിന്റെ മീതെ കിടന്നുകൊണ്ട് പ്രണയചേഷ്ടകൾ കാണിച്ച് അടൂർ ഭാസിയുടെ കാമുക കഥാപാത്രത്തിന്റെ, ‘ശകുന്തളേ ഓ മിസ് ശകുന്തളേ...’ എന്ന ഗാനവും (ആലാപനം അയിരൂർ സദാശിവൻ) ജനപ്രിയമായിരുന്നു. 1977ലെ ‘കാവിലമ്മ’യിൽ അടൂർ ഭാസിക്കുവേണ്ടി ഒരു ഹാസ്യഗാനം സി.ഒ. ആന്റോയുടെ ശബ്ദത്തിൽ ദേവരാജൻ ഒരുക്കിയിരുന്നു. ‘വാർഡ് നമ്പർ ഏഴിലൊരു വല്ലാത്ത രോഗി...’
അടൂർ ഭാസി സംവിധാനം നിർവഹിച്ച ‘അച്ചാരം അമ്മിണി ഓശാരം ഓമന’ എന്ന ചിത്രത്തിൽ നസീർ-ഷീല ജോടികൾക്കായി ‘ചക്കിക്കൊത്തൊരു ചങ്കരൻ...’ എന്ന ജനപ്രിയ ഹാസ്യഗാനവും ദേവരാജൻ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കമൽഹാസന് വേണ്ടിയും ഹാസ്യാത്മകമായ പ്രണയഗാനം ദേവരാജൻ ഒരുക്കി. ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിലെ, തൃശൂർ ഭാഷാശൈലിയിൽ ‘കൂടിയാട്ടം കാണാൻ കൂത്തമ്പലത്തിൽ...’ എന്ന ഗാനം യേശുദാസിന്റെ ശബ്ദത്തിൽ കമൽഹാസൻ തൃശൂർ ഭാഷയിൽ ‘ദൂതണ് കൃഷ്ണദൂതണ്...’ എന്ന് പാടുന്നതെല്ലാം അതീവ രസകരമാണ്.
ദേവരാജൻ ഈണം പകർന്ന മുഴുനീള ഹാസ്യചിത്രങ്ങൾ വളരെ കുറവാണ്. 1973ലെ ‘മാസപ്പടി മാതുപിള്ള’യിൽ വയലാറും രമാകാന്തനും രചിച്ച മൂന്നോളം ഹാസ്യഗാനങ്ങളുണ്ട്. ഭാസിക്കുവേണ്ടി സി.ഒ. ആന്റോ ആലപിച്ച ‘അയലത്തെ ചിന്നമ്മ...’, ഭാസിയെ കളിയാക്കി പാടുന്ന ‘സിന്ദാബാദ്...’ (ആലാപനം: പി.ബി. ശ്രീനിവാസ്), പി. ലീലയും മാധുരിയും ആലപിച്ച ‘സ്വർണമുരുക്കിയൊഴിച്ച പോലെ’ എന്നീ ഗാനങ്ങളെല്ലാം രസകരമാണെങ്കിലും പാട്ടുകളുടെ ഗ്രാമഫോൺ റെക്കോഡ് ഇറങ്ങാത്തതുകൊണ്ടാകാം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ‘അമ്മായിയപ്പന് പണമുണ്ടെങ്കിൽ’ (കളിത്തോഴൻ), ‘നാടൻ പ്രേമം നാടോടി പ്രേമം’ (നാടൻ പെണ്ണ്), ‘മരുന്നോ നല്ല മരുന്ന്’ (അഗ്നിമൃഗം), ‘മണ്ടച്ചാരെ മൊട്ടത്തലയില്’ (സിന്ദൂരച്ചെപ്പ്), ‘കടുവ കള്ള ബടുവ’ (മറവിൽ തിരിവ് സൂക്ഷിക്കുക) തുടങ്ങി ഇനിയുമുണ്ട് ദേവരാജന്റെ ജനപ്രീതി നേടിയ ഹാസ്യഗാനങ്ങൾ.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

