വാണിജ്യ സമുച്ചയം പണിയിക്കാൻ ബിസ്മില്ലാ ഖാന്‍റെ വീട് പൊളിക്കുന്നു
text_fieldsവാരണാസി: ഭാരതരത്‌ന ജേതാവും ഷെഹ്നായി വിദഗ്ധനുമായിരുന്ന ഉസ്താദ് ബിസ്മില്ലാ ഖാന്റെ വാരണാസിയിലെ വീട് പൊളിച്ചു നീക്കുന്നു. വാണിജ്യ സമുച്ചയം പണിയനായാണ് ബിസ്മില്ലാ ഖാന്‍റെ കൊച്ചു മക്കള്‍ വീട് പൊളിച്ചുനീക്കുന്നത്.
ബിസ്മില്ല ഖാന്‍റെ 14ാം ചരമ വാര്‍ഷികമാണ് ആഗസ്റ്റ് ഇരുപത്തിയൊന്ന്. ഉസ്താദ് മരണം വരെ കഴിഞ്ഞിരുന്ന ഈ വീട്ടിലാണ് ഇദ്ദേഹത്തിനു ലഭിച്ച എല്ലാ അവാര്‍ഡുകളും സൂക്ഷിച്ചിരുന്നത്. ഇദ്ദേഹം കഴിഞ്ഞിരുന്ന മുറി ഇതിനകം പൊളിച്ചിട്ടുണ്ട്. നാല് വർഷം മുൻപ് ഇദ്ദേഹം ഉപയോഗിച്ചിരുന്ന നാല് ഷെഹ്നായികൾ കൊച്ചുമകൻ വിൽപന നടത്തിയിരുന്നു. പിന്നീട് യു.പി സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് ഇത് കണ്ടെത്തിയത്. മൂന്ന് വെള്ളി ഷെഹ്നായികളും ഒരു മരം കൊണ്ട് നിർമിച്ച ഷെഹ്നായിയും 17,000 രൂപക്കാണ് വിറ്റത്.
ബിസ്മില്ലാ ഖാന്റെ അന്തരിച്ച മകന്‍ മെഹ്താബ് ഹുസൈന്റെ മക്കളാണ് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥര്‍. ഇവിടെ ഒരു വാണിജ്യ സമുച്ചയം നിര്‍മിക്കാനാണ് ഇവരുടെ നീക്കം. വാണിജ്യ സമുച്ചയം പണികഴിപ്പിച്ച് ഷോപ്പുകളും ഫ്ലാറ്റും 50-50 എന്ന നിലക്ക് സ്വന്തമാക്കാനാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.
അതേ സമയം ബിസ്മില്ലാ ഖാന്റെ മകനും തബലിസ്റ്റുമായ നസിം ഹുസൈന്‍ ഈ നീക്കത്തെ എതിർത്ത് രംഗത്തെത്തി. ഇതേ ആവശ്യമുന്നയിച്ച് ബിസ്മില്ലാ ഖാന്റെ ദത്തുപുത്രിയും ഗായികയുമായ സോമ ഘോഷും രംഗത്തെത്തി. രണ്ടുപേരും പരാതിയുമായി പ്രധാനമന്ത്രിയേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനേയും സമീപിച്ചു. വാരണാസിയിൽ നിന്നുള്ള എം.പി കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

