പൊന്നാനി: സൂഫി ചിന്തകളിലധിഷ്ഠിതമായി നിരവധി ഗാനങ്ങൾ രചിച്ച മസ്താൻ കെ.വി. അബൂബക്കർ മാസ്റ്റർ പൊന്നാനിയുടെ ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത രചനകൾ മുഖ്യധാരയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം.
ഗായകനും മാപ്പിളപ്പാട്ട് നിരൂപകനുമായ ഫൈസൽ എളേറ്റിെൻറ നേതൃത്വത്തിലാണിത്. റെക്കോർഡ് ചെയ്യപ്പെടാതെ പോയ സൂഫി കാവ്യങ്ങളുൾപ്പെടെയുള്ള ഒട്ടനവധി ഗാനങ്ങളാണ് പുനർജ്ജനി തേടുന്നത്.
പൊന്നാനിയുടെ പൈതൃകങ്ങളെയും പാരമ്പര്യങ്ങളെയും കണ്ടെടുക്കുന്നതിന് യുവാക്കളുടെ കൂട്ടായ്മയിൽ ആരംഭിച്ച തിണ്ടീസിെൻറ നേതൃത്വത്തിൽ ചുമട്ട് തൊഴിലാളിയായ അശ്റഫിെൻറ ഗാനശേഖരങ്ങളിൽ നിന്നാണ് അബൂബക്കർ മാസ്റ്ററുടെ ഇനിയും വെളിച്ചം കാണാത്ത രചനകൾ കണ്ടെടുത്തത്.
ഇദ്ദേഹത്തിെൻറ ശിഷ്യനിൽനിന്നും അശ്റഫിന് ലഭിച്ച ഗാനങ്ങൾ വായ്പാട്ടായി ആലപിക്കുന്നതിനിടെയാണ് തിണ്ടീസ് സംഘാംഗങ്ങളായ സമീർ ഡയാനയും സലാം ഒറ്റയിലും ചേർന്ന് അബൂബക്കർ മാസ്റ്ററുടെ രചനകൾ തിരിച്ചറിഞ്ഞത്. തുടർന്ന് മാപ്പിളപ്പാട്ട് ഗവേഷകൻ കൂടിയായ ഫൈസൽ എളേറ്റിലുമായി ഇവർ ബന്ധപ്പെടുകയും അദ്ദേഹം പൊന്നാനിയിലെത്തുകയുമായിരുന്നു.
പട്ടാപ്പകൽ ചൂട്ടും കത്തിച്ച് മനുഷ്യനെ തേടി നടന്നു.... ഉൾപ്പെടെയുള്ള നിരവധി പാട്ടുകൾ അബൂബക്കർ മാസ്റ്ററുടേതായി പുറം ലോകത്തെത്തിയെങ്കിലും, വെളിച്ചം കാണാത്ത നിരവധി രചനകളാണ് പൊന്നാനിയിലെ മച്ചിൻ പുറ പാട്ട് സദസുകളിൽ മാത്രം ഒതുങ്ങിപ്പോകുന്നത്.
ഇവയെ പൂർണ്ണമായും കണ്ടെത്തുകയാണ് ലക്ഷ്യം. പുതിയ കാലത്ത് അബൂബക്കർ മാസ്റ്ററുടെ ഉൾപ്പെടെയുള്ളവരുടെ രചനകൾക്ക് സ്വാധീനമേറി വരികയാണെന്ന് ഫൈസൽ എളേറ്റിൽ പറഞ്ഞു. സൗഹൃദസദസുകളിൽ മാത്രം ഇത്തരം ഗാനങ്ങൾ ആലപിക്കുന്ന അശ്റഫിനെപ്പോലുള്ളവരെ കൂടി മുഖ്യധാരയിലെത്തിക്കുകയെന്നതും ഇതിെൻറ ലക്ഷ്യമാണ്. മസ്താൻ അബൂബക്കർ മാസ്റ്ററുടെ നിരവധി പാട്ടുകളും അദ്ദേഹം ആസ്വദിച്ചു.