മൗന രാഗം
text_fieldsഉന്മാദത്തിനും പ്രണയത്തിനും ഇന്ത്യൻ സിനിമയിൽ ഒരേയൊരു സ്വരമായിരുന്നു. കോരിനിറച്ച വികാരംകൊണ്ട് കോരിത്തരിപ്പിക്കുകയും ചുവടുവെപ്പിക്കുകയും കാത്തിരിപ്പിന്റെ വലയത്തിൽ കുരുക്കുകയും ചെയ്ത ആ മായിക സ്വരത്തിനുടമ ആശ ഭോസ്ലെ, ഇനിയില്ല. തലമുറകളെ ഉന്മാദത്തിലാറാടിച്ച ആ സ്വരമാധുര്യം കണ്ണടച്ചു
ഇന്ത്യയുടെ വാനമ്പാടിയായ സഹോദരി ലത മങ്കേഷ്കറുടെ തണലിൽ പത്താം വയസ്സിൽ തുടങ്ങിയ പാട്ടുജീവിതത്തിനിടയിൽ തലമുറ ഭേദമന്യേ ആരാധകഹൃദയങ്ങളെ സ്പർശിച്ച അനേകമനേകം ഗാനങ്ങൾ ബാക്കിവെച്ചാണ് 92ാം വയസ്സിൽ ആശ ഭോസ്ലെയുടെ മടക്കം. നെഞ്ചിൽ അണുബാധയെത്തുടർന്ന് മുംബൈയിലെ ബ്രീച്ച്കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമുതൽ കുടുംബവും ആരാധകരും അവർ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, ആരാധകരെ കണ്ണീരിലാഴ്ത്തി ഞായറാഴ്ച ഉച്ചയോടെ മകനും മാനേജറുമായ ആനന്ദ് ആ സങ്കടവാർത്ത ലോകത്തെ അറിയിച്ചു.
രോഗശയ്യയിൽ കിടന്നുള്ള മരണമായിരുന്നില്ല ആശ ആഗ്രഹിച്ചത്. ഓരോ കാലഘട്ടത്തിലെയും സംഗീതപരീക്ഷണങ്ങളെ അതിജയിച്ച തനിക്ക് ഇനി പുതുതായൊന്നും ചെയ്യാനില്ലെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. പിതാവിൽനിന്നും ബാല പാഠങ്ങൾ പഠിച്ചുതുടങ്ങിയ മൂന്നാം വയസ്സു മുതൽ ശ്വാസമായി ആത്മാവിൽ ഇഴകിച്ചേർന്നതാണ് സംഗീതം. എട്ടു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ എല്ലാം നേടി. ഇനിയൊന്നും ബാക്കിയില്ല. വേദിയിൽ പാടി പാടി ആ ശ്വാസം നിലക്കണം. അതായിരുന്നു അവരുടെ ആഗ്രഹം.
20 ഭാഷകൾ, 12000 ഗാനങ്ങൾ
മലയാളം ഉൾപ്പെടെ ഇരുപത് ഭാഷകളിൽ പന്ത്രണ്ടായിരത്തിലധികം ഗാനങ്ങൾ സമ്മാനിച്ചും സ്വരമാധുരികൊണ്ട് അതിരുകൾ മായ്ച്ചും സംഗീതചരിത്രത്തിൽ സ്വയം അടയാളപ്പെടുത്തിയാണ് മടക്കം. വിവിധ ശൈലികളിലുള്ള ആലാപനത്തിന് നിരന്തര ശ്രമങ്ങളിലൂടെ ശബ്ദമോഡുലേഷനുകൾ സ്വായത്തമാക്കിയും പോപ്, കാബറെ, റോക്ക്, ഡിസ്‌കോ, ഗസൽ, ക്ലാസിക്കൽ തുടങ്ങി, കാലത്തെ അതിജയിച്ച സംഗീതപരീക്ഷണങ്ങളിലൂടെയും ആശ എല്ലാ തലമുറയിലുംപെട്ട ആരാധക ഹൃദയങ്ങൾ കവർന്നു.
ഗ്രാമി പുരസ്കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായിക, ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോഡ് ചെയ്ത ഇന്ത്യൻ ഗായിക എന്നീ ബഹുമതികൾക്ക് ഉടമയാണ് ആശ. ദാദാ സാഹബ് ഫാൽക്കെ പുരസ്കാരവും പത്മവിഭൂഷണും നൽകി രാജ്യം ആ അതുല്യ പ്രതിഭയെ ആദരിച്ചു. രണ്ടുവട്ടം മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും അവരെ തേടിയെത്തി.
ജീവിതം
മറാത്തി സംഗീത നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശേവന്തിയുടെയും മകളായി സാംഗ്ളിയിലായിരുന്നു ജനനം. ലത മങ്കേഷ്കർക്കൊപ്പം അച്ഛന്റെ ശിക്ഷണത്തിലായിരുന്നു സംഗീതപഠനം. ഒമ്പതാം വയസ്സിൽ പിതാവ് മരിച്ചതോടെയാണ് ലതയും ആശയും പിന്നണി ഗാനരംഗത്തെത്തുന്നത്. പിതാവിന്റെ മരണത്തോടെ കുടുംബം മുംബൈയിലേക്ക് ചേക്കേറി. ആദ്യം ലതയായിരുന്നു പിന്നണി ഗായികയായത്. ആശ പാടിത്തുടങ്ങുമ്പോഴേക്കും ലത മങ്കേഷ്‌കർ പ്രശസ്തിയുടെ പടവുകൾ കയറി തുടങ്ങിയിരുന്നു. ശംശാദ് ബീഗവും ഗീത റോയിയും ലത മങ്കേഷ്‌കറും വാണ പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. മാത്രമല്ല, ലത മങ്കേഷ്കറുടെയും ആശയുടെയും സ്വരം ഒരുപോലെയായിരുന്നു. ആശ ഭോസ്ലെയുടെ പാട്ടുകൾ ലത മങ്കേഷ്കർ പാടിയതാണെന്ന് പലരും തെറ്റിദ്ധരിച്ചു. മറിച്ചുമുണ്ടായി അനുഭവങ്ങൾ. ലതയുടെ പാട്ട് കേട്ട് അത് തന്റേതാണെന്ന് ഒരു ആരാധകൻ തെറ്റിദ്ധരിച്ചതോടെയാണ് തന്റേതായ ശൈലിക്കായി ആശ ശ്രമം തുടങ്ങുന്നത്. ലതക്ക് സമാനമായ ശബ്ദവുമായി അവരുടെ നിഴലായി തുടർന്നാൽ തിരിച്ചറിയപ്പെടില്ലെന്ന ബോധ്യമുണ്ടായിരുന്നു അവർക്ക്. അതോടെ, ഇംഗ്ലീഷ് സിനിമകളും ആൽബങ്ങളും കണ്ട് അവരുടെ സ്വര വൈവിധ്യമാർന്ന ശൈലി സൂക്ഷ്മമായി നിരീക്ഷിച്ചുതുടങ്ങി. വിവിധ ശൈലികളിലുള്ള ആലാപനത്തിന് ശബ്ദ മോഡുലേഷനുകൾ സ്വായത്തമാക്കി. ആ സ്വയ പരിശീലനം കാലങ്ങളെ അതിജയിച്ച സംഗീത പരീക്ഷണങ്ങളിൽ തുണയായി. തന്റേതായ ശൈലി മുറുകെപ്പിടിച്ചായിരുന്നു പിന്നീടുള്ള സംഗീതയാത്ര.
1943ൽ ‘മാജാ ബൽ’ എന്ന മറാത്തി സിനിമയിലെ ഗാനത്തിലൂടെയായിരുന്നു ആശയുടെ അരങ്ങേറ്റം. 1948ൽ ‘ചുനരിയ’, ’അന്ധോം കി ദുനിയ’ എന്നീ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമയിലേക്ക് കടന്നു. ഇതൊക്കെയും പാടിയത് ഒന്നിലധികം ഗായികമാർക്കൊപ്പമായിരുന്നു. പിന്നാലെ വന്ന ‘രാത് കി റാണി’യിലാണ് തനിച്ച് പാടുന്നത്.
കൂട്ടുകെട്ടുകൾ
’50കളുടെ മധ്യത്തിൽ ഒ.പി. നയ്യാറുമായുള്ള കൂട്ടുകെട്ട് പാട്ട് ജീവിതത്തിൽ വഴിത്തിരിവായി. ലതയെപ്പോലുള്ള നനുത്ത ശബ്ദത്തിന്റെ ആരാധകനായിരുന്നില്ല നയ്യാർ. 1956ലെ
‘സി.ഐ.ഡി’യിലൂടെ ആയിരുന്നു കൂട്ടുകെട്ടിന് തുടക്കം. ആ ബന്ധം 1974 വരെ തുടർന്നു. അതോടെ ആശ മറ്റുള്ള സംഗീതസംവിധായകരുടെ നോട്ടപ്പുള്ളിയായി. പിന്നീട് ഖയ്യാം, ശങ്കർ-ജയ്കിഷൻ, രവി, ആർ.ഡി. ബർമൻ, ബപ്പിലാഹിരി, അനുമാലിക്, എ.ആർ. റഹ്മാൻ, ഇളയരാജ തുടങ്ങിയ സംഗീത സംവിധായകരുടെയും ഇഷ്ടഗായികയായി മാറി. ഓരോ കൂട്ടുകെട്ടിലും ഹിറ്റുകൾ പിറന്നു. പോപ്, കാബറെ, റോക്ക്, ഡിസ്‌കോ, ഗസൽ, ക്ലാസിക്കൽ തുടങ്ങി കാലത്തെ അതിജയിച്ച സംഗീതപരീക്ഷണങ്ങളിലൂടെ എല്ലാ തലമുറയുടെയും പ്രിയ ഗായികയായി ആശ.
നായികമാർ അന്നത്തെ കുടുംബ സങ്കൽപങ്ങൾക്കൊത്താകണമെന്ന് കരുതിയ കാലത്ത് നേരെയുള്ള പാട്ടുകൾക്ക് ലതയെ ഉപയോഗിച്ച സംഗീത സംവിധായകർ വൈകാരികതയടങ്ങിയ ശബ്ദ മോഡുലേഷനുകളുള്ള ഗാനങ്ങൾക്ക് ആശയെ വിളിച്ചു. അത്തരം പാട്ടുകളിലെ വൈകാരികതമുറ്റുന്ന ശബ്ദമോഡുലേഷനുകൾ വെല്ലുവിളിതന്നെയായിരുന്നു. ആശ പറഞ്ഞാൽ ഗാന രചയിതാക്കളും സംഗീത സംവിധായകരും വരികളിലും ഈണത്തിലും എന്തു വിട്ടുവീഴ്ചക്കും തയാറാകുമായിരുന്ന കാലമായിരുന്നു അത്. ആശയെക്കൊണ്ട് പാടിക്കാൻ സംഗീതജ്ഞർ കാത്തുനിന്ന കാലം. എന്നാൽ, ആശ വെല്ലുവിളികൾ ഏറ്റെടുത്തു. ഒരിക്കൽ ‘ഇജാസത്ത്’ എന്ന സിനിമയിലെ ‘ചോട്ടി സി കഹാനി സെ’ എന്ന പാട്ടിന്റെ കത്ര, കത്ര എന്ന തുടക്കത്തിന് ആർ.ഡി. ബർമൻ നൽകിയ ഈണം കേട്ട് ആശ ആദ്യമൊന്ന് പകച്ചു. 1988ലാണ്. സാങ്കേതികവിദ്യകളൊന്നും അത്രയില്ലാത്ത കാലം. ആശയുടെ പകപ്പ് കണ്ട് മാറ്റം വരുത്താൻ ആർ.ഡി. ബർമൻ തയാറായിരുന്നു.
എന്നാൽ, ബർമൻ ഉദ്ദേശിച്ചതുപോലെത്തന്നെ ആശ പാടി. ഈ പാട്ട് പിറക്കുന്നതിൽ മറ്റൊരു കഥകൂടിയുണ്ട്. ഗുൽസാറിന്റേതാണ് വരികൾ. വരികൾ കണ്ടു ആർ.ഡി. ബർമൻ ക്ഷുഭിതനായിരുന്നു. ‘ഇങ്ങനെ പോയാൽ ടൈംസ് ഓഫ് ഇന്ത്യയുടെ മുഖപ്രസംഗത്തിനും ഈണം നൽകേണ്ടി വരു’മെന്ന് ദേഷ്യപ്പെട്ടിരിക്കെ ആശ ഒരു വരി തന്റേതായ ഈണത്തിൽ മൂളി. ആ മൂളലിൽ നിന്നാണ് ആ പാട്ടിന് ബർമൻ ഈണമിടുന്നത്. ആ പാട്ടിന്റെ രചനക്കും ആലാപനത്തിനും ദേശീയ പുരസ്കാരം ലഭിച്ചുവെന്നത് മറ്റൊരു കഥ.
ഇടവേള, തിരിച്ചുവരവ്
’90കളിൽ പിന്നണിഗാന രംഗത്തുനിന്നു പതിയെ പിൻവാങ്ങാൻ ശ്രമംനടത്തിയിരുന്നു ആശ. 1995ൽ ‘രംഗീല’ എന്ന ചിത്രത്തിലൂടെ എ.ആർ. റഹ്മാൻ അവരെ തിരിച്ചുകൊണ്ടുവരുകയായിരുന്നു.
ജീവിതത്തിൽ പരസ്പരം താങ്ങും തണലുമായിരുന്നെങ്കിലും ആശ ഭോസ്ലെക്കും ലത മങ്കേഷ്കർക്കുമിടയിൽ ശക്തമായ മത്സരമുണ്ടായിരുന്നു, പിണക്കങ്ങളും. ഒന്നും അതിരുവിട്ടില്ലെന്ന് ഒരിക്കൽ ആശ അഭിമുഖത്തിൽ പറഞ്ഞു. 16ാം വയസ്സിൽ കുടുംബത്തെ വകവെക്കാതെ ആശ ഗൺപത്‌റാവു ഭോസ്ലെയെ വിവാഹം ചെയ്തതോടെ വർഷങ്ങളോളം ഇരുവരും പരസ്പരം കണ്ടും മിണ്ടിയുമില്ല. ആദ്യമാദ്യം ആശക്ക് പിന്തുണ നൽകിയ ഗൺപത്റാവു പിന്നീടവരെ സംശയിച്ചുതുടങ്ങി. സംഗീതത്തെ മുറുകെപ്പിടിച്ച ആശ ഗണപത്റാവുവുമൊത്തുള്ള ജീവിതം അവസാനിപ്പിച്ചു മടങ്ങി. 1966ൽ ആയിരുന്നു ഇത്. ഒ.പി. നയ്യാറുമായുള്ള ആശയുടെ സംഗീതകൂട്ടുകെട്ടും ലതക്ക് ഇഷ്ടമായില്ല. ലതയുടെ നനുത്ത ശബ്ദത്തേക്കാൾ വിവിധ മോഡുലേഷനുകൾക്ക് വഴങ്ങുന്ന ആശയുടെ ശബ്ദത്തോടായിരുന്നു നയ്യാറിന് പ്രിയം. പിണക്കക്കാലത്ത് ആശയും ലതയും ഒരുമിച്ചു പാടുന്നത് അപൂർവമായിരുന്നു. ഒരുമിച്ചു പാടേണ്ടി വന്നപ്പോഴൊക്കെ പരസ്പരം കണ്ണുടക്കാതിരിക്കാൻ പാട്ടുപുസ്തകംകൊണ്ട് ഇരുവരും മുഖം മറച്ചു. ഇങ്ങനെയൊക്കെ ഉണ്ടായെങ്കിലും തന്റെ ഒമ്പതാം വയസ്സിൽ അച്ഛൻ മരിച്ചത് മുതൽ നിഴലായി ചേർത്തുനിർത്തിയ ‘ദീദി’യിൽനിന്നെങ്ങനെ അകന്നുപോകും. അവർക്കതിന് കഴിയുമായിരുന്നില്ല. പഠനകാലത്ത് ക്ലാസ് മുറിയിൽ ഒപ്പം കൂട്ടിയ അനുജത്തിയെ ക്ലാസിൽ ഇരുത്താനാകില്ലെന്ന് പറഞ്ഞതോടെ പഠിപ്പ് നിർത്തിയതാണ് ലത. 2022ൽ തന്റെ 92ാം വയസ്സിൽ ലത മങ്കേഷ്കർ വിടവാങ്ങിയതോടെ ആശയും സംഗീതജീവിതത്തിൽനിന്നു പിൻവലിഞ്ഞുതുടങ്ങി.
ഗണപത് റാവുവുമായുള്ള ജീവിത കൂട്ടുകെട്ടിനെയും നയ്യാറുമായുള്ള സംഗീതബന്ധത്തെയും എതിർത്ത ലത മങ്കേഷ്കർ പക്ഷേ, ആശ-ആർ.ഡി. ബർമൻ ബന്ധത്തെക്കുറിച്ച് മൗനംപാലിച്ചു. 1966ൽ ഗണപത്റാവുമായി പിരിഞ്ഞതിനുശേഷം 1980ലാണ് ആശയും ആർ.ഡി. ബർമനും വിവാഹിതരാകുന്നത്. പ്രതിസന്ധികൾക്കിടയിൽ ആശക്ക് തുണയായിരുന്നു ബർമൻ. തന്റെ സംഗീതജീവിതത്തിന് പൂർണത പകർന്നുനൽകിയത് അദ്ദേഹമാണെന്ന് ആശ വിശ്വസിച്ചു. 1994ൽ ഹൃദയാഘാതത്തെ തുടർന്ന് ആർ.ഡി. ബർമൻ കണ്ണടച്ചപ്പോൾ അത് വിശ്വസിക്കാൻ ആശ കൂട്ടാക്കിയില്ല. അദ്ദേഹം മരിച്ചുകിടന്ന മുറിയിലേക്ക് ചെല്ലാനും അവർ തയാറായില്ല. മരിച്ചുകിടക്കുന്ന ‘പഞ്ചമി’നെ തനിക്ക് കാണേണ്ടെന്ന് ശഠിച്ചു. പിന്നീട് മകൾ വർഷ ഭോസ്ലെയുടെ മരണം അവരെ തളർത്തി. 2012ലായിരുന്നു അത്. ഫ്ലാറ്റിനകത്ത് സ്വയം വെടിയുതിർത്ത് ജീവിതം അവസാനിപ്പിക്കുകയായിരുന്നു. അന്ന് ആകെ തളർന്നുപോയ ആശയെ സഹോദരൻ ഹൃദയനാഥ് മങ്കേഷ്കറാണ് സംഗീതജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തൊട്ടുപുറകെ 2015ൽ അർബുദബാധിതനായി മൂത്തമകൻ ഹേമന്ത് ഭോസ്ലെയും വിടവാങ്ങി. തളർന്നപ്പോഴൊക്കെയും സംഗീതമായിരുന്നു തുണയായത്. സംഗീതമാണ് തന്റെ ശ്വാസമെന്നു പറഞ്ഞ ആശ ഇന്ന് ശ്വാസംനിലച്ച് നിശ്ചലയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

