പാട്ടിൽ തുറക്കുന്ന ജാലകങ്ങൾ
text_fieldsമലയാളിയുടെ പാട്ടുലോകം ജാലകങ്ങളുടെ കൂടി ലോകമാണ്. പാട്ടിൽ അനുഭവത്തിന്റെയും അനുഭൂതിയുടെയും രണ്ട് ലോകങ്ങൾ പണിയുന്നുണ്ട് ജാലകങ്ങൾ. പാട്ടിൽ ജാലകമൊരു നാദ സൗന്ദര്യ പ്രപഞ്ചമായി വഴിമാറുന്നു. വികാരവിനിമയത്തിന് പാട്ടിലുള്ള എഴുത്താണിത്. ജാലകം കൊണ്ടുവരുന്ന പ്രണയ വിനിമയങ്ങൾ പലതാണ്. അനുഭൂതിയുടെ സംവദനം ഇതിലൂടെ നടക്കുന്നു. പ്രണയത്തിന്റെ ഉദാത്തമായ നിനവുകൾ ജാലകം വഴി വിനിമയം ചെയ്യപ്പെടുന്നു. പ്രണയത്തിന്റെ സൂക്ഷ്‌മമായ നിറവേറലുകൾ ഈ കിളിവാതിലുകൾ സാധ്യമാക്കിത്തരുന്നു. പ്രണയത്തിന്റെ രൂപകമെന്നോണം പാട്ടിലൊരു ജാലകം തെളിയുന്നു.
മലയാളത്തിൽ ജാലക സാന്നിധ്യമുള്ള ഗാനങ്ങൾ നിരവധിയാണ്. പ്രണയത്തിന്റെ സത്തിനെ അനശ്വരതയിലേക്ക് വിവർത്തനം ചെയ്യുകയായിരുന്നു ജാലകങ്ങൾ. ജാലകത്തിനരികിൽ, ജാലകത്തിനപ്പുറം, ജാലക വെളിയിൽ, ജാലകപ്പടിയിൽ, ജാലക നിഴലിൽ, ജനൽത്തിരശ്ശീലയിൽ... അങ്ങനെയങ്ങനെ എത്രയെത്ര ജാലക ദൃശ്യങ്ങൾ. അനുരാഗത്തിന്റെ ഏറ്റവും വിലോലമായ സന്ദർഭങ്ങൾ പാട്ടിൽ പലപ്പോഴും സംഭവിച്ചത് ജാലകത്തിന് അരികിലായിരുന്നു. മഴ, പക്ഷി, കാറ്റിന്റെ ശബ്‌ദം, തെന്നൽ, നിലാവെളിച്ചം, മഞ്ഞ്... അങ്ങനെയങ്ങനെ പാട്ടൊരു ജാലകോപനിഷത്തായിത്തീരുന്നു.
‘കിളിവാതിലിൽ മുട്ടിവിളിച്ചത് കിളിയോ, കാറ്റോ, കിളിയല്ല , കാറ്റല്ല , കളിത്തോഴനാണ്, നിൻ കളിത്തോഴനാണല്ലോ...’ എന്ന വയലാറിന്റെ വരികളിൽ കിളിവാതിൽ, പ്രണയത്തിന്റെ പ്രവേശന കവാടമായി മാറുന്നു. മാനസജാലക വാതിൽ തുറന്നു നാണം കുണുങ്ങി നിൽക്കുന്ന അന്തഃപ്പുരക്കിളിയെ പാട്ടിൽ കൊണ്ടുവന്നതും വയലാറാണ്. ‘ഏകാന്ത ജാലകം’ എന്ന വാക്ക് പാട്ടിൽ ആദ്യമായി ഉപയോഗിച്ചത് വയലാർ ആയിരുന്നു. ‘എഴുന്നേൽക്കൂ, എഴുന്നേൽക്കൂ, ഏകാന്ത ജാലകം തുറക്കൂ’ എന്ന് കവി ഒരു പാട്ടിൽ പ്രണയിനിയോട് അഭ്യർഥിക്കുന്നുണ്ട്.
ജാലകം ദ്യോതിപ്പിക്കുന്ന ഏകാന്തതാ പാരമ്യങ്ങൾ എത്രയോ ഗാനങ്ങളിൽ നാമറിഞ്ഞു. ‘പൂമുഖക്കിളിവാതിൽ അടയ്ക്കുകില്ലാ, കാമിനി നിന്നെ ഞാൻ ഉറക്കുകില്ല’ എന്ന വരിയിലും പ്രണയത്തിന്റെ പൂക്കൾ വിരിയുന്നുണ്ട്. ‘എന്റെ രാജകുമാരൻ തേരിൽ എന്നുമീ വഴി പോകുമ്പോൾ എൻ മണിമച്ചിലെ കിളിവാതിൽക്കൽ എന്നും കാണാനായ് നിന്നു, ഞാനവനെ കാണാനായ് നിന്നു, രാത്രിമുല്ല പൂത്തുനിൽക്കും നിന്റെ വഴിയിൽ രാഗമൂകനാം നിന്റെ കാമുകൻ നിൽപൂ, നിൻ സഖിമാരറിയാതെ, കൈവളകൾ കിലുങ്ങാതെ നിൻ കിളിവാതിൽ തുറന്നാലും...’ -പി. ഭാസ്‌കരൻ മാഷിന്റെ ഒരു പാട്ടിലെ വരികളാണിവ. ഈ പാട്ടിൽ മറ്റെന്തിനേക്കാളും പ്രാധാന്യം കിളിവാതിലിനാണ്. ‘വീണയിൽനിന്നും കരലാളനത്താൽ വിരഹ ഗാനം നീയൊഴുക്കുമ്പോൾ ഞാനൊരു കിളിയായ് ജാലകപ്പടിയിൽ ഗാനം കേൾക്കാൻ വന്നിരുന്നു’ എന്ന ഭാസ്‌കരൻ മാഷിന്റെ പാട്ടുവരിയിലും ജാലക സാന്നിധ്യം നാമറിയുന്നുണ്ട്.
പ്രണയജീവിതത്തെ എഴുതാനായി ജാലകത്തിന്റെ പല മാനങ്ങൾ പാട്ടിൽ കവികൾ കണ്ടെടുക്കുന്നു. ‘തങ്കം നിനക്കുള്ള പിച്ചക മാലയുമായ് സംക്രമപ്പൂനിലാവിറങ്ങി വന്നു, നിൻ കിളിവാതിലിൽ പതുങ്ങി വന്നു’ എന്ന വരിയിൽ ജാലകത്തിന്റെ സാമീപ്യം പ്രണയസ്മൃതിയെ പ്രകടമാക്കുന്നു. ജാലകമെന്നത് ഓർമയുടെ രൂപകമായിത്തീരുന്നു. ‘ഗോപുരക്കിളി വാതിലിൽ നിൻ നൂപുരധ്വനി കേട്ട നാൾ, ഞാൻ മറന്നു ഞാൻ മറന്നു സ്വാഗതഗീതം’ എന്ന വരികൾതന്നെ ഓർമയെ പുനർനിർവചിക്കുന്നു. ‘മന്മഥനാം ചിത്രകാരൻ മഴവില്ലിൻ തൂലികയാലേ കിളിവാതിലിൽ എഴുതിച്ചേർത്ത മധുര ചിത്രമേ’ എന്ന് പ്രണയിനിയെ സംബോധന ചെയ്യുമ്പോൾ ആ പാട്ടിലും കിളിവാതിൽ വലിയ സാന്നിധ്യമാകുന്നു. പി. ഭാസ്കരന്റെ പാട്ടിൽ ഒരു ജാലക യവനിക അതിന്റെ എല്ലാ ഭംഗിയോടും കൂടി ഉയരുന്നുണ്ടായിരുന്നു.
ഈ വരികൾ ശ്രദ്ധിക്കൂ. ‘കൈവിരൽ കൊണ്ടെൻ കവിളിൽ നല്ലൊരു കവിത കുറിച്ചപ്പോൾ ആനന്ദത്തിൻ ലഹരിയിലറിയാതാടിപ്പാടി ഞാൻ കിളിവാതിൽ തുറന്നപ്പോൾ കളിയാക്കാൻ ചന്ദ്രിക വന്നു...’ ഇവിടെ കിളിവാതിൽ എന്നത് പ്രതീക്ഷയുടെയും പ്രത്യാശയുടെയും പ്രണയത്തിന്റെയുമൊക്കെ കവാടമായി തീരുകയാണ്. ഭാസ്‌കരൻ മാഷ് മറ്റൊരു കിളിവാതിൽ പ്രത്യക്ഷമാക്കുന്നതിങ്ങനെയാണ്. ‘മലർമാസപ്പൂനിലാവ് പറന്നുവരാൻ കിളിവാതിൽ നിര മാത്രം തുറന്നുവെക്കും’. ഇവിടെയും പ്രണയത്തിന്റെ ദൃശ്യപാഠമായി ജാലകം പാട്ടിൽ ആവർത്തിക്കപ്പെടുന്നു. ‘വാസന്ത പഞ്ചമി നാളിൽ വരുമെന്നൊരു കിനാവ് കണ്ടു, കിളിവാതിലിൽ മിഴിയും നട്ടു കാത്തിരുന്നു ഞാൻ...’ ഇവിടെ കിളിവാതിൽ കാത്തിരിപ്പിന്റെയും കിനാവിന്റെയും പ്രതീക്ഷയുടെയുമൊക്കെ രൂപകമായി മാറുകയാണ്. ഒ.എൻ.വിയുടെ പാട്ടിൽ തുറന്നിടുന്ന ഭാവനയുടെ ജാലകങ്ങൾ ശ്രദ്ധേയമാണ്. ‘ജാലക നിഴലിൽ ഒരു പക്ഷിയായ് ഞാൻ പാടും നിനക്കായ് പാടും’ എന്ന വരിയിൽ ഏകാകിതയുടെ ശിൽപ വാങ്മയമാകുന്നു ജാലകം.
‘സ്നേഹദൂതുമായ് നിന്റെ നീൾമിഴി ഏതു ജാലകം തേടുന്നു’ എന്ന വരിയിൽ വലിയ പ്രതീക്ഷയുടെ ദൃശ്യ വിചാരമുണ്ട്. ‘കാതരയായൊരു പക്ഷിയെൻ ജാലക വാതിലിൻ ചാരെ ചിലച്ച നേരം’ എന്ന പാട്ടുവരിയിൽ ഗൃഹാതുരതയുടെ അടയാളമായി മാറുകയാണ് ജാലകം. ‘ജാലകപ്പക്ഷി ’എന്നൊരു ഇമേജ് ഒ.എൻ.വിയുടെ പല ഗാനങ്ങളിലും കാണാം. ‘പൊൻകിനാക്കിളി ഒന്നു പാടുവാൻ എന്റെ ചിത്രജാലകത്തിൽ വന്നിരുന്നു നീ’ എന്ന വരിയിലെ ചിത്രജാലകത്തിൽ വിരുന്നുവന്ന കിനാവിന്റെ കിളിയെ വരച്ചുകാട്ടുകയാണ് കവി.
‘ജാലക വിരികളിലാരുടെ നിഴലിന്റെ ചാരുത പൂത്തുലഞ്ഞു നിന്നു’ എന്ന് സന്ദേഹിക്കുന്ന ഒരു നായിക ഒ.എൻ.വിപ്പാട്ടിലുണ്ടായിരുന്നു. ‘ജാലകത്തിൻ നീലവിരി നീക്കി നിന്നെൻ നേരെ, നീയെറിഞ്ഞ നീൾമിഴിയന്നെൻ കരളിൽ കൊണ്ടു’ എന്ന ഒ.എൻ.വിയുടെ അവസാനകാല ഗാനത്തിലും ജാലകം പ്രണയത്തിന്റെ നീലവെളിച്ചം സമ്മാനിക്കുന്നു. പ്രണയം വിരുന്നുവരുന്ന സങ്കൽപജാലകങ്ങൾ അങ്ങനെ ഒ.എൻ.വിയുടെ പാട്ടിലും വേണ്ടുവോളമുണ്ടായിരുന്നു. പ്രണയത്തിന്റെ പ്രതിഷ്ഠാപന ശിൽപമായി ജാലകം മാറുന്നു. ഭാവഗീതാത്മകതയിലേക്ക് തുറക്കുന്ന കൽപനാജാലകങ്ങളായിരുന്നു ഒ.എൻ.വിയുടെ പാട്ടുകൾ. ജാലകമിവിടെ കാൽപനികതയെ പുനർവിഭാവനം ചെയ്യുന്നു. യൂസഫലി കേച്ചേരിയുടെ പാട്ടുകളിലെ ജാലകച്ചിത്രങ്ങൾ മറ്റൊരു രീതിയിലാണ്. പാട്ടിലേക്ക് തുറക്കുന്ന ഒരു ‘റൊമാന്റിക് വിൻഡോ’ അവിടെയുണ്ട്. ‘അയലത്തെ ജനലിലൊരമ്പിളി വിടർന്നു അലകടലായെൻ മനമുണർന്നു’ എന്ന വരിയിൽ ഇത്തരമൊരു കാഴ്ചയുണ്ടല്ലോ. ‘ജാലകത്തിരശ്ശീല നീക്കി ജാലമെറിയുവതെന്തിനോ’ എന്ന സന്ദേഹ സങ്കൽപത്തിലും ജാലകമൊരു ദൃശ്യ സൗന്ദര്യ പ്രപഞ്ചമാകുന്നു. ‘ജനൽത്തിരശ്ശീല മെല്ലെ ഇളം കാറ്റിലുലഞ്ഞപ്പോൾ ജമന്തിപ്പൂ മുഖമൊന്നു കണ്ടു ഞാൻ’ എന്ന പാട്ടിൽ ഈ ജാലക ദൃശ്യങ്ങൾ പൂർണമാവുകയും ചെയ്യുന്നു.
ജാലകം പ്രണയകാലത്തേക്കും പ്രണയലോകത്തേക്കും ഒരേ സമയം തുറക്കപ്പെടുകയാണ് ബിച്ചു തിരുമലയുടെ പാട്ടിൽ. ‘കൺ ചിമ്മിയോ നിൻ ജാലകം ഏതോ നിഴൽത്തുമ്പികൾ തുള്ളിയോ, കാതോർക്കയായ് എൻ രാവുകൾ കാറ്റായ് വരും നിന്റെ കാൽത്താളവും’ എന്ന വരിയിൽ ഒരു പ്രണയ ജാലകം തുറക്കുന്നുണ്ട്. ‘നിന്നെ തലോടും തെന്നൽ കള്ളക്കൊഞ്ചലുമായി പമ്മിപ്പതുങ്ങി വന്നു കിളിവാതിലിലൂടെ’ എന്ന വരിയിൽ ബിച്ചു തിരുമല കൊണ്ടുവരുന്ന പ്രണയത്തിന്റെ ഹർഷ നിമിഷങ്ങൾക്ക് ഭംഗിയേറുന്നു.
‘ഏകാന്ത യാമങ്ങളിൽ എന്നെ പ്രേമസാരംഗിയാക്കുവാൻ എന്നിലാർദ്രഗീതം മീട്ടാൻ ജനലഴിയിൽ ഹിമകരൻ പോലെ ഒഴുകിവരൂ ഇതിലേ’ എന്ന പൂവച്ചൽ ഖാദറിന്റെ ഗാനം കേൾക്കുമ്പോൾ അതിൽ ജാലകം ഏകാന്തതയുടെ നിശ്ചല ശിൽപമാകുന്നു. ‘ഇന്നോർമയിൽ കിളിവാതിലുകൾ താനേ തുറന്നുവല്ലോ’ എന്ന പാട്ടുവരിയിൽ കെ. ജയകുമാർ ഗൃഹാതുര സ്മൃതിയുടെ ജാലകം താനേ തുറന്നിടുകയാണ്. ‘ആരോമലേ കിളിവാതിൽ പാളികൾ നീ തുറന്നു, നീ ചൊരിഞ്ഞു പ്രേമഗാനമാധുരി’ എന്ന പാട്ടിൽ എം.ഡി. രാജേന്ദ്രൻ ഏകാന്ത പ്രണയത്തിന്റെ ജാലകപ്പാളികൾ അടക്കുന്നേയില്ല. ഏകാന്തവും നിശ്ശബ്ദവുമായ ആന്തരലോകത്തോട് സംവദിക്കുകയാണ് ഈ ജാലകങ്ങൾ.
‘ഏകാന്ത ജാലകം തുറക്കൂ ദേവി’ എന്ന സല്ലാപം സിനിമയിലെ പാട്ടിൽ കൈതപ്രം പ്രണയ വിനിമയത്തിന്റെ അനശ്വര മുഹൂർത്തമൊരുക്കുന്നു. ‘വസന്തരാവിൻ കിളിവാതിൽ തുറന്നതാരാണ്’ എന്ന വരിയിൽ വസന്തത്തെ ആനയിക്കുന്നത് ജാലകമാണ്. ‘തളിരോലക്കൈ നീട്ടും കതിരോനെ പോലെ അവനെന്നെ തേടിയെത്തുമ്പോൾ, പറയാൻ വയ്യാതെ പാടാൻ വയ്യാതെ കിളിവാതിൽ പാതിയിലൂടെ കൺകുളിരെ ഞാൻ കാണും കണ്ണോട് കൺ നിറയും’ എന്ന വരികളിൽ കൈതപ്രം പറയുന്നതും പാടുന്നതും മറ്റൊന്നല്ല. ‘താനേ തുറക്കുന്ന ജാലകച്ചില്ലിൽ നിൻ തെളിനിഴൽച്ചിത്രം തെളിഞ്ഞതാവാം’ എന്ന ഗിരീഷ് പുത്തഞ്ചേരിയുടെ സന്ദേഹ കൽപനയിലും ജാലകം ദൃശ്യസുന്ദരമാകുന്നു. ചന്ദന ജാലകങ്ങളും നീല ജാലകങ്ങളും മോഹമന്ത്ര ജാലകങ്ങളുമെല്ലാം ഗിരീഷിന്റെ പാട്ടുകളിൽ പ്രണയം പങ്കുവെച്ചു. ഇങ്ങനെ നിരവധി ജാലകങ്ങളുള്ള ഒരു വീട് പോലെയാകുന്നു പാട്ട്. ജാലകങ്ങൾ പാട്ടിൽ പ്രയുക്തമാക്കുന്ന സുവർണാനുഭൂതികൾ അനന്യമാണ്. അവ പാട്ടിന് മറ്റെങ്ങും ദൃശ്യമാകാത്ത മിഴിവ് നൽകുന്നു. അത് നമ്മുടെ മനസ്സിലേക്ക് സദാ ഉന്മുഖമാകുന്ന ചേതനകൾ പകരുന്നു. പാട്ട് തന്നെ നമ്മുടെ മനസ്സിലേക്ക് എല്ലായ്പ്പോഴും തുറക്കുന്ന ഒരു ജാലകമായി മാറുന്നു. അതിന്റെ പ്രത്യക്ഷങ്ങൾ സീമാതീതമോ കാലാതീതമോ ഒക്കെയായി ഓരോ ആസ്വാദകനിലേക്കും സഞ്ചരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

