എ.ആർ. റഹ്‌മാന്റെ മകൾ ഖദീജ സംഗീത സംവിധായികയാകുന്നു
text_fieldsഎ.ആർ റഹ്മാന്‍റെ മൂത്ത മകൾ ഖദീജ റഹ്മാൻ സംഗീത സംവിധായികയാകുന്നു. ഹാലിത ഷമീം സംവിധാനം ചെയ്യുന്ന ‘മിൻമിനി’ എന്ന തമിഴ് ചിത്രത്തിലെ ഗാനങ്ങൾക്കാണ് ഖദീജ ഈണമൊരുക്കുന്നത്. ഖദീജക്കൊപ്പം സ്റ്റുഡിയോയിൽനിന്നുള്ള ചിത്രം ഹാലിത സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
ഖദീജ റഹ്മാൻ എന്ന അസാധാരണ പ്രതിഭക്കൊപ്പം പ്രവർത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. അതുല്യ ഗായികയായ ഇവർ ഒരു മികച്ച സംഗീതസംവിധായായിക കൂടിയാണ് -ഹാലിത ട്വീറ്റ് ചെയ്തു. ‘മിൻമിനി’യിൽ എസ്തർ അനിലും ഗൗരവ് കലൈയും പ്രവീൺ കിഷോറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രജനീകാന്തിന്‍റെ എന്തിരൻ എന്ന ചിത്രത്തിലെ ‘പുതിയ മനിത’ എന്ന ഗാനത്തിലൂടെയാണ് ഖദീജ സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വർഷം മേയിൽ ഖദീജ വിവാഹിതയായിരുന്നു. സംരംഭകനും ഓഡിയോ എൻജിനീയറുമായ റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദാണ് ഭർത്താവ്. ഇതേ വർഷം തന്നെ ഇന്‍റർനാഷണൽ സൗണ്ട് ഫ്യൂച്ചർ പുരസ്കാരം ഖദീജക്ക് ലഭിച്ചു.
പുതിയ ഉദ്യമത്തിന് നിരവധി പേർ ഖദീജക്ക് ആശംസയുമായി എത്തിയിട്ടുണ്ട്. ഖദീജയെ കൂടാതെ റഹ്മാൻ - സൈറ ബാനു ദമ്പതികൾക്ക് റഹീമ, എ.ആർ അമീൻ എന്നീ രണ്ട് മക്കൾ കൂടിയുണ്ട്.

