Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മായാത്ത ഈണങ്ങളിൽ തനിയെ ഒരാൾ

text_fields
bookmark_border
അങ്ങനെ ഒരു ഗായകനായി അറിയപ്പെടാൻ തുടങ്ങിയ കാലത്താണ് എം.എസ്. ബാബുരാജ് അബൂബക്കറിനെ തന്റെ സംഘത്തിൽ പാടാൻ ക്ഷണിക്കുന്നത്. പെൺ ശബ്ദത്തിൽ പാടുമായിരുന്ന അബൂബക്കറിന്റെ ഗാനങ്ങൾ ശ്രോതാക്കൾക്ക് ഇഷ്ടപ്പെട്ടപ്പോൾ വേദികളിൽനിന്ന് വേദികളിലേക്കുള്ള യാത്രയായി
മായാത്ത ഈണങ്ങളിൽ തനിയെ ഒരാൾ
cancel

കോഴിക്കോട് പന്നിയങ്കരക്കാരും കല്ലായിയിലെ അടുത്ത സുഹൃത്തുക്കളും നാട്ടുകാരും സ്നേഹത്തോടെ ഔക്കുഭായ് എന്ന് വിളിക്കുന്ന കോഴിക്കോട് അബൂബക്കർ, പ്രിയപ്പെട്ട ഔക്കാക്ക... താളപ്പെരുക്കത്തിന്റെ കൈവഴക്കംകൊണ്ട് അനുവാചക ഹൃദയങ്ങളിൽ ഇശലിമ്പത്തിന്റെ മൂളക്കം പരത്തിയ പാട്ടുകാരൻ. കെട്ടിയ ഈണവും കൊട്ടിയ താളവും ഹൃദയത്തിൽ മൗന സംഗീതമായി കൊണ്ടുനടന്ന് ആരോടും പരിഭവമില്ലാതെ താനൊരു സംഗീതജ്ഞനാണെന്നോ പാടിപ്പതിഞ്ഞ ഒരുപറ്റം ഗാനങ്ങളുടെ ശിൽപിയാണെന്നോ ഭാവിക്കാതെ, പ്രതിഭാധനത്വം നിറഞ്ഞ പാട്ടിന്റെ കനമേറിയ മൗനങ്ങളിലൂടെ അർഥംവെച്ച പുഞ്ചിരിയും ചുമന്ന് ആൾക്കൂട്ടത്തിൽ തനിയെ നടക്കുന്ന ഒരു പഴയ തബലിസ്റ്റ്.

ഔക്കാക്ക

മാപ്പിളകലാസാഗരതീരത്ത് പിച്ചവെച്ച കാലം, ഇഷ്ടക്കൂടുതൽകൊണ്ട് ഹൃദയം തുറന്നുവെച്ച്, ബാപ്പച്ചിയുടെ തറവാട്ടിലെ പഴയ നാഷനൽ കമ്പനിയുടെ ടേപ് റെക്കോഡറിനു മുന്നിൽ കൗതുകത്തോടെ കാതോർത്തുനിൽക്കുന്ന ബാല്യകാല സ്മരണകളിൽ ഔക്കാക്കയുണ്ട്. തരംഗിണിയുടെ പഴയ മാപ്പിളപ്പാട്ട് കേസറ്റിൽ കേട്ട പാട്ടുകളുടെ കൂട്ടത്തിൽ ‘അള്ള റസൂലിനെയും കഴിച്ചെല്ലാറ്റിനും സഖിയാണോരേ...’ എന്ന ഗാനത്തിന്റെ വശ്യമായ ആ ഈണം എന്താണെന്നറിയില്ല, ആത്മനൊമ്പരമായി മനസ്സിൽ തട്ടിയിട്ടുണ്ട്. അന്നുമുതലേ ആ ഈണത്തിന്റെ ശിൽപി ആരായിരിക്കും എന്ന ചോദ്യം മനസ്സിന്റെ അടിത്തട്ടിൽ ചോദ്യചിഹ്നമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം മാപ്പിളപ്പാട്ടിലും പാട്ടെഴുത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്ത സമയത്ത് പല ഓർക്കസ്ട്ര ടീമിലും ഔക്കാക്ക എന്ന മെലിഞ്ഞു നീണ്ട മനുഷ്യൻ തബലയിൽ താളമേളപ്പെരുക്കം തീർത്തപ്പോൾ, അദ്ദേഹത്തെ ഞാനും പതുക്കെ പതുക്കെ തിരിച്ചറിയുകയായിരുന്നു. അന്ന് മനസ്സിൽ തട്ടിയ, ഹൃദയത്തിൽ ഉന്മാദം നിറച്ച തനിമയുടെ മൂളക്കങ്ങളുടെ ഉൾവിളികളിൽ, അലിഞ്ഞുചേർന്ന ഇശലിമ്പങ്ങൾ, അദ്ദേഹത്തിന്റെ കരവിരുതിൽനിന്നാണെന്നറിഞ്ഞപ്പോൾ കൗതുകവും ആത്മഹർഷവും ഒരുമിച്ചായിരുന്നു.

മാപ്പിളപ്പാട്ട് രംഗത്തെ ഒരുപറ്റം അതികായന്മാർ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്ര ഈണങ്ങളും, അതിനപ്പുറം വൈവിധ്യമാർന്ന ശബ്ദമാധുര്യത്തിനുടമകളായ ഗായികാഗായകൻമാരുടെ ഒരു നീണ്ട നിര തന്നെ അദ്ദേഹത്തിലൂടെ കടന്നുപോയി. എന്റെ ചില വരികൾക്കും അദ്ദേഹം ഈണം നൽകി. പിൽക്കാലത്ത് വിളയിൽ ഫസീല ഒരു സംഭാഷണത്തിൽ പറഞ്ഞതായി ഓർക്കുന്നു. വി.എം കുട്ടി മാസ്റ്ററുടെ ഗാന സംഘത്തിൽ തബലിസ്റ്റായി പ്രവർത്തിക്കുന്ന കാലത്താണ്, ‘ഉടനെ കഴുത്തെന്റെതറുക്കൂ ബാപ്പാ. ഉടയോൻ തുണയില്ലേ നമുക്ക് ബാപ്പാ...’ എന്ന ഗാനത്തിന്റെ ഈണം അവുക്കാക്കയുടെ ശ്രദ്ധയിൽവരുന്നത്. പ്രാക്ടീസിന്റെ സമയത്ത് പാട്ടുകേട്ട് അദ്ദേഹം പറഞ്ഞു ‘ഈ ഗാനത്തിന്റെ വശ്യവും ഹൃദ്യവുമായ വരികൾക്കൊത്ത ഒരു ഈണമായി ഇതിനെ എനിക്ക് തോന്നുന്നില്ല’ എന്ന്. 1976 കാലഘട്ടത്തിൽ വടകര കൃഷ്ണദാസും വിളയിൽ വത്സലയും (ഇന്ന് ഫസീല) ചേർന്ന് ആലപിച്ച പി.ടി. അബ്ദുറഹ്മാൻ എഴുതിയ ‘ഉടനെ കഴുത്ത്’ എന്ന ആ ഗാനം ഔക്കാക്ക ചിട്ടപ്പെടുത്തിയപ്പോൾ മാപ്പിളപ്പാട്ടാസ്വാദകർക്ക് അത് ഒരു പുത്തൻ അനുഭൂതി നൽകി. ആ ഗാനത്തിന്റെ ഇന്ന് കേൾക്കുന്ന വശ്യമനോഹരമായ ഈണത്തിന്റെ സംഗീത സംവിധായകർ കോഴിക്കോട് അബൂബക്കറാണെന്ന് ഇന്നും പലർക്കും അറിയാത്ത കാര്യമാണ്:

അറിയാക്കഥകൾ

ഗ്രാമഫോൺ ഗാനങ്ങൾക്ക് പ്രചുരപ്രചാരം കിട്ടിയ കാലം തൊട്ട് ഈ രംഗത്ത് മാറ്റിനിർത്താനാവാത്ത നാമമായി മാറി സ്നേഹമുള്ളവർ ഔക്കു ഭായി എന്ന് വിളിക്കുന്ന കോഴിക്കോട് അബൂബക്കർ. പിന്നീട് അറിഞ്ഞു വിജയ് യേശുദാസിനെക്കൊണ്ട് ആദ്യമായി പാട്ടു പാടിച്ചത് ഔക്കാക്കയാണെന്ന്! കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, പഴയ തരംഗിണിയുടെ മൈലാഞ്ചി കാസറ്റിലെ ഉമ്മയെ ചോദിച്ച് പൊന്നും മോള് കരയല്ലേ എന്ന ഗാനത്തിന് മകളുടെ വേർഷൻ പാടിയത് വിജയ് യേശുദാസ് ആണെന്നും, ദാസേട്ടന്റെ വീട്ടിൽ പാട്ട് കമ്പോസ് ചെയ്യുന്ന കാലത്ത് അവിടെ വീട്ടിൽ ചെന്നപ്പോൾ, ദാസേട്ടൻ മകൻ പാടാൻ മടിയനാണെന്നും അവൻ മുകളിലുണ്ട്, ആ പാട്ട് നിങ്ങൾ ഒന്നവനെ പഠിപ്പിച്ചുകൊടുക്കണം, പാടുമോന്ന് നമുക്ക് നോക്കാം എന്നു പറഞ്ഞു. അങ്ങനെ വിജയ് എന്ന കൊച്ചു ഗായകനെ പാട്ട് പഠിപ്പിക്കുകയും ‘ഉപ്പ പോരാ ഉമ്മ തന്നെ വേണമെന്നും മോൾക്ക്’ തുടങ്ങിയ വരികൾ റെക്കോഡിൽ പാടുകയും പാട്ട് ഹിറ്റ് ആവുകയും ചെയ്തത് ചരിത്രം.

ഔക്കുവും മാമുവും

അന്ന് പന്നിയങ്കരയിൽ താമസിക്കുന്ന കാലം കൂട്ടായി മെലിഞ്ഞ് പൊക്കം കുറഞ്ഞ് പല്ലുന്തിയ ചുരുള മുടിക്കാരൻ മാമു, ഇന്നത്തെ നടൻ മാമുക്കോയ. രണ്ടും മെലിഞ്ഞ കോലങ്ങൾ. കുറ്റിച്ചിറ യു.പി സ്കൂളിൽ ഒരേ ക്ലാസിൽ പഠിക്കുന്നവർ. പിന്നീട് ചില കല്യാണവീടുകളിൽ ചെറുസംഘങ്ങൾ ഗാനമേള അവതരിപ്പിക്കാൻ ഉണ്ടെന്നറിഞ്ഞാൽ ഔക്കുവും മാമുവും അവിടെയെത്തും. മാമുവിന്റെ നിർബന്ധബുദ്ധി പല വേദികളിലും ഔക്കുവിന് പാടാൻ അവസരങ്ങളുണ്ടാക്കി. അങ്ങനെ ഒരു ഗായകനായി അറിയപ്പെടാൻ തുടങ്ങിയകാലത്താണ് മലയാള സിനിമ ലോകത്ത് സംഗീത സംവിധായകനായി വിലസുന്ന എം.എസ്. ബാബുരാജ് അബൂബക്കറിനെ തന്റെ സംഘത്തിൽ പാടാൻ ക്ഷണിക്കുന്നത്. പെൺ ശബ്ദത്തിൽ പാടുമായിരുന്ന അബൂബക്കറിന്റെ ഗാനങ്ങൾ ശ്രോതാക്കൾക്ക് ഇഷ്ടപ്പെട്ടപ്പോൾ വേദികളിൽനിന്ന് വേദികളിലേക്കുള്ള യാത്രക്കിടയിൽ മാമു എന്ന സ്നേഹിതനും വളർച്ചയുടെ പടവുകൾ താണ്ടി. പ്രായപൂർത്തിയാകുമ്പോൾ ആൺകുട്ടികൾക്ക് സംഭവിക്കുന്ന ശബ്ദമാറ്റം തനിക്കും പ്രകടമായപ്പോൾ അബൂബക്കർ സ്വയം തിരഞ്ഞെടുത്ത വഴിയാണ് തബല.

കൊട്ടിപ്പഠിച്ച തബല, വായിച്ച ഹാർമോണിയം

ഒരാളുടേയും ശിഷ്യത്വം സ്വീകരിക്കാതെ സ്വയം കൊട്ടിപ്പഠിച്ച തബലിസ്റ്റ്, ഗുരുവിൽനിന്ന് പഠിക്കാതെ തബലയിൽ വിസ്മയം തീർത്ത പ്രതിഭാധനൻ -അതാണ് ഔക്കാക്ക. അക്കാലത്ത് ഗാനമേളകളിൽ ബാബുരാജിന്റെ പ്രിയപ്പെട്ട തബലിസ്റ്റായിരുന്നു ടി. ഉസ്മാൻ. എന്നും അബൂബക്കറിന്റെ പാട്ടുകേട്ട ഉസ്മാനും അബൂബക്കറും ചങ്ങാതിമാരായി. അബൂബക്കറിന്റെ കുട്ടിശബ്ദം അങ്ങനെ ബാബുരാജിന്റെ ട്രൂപ്പിലെ ഫീമെയിൽ ശബ്ദമായി മാറി. കൗമാരമെത്തിയതോടെ ശബ്ദം മാറിത്തുടങ്ങി. ഗായികയുടെ ശബ്ദം അന്യമായി. പതിയെ അബൂബക്കർ തബല വായിക്കാൻ സ്വയം പഠിച്ചെടുത്തു. എസ്.എം. കോയയെ പരിചയപ്പെട്ടതോടെ സുകുമാരൻസ്, ഹട്ടൻസ്, ബ്രദേഴ്‌സ് തുടങ്ങിയ അന്നത്തെ പ്രസിദ്ധ ഓർക്കസ്ട്രകളിൽ അബൂബക്കർ പ്രധാന തബലിസ്റ്റായി. കെ.ടി. മുഹമ്മദിന്റെ സംഗമം, കാലടി ഗോപിയുടെ സമസ്യ എന്നീ നാടക ട്രൂപ്പുകളിലും അദ്ദേഹം തബലിസ്റ്റായി തകർത്തു. ദേവരാജൻ മാസ്റ്റർ മുതൽ ബോംബെ രവി വരെയുള്ളവരുടെ പ്രിയപ്പെട്ട തബലിസ്റ്റായിരുന്നു അബൂബക്കർ. കൂടെത്തന്നെ ഹാർമോണിയത്തിലും ഔക്കു ഭായിയുടെ മനസ്സും കണ്ണും ഉടക്കിനിന്നു. ഔക്കുവിന് ഹാർമോണിയവും താനേ വഴങ്ങി.

ഹാർമോണിയത്തിൽ ലയിച്ച് പുതിയ പുതിയ ഈണങ്ങൾ കണ്ടെത്തിയ അദ്ദേഹത്തിന്റെ പരിശ്രമം, ചുണ്ടിൽനിന്ന് ചുണ്ടുകളിലേക്ക് പാടിപ്പതിഞ്ഞ ഈണങ്ങൾക്ക് പിറവി നൽകുകയായിരുന്നു. ഗ്രാമഫോൺ റെക്കോഡ് മുതൽ കാസറ്റുകളിലും സീഡികളിലുമായി പല ഓഡിയോ കമ്പനികൾക്ക് വേണ്ടി പുതിയ പുതിയ ഈണങ്ങൾ പിറക്കുകയായിരുന്നു. കരയാനും പറയാനും, കണ്ണീരിൽ മുങ്ങി, മൗത്തും ഹയാത്തിനും, യത്തീമിന്നത്താണി, ത്വാഹാ റസൂലുള്ളാവെ, മുത്ത് മെഹബൂബെ, ഖൈറുൽ വറായ സയ്യിദി, മണ്ണിൽ ഞാൻ ജീവിച്ചിരുന്നതും, എന്തിനാണ് നീല കണ്ണിൽ സുറുമ, മക്കയിൽ മണിമുത്ത്, ഖബറാണ് മുന്നില്, മസ്ജിദുൽ ഹറമിന്റെ, അന്ത്യദൂതരെ... ഇങ്ങനെ എത്രയെത്ര പാട്ടുകൾക്കാണ് അദ്ദേഹം ഈണം നൽകിയത്. പല പാട്ടുകളും മറ്റുപലരും കൊണ്ടുപോയി. പാട്ട് മേടിച്ചു കൊണ്ടുപോയവർ, പിന്നെ വിളിക്കാത്തവർ, റെക്കോഡിങ് കഴിഞ്ഞ് പേരു മാറ്റിയവർ, എന്നാൽ അതൊന്നും ഒൗക്കാക്കയെ ബാധിച്ചില്ല. അർഹിക്കുന്ന അംഗീകാരങ്ങൾ അദ്ദേഹത്തിന് കിട്ടിയോ എന്നു ചോദിച്ചാൽ, സ്വതഃസിദ്ധമായ മൗനം നിറച്ച ഒരു ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്.

അറിയാതെപോയ ഈണങ്ങൾ

പ്രതിഭയും ബന്ധങ്ങളും എറെയുണ്ടായിട്ടും നിർഭാഗ്യവശാൽ സിനിമക്ക് വേണ്ടി പാട്ടൊരുക്കാൻ അധികം അവസരം അദ്ദേഹത്തിനു ലഭിച്ചില്ല. എം. കൃഷ്ണൻനായർ സംവിധാനം ചെയ്യുന്ന ‘മൈലാഞ്ചി’ സിനിമയുടെ വർക്കിനിടയിൽ എ.ടി. ഉമ്മർ ചിത്രത്തിലേക്ക് അബൂബക്കറിനെ കൂട്ടിക്കൊണ്ടുപോയി. ചിത്രത്തിൽ ഒരു മാപ്പിളപ്പാട്ടും ഒരു ഒപ്പനപ്പാട്ടും വേണം. പക്ഷേ, സംഗീതസംവിധായകൻ എ.ടി. ഉമ്മറിന്റെ പേരു മാത്രമേ വെക്കാൻ കഴിയൂ എന്ന് പറഞ്ഞു. വിരോധമൊന്നും പറയാതെ അബൂബക്കർ രണ്ടു ഗാനങ്ങളുള്ള ചിത്രത്തിന്റെ ടൈറ്റിൽസോങ്ങായ ‘മൈലാഞ്ചി’ എന്ന ഗാനം ചിട്ടപ്പെടുത്തി. മുമ്പൊരിക്കൽ ഈണമിട്ടൊരു പാട്ട് ഏറെക്കാലത്തിനു ശേഷം സിനിമയിൽ ഇടംപിടിച്ച കഥയും അബൂബക്കറിനുണ്ട്. ‘മൊഹബത്തിൻ കുഞ്ഞബ്ദുല്ല’ എന്ന സിനിമയിലെ ‘പകലന്തി ഞാൻ കിനാവു കണ്ടു പച്ചപ്പനംകിളിയേ...’ എന്ന ഗാനമാണത്. യേശുദാസ്, ചിത്ര, പി. ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ, കെ.ജി. മാർക്കോസ്, സുജാത, എൽ.ആർ. ഈശ്വരി, വി.എം. കുട്ടി, എരഞ്ഞോളി മൂസ, കണ്ണൂർ ഷരീഫ്, വടകര കൃഷ്ണദാസ്, സതീഷ്ബാബു, സിബല്ല, രഹന, സിന്ധു പ്രേംകുമാർ തുടങ്ങിയ അനേകമനേകം ഗായകർക്കായി അദ്ദേഹം ഗാനങ്ങളൊരുക്കി. തരംഗിണിയുടെ കാസറ്റുകൾ, മണിമങ്ക, കുഞ്ഞാറ്റക്കിളി, ആനന്ദക്കണ്ണീർ, മനസ്സിൻ മുറാദുകൾ, ഖൽബിലെ കിനാവ്, മദനപ്പൂ, കല്ലായിലൊരു മഴവില്ല്, പൊന്നാങ്ങള, താലോലം തുടങ്ങിയ ആൽബങ്ങൾ പ്രവാസികളുടെയും മലബാറിലെ സംഗീതാസ്വാദകരുടെയും മാപ്പിളപ്പാട്ട് സ്നേഹികളുടെയും ഹൃദയത്തിൽ ഒളിമങ്ങാതെ നിലനിൽക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - മായാത്ത ഈണങ്ങളിൽ തനിയെ ഒരാൾ
Next Story