കാന്താരയിലെ 'വരാഹ രൂപം' ഗാനം: തൈക്കൂടം ബ്രിഡ്ജിന്‍റെ ഹരജിയിൽ നടപടി
text_fieldsകോഴിക്കോട്: ഹിറ്റ് ചിത്രമായ 'കാന്താര'യിലെ 'വരാഹ രൂപം' എന്ന ഗാനത്തിനെതിരെ ഉയർന്ന കോപ്പിയടി ആരോപണത്തിൽ പുതിയ വഴിത്തിരിവ്. ഗാനം ഉപയോഗിക്കുന്നതിന് കോടതി നിരോധനം ഏർപ്പെടുത്തിയതായി തൈക്കൂടം ബ്രിഡ്ജ് അറിയിച്ചു.
വിഷയത്തിൽ നിയമനടപടി ആരംഭിച്ചതായും 'കാന്താര'യുടെ നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവരും ആമസോൺ, യൂട്യൂബ്, സ്പോട്ടിഫൈ, വിന്‍ക്, ജിയോ സാവന്‍ എന്നീ പ്ലാറ്റ്ഫോമുകളും ഗാനം ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കാൻ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍ ജഡ്ജി ഉത്തരവിട്ടെന്നും തൈക്കൂടം ബ്രിഡ്ജ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തി തങ്ങൾക്കു വേണ്ടി ഹാജരായെന്നും തൈക്കൂടം ബ്രിഡ്ജ് വ്യക്തമാക്കി.
അജനീഷ് ലോക്നാഥ് സംഗീതം നൽകിയ 'കാന്താര'യിലെ ഗാനം തൈക്കൂടം ബ്രിഡ്ജിന്റെ 2015ൽ പുറത്തിറങ്ങിയ നവരസ എന്ന ഗാനത്തിന്‍റെ കോപ്പിയാണെന്നാണ് ആരോപണം ഉയർന്നത്. ട്രാക്ക് റെക്കോഡ് ചെയ്യുന്നതിന് മുമ്പ് നവരസ കേട്ടിരുന്നില്ലെന്നാണ് ഗാനം ആലപിച്ച സായ് വിഘ്നേഷ് പറഞ്ഞിരുന്നു.