പെരുന്നാൾ കളറാക്കാൻ വമ്പൻ ടീം; സക്കരിയ, ഹിഷാം, ഷാഫി, ഹനാൻ ഷാ കൂട്ടുകെട്ടിൽ പുതിയ മ്യൂസിക് വിഡിയോ
text_fieldsകോഴിക്കോട്: പെരുന്നാൾ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ സക്കരിയ സംവിധാനം ചെയ്യുന്ന മ്യൂസിക് വിഡിയോ അണിയറയിൽ ഒരുങ്ങുന്നു. സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് സംഗീതം നല്‍കി ഹനാന്‍ ഷായും ഹിഷാമുമാണ് ആലാപനം. ഷാഫി കൊല്ലത്തിന്റെതാണ് വരികൾ. ഹിഷാമും ഭാര്യ ആയിഷയും ചേർന്നുള്ള നിർമ്മാണ കമ്പനിയാണ് മ്യൂസിക് വീഡിയോ നിർമിക്കുന്നത്. ഒരു സൂഫി ശൈലിയിലുള്ള ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നതും ഹിഷാം തന്നെയാണ്.
പുതിയ തലമുറയുടെ സംഗീതത്തിനൊപ്പം തന്‍റെ വരികളെ മനോഹരമായി കോർത്തിണക്കുകയാണ് ഷാഫി കൊല്ലം. പഴയ കാലത്തെ പാട്ടുകളുടെ ശൈലിയും പുതിയ കാലത്തെ റാപ്പും ബീറ്റുകളുമൊക്കെ ചേർന്നുള്ള ഒരു വേറിട്ട അനുഭവമായിരിക്കും മ്യൂസിക് വിഡിയോയെന്ന് അദ്ദേഹം പറയുന്നു.
സിനിമകളുടെ തിരക്കുകൾക്കിടയിലാണ് സക്കരിയ ഈ മ്യൂസിക് വിഡിയോ സംവിധാനം ചെയ്യാൻ എത്തുന്നത്. കുട്ടിക്കാലത്ത് നാട്ടിൽ പെരുന്നാളിനോടനുബന്ധിച്ച് കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നതിന്‍റെ ഓർമ്മ പുതുക്കൽ കൂടിയാണ് തനിക്ക് ഈ പ്രൊജക്റ്റെന്ന് സക്കരിയ പറഞ്ഞു. വെറുമൊരു മ്യൂസിക് വിഡിയോ എന്നതിലുപരി സിനിമക്ക് സമാനമായ രീതിയിൽ ഒരു കഥ കൂടി പറയുന്ന മനോഹരമായ ഒരു ദൃശ്യാവിഷ്കാരമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം വലിയ പ്രൊജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗായകൻ ഹനാൻ ഷ പറഞ്ഞു. കലാരംഗത്ത് മുന്നേറാൻ ആഗ്രഹിച്ചിട്ട് പിന്നണിയിൽ മാത്രം ഒതുങ്ങിപ്പോയ നിരവധി പ്രാദേശിക കലാകാരന്മാർക്കുള്ള ഒരു സമർപ്പണം കൂടിയാണ് ഈ മ്യൂസിക് വിഡിയോ. ഈ പെരുന്നാളിന് സംഗീത പ്രേമികൾക്കും സിനിമാസ്വാദകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു മികച്ച വിരുന്നായിരിക്കും ഈ ഗാനമെന്ന ഉറപ്പിലാണ് അണിയറപ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

