Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
wonder women malayalam movie review
cancel
Homechevron_rightEntertainmentchevron_rightReviewschevron_right'വണ്ടർ വുമൺ',...

'വണ്ടർ വുമൺ', പെണ്മയുടെ നോവും ആഘോഷങ്ങളും

text_fields
bookmark_border

പെണ്ണ് പുരുഷന് എന്നുമൊരു പ്രഹേളികയായിരുന്നു. അവളെപ്പറ്റി ചിന്തിച്ചുകൂട്ടിയും എഴുതിയും വരച്ചും അവനത് പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പ​െക്ഷ അവന്റെ ചിന്തകളുടെ കുഴപ്പം പുരുഷത്വമെന്ന ബാധ്യതയായിരുന്നു. തന്റെ ആഗ്രഹങ്ങളും അഭിനിവേശങ്ങളുമാണ് അവൻ സ്ത്രീയിൽ അടിച്ചേൽപ്പിച്ചിരുന്നത്. അത്തരം സ്ത്രീയെയാണ് ഓരോ പുരുഷനും സിനിമയിലും സൃഷ്ടിച്ചത്. അത് അപൂർണ്ണവും വികലവുമായിരുന്നു.

സ്ത്രീകൾ തന്നെ സ്ത്രീകളെ സിനിമയിൽ അടയാളപ്പെടുത്തുന്ന ദുർബല ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴും പുരുഷ ചിന്തകളാണ് അവരെ സ്വാധീനിച്ചിരുന്നത്. പുരുഷനെപ്പോലെ ചിന്തിക്കുന്ന സ്ത്രീകൾ എടുക്കുന്ന സിനിമകളായിരുന്നു അത്. ഇവിടെയാണ് അഞ്ജലി മേനോൻ സംവിധാനം ചെയ്ത് 'വണ്ടർ വുമൺ' വ്യത്യസ്തമായൊരു തിരക്കാഴ്ച്ചയാകുന്നത്. ഒരു പെണ്ണ് പെണ്ണിനെപ്പോലെ ചിന്തിച്ച് എടുത്ത സിനിമയാണ് വണ്ടർ വുമൺ. അതുതന്നെയാണതിന്റെ മേന്മയും.

പെണ്മയുടെ നോവും ആഘോഷങ്ങളും

വണ്ടർ വുമനിലെ വിഷയം പിറവിയാണ്. നല്ല വിഷയമാണത്. മനുഷ്യരാശിയുടെ നിലനിൽപ്പ്തന്നെ പിറവിയിലാണ്. സ്ത്രീകൾ ഏറ്റവും കൂടുതൽ വിലമതിക്കപ്പെടുന്നത് അവരുടെ ഗർഭകാലത്താണ്. ഗർഭിണിയും കുഞ്ഞും നമ്മുടെ അതിഭാവുകത്വം നിറഞ്ഞ സങ്കൽപ്പങ്ങളിലെ ഭക്തിസാന്ദ്രമായ ഓർമയാണ്. ഗർഭിണികളെ ഉപദ്രവിക്കരുത് എന്നത് അലിഖിത നിയമവുമാണ്. കേന്ദ്ര പ്രമേയത്തിലേക്ക് ഇത്തരമൊരു വിഷയം വരുന്നത് സിനിമയുടെ മിഴിവ് കൂട്ടുന്നുണ്ട്.


സിനിമയിൽ പലതരം റെപ്രസെന്റേഷനുകളുണ്ട്. ഇത്തരം പ്രാതിനിധ്യങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. നിനക്കെന്താണ് വേണ്ടത് എന്ന സ്ഥിരം പുരുഷ ചോദ്യങ്ങളുടെ ചില ഉത്തരങ്ങൾ സിനിമ നൽകുന്നുണ്ട്. 'എന്റെ ഒപ്പം നടക്കുക' എന്നത് ആ ഉത്തരങ്ങളിൽ പ്രധാനമാണെന്ന് വണ്ടർ വുമൺ പറയുന്നു. ഗർഭമെന്നത് എന്റെ മാത്രം ഉത്തരവാദിത്വമല്ല എന്ന് സിനിമയിലെ ഓരോ പെണ്ണും പറയുന്നുണ്ട്. അതൊരു നല്ല ചിന്തയാണ്. സമൂഹം അംഗീകരിച്ചിരിക്കുന്നത് ​ഗർഭവും പ്രസവും സ്ത്രീ സംഗതിയാണെന്നാണ്. പുരുഷന് അവിടേക്ക് അധികമൊന്നും പ്രവേശനവുമില്ല. നാലോ അഞ്ചോ മക്കളുണ്ടായിട്ടും തല ഉറക്കാത്ത കുഞ്ഞിനെ എടുക്കാനറിയില്ലെന്ന് അഭിമാനം കൊള്ളുന്ന പുരുഷനുനൽകുന്ന വിദ്യാഭ്യാസം കൂടിയാണ് വണ്ടർവുമൺ.

ഈ ലോകത്ത് സ്ത്രീകൾ ഏറ്റവും സ്നേഹിക്കുന്നത് അവരുടെ ഇണകളേയോ, കാമുകനേയോ, അമ്മയേയോ, അച്ഛനേയോ ഒന്നുമല്ല. അവരുടെ കുഞ്ഞുങ്ങളെയാണ്. പലപ്പോഴും സ്ത്രീയുടെ മുന്നിൽ പുരുഷൻ തോറ്റുപോകുന്നത് ഈയൊരു സന്ദർഭത്തിലാണ്. തങ്ങളുടെ മക്കൾക്കായി ഏതറ്റംവരെ പോകാനും സാധിക്കുന്നൊരു ജനിതകപരമായ സഹജാവബോധം ഓരോ സ്ത്രീക്കുമുണ്ട്. സിനിമയിലെ കഥാപാത്രമായ നോറയോട് പങ്കാളിയായ സഞ്ജയ് പറയുന്ന പരിഭവങ്ങളിൽ പുരുഷൻ അനുഭവിക്കുന്ന ഈയൊരു അരക്ഷിതാവസ്ഥ കാണാനാകും. ഇത്തരം സൂക്ഷ്മമായ നിരീക്ഷണങ്ങളാണ് വണ്ടർ വുമനെ മികച്ച സിനിമയാക്കുന്നത്.

മികവുകൾ

ഒന്നര മണിക്കൂറിൽ അവസാനിക്കുന്ന സിനിമയാണ് വണ്ടർ വുമൺ. സമയദൈർഘ്യക്കുറവ് സിനിമയെ ആസ്വാദ്യകരമാക്കുന്നുണ്ട്. കൂടുതൽ നീണ്ടുപോയാൽ വിരസമാകാവുന്ന വിഷയമാണ് വണ്ടർ വുമൺ ചർച്ചചെയ്യുന്നത്. ആദ്യം പറഞ്ഞപോലെ സ്ത്രീകൾ പറയുന്ന സ്ത്രീകളുടെ സിനിമ എന്നതാണ് മറ്റൊരു മേന്മ. മികച്ച അഭിനേതാക്കളുടെ കൂട്ടായ്മ എന്നതും സിനിമയെ ശ്രദ്ധേയമാക്കുന്നു. പ്രത്യേകിച്ചും ജയ എന്ന ഉത്തരേന്ത്യൻ വീട്ടമ്മയായി വേഷമിട്ട അമൃത സുഭാഷ് എന്ന നടി കയ്യടി അർഹിക്കുന്നുണ്ട്. ഫീൽഗുഡ് സിനിമയാണ് വണ്ടർ വുമൺ. ആദ്യാവസാനം അത്തരമൊരു അന്തരീക്ഷം നിലനിർത്താൻ സിനിമക്ക് കഴിയുന്നുണ്ട്.


പോരായ്മകൾ

വളരെ ലീനിയർ ആയ സിനിമയാണ് വണ്ടർവുമൺ. കാര്യമായ ക്രാഫ്ററ് സിനിമയിൽ നമ്മുക്ക് കാണാനാവില്ല. നേർരേഖയിലെഴുതിയ ചെറുകഥപോലെയാണിത്. ഒരുതരം സാഹസികതക്കും ധൈര്യപ്പെടാതെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

മറ്റൊന്ന് ആഴമില്ലാത്ത റെപ്രസെന്റേഷനുകളാണ്. കരുതിക്കൂട്ടി തിരഞ്ഞെടുത്തപോലുള്ള കഥാപാത്രങ്ങളാണ് സിനിമയിൽ വന്നുപോകുന്നത്. പൊളിറ്റിക്കലായ ഈ കറക്ട്നെസ്സ് കല എന്ന നിലയിൽ സിനിമയെ വിരസമാക്കുന്നുണ്ട്. സിനിമ തുടങ്ങി കുറച്ചുകഴിയുമ്പോൾതന്നെ ഇതിലെ ഓരോ കഥാപാത്രവും പ്രവചനാത്മകമായിത്തീരും. പ്രത്യേകിച്ചും മിനിയും നോറയും തമ്മിലുള്ള അസ്വാരസ്യങ്ങളൊക്കെ എവിടെ എത്തുമെന്ന ധാരണ ആദ്യം മുതൽ പ്രേക്ഷകന് ലഭിക്കുന്നുണ്ട്.

സിനിമ ചരിചയപ്പെടുത്തുന്ന പുതിയ കച്ചവട സാധ്യതയുണ്ട്. ഗർഭകാല പരിശീലനമാണത്. അശാസ്ത്രീയമായെങ്കിലും കുടുംബം നൽകിയിരുന്ന ഒരു പരിശീലനത്തെ വാണിജ്യവത്കരിക്കുക എന്ന ആശയം സിനിമയിലുണ്ട്. കുടുംബം നൽകുന്ന സേവനങ്ങളെ കച്ചവടച്ചരക്കാക്കുക എന്നത് മുതലാളിത്വത്തിന്റെ യുക്തിയാണ്. അങ്ങിനെയാണ് കുട്ടിത്തവും വാർധഖ്യവും ഗർഭവും വിവാഹവും എല്ലാം വിൽക്കാവുന്ന ഉത്പ്പന്നങ്ങളായത്. ഡേ കെയറും, വൃദ്ധസദനങ്ങളും വ്യാപകമായത്. അതിലേക്ക് പുതിയൊരു ഉൾപ്പെടുത്തലാണ് സിനിമയിലെ കേന്ദ്രസ്ഥാനമായ 'സുമന' എന്ന ഗർഭകാല പരിശീലന കേന്ദ്രം. ദീർഘകാലാടിസ്ഥാനത്തിൽ മനുഷ്യരുടെ വൈകാരികാവശ്വങ്ങളെ ഇത്തരം കേ​ന്ദ്രങ്ങൾ പ്രതിലോമകരമായി സ്വാധീനിക്കാനാണ് സാധ്യത.

ക്ലൈമാക്സ്

വണ്ടർ വുമൺ ഒരു ഒ.ടി.ടി റിലീസാണ്. തീയറ്ററുകൾക്ക് ഒരിക്കലും വഴങ്ങാത്ത പ്രമേയമായതിനാൽ ഒ.ടി.ടി റിലീസ് എന്നത് നല്ലൊരു ആശയമാണ്. സിനിമയിറങ്ങി ആദ്യ ദിവസങ്ങളിൽ ഇരച്ചെത്തുന്ന പുരുഷാരത്തിനെ തൃപ്തിപ്പെടുത്താനുള്ള ഒന്നും വണ്ടർ വുമനിലില്ല. മലീമസ പുരുഷത്വം ഈ സിനിമയെ നിർദ്ദയം കൂവിത്തോൽപ്പിക്കുകത​െന്ന ചെയ്യും, പ്രത്യേകിച്ചും അവരെ നിരന്തരം പ്രകോപിപ്പിക്കുന്ന ചില സ്ത്രീകൾ ഈ സിനിമയുടെ ഭാഗമായതിനാൽ.


വണ്ടർ വുമൺ എല്ലാവരും കാണേണ്ട സിനിമയാണ്. എന്നാൽ ഈ സിനിമ വിജയിപ്പിക്കേണ്ടത് സ്ത്രീകളാണ്. കാരണം നിങ്ങളുടെ സ്വപ്നങ്ങളുടെ, സ്വത്വത്തി​ന്റെ ഒരു തുണ്ടാണ് ഈ സിനിമയിലുള്ളത്. വണ്ടർ വുമന് അഞ്ചിൽ മൂന്ന് മാർക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reviewmalayalam moviewonder women
News Summary - wonder women malayalam movie review
Next Story