Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightവജ്​ദ -പറ്റുമെങ്കിൽ...

'വജ്​ദ' -പറ്റുമെങ്കിൽ എന്നെ തോൽപ്പിക്കൂ

text_fields
bookmark_border
വജ്​ദ -പറ്റുമെങ്കിൽ എന്നെ തോൽപ്പിക്കൂ
cancel

പത്തു വയസ്സുകാരിയായ വജ്​ദ, അപാര ഇച്ഛാശക്തിയുള്ള പെൺകുട്ടിയാണ്. ക്ലാസിലെ ശരാശരിക്കാരിയായ അവൾക്ക് മതപഠനത്തോടൊന്നും വലിയ താല്പര്യമുണ്ടായിരുന്നില്ല. ഗണിത ശാസ്ത്രം ആണ് ഇഷ്​ടവിഷയം. കൂടെ ചെറിയ ചില സ്വപ്​നങ്ങളും. സ്വപ്​നങ്ങൾ നടത്താൻ പണം വേണം. ബ്രേസ്‌ലെറ്റ് ഉണ്ടാക്കി കൂട്ടുകാരികൾക്ക് വിറ്റും ചെറിയ ചില സാമർഥ്യങ്ങൾ ഒപ്പിച്ചുമാണ് അവൾ പണം സ്വരൂപിക്കുന്നത്. അതുകൊണ്ടുതന്നെ സ്​കൂളിൽ വജ്ദ അധ്യാപികമാരുടെ നോട്ടപ്പുള്ളിയാണ്. ഖുർആൻ മനഃപ്പാഠമാക്കാൻ വജ്​ദ മുന്നോട്ടുവന്നത് സ്​കൂളിലെ അധ്യാപികമാരെ ശരിക്കും അത്ഭുതപ്പെടുത്തി. മതപഠനത്തിൽ ഒന്നാമതെത്തിയാൽ സ്​കൂളധികൃതർ പ്രഖ്യാപിച്ച കാഷ് അവാർഡ് നേടാം. അതാണവളുടെ ലക്ഷ്യം. വലിയ തുകയാണ് സമ്മാനം. മത്സരവേദിയിൽ ഹൃദ്യമായി ഖുർആൻ കാണാതെ ഓതിക്കൊണ്ട് വജ്​ദ അവളുടെ കൂട്ടുകാരെ ശരിക്കും ആശ്ചര്യപ്പെടുത്തുന്നു.

ഒടുവിൽ അധ്യാപിക വിജയിയെ പ്രഖ്യാപിക്കുമ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. ഈ പണം കൊണ്ട് എന്ത് ചെയ്യുമെന്ന് അധ്യാപിക ചോദിച്ചപ്പോൾ ഉത്തരത്തിനായി അവൾക്ക് തെല്ലും ആലോചിക്കേണ്ടി വന്നില്ല. "ഞാൻ ഒരു സൈക്കിൾ വാങ്ങും. തെരുവിലെ ഒരു കടയിൽ ഞാനത് കണ്ടുവെച്ചിട്ടുണ്ട്, അരികിലെ ചക്രങ്ങൾ ഇല്ലാതെത്തന്നെ ഞാനത് ചവിട്ടാൻ പഠിച്ചിട്ടുമുണ്ട്' - എന്ന് ഒറ്റശ്വാസത്തിലാണവൾ പറഞ്ഞത്. ഇതുകേട്ട്​ അവിടെ കൂടിയിരുന്നവരെല്ലാം ശരിക്കും ഞെട്ടി, അധ്യാപികയുടെ നെറ്റി ചുളിഞ്ഞു. സൗദി അറേബ്യയാണ് രാജ്യം. ഒരുകാലത്ത്​ സ്ത്രീകൾക്ക് ഡ്രൈവിങ്ങിനോ വോട്ട് ചെയ്യാനോപോലും അനുമതിയില്ലാതിരുന്ന രാജ്യം. തെരുവുകളിൽ ഒരു പെൺകുട്ടി പോലും സൈക്കിൾ ഓടിക്കുന്നത് കണ്ടിട്ടേയില്ല. അപ്പോഴാണ് വജ്​ദയുടെ ആരെയും കൂസാതെ ഉള്ള തുറന്നുപറച്ചിൽ!


അവളുടെ ആഗ്രഹം കേട്ടപ്പോൾ അധ്യാപിക അൽപം ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. നടക്കാത്ത കാര്യങ്ങൾ ആഗ്രഹിക്കരുതെന്നും അതിന് ആരും ഇവിടെ സമ്മതിക്കില്ലെന്നും അധ്യാപിക താക്കീത് ചെയ്യുന്നുണ്ട് . അപ്പോൾ പിന്നെ സമ്മാനത്തുക ഫലസ്തീനിലെ കുട്ടികൾക്കായി മാറ്റി വെക്കുന്നതാണ് നല്ലതെന്നും പറഞ്ഞ് അവർ വജ്​ദക്ക് സർട്ടിഫിക്കറ്റ് മാത്രം നൽകി തിരിച്ചയക്കുന്നു.

താനിത്രയും കാലം സ്വരുക്കൂട്ടിവച്ച സ്വപ്​നം തകർന്നു പോയപ്പോൾ സങ്കടം സഹിക്കാനാവാതെ അവൾ വിതുമ്പി കരയുന്നുണ്ട് തിരിച്ച് വീട്ടിലെത്തുമ്പോൾ. ഒടുവിൽ, മാതാവ്​ വാങ്ങിക്കൊടുത്ത സൈക്കിൾ ആഞ്ഞു ചവിട്ടി കൊണ്ട് കൂട്ടുകാരൻ അബ്​ദുല്ലയെ അവൾ വെല്ലുവിളിക്കുകയാണ് അവസാന സീനിൽ. "പറ്റുമെങ്കിൽ എന്നെ തോൽപ്പിക്കൂ" എന്നാണ് വെല്ലുവിളി.

സ്വന്തം ഇഷ്ടങ്ങളെ ചേർത്തുപിടിച്ച് ജീവിക്കാൻ ഏറെ ​പ്രയാസപ്പെടുന്നുണ്ട് വജ്​ദയും അവളുടെ മാതാവും കൂട്ടുകാരികളും അധ്യാപികമാരുമെല്ലാം ഈ സിനിമയിൽ. അവരുടെ ശരീരവും സ്വഭാവങ്ങളും ആഗ്രഹങ്ങളുമെല്ലാം ഇവിടെ നിയന്ത്രിക്കപ്പെടുന്നു. വോയ്​സ്​ ഈസ് പ്രൈവറ്റ്​ (സ്ത്രീ ശബ്ദം സ്വകാര്യമാണ്), കവർ യുവർ ​ഫേസ്​ (മുഖപടം അണിയുക) എന്നൊക്കെയാണ് സ്​കൂളിൽനിന്നും കേട്ടുകൊണ്ടിരുന്നത്. നിയന്ത്രണ ഏജൻസികളായി ചുറ്റുമുള്ളവർ മാറുന്നതി​െൻറ സുവ്യക്തമായ ഒരു കാഴ്ചയാണ് ഈ ചിത്രം.

'വജ്​ദ' യെന്നാൽ സ്നേഹം തുളുമ്പുന്നത് എന്നർത്ഥം. 2012ൽ പുറത്തിറങ്ങിയ ഈ അറബി ഭാഷാ ചിത്രം സംവിധാനം ചെയ്തത് സൗദി വനിതയായ ഹൈഫ അൽ-മൻസൂർ ആണ്. പൂർണ്ണമായും സൗദിയിൽ ചിത്രീകരിച്ച ആദ്യത്തെ സിനിമ എന്നതിനൊപ്പം സൗദി പൗരയായ ഒരു സ്ത്രീ സംവിധാനിച്ച ആദ്യത്തെ ഫീച്ചർ സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങും നേടിയ ഈ ചിത്രം അതിൻ്റെ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്.

Show Full Article
TAGS:wadjda film 
Next Story