ചിരിയുടെ ഇടിയുടെ ‘വെടിക്കെട്ട്’ ഷോ
text_fieldsഅമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, യമണ്ടൻ പ്രേമകഥ എന്നീ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വെടിക്കെട്ട്’. ഗോകുലം ഗോപാലൻ, ബാദുഷ, ഷിനോയ് മാത്യു ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മഞ്ഞപ്ര, കറുങ്കോട്ടയും ജാതിയുടെയും നിറത്തിന്റെയും പേരിൽ വേർപിരിഞ്ഞ ചേരി ഗ്രാമങ്ങളാണ്. കറുങ്കോട്ടയിലെ ആണത്തമുള്ള ഷിബുവിന്റെ അനിയത്തി ഷിബിലയോട് മഞ്ഞപ്രയിലെ ചിത്തുവിന് തോന്നുന്ന പ്രണയവും അതുമൂലമുണ്ടാവുന്ന പ്രശ്നങ്ങളും വളരെ ഗൗരവത്തിലും ഹാസ്യത്തിന്റെ മേമ്പൊടിയിലും അവതരിപ്പിച്ചിരിക്കുകയാണ് ‘വെടിക്കെട്ട്’.
ചിത്രത്തിൽ ഉടനീളം മനസ്സിൽനിന്ന് പോവാത്ത ചില വേർതിരിവിന്റെ രാഷ്ട്രീയം പറയുന്നുണ്ട്. ആവർത്തനവിരസത തോന്നാത്ത രീതിയിൽ കൃത്യമായി കോർത്തിണക്കിയതിൽ സംവിധായകർ കൈയടി അർഹിക്കുന്നു.
നാടൻ പാട്ടിന്റെയും നാട്ടിലെ ആചാരത്തിന്റെ, ഉത്സവത്തിന്റെയും സൗഹൃദത്തിന്റെയും ആഴവും പരപ്പും ആത്മബന്ധവും എല്ലാം ചിത്രത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ഛായാഗ്രഹകൻ രതീഷ് റാം ഗ്രാമത്തിന്റെ ഭംഗി സിനിമയ്ക്ക് അനുയോജ്യമാംവിധം ഒപ്പി വെച്ചിട്ടുണ്ട്. വികസനത്തിന്റെ മുറിവേൽക്കാത്ത ഗ്രാമങ്ങൾ സുഖമുള്ള കാഴ്ചയാണെന്ന് ചിത്രം ഓർമിപ്പിക്കുന്നു.
സിനിമയിലുള്ള പരിചിത മുഖമല്ലാത്തവരെല്ലാം മിമിക്രിയിലൂടെയും സ്കിറ്റിലൂടെയും സോഷ്യൽമീഡിയ വഴിയും കണ്ട മുഖങ്ങളാണ്. ഒരു അവസരം ലഭിച്ചപ്പോൾ ഗംഭീര പ്രകടനമാണ് എല്ലാവരും കാഴ്ചവെച്ചത്.
തിരക്കഥക്കും സംവിധാനത്തിനും പുറമെ പ്രകടനംകൊണ്ടും ബിബിനും വിഷ്ണുവും മികച്ചുനിന്നു. തങ്ങളുടെ പഴയ സിനിമകളിൽനിന്ന് വ്യത്യസ്തമായ വേഷമാണ് രണ്ടുപേരുടേയും. ചിത്തു എന്ന വേഷം ബിബിൻ അനായാസം ചെയ്തുവെച്ചിട്ടുണ്ട്. ഷിബുവിന്റെ കഥാപാത്രം ചെയ്ത വിഷ്ണു ഉണ്ണികൃഷ്ണന്റെ പ്രകടനം അതിഗംഭീരം. നോട്ടത്തിലും സംസാരത്തിലും ഭാവത്തിലും എല്ലാം അതിഗംഭീരം. നായിക ഐശ്വര്യയും മികച്ച രീതിയിൽ വേഷം കൈകാര്യം ചെയ്തു.
ഇന്ദീവരം പോലെ അഴകുള്ളോള്, ആടണ കണ്ടാലും എന്നീ ഗാനങ്ങളുടെ കൊറിയോഗ്രാഫി അടിപൊളിയാണ്. ഒരു ഒഴുകുന്ന പുഴകണക്കെ കാണാനും കണ്ട് ആസ്വാദിക്കാനും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന തരത്തിലുമാണ്. ഷിബു പുലർകാഴ്ചയുടെതാണ് വരികളും സംഗീതവും.
ഒറ്റവാക്കിൽ പറഞ്ഞാൽ ഉത്സവപ്രതീതിയിൽ ക്ലീൻ ഫാമിലി ചിത്രം. ചിരിയുണ്ട്, പാട്ടുണ്ട്, സങ്കടമുണ്ട്, ഡാൻസുണ്ട്, റൊമാൻസുണ്ട്, പടക്കം പൊട്ടുന്ന തരത്തിൽ കിടിലൻ നാടൻ തല്ലുമുണ്ട്. ക്ലൈമാക്സ് കുറച്ചുകൂടി ചുരുക്കിയിരുന്നേൽ കുറച്ചുകൂടി നന്നായിരുന്നുവെന്ന് തോന്നി. എന്നാലും അതൊന്നും ചിത്രത്തെ ബാധിക്കില്ല എന്ന് ഉറപ്പാണ്. ബിബിനും വിഷ്ണും തിരിക്കൊളുത്തിയ ഈ വെടിക്കെട്ട് ഒരു ഷോ ആണ്. നല്ല ചിരിയുടെ ഇടിയുടെ വെടിക്കെട്ട് ഷോ.