അവരെയാരോ പിന്തുടരുന്നു, നിശ്ശബ്ദമായി
text_fields‘‘in this house there is a family,
in this house there are secrets,
in this house there are un imaginable acts,
in this house there is a .....‘presence’ ’’
‘മണിച്ചിത്രത്താഴ്’ സിനിമ പോലൊരു ഇംഗ്ലീഷ് സിനിമ എന്ന വിശേഷണം ‘പ്രസൻസ്’ (Presence) എന്ന ചിത്രത്തിന് നൽകണോ എന്ന് ആലോചിച്ചതാണ്. പ്രേതകഥ എന്നതിനപ്പുറം കുടുംബകഥകൂടി പറയുന്നതിനാൽ തന്നെ ‘പ്രസൻസ്’ ആ ഗണത്തിൽ ഉൾപ്പെടുത്തിയാൽ തെറ്റില്ലെന്നാണ് തോന്നുന്നത്.
പ്രേതത്തിന്‍റെ വീക്ഷണ കോണിൽനിന്ന് കഥപറയുന്ന ഒരു ഹൊറർ സസ്പെൻസ് കുടുംബചിത്രമായി ‘പ്രസൻസി’നെ വിശേഷിപ്പിക്കാം. ക്ലാസിക് ഇൻഡിപെൻഡന്‍റ് മേക്കിങ് ആണ് ഇതിന്‍റെ വലിയ പ്രത്യേകത. കുറഞ്ഞ അഭിനേതാക്കള്‍, ഒരു വീടിനുള്ളിലെ പരിമിതമായ പശ്ചാത്തലം, ഇടക്കിടെ പേടിപ്പെടുത്താനെത്തുന്ന പ്രേത സാന്നിധ്യം, ഇവയാണ് ‘പ്രസൻസി’ന്‍റെ വലിയ സവിശേഷത.
പ്രശസ്ത അമേരിക്കൻ തിരക്കഥാകൃത്തും സംവിധായകനുമായ ഡേവിഡ് കോപ്പിന്‍റെ രചനയിൽ അമേരിക്കക്കാരൻ തന്നെയായ സ്റ്റീവൻ ആൻഡ്രൂ സോഡർബർഗ് ആണ് ചിത്രം സംവിധാനം ചെയ്തത്. കൗമാരക്കാരായ മക്കളായ ക്ലോയി (കാലിന ലിയാങ്), ടൈലർ (എഡി മാഡേ) എന്നിവരോടൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറ്റുന്ന ദമ്പതികളായ റെബേക്ക (ലൂസി ലിയു), ക്രിസ് (ക്രിസ് സള്ളിവൻ) എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
അമിത ലഹരി ഉപയോഗത്തെ തുടർന്ന് മരണത്തിന് കീഴ്പ്പെടേണ്ടിവന്നുവെന്ന് കരുതുന്ന തന്റെ ഉറ്റസുഹൃത്ത് നാദിയയുടെ നഷ്ടപ്പെടലിൽ ക്ലോയിക്ക് അതിയായ ദുഃഖമുണ്ട്. ആ സംഭവം അവളെ അത്രമേൽ പിടിച്ചുകുലുക്കിയതാണ്. തന്റെ മുറിയിൽ ഒരു അദൃശ്യ അസ്തിത്വം അവൾ അനുഭവിക്കുന്നുണ്ട്. എന്നാൽ, അവൾ അതിനെ ഭയപ്പെടുന്നില്ല.
ഈ അസ്തിത്വത്തിന്റെ വീക്ഷണകോണിൽനിന്ന് കഥ പുരോഗമിക്കുന്നതിനാൽ ആകാംക്ഷയുടെ കണികകൾ ഏറിവരുന്നതായി കാണാം. എടുത്തു പറയേണ്ട മറ്റൊരു വസ്തുത കാമറയും ഒരു കഥാപാത്രമായി സിനിമയിൽ അങ്ങോളമിങ്ങോളമുണ്ട് എന്നതാണ്. ഏകപാത്ര സിനിമകളിൽ അഭിനേതാവിന് പുറമെ കാമറയാകും രണ്ടാമത്തെ കഥാപാത്രമായി കൂടെയുണ്ടാകുക. അതിന് സമാനമായ അനുഭവം ഈ സിനിമയിൽ ഉടനീളമുണ്ടെന്ന് പറയാം.
കുടുംബം പുതിയ വീട്ടിൽ താമസിക്കാൻ തുടങ്ങുമ്പോൾതന്നെ പിരിമുറുക്കങ്ങളും വർധിക്കുന്നു. സുഹൃത്തിനെ നഷ്ടപ്പെട്ടെന്ന് കരുതുന്ന ക്ലോയിയുടെ ദുഃഖം പിന്നീട് അസ്വസ്ഥമായ രൂപങ്ങളായി മാറുകയാണ്. അതേസമയം, തനിക്കു ചുറ്റും വളരുന്ന ഏകാന്തതയുമായി മല്ലിടുകയാണ് ടൈലർ. ആ അസ്തിത്വം നിശ്ശബ്ദവും ജാഗ്രതയുള്ളതുമായ ഒരു കാഴ്ചക്കാരനായി അവനെ പതിയെ മാറ്റുകയാണ്.
എന്നാൽ, ടൈലറുടെ സുഹൃത്ത് റയാൻ ക്ലോയിയിൽ താൽപര്യവുമായി വരുന്നതോടെ രംഗങ്ങൾ പുതിയ തലത്തിലേക്ക് രൂപാന്തരപ്പെടുന്നു. കൂടാതെ ചില വിചിത്ര സംഭവങ്ങളും നടമാടുന്നു. അതോടൊപ്പം ആ വീട്ടിൽ ഒരു അമാനുഷിക ശക്തിയുടെ സാന്നിധ്യം അംഗീകരിക്കാൻ കുടുംബത്തെ നിർബന്ധിതമാക്കുന്നതോടെ സിനിമ ത്രില്ലർ സ്വഭാവത്തിന്‍റെ കൂടുതൽ ആഴത്തിലേക്ക് വഴിമാറുകയാണ്. പിന്നീട് സംഭവിക്കുന്നത് പ്രേക്ഷകനെ മുൾമുനയിലാക്കുന്ന ചില സംഭവകാര്യങ്ങളാണ്.
സിനിമയുടെ ക്ലൈമാക്സ് എടുത്തുപറയേണ്ടതും കൗതുകം ജനിപ്പിക്കുന്നതുമാണ്. എന്നാൽ, നിഷ്ക്രിയമായ അമാനുഷിക ഘടകം സിനിമയെ അതിന്‍റെ പിരിമുറുക്കത്തിൽനിന്ന് പിന്നോട്ടടുപ്പിച്ചതായി പറയാം. തിരക്കഥയിലെ പോരായ്മയായി ഇതിനെ ചൂണ്ടിക്കാട്ടാം.
അതേസമയം, റെബേക്കയുടെയും ക്രിസിന്റെയും വിവാഹത്തിലെ പിരിമുറുക്കം, ദുഃഖവുമായി ഇഴചേർന്ന ക്ലോയിയുടെ മാനസിക പോരാട്ടങ്ങൾ, ടൈലറുടെ സൗഹൃദത്തിനായുള്ള അന്വേഷണം എന്നിവ വളരെ കൃത്യമായിതന്നെ സിനിമയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. റെബേക്കയും ക്രിസും ആയി ലൂസി ലിയുവും ക്രിസ് സള്ളിവനും മികച്ച പ്രകടനം കാഴ്ചവെക്കുന്നതോടൊപ്പം മകളുമായി കൂടുതൽ അകന്നബന്ധം നിലനിർത്തിക്കൊണ്ട് മകനെ പരസ്യമായി സ്നേഹിക്കുന്ന അമ്മയായി ലിയു മികച്ച കഥാപാത്രമായി തിളങ്ങിനിൽക്കുന്നു.
സദുദ്ദേശ്യമുള്ളതും എന്നാൽ പോരാടുന്നതുമായ ഗോത്രപിതാവ് എന്ന നിലയിൽ സള്ളിവൻ തന്റെ വേഷത്തിൽ ആത്മാർഥത കൊണ്ടുവരുന്നു. എന്നാൽ, ഏറെ എടുത്തുപറയേണ്ട അഭിനയമികവ് കാണിച്ചത് ക്ലോയി എന്ന കഥാപാത്രമായി വന്ന കാലിന ലിയാങ് തന്നെയാണ്. ദുഃഖത്താൽ വലയുന്ന ഒരു പെൺകുട്ടിയുടെ, സംയമനം പാലിച്ചതും എന്നാൽ, ശക്തവുമായ കഥപാത്രത്തെ വളരെ തന്മയത്തതോടെയാണ് അവൾ അവതരിപ്പിച്ചത്. പരീക്ഷണാത്മക സിനിമ എന്ന നിലയിൽ, ‘പ്രസൻസ്’ വ്യത്യസ്ത വീക്ഷണങ്ങൾ സമ്മാനിക്കുന്നു. പരമ്പരാഗത ഹൊറർ ട്രോപ്പുകളെ ഒഴിവാക്കുന്നതോടൊപ്പം തന്നെ സാധാരണ പ്രേതകഥയുടെ പാരമ്പര്യങ്ങളെ ഇത് വെല്ലുവിളിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

