Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightതലച്ചോറിന്...

തലച്ചോറിന് അവധികൊടുത്ത് മനസ്സുകൊണ്ട് സ്നേഹിച്ച മനുഷ്യരുടെ കഥയാണ് 'സൗദി വെള്ളക്ക'

text_fields
bookmark_border
Saudi Vellakka Movie   Latest Malayalam  Review
cancel

മുഖത്ത് ചുളിവുകൾ വീണ വൃദ്ധയായ ഒരു ഉമ്മ. കട്ടിയുള്ള നരവീണുതുടങ്ങിയ പുരികവും, മരവിപ്പാർന്ന മുഖവുമാണ് അവർക്ക്. തലയിലെ തട്ടം ചെറുകാറ്റിൽ പാറുന്നു. കയ്യിലെ മണ്ണെണ്ണ കാൻ മുറുകെ പിടിച്ചാണ് ഇടവഴിയിലൂടെ നടക്കുന്നത്. പൊടുന്നനെ അവരുടെ തലയിലേക്ക് ഒരു 'വെള്ളക്ക' (മച്ചിങ്ങ) വീഴുന്നു... കഥ ജീവിതത്തെ ആഴത്തിൽ തൊട്ടു തുടങ്ങുന്നത് അവിടം മുതലാണ്.

കോടതിയിലെത്തുന്ന മനുഷ്യരും അവരുടെ ജീവിതത്തിൽ പിന്നീട് ഉണ്ടാകുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. നിയമ വ്യവസ്ഥയുടെ നൂലാമാലകളെ അടിമുടി തുറന്നു കാണിക്കുന്നുണ്ട് ആ വഴിയിൽ ഉടനീളം. മനുഷ്യനിൽ നിന്നും എത്ര അകലെയാണ് നിയമ സംവിധാനങ്ങൾ എന്ന് തുടക്കം മുതലേ അടിവരയിടുന്നു.


'ജയിലിൽ പോയി കിടക്കുന്നതിനേക്കാൾ കഷ്ട്ടമാണെടാ കോടതി കേറി നടക്കുന്നത്, അത് തന്നെയാണല്ലോ ഏറ്റവും വലിയ ശിക്ഷയും', ഈ ഒറ്റ ഡയലോഗിലുണ്ട് ചിത്രത്തിന്റെ കാമ്പ്. കാലാനുസൃതമായി മാറാത്ത വ്യവസ്ഥിതികളോടാണ് കഥ കലഹിക്കുന്നത്. മനുഷ്യ പക്ഷത്ത് നിന്ന് അവയോടൊക്കെ ഉറച്ച ചോദ്യങ്ങൾ ഉന്നയിക്കാനും ചിത്രത്തിനായിട്ടുണ്ട്. സാമൂഹിക യാഥാർഥ്യങ്ങളുമായി ഇഴചേർത്തു തുന്നിയ തിരക്കഥയാണ് ചിത്രത്തിന്റെ ആത്മാവ്. അതുകൊണ്ടു കൂടിയാണ് മാറ്റി നിർത്താനാവാത്ത വിധം 'സൗദി വെള്ളക്ക' മനുഷ്യ പക്ഷത്ത് നിലയുറപ്പിക്കുന്നത്.

കഴിഞ്ഞ പാർലമെന്റ് സെഷനിലാണ് രാജ്യത്തെ കോടതികളിൽ എത്ര കേസുകൾ കെട്ടികിടക്കുന്നുണ്ട് എന്ന് എ എ റഹീം രാജ്യസഭയിൽ ചോദിച്ചത്. സുപ്രീം കോടതിയിൽ മാത്രം 72,062 കേസുകൾ കെട്ടിക്കിടക്കുന്നു എന്നായിരുന്നു മറുപടി. രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി 59,45,709 കേസുകളുണ്ടെന്നും കേന്ദ്ര മന്ത്രി കിരൺ റിജ്ജു രാജ്യസഭയിൽ അറിയിച്ചു. ഈ മറുപടിയിലുണ്ട് രാജ്യത്തെ കോടതികളിൽ എന്ത് സംഭവിക്കുന്നു എന്നതിനുള്ള ഉത്തരം. ചിത്രം ശക്തമായി അടയാളപ്പെടുത്തുന്നതും ഈ കണക്കുകളിലെ ജീവിതങ്ങളെയാണ്.


തലച്ചോറുകൊണ്ടല്ലാതെ മനസ്സുകൊണ്ട് സ്നേഹിച്ച ഐഷ റാവുത്തർ എന്ന ഉമ്മയുടെയും മകന്റെയും ജീവിതത്തിന്റെ പകർപ്പാണ് 'സൗദി വെള്ളക്ക'. സമൂഹത്തിലെ എല്ലാ തരക്കാരെയും സൗദിയിലെ വീടുകളിൽ കാണാം. സ്വാർത്ഥതയും, സ്നേഹവും, മനുഷ്യത്വവും ഓരോ വീടകങ്ങളിലും വ്യത്യസ്തമാണ്. അത്തരം വികാരങ്ങളുടെ സംഘർഷങ്ങളാണ് സിനിമ മറു പുറത്തിൽ ചർച്ച ചെയ്യുന്നത്. പരസ്പരം കലഹിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യരുടെ മനസ്സിന്റെ രാഷ്ട്രീയമാണ് യഥാർത്ഥത്തിൽ സൗദി വെള്ളക്ക.

ദേവി വർമ്മയാണ് ഐഷ റാവുത്തരുടെ ജീവിതം അസാധ്യമായി പകർത്തിയത്. നിശബ്ദതയിൽ പോലും പ്രേക്ഷകന്റെ നെഞ്ചിലേക്ക് വേദനപടർത്താൻ അവർക്കായിട്ടുണ്ട്. സത്താറായി വന്ന സുജിത് ശങ്കറും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. തന്റെ വേദനകളെ അത്രമേൽ ആഴത്തിൽ പ്രേക്ഷകനിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അഭിലാഷ് ശശിധരനായിവന്ന ലുക്മാൻ കഥാപാത്രത്തോട് അങ്ങേയറ്റം നീതിപുലർത്തിയ മറ്റൊരു പ്രതിഭയാണ്. ബിനു പപ്പന്റെ ബ്രിട്ടോയും ചിത്രത്തിൻറെ താളത്തിനൊപ്പം ചലിച്ചു. അനന്യയും ധന്യയും രമ്യയും കയ്യടി അർഹിക്കുന്ന പ്രകടമാണ്. അനുമോളായി പലകാലങ്ങളെ പ്രതിഫലിപ്പിച്ച നിലിജ ചിത്രത്തിന്റെ മറ്റൊരു അത്ഭുതമായി.



സന്ദീപ് സേനൻ എന്ന നിർമ്മാതാവിനോട് പ്രേക്ഷക ലോകം പ്രത്യേകം നന്ദി പറയേണ്ടതുണ്ട്. അത്രമേൽ പരീക്ഷണങ്ങൾ ചിത്രത്തിലാകമാനം കാണാൻ സാധിക്കും. അതെല്ലാം സ്‌ക്രീനിൽ നവ്യമായ അനുഭവങ്ങളുമാണ്. മനസ്സിനെ വല്ലാത്ത ആഴത്തിൽ സ്പർശിച്ച ഒരുകൂട്ടം സിനിമ പ്രവർത്തകരോട് ഐക്യപ്പെടേണ്ടതുണ്ട്. തിയറ്ററിലേക്കുള്ള യാത്ര ഉറപ്പിക്കലാണ് അതിനുള്ള ഏക വഴി. ശരൺ വേലായുധന്റെ ക്യാമറയും നിഷാദ് യൂസഫിന്റെ എഡിറ്റിംഗും സൗദിയെ ഹൃദയത്തോട് ചേർക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മറ്റൊന്നാണ്.

'ഇത്രയേ ഉള്ളൂ മനുഷ്യൻ' എന്ന ചോദ്യത്തിൽ തുടങ്ങുന്ന ചിത്രം അവസാനിക്കുന്നത് 'ഇത്രയുമൊക്കെ ഉണ്ടെടാ മനുഷ്യൻ' എന്നു പറയുന്നിടത്താണ്. ഇതുവരെ പറയാത്ത ഒരു പേരുകൂടെയുണ്ട്, ചിത്രത്തിന്റെ നെടുതൂണായ സംവിധായകൻ തരുൺ മൂർത്തി. അദ്ദേഹം തന്നെയാണ് അക്ഷരങ്ങളുടെ കരുത്ത് നൽകിയതും. ആ പേര് ഒടുവിലായി പറയാനുള്ള കാരണം മറന്നു പോകാതെ കൂടുതൽ ഓർക്കേണ്ടതു കൊണ്ടാണ്. ശേഷം സ്‌ക്രീനിൽ ബോധ്യമാകും. ഹൃദയത്തിന്റെ ആഴങ്ങളിൽ മനുഷ്യത്ത്വം തുടിക്കും. കൂടുതൽ കൂടുതൽ മനുഷ്യനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reviewSaudi Vellakka
News Summary - Saudi Vellakka Movie Latest Malayalam Review
Next Story