Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightകാഴ്ചാശീലങ്ങളെ...

കാഴ്ചാശീലങ്ങളെ മാറ്റിമറിക്കുന്ന റോഷാക്; പതിവ് ത്രില്ലറുകളിൽനിന്ന് വ്യത്യസ്തം REVIEW

text_fields
bookmark_border
കാഴ്ചാശീലങ്ങളെ മാറ്റിമറിക്കുന്ന റോഷാക്; പതിവ് ത്രില്ലറുകളിൽനിന്ന് വ്യത്യസ്തം REVIEW
cancel

പേര് പ്രഖ്യാപിച്ചപ്പോൾ മുതൽ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ചിത്രമാണ് മമ്മൂട്ടി നായകനായ റോഷാക്. പോസ്റ്ററുകളിലൂടേയും ടീസറുകളിലൂടേയും ആരാധകരുടെ നെഞ്ചിടിപ്പേറ്റാനുള്ളതെല്ലാം സംവിധായകൻ ഒരുക്കിവെച്ചിരുന്നു. ഒടുവിൽ തിയറ്ററുകളിലെത്തിയപ്പോഴും മലയാളി കണ്ടുശീലിച്ച സിനിമകളുടെ കള്ളികളിലേക്ക് റോഷാകിനെ ഒതുക്കാനാവില്ല. 71ാം വയസിലും മമ്മൂട്ടിയെന്ന നടന്റെ അനായാസമായ അഭിനയത്തെ ഒരിക്കൽ കൂടി അടയാളപ്പെടുത്തുന്നുണ്ട് റോഷാക്.

മനുഷ്യ​ മനസിന്റെ സങ്കീർണതകളിലേക്കുളള താക്കോലാണ് റോഷാക് ടെസ്റ്റ്. സിനിമയിലും മനുഷ്യ മനസിന്റെ സങ്കീർണതകളിലേക്ക് തന്നെയാണ് സംവിധായകൻ നമ്മെ ക്ഷണിക്കുന്നത്. പതിയെ തുടങ്ങി കഥയിലേക്ക് പ്രവേശിക്കുന്ന ആഖ്യാനശൈലിയാണ് സംവിധായകൻ നിസാം ബഷീർ സ്വീകരിച്ചിരിക്കുന്നത്. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനി​ലേക്ക് കടന്നുവരുന്ന ലൂക്ക് ആന്റണി (മമ്മൂട്ടി)യിൽ നിന്നാണ് കഥ തുടങ്ങുന്നത്. ചില നിർബന്ധിത സാഹചര്യങ്ങൾ മൂലം അജ്ഞാതമായ ആ ഗ്രാമത്തിൽ അയാൾക്ക് താമസിക്കേണ്ടിവരുന്നു. പിന്നീട് പതിഞ്ഞ താളത്തിലാണ് സിനിമയുടെ സഞ്ചാരം. ആദ്യപകുതിയിലെ സിനിമയുടെ ഈ ഇഴച്ചിൽ ചിലർക്ക് ഒരൽപം മുഷിച്ചിലുണ്ടാക്കുമെങ്കിലും കഥാഗതിക്ക് അത് ആവശ്യമായതിനാൽ നിസാം ബഷീറിന്റെ ആഖ്യാന ശൈലിയെ വിമർശിക്കേണ്ടതില്ല.


അതിവേഗം സിനിമ സൈക്കോളജിക്കൽ ത്രില്ലറിന്റെ രൂപഭാവങ്ങളിലേക്ക് മാറുകയാണ്. പക്ഷേ പതിവ് മലയാള ത്രില്ലറുകളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് റോഷാക്. അവസാന സീൻ വരെ സസ്‍പെൻസ് നിലനിർത്തി മുന്നേറുന്ന പതിവ് ത്രില്ലറുകളുടെ ക്ലീഷേ റോഷാക് ആവർത്തിക്കുന്നില്ല. ഓരോ സീൻ കഴിയുമ്പോഴും നായകൻ ഗ്രാമത്തിലേക്ക് വന്നതി​ന്റെ കാരണവും അയാളുടെ ഫ്ലാഷ്ബാക്കും പതിയെ അനാവരണം ചെയ്യപ്പെടുന്നു. പക്ഷേ അപ്പോഴും നായകൻ ലൂക്ക് ആന്റണിയുടെ മനസ് പൂർണമായും പ്രേക്ഷക​ന്റെ പിടിയിൽ ഒതുങ്ങുന്നില്ല.

ന്യൂജനറേഷൻ എന്ന ലേബലിൽ പുറത്തിറങ്ങിയ ഒരുപറ്റം ചലച്ചിത്രങ്ങൾ മുതൽ മലയാള സിനിമ വഴിമാറിനടക്കുകയാണ്. ഈ വഴിമാറി നടത്തം പുതിയൊരു തലത്തിലേക്ക് ഉയരുകയാണ് റോഷാകിലൂടെ. സസ്‍പെൻസ്, പ്രതികാരം, അപ്രവചനീയമായ മനുഷ്യ മനസിന്റെ വികാരങ്ങൾ എന്നിവയെല്ലാം ചേർത്ത് ലക്ഷണമൊത്തൊരു ത്രില്ലർ ഒരുക്കാനുള്ള ശ്രമമാണ് സംവിധായകൻ നടത്തിയിരിക്കുന്നത്. ഒരു പരിധി വരെ അതിൽ വിജയിക്കാനും കഴിഞ്ഞിട്ടുണ്ട്. തിയറ്റർ വിട്ട് ഇറങ്ങുമ്പോഴും ചില ചോദ്യങ്ങൾ റോഷാക് പ്രേക്ഷകന്റെ മനസിൽ അവശേഷിപ്പിക്കും. അതാണ് സിനിമയുടെ വിജയവും.


റോഷാക് കഴിയുമ്പോൾ മനസിൽ മായാതെ നിൽക്കുന്ന രണ്ട് കഥാപാത്രങ്ങൾ ലൂക്ക് ആന്റണിയും ബിന്ദുപണിക്കരുടെ സീതയുമാണ്. മമ്മൂട്ടിയെന്ന നടന്റെ അഭിനയ പ്രതിഭയെ വെല്ലുവിളിക്കാൻ മാത്രം ശേഷിയുള്ളതല്ല ലൂക്ക്. പക്ഷേ, മമ്മുട്ടിയല്ലാതെ മറ്റൊരാൾ ലൂക്കായെത്തിയാൽ ചിലപ്പോൾ ആ കാസ്റ്റിങ് പാളിപ്പോയേനെ. അതിമനോഹരമായാണ് മമ്മുട്ടി ​ലൂക്കായി തിരശ്ശീലയിൽ പകർന്നാട്ടം നടത്തിയിരിക്കുന്നത്. ഒരേസമയം നമുക്ക് ലൂക്കിനോട് ഇഷ്ടവും വെറുപ്പും തോന്നും. ഒടുക്കം നമ്മുടെ ചിന്തകൾക്കും അപ്പുറത്താണ് ലൂക്കെന്ന് മനസിലാക്കിയാണ് ഓരോരുത്തരും തിയറ്റർ വിടുക.

സിനിമ കഴിയുമ്പോൾ എഴുന്നേറ്റ് നിന്ന് കൈയടി കൊടുക്കേണ്ട ഒരു കഥാപാത്രമാണ് ബിന്ദുപണിക്കരുടെ സീത. ആദ്യപകുതിയിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന വീട്ടമ്മയായാണ് സീത അഭിനയിക്കുന്നതെങ്കിൽ രണ്ടാം പകുതിയിൽ പ്രേ​ക്ഷകരെ മുഴുവൻ അവർ ഞെട്ടിക്കും. സമീപകാലത്ത് മലയാള സിനിമ കണ്ട മികച്ച നെഗറ്റീവ് ​ഷേഡുള്ള കഥാപാത്രമായി ബിന്ദുപണിക്കരെ വിലയിരുത്താം. മമ്മൂട്ടിയുമൊത്തും ജഗദീഷുമൊത്തുള്ള അവരുടെ കോമ്പിനേഷൻ സീനുകൾ അത്രമേൽ മനോഹരമാണ്. ഗ്രേസ് ആന്റണി, ജഗദീഷ്, ഷറഫുദ്ദീൻ, കോട്ടയം നസീർ എന്നിവരുടെ പ്രകടനവും മികച്ചു നിൽക്കുന്നു.


അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബിന്റെ തിരക്കഥയും സിനിമയുടെ കരുത്താണ്. മിഥുൻ മുകുന്ദന്റെ പശ്ചാത്തല സംഗീതവും നിമിഷ് രവിയുടെ ഛായാഗ്രഹണവും സിനിമയുടെ ത്രില്ലർ മോഡ് നിലനിർത്താൻ സഹായിക്കുന്നുണ്ട്.

മലയാളത്തിലെ പതിവ് ത്രില്ലറുകൾ പ്രതീക്ഷിച്ച് റോഷാകിന് ടിക്കറ്റെടുക്കന്നവർ ചിലപ്പോൾ നിരാശരായേക്കാം. പുതുമ നിറഞ്ഞ ആഖ്യാനശൈലിയാണ് റോഷാകിന്റെ കരുത്ത്. എന്നാൽ, അതിഗംഭീര സൈക്കോളജിക്കൽ ത്രില്ലറു​കളുടെ നിരയിലേക്ക് ഉയരാനും റോഷാകിന് കഴിയുന്നില്ല. എങ്കിലും മലയാളത്തിലെ ത്രില്ലറുകളിൽ പുതുമ നിറഞ്ഞ ആഖ്യാനശൈലി കൊണ്ടുവന്നതിൽ നിസാം ബഷീറെന്ന സംവിധായകൻ തീർച്ചയായും കൈയടി അർഹിക്കുന്നു. അതിനെല്ലാം ഉപരി മമ്മുട്ടിയെന്ന നടൻ അസാധ്യമായ പ്രകടനത്തിലൂടെ വീണ്ടും പ്രേഷകന്റെ മനസിലേക്ക് കയറുകയാണ് ലൂക്ക് ആന്റണിയിലൂടെ.

Show Full Article
TAGS:Rorschach mammootty 
News Summary - Rorschach film review
Next Story