Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightവ്യവസ്ഥിതിയുടെ...

വ്യവസ്ഥിതിയുടെ നായാട്ട്, അഥവാ സൂക്ഷ്​മ രാഷ്​ട്രീയത്തി​െൻറ തിരക്കാഴ്​ചകൾ

text_fields
bookmark_border
Review Of Malayalam Movie Nayattu, A Tragic Thriller About
cancel

ഒരു വാണിജ്യസിനിമയായി തിയറ്ററുകളില്‍ വന്നുവെങ്കിലും, അല്‍പ്പം ആഴത്തിലുള്ള കാഴ്ച്ചയും വിലയിരുത്തലും അര്‍ഹിക്കുന്ന ഒരു ചിത്രമാണ്, ഷാഹി കബീര്‍ തിരക്കഥയെഴുതി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട്. സിനിമയുടെ സാങ്കേതികവശങ്ങളില്‍ ഊന്നിയും, അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ഈ ചിത്രം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഒപ്പം, സിനിമയുടെ പ്രമേയത്തി​െൻറ ചില വശങ്ങളെ അധികരിച്ചുള്ള ചര്‍ച്ചകള്‍ക്കും ഈ ചിത്രം വിഷയമായി. നിര്‍ഭാഗ്യവശാല്‍, സിനിമയുടെ കഥാഗതിയില്‍ ഉപയോഗിച്ച ദളിത് വിഷയത്തില്‍ അത്തരം ചര്‍ച്ചകള്‍ ഒതുങ്ങിപ്പോയില്ലേ എന്നു സംശയിക്കുന്നു. കൂടുതല്‍ വ്യത്യസ്​ത തലങ്ങളിലുള്ള ചര്‍ച്ചയും വിലയിരുത്തലും കൂടി ഈ ചിത്രം അര്‍ഹിക്കുന്നുണ്ട്.


അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയിട്ടുള്ളതില്‍ ശക്തമായ ഒരു രാഷ്ട്രീയ സിനിമ തന്നെയാണ് നായാട്ട്. സൂക്ഷ്മമായി ഈ ചിത്രം കാണുന്നവര്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ മുനയുള്ള ചില രാഷ്ട്രീയചിന്തകള്‍, ബോധപൂര്‍വ്വമോ അല്ലാതെയോ, ഇതി​െൻറ തിരക്കഥയില്‍ ഒളിഞ്ഞിരിക്കുന്നു. അതാകട്ടെ, വ്യവസ്ഥിതിയുടെ സംരക്ഷകരായ ഭരണകൂടത്തിന് രുചിക്കുന്നതാകണം എന്നുമില്ല. ഭരണകൂടക്കണ്ണുകളെ കബളിപ്പിച്ചു കൊണ്ട് വ്യവസ്ഥിതിയുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന രാഷ്ട്രീയം ബുദ്ധിപൂര്‍വ്വം ഒളിപ്പിച്ചു വെച്ച, അമിത് മസൂര്‍ക്കറുടെ ന്യൂട്ടന്‍ എന്ന ഹിന്ദി ചിത്രത്തിനു സമാനമായ ഒരു പരിശ്രമമാണ് നായാട്ടും എന്ന് ഒരുവേള ചിന്തിക്കാം. അതില്‍ പൂർണമായും വിജയിച്ചു എന്നു പറയാനാകില്ല. എങ്കിലും, ലളിതമായ അടയാളങ്ങളിലൂടെ വ്യവസ്ഥിതിയുടെ പൊള്ളത്തരവും വഞ്ചനയും ദൃശ്യഭാഷയില്‍ കൊണ്ടുവരുന്ന ഇത്തരം ശ്രമങ്ങള്‍ മലയാളസിനിമയില്‍ അപൂര്‍വ്വമാണെന്നതും നാം ഓര്‍ക്കണം. അതുകൊണ്ടു കൂടിയാണ്, നായാട്ട് ആഴത്തിലുള്ള കാഴ്ച്ചക്ക് നാം വിഷയമാക്കേണ്ടത്. ഈ രീതിയിലുള്ള ഒരു വിലയിരുത്തലിനു നമുക്ക് ശ്രമിക്കാം.

അധികാര വടംവലികൾ

ചിത്രം ആരംഭിക്കുന്നത് ഒരു വടംവലി മല്‍സരത്തില്‍ നിന്നുമാണ്. കേന്ദ്രകഥാപാത്രങ്ങളില്‍ ഒരാളായ പ്രവീണ്‍ മൈക്കിള്‍ (കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രം) നയിക്കുന്ന ക്ലബ് ടീമും, സ്ഥിരം വിജയികളായ പൊലീസ് ടീമും തമ്മില്‍ ഏറ്റുമുട്ടുന്ന ഈ വടംവലി മല്‍സരം ചിത്രത്തി​െൻറ തുടര്‍ന്നുള്ള കഥാഗതിയുടെ ഒരു രൂപകമാണെന്നു കാണാം. ഭരണകൂടത്തിന്റെ പേശീബലവും സാധാരണക്കാരും തമ്മിലുള്ള വടംവലിയുടെ ഈ രംഗം, ചിത്രത്തിന്റെ ശില്‍പ്പികള്‍ ബോധപൂര്‍വ്വം തന്നെ ഉള്‍പ്പെടുത്തിയതാണെന്നു വിശ്വസിക്കാം.

സഹപ്രവര്‍ത്തകനെ സഹായിക്കാന്‍ ശ്രമിച്ച പ്രവീണിനെ, പൊലീസ് ടീമിനെതിരെ നില്‍ക്കുന്നു എന്നതു കൊണ്ട്, അയാളും ഒരു പൊലീസുകാരനാണെന്നു പരിഗണിക്കാതെ ആട്ടിയകറ്റാന്‍ പൊലീസ് ടീമിന്റെ മാനേജര്‍ ശ്രമിക്കുന്നു. ചിത്രത്തിന്റെ ആകെ പ്രമേയം തന്നെയാണ് ഈ വടംവലിരംഗത്ത് സൂചിപ്പിക്കപ്പെടുന്നത്. സ്ഥാപിതതാത്പര്യങ്ങള്‍ക്കായി ജനത്തിനുമേല്‍ ബലമായി അധികാരം നടപ്പാക്കാന്‍ തുനിയുന്ന ഭരണകൂടവും, അതിനെതിരായി ദുര്‍ബലരായ ജനവിഭാഗങ്ങള്‍ സംഘടിച്ചു നടത്തുന്ന ചെറുത്തുനില്‍പ്പും എന്ന ഒരു രൂപകം കൂടി ബോധപൂര്‍വ്വമോ അല്ലാതെയോ ഇതില്‍ പ്രകടമാകുന്നുണ്ടോ എന്ന്, സാമൂഹിക-രാഷ്ട്രീയ വശങ്ങള്‍ പഠിക്കുന്നവര്‍ക്ക് ചിന്തിക്കാം.


പൊലീസും മനുഷ്യരാണ്​

പൊലീസ് ജോലി ചെയ്യുന്നവരുടെ ജീവിതത്തിന്റെ വശങ്ങള്‍, ജോലിയില്‍ അവര്‍ നേരിടുന്ന സമ്മര്‍ദ്ദം, സുരക്ഷിതത്വമില്ലായ്മ, യാദൃശ്ചികമായി പെട്ടു പോകുന്ന ഒരു പ്രശ്‌നത്തില്‍ ഭരണകൂടത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി അതേ പൊലീസ് തന്നെ അവരെ വേട്ടയാടുന്നത്, എന്നിവയൊക്കെ ചേരുന്നതാണ് നായാട്ടിന്റെ പ്രമേയം. ഇത് അവതരിപ്പിക്കുമ്പോള്‍, നമ്മുടെ വ്യവസ്ഥിതിയില്‍ പൊലീസ് യഥാര്‍ത്ഥത്തില്‍ നിര്‍വ്വഹിക്കുന്ന പങ്കെന്താണെന്ന് കൂടി അവതരിപ്പിക്കപ്പെടുന്നു. പൊതുവെ, ഇന്ത്യന്‍ സിനിമയില്‍ പൊലീസിനെ അവതരിപ്പിക്കുന്നത് അതിമാനുഷ പരിവേഷത്തോടെയാണ്. അതായത്, സമൂഹത്തിലെ തിന്മകള്‍ക്കെതിരേ പലപ്പോഴും ഒറ്റയ്ക്കു തന്നെ ധീരമായി പൊരുതുന്ന അതിമാനുഷനായകരായാണ് നമ്മുടെ സിനിമകളില്‍ പൊലീസുകാരെ പൊതുവേ അവതരിപ്പിക്കാറുള്ളത്. ആ കഥാപാത്രങ്ങള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ പോലും സിനിമകളില്‍ ന്യായീകരിക്കപ്പെടുന്നു. പക്ഷേ, നായാട്ടിലെ പൊലീസുകാര്‍ അതിമാനുഷരല്ല. കോണ്‍സ്റ്റബിള്‍ മുതല്‍ ഡിജിപി വരെ നിസ്സഹായരായി നിന്നു പോകുന്ന നിമിഷങ്ങള്‍ നമ്മള്‍ കാണുന്നുണ്ട്. മറുവശത്ത് അവര്‍ ജോലിയില്‍ നേരിടുന്ന സമ്മര്‍ദ്ദം ശക്തമായി അവതരിപ്പിക്കുന്നു. ഇത് എത്രത്തോളം യഥാതഥമാണെന്നതില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം. പക്ഷേ, മുതലാളിത്തവ്യവസ്ഥയില്‍ ഒരു വ്യക്തി നേരിടുന്ന കൂലി അടിമത്തം, അഥവാ തൊഴിലിലുള്ള അടിമത്തം, അതു പൊലീസ് ജോലി ആണെങ്കില്‍ പോലും അവന്റെ ജീവിതത്തെ എങ്ങനെ കുരുക്കിയിടുന്നു എന്നത് പലപ്പോഴും ചര്‍ച്ചകളില്‍ വരാത്ത വിഷയമാണ്.


പൊലീസ് ജോലി ആകുമ്പോള്‍, വ്യവസ്ഥിതിയുടെ സംരക്ഷണം എന്നു പറയുന്ന ജോലി, പലപ്പോഴും ആ വ്യവസ്ഥിതി, അല്ലെങ്കില്‍ അതിന്റെ നിയന്ത്രണം കൈക്കലാക്കിയവര്‍ കാട്ടുന്ന അനീതികളുടെ കൂടി സംരക്ഷണമായി മാറുന്നു. ഇതില്‍ ജോജു അവതരിപ്പിക്കുന്ന കഥാപാത്രമായ എഎസ്‌ഐ മണിയന്‍ പറയുന്ന ഒരു സംഭാഷണത്തില്‍ അതു വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. 'ഗുണ്ടകള്‍ക്കു പോലും ക്വട്ടേഷന്‍ വേണ്ടെന്നു വെക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, പക്ഷേ നമുക്കതില്ല.' മണിയനെ പോലെ കൈക്കൂലി വാങ്ങാത്ത, ഉള്ളില്‍ അല്‍പ്പം നന്മ സൂക്ഷിക്കുന്നവര്‍ക്കു പോലും അവരുടെ ജോലിയുടെ ഭാഗമായി വ്യവസ്ഥിതി അവരെക്കൊണ്ടു ചെയ്യിക്കുന്ന അനീതികള്‍ക്കെതിരേ ഒന്നും ചെയ്യാനാകുന്നില്ല. എന്നു തന്നെയുമല്ല, ആ അനീതികള്‍ അറിഞ്ഞുകൊണ്ടു തന്നെ ചെയ്തു കൊടുക്കേണ്ടി വരുന്ന നിസ്സഹായരായ മനുഷ്യരായി പൊലീസുകാരെ ഇതില്‍ വരച്ചു കാട്ടുന്നുണ്ട്.

മാറ്റമില്ലാത്ത വ്യവസ്​ഥിതി

ഈ അവതരണത്തിന്റെ ശരിതെറ്റുകള്‍ അവിടെ നില്‍ക്കട്ടെ. ഇതില്‍ വ്യക്തമാകുന്ന കൃത്യമായ രാഷ്ട്രീയചിന്ത മാത്രം പരിശോധിക്കാം. ഒന്നാമത്, ഈ വ്യവസ്ഥിതിയില്‍ അനീതി നിലനില്‍ക്കുന്നു. ജനാധിപത്യത്തെ കുറിച്ചും, മാതൃക ജനാധിപത്യത്തിലെ പൊലീസിന്റെ പങ്കിനെക്കുറിച്ചും എത്രയൊക്കെ വാചാലമായാലും, യഥാര്‍ത്ഥത്തില്‍ ഈ വ്യവസ്ഥിതിയെ അതിന്റെ എല്ലാ അനീതിയും പ്രതിലോമകതയും അടക്കം സംരക്ഷിക്കുക എന്ന പങ്കു മാത്രമേ പൊലീസിനു നിര്‍വ്വഹിക്കാനുള്ളു. അതായത്, വ്യവസ്ഥിതി ജനങ്ങള്‍ക്കെതിരായാല്‍ പോലും, അതിന്റെ ഭാഗമായി നിലകൊണ്ടു കൊണ്ട് ജനത്തെ അടിച്ചമര്‍ത്താനുള്ള മര്‍ദ്ദകശക്തിയായി തീരുക എന്ന പങ്കു മാത്രമേ, ഇന്നത്തെ ദുഷിച്ച മുതലാളിത്തവ്യവസ്ഥിതിയില്‍ യഥാര്‍ത്ഥത്തില്‍ പൊലീസിനും പട്ടാളത്തിനുമൊക്കെ കല്‍പ്പിച്ചു കൊടുത്തിട്ടുള്ളൂ. വ്യവസ്ഥിതിക്ക് കൂടുതല്‍ ഫാസിസ്റ്റു സ്വഭാവം കൈവന്നു കൊണ്ടിരിക്കുന്ന ഇക്കാലത്താകട്ടെ, ഈ മര്‍ദ്ദകവേഷത്തിന് സേനയെ കൂടുതല്‍ പരുവപ്പെടുത്തിയെടുക്കുകയും ചെയ്യുന്നു. ഇത് വ്യക്തികളുടെ ദൂഷ്യം മൂലം സംഭവിക്കുന്നതല്ല. അതു പോലെ തന്നെ, ഒന്നോ രണ്ടോ നല്ല വ്യക്തികളുടെ തനിച്ചുള്ള പോരാട്ടം കൊണ്ട് മാറ്റാവുന്ന സ്വഭാവവുമല്ല. കാരണം ഇത് നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ സ്വഭാവമാണ്, അതിന്റെ ആവശ്യകതയാണ്. അതിന്റെ ഭാഗമായ പൊലീസിനാകട്ടെ ഇങ്ങനെയേ ആകാന്‍ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം.


നായാട്ടില്‍ അന്തര്‍ഭവിച്ചിരിക്കുന്നതും ഇതേ രാഷ്ട്രീയസത്യമാണ്. അത് ചിത്രത്തിന്റെ ശില്‍പ്പികള്‍ ബോധപൂര്‍വ്വമായി ചിത്രീകരിച്ചിരിക്കുന്നതാണെങ്കിലും അല്ലെങ്കിലും ശരി, ഈയൊരു രാഷ്ട്രീയസത്യം കൊണ്ടാണ് മറ്റ് പൊലീസ് സിനിമകളില്‍ നിന്നും വ്യത്യസ്തമായ രാഷ്ട്രീയചിത്രമായി, അല്‍പ്പം കൂടി ഉയര്‍ന്ന തലത്തിലേക്ക് നായാട്ട് കയറിനില്‍ക്കുന്നത്. ഒരു അതിമാനുഷനായകന് മുന്നിട്ടിറങ്ങിയാല്‍ നടപ്പാക്കാവുന്ന മാറ്റങ്ങളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേയുള്ളു വ്യവസ്ഥിതിയില്‍ എന്നു പറയുന്ന പൊലീസ് ചിത്രങ്ങള്‍ പരിഹാസ്യമാകുന്നത്, അവ ഈ രാഷ്ട്രീയയാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തതു കൊണ്ടാണ്.

വ്യവസ്ഥിതിയുടെ ഇരകളാകുന്ന സാധാരണക്കാരന്റെ കാഴ്ച്ചയേയും മനസ്സിനേയും അത്തരം ചിത്രങ്ങള്‍ തൃപ്തിപ്പെടുത്തിയേക്കാം. പക്ഷേ വ്യവസ്ഥിതിയുടെ സത്യം അവ കാഴ്ച്ചക്കാരനില്‍ നിന്നും മറച്ചുപിടിക്കുന്നു. ഈ ചിത്രത്തില്‍ അനില്‍ നെടുമങ്ങാടിന്റെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്റെ മേലുദ്യോഗസ്ഥയോടു പറയുന്ന സംഭാഷണം ഓര്‍ക്കുക - 'മേഡം ഒറ്റയ്ക്ക് എന്തു ചെയ്യുമെന്നാണ്, മനുഷ്യത്വം വെച്ച് സ്റ്റേറ്റിനെതിരേ മുമ്പൊരു ഐപിഎസ് ഓഫീസര്‍ സംസാരിച്ചതാ. ഇപ്പോള്‍ ജയിലിലാണ്. രണ്ട് വര്‍ഷമായി ജാമ്യം പോലും കിട്ടാതെ ഉള്ളിലാണ്.' (ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ അനുഭവം ഓര്‍ക്കുക) മണിയന്റെ അനുഭവം നാളെ തനിക്കും സംഭവിക്കാം എന്ന് ഈ കഥാപാത്രം പറയുന്നതാണ് യാഥാര്‍ത്ഥ്യം. ഈ യാഥാര്‍ത്ഥ്യത്തെയാണ് നായാട്ട് അവതരിപ്പിക്കുന്നത്.

നായാട്ടി​െൻറ വിജയം

ഒരു സിനിമ വാണിജ്യ ഉത്പന്നമെന്നതിലുപരി, ശക്തമായ ഒരു മാധ്യമവും ഒരു കലാസൃഷ്ടിയുമൊക്കെയാകുന്നത്, അതിനെ അതിന്റെ കാലത്തിനും ദേശത്തിനുമൊക്കെ നേരേ പിടിച്ച സത്യസന്ധമായ ഒരു കണ്ണാടിയാക്കുമ്പോഴാണ്. അങ്ങനെയൊരു കണ്ണാടിയാകുന്നതില്‍ നായാട്ട് കുറെയൊക്കെ വിജയിച്ചിരിക്കുന്നു എന്നു വിലയിരുത്താം.

പൊലീസുകാര്‍ നേരിടുന്ന സമ്മര്‍ദ്ദത്തെ കുറിച്ച് നേരത്തേ സൂചിപ്പിക്കുകയുണ്ടായി. അത് അവരുടെ സ്വഭാവത്തെ എങ്ങനെ മാറ്റിത്തീര്‍ക്കുന്നു എന്ന വശവും ഇതില്‍ വരുന്നുണ്ട്. പ്രത്യേകിച്ചും ഇതിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കഥാപാത്രത്തിന്റെ വികാസത്തില്‍ ഇത് വളരെ വ്യക്തമായി കടന്നു വരുന്നു. ജോലിയുടെ സമ്മര്‍ദ്ദം മുഴുവന്‍, യൂണിഫോമണിയുന്ന സദാസമയവും, ഈ കഥാപാത്രത്തിന്റെ മുഖത്തു ദൃശ്യമാണ്. തന്റെ മേലധികാരികളില്‍ നിന്നും തനിക്കു നേരിടേണ്ടി വരുന്ന മോശം പെരുമാറ്റവും സമ്മര്‍ദ്ദവും, അതിലേറെയാക്കി ഇദ്ദേഹം തന്റെ കീഴുദ്യോഗസ്ഥര്‍ക്കു മേല്‍ ചൊരിയുന്നത് നമുക്കു കാണാം. അമ്മയുടെ ചികിത്സക്കായി അവധി ചോദിച്ചെത്തുന്ന പ്രവീണിന് ഇയാള്‍ മനുഷ്യത്വരഹിതമായി തന്നെ അതു നിഷേധിക്കുന്നു. ഇതേ തുടര്‍ന്നാണ് ചിത്രത്തില്‍ വഴിത്തിരിവാകുന്ന രംഗങ്ങള്‍ ആരംഭിക്കുന്നതു തന്നെ. എന്നാല്‍ ഇതേ മേലുദ്യോഗസ്ഥന്‍, രാത്രിയിലെ കല്ല്യാണവിരുന്നില്‍ വളരെ സൗഹാര്‍ദ്ദപരമായി ഇടപെടുകയും ചികിത്സക്ക് അമ്മയെ കൊണ്ടുപോകാനുള്ള ഉപായം പറഞ്ഞുകൊടുക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ തന്നെ, സ്റ്റേഷനില്‍ അക്രമം കാണിച്ച ബിജുവിനെ ലോക്കപ്പു ചെയ്യുമ്പോള്‍ പൊലീസിന്റെ പൊതുസംഘബോധത്തിന് ഒപ്പം നില്‍ക്കുന്നുണ്ട് ഇദ്ദേഹം. പക്ഷേ പിന്നാലെ ബിജുവിനെ വിട്ടയയ്ക്കാന്‍ മേലേ നിന്നും വിളി വരുമ്പോള്‍, സഹപ്രവര്‍ത്തകരുടെ മുന്നറിയിപ്പും രോഷവും വകവെക്കാതെ അയാള്‍ തീര്‍ത്തും മേലുദ്യോഗസ്ഥര്‍ക്കു വിധേയനാകുന്നു. നിയമവും അതിന്റെ നടപടിയും പോലും ആ വിധേയത്വത്തില്‍ അയാള്‍ മറന്നുപോകുന്നു.


പിന്നീട്, അപകടമരണം സംഭവിച്ച ശേഷം മണിയനും കൂട്ടരും രക്ഷക്കായി ഓടിയെത്തുന്നതും പൊലീസ് സ്റ്റേഷനില്‍ ഇതേ സിഐയുടെ അടുത്തേക്കാണ്. അവിടെ അവരുടെ നിരപരാധിത്വം തികച്ചും അറിയാമായിരുന്ന അയാള്‍ അവര്‍ക്കു സംരക്ഷണത്തിന്റെ വിശ്വാസം നല്‍കിയെങ്കിലും, തൊട്ടുപിന്നാലെ തന്നെ മേലാവില്‍ നിന്നുള്ള ഫോണ്‍ വരുന്നതു നമ്മള്‍ കാണുന്നു. തങ്ങളെ കുടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന മുന്നറിയിപ്പു കിട്ടിയ ഉടനേ തന്നെ അവിടെ നിന്നും രക്ഷപെടാന്‍ മണിയന്‍ ശ്രമിക്കുന്നത്, തന്റെ മേലുദ്യോഗസ്ഥനെ വിശ്വസിക്കാനാകില്ല എന്നതു കൊണ്ടു കൂടിയാണ്. പിന്നീട് ക്രൈംബ്രാഞ്ച് മേലധികാരിയുടെ മുന്നില്‍ ഭയന്ന് നിന്ന് സ്വന്തം ഭാഗം മാത്രം ന്യായീകരിക്കുന്ന ഈ കഥാപാത്രത്തെ നാം കാണുന്നുണ്ട്. നമ്മുടെ കൊളോണിയല്‍ ഭരണാധികാരികള്‍, അവരോടുള്ള വിധേയത്വം എന്ന ഒരേയൊരു അസ്തിവാരത്തിനു മീതേ കെട്ടിയുയര്‍ത്തിയ അധികാരശ്രേണിയുടെ പിരമിഡാണ് നമ്മുടെ പൊലീസും ബ്യൂറോക്രസിയും. ഈ പിരമിഡിന്റെ അടിമകളായി മാറുന്നവരാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും, വിശേഷിച്ചും പൊലീസ്-സൈനികവിഭാഗങ്ങള്‍. കാരണം അവരുടെ ചിട്ടപ്പെടുത്തലില്‍ ഇന്നും അടിസ്ഥാന ജനാധിപത്യ പാഠങ്ങള്‍ പോലും കടന്നുവന്നിട്ടില്ല. ഈ ചിട്ടപ്പെടുത്തലിന്റെ കൃത്യമായ ഒരു അടയാളമായി ഈ ഇന്‍സ്‌പെക്ടര്‍ കഥാപാത്രം മാറുന്നതു നമുക്കു കാണാം. ഇന്‍സ്‌പെക്ടര്‍ മാത്രമല്ല, ഇതിലെ ഭൂരിപക്ഷം പൊലീസ് കഥാപാത്രങ്ങളും - മണിയന്‍ മുതല്‍ ഡിജിപി വരെ, ഇങ്ങനെ ചിട്ടപ്പെടുത്തിയവരാണ്.

മണിയനും സംഘവും പിക്ക്അപ്പ് ട്രക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടിട്ടും കാണാത്ത പോലെ അവരെ പോകാന്‍ അനുവദിക്കുന്ന ഒരു മുതിര്‍ന്ന പൊലീസുകാരനെ ഒരു രംഗത്തില്‍ നമുക്കു കാണാം. സംഭവിക്കുന്നത് മനസ്സിലാക്കാന്‍ പോലും കഴിയാത്ത പോലെ മുന്നോട്ടു പോകുന്ന പ്രവീണും സുനിതയും, ചെയ്യുന്നത് തെറ്റാണെന്ന് അവസാനം മനസ്സിലാക്കിയപ്പോള്‍ പ്രതികരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട് നിശ്ശബ്ദയായി നോക്കി നില്‍ക്കുന്ന ക്രൈംബ്രാഞ്ച് വനിത എസ്പി തുടങ്ങിയ കഥാപാത്രങ്ങള്‍ ഈ പൊതുധാരയില്‍ നിന്നും അല്‍പ്പം തെന്നിമാറി സ്വന്തം മനഃസാക്ഷി അറിയാതെ പ്രവര്‍ത്തിച്ചു പോകുന്നവരാണ്. അവരാകട്ടെ ഒറ്റപ്പെട്ടു പോകുന്നത് ചിത്രം വ്യക്തമായി അടയാളപ്പെടുത്തുന്നുമുണ്ട്.


വിധേയത്വം ആവശ്യപ്പെടുന്ന അധികാരശ്രേണികൾ

സ്വാതന്ത്ര്യം കിട്ടിയപ്പോള്‍, ബ്രിട്ടീഷുകാര്‍ക്കു പകരം തദ്ദേശീയരായ നേതാക്കള്‍ തെരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധികളും മന്ത്രിമാരുമൊക്കെയാകുന്ന പാര്‍ലമെന്ററി സംവിധാനം മേലേ വന്നു. പക്ഷേ, യഥാര്‍ത്ഥ ഭരണകൂടമായ ബ്യൂറോക്രസിയും പൊലീസും സൈന്യവും കോടതിയുമൊക്കെ ചേരുന്ന സംവിധാനം, കെട്ടിലും മട്ടിലും സ്വഭാവത്തിലും ഘടനയിലും അതേപോലെ നിലനില്‍ക്കുന്നു. വ്യക്തികള്‍ മാറി, വ്യവസ്ഥിതി മാറിയില്ല എന്നതാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. ജനങ്ങള്‍ക്ക് പ്രായപൂര്‍ത്തി വോട്ടവകാശം കിട്ടി. പക്ഷേ അവന്റെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട, അവനു സാമ്പത്തികവും സാമൂഹികവുമായ തുല്യതയും സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ട യഥാര്‍ത്ഥ ജനാധിപത്യം ഈ വ്യവസ്ഥിതിയില്‍ എത്രത്തോളം നിലവിലുണ്ട് എന്ന ചോദ്യം പ്രസക്തമാണ്. മേലേ നിന്നുള്ള നിര്‍ദ്ദേശം, അത് നീതിക്കും നിയമത്തിനും നിരക്കുന്നതല്ലെങ്കില്‍ പോലും, ചോദ്യം ചെയ്യാതെ അനുസരിക്കാനുള്ള വിധേയത്വത്തിന്റെ മേല്‍ മാത്രം അടിയുറച്ച എക്‌സിക്യൂട്ടീവ് അധികാരശ്രേണിയെ ഈ ചിത്രത്തില്‍ പലരീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്.


പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പോലും അടിസ്ഥാനപാഠങ്ങള്‍ അട്ടിമറിച്ചുകൊണ്ട്, ഒരു വ്യക്തിയിലേക്ക് രാഷ്ട്രീയ അധികാരം കേന്ദ്രീകരിക്കുന്നതും, എക്‌സിക്യൂട്ടീവ് ജനങ്ങളോടും നിയമനിര്‍മ്മാണസഭയോടുമല്ലാതെ ആ വ്യക്തിയോടു മാത്രം വിധേയപ്പെടുന്നതുമായ യാഥാര്‍ത്ഥ്യം നമ്മുടെ രാജ്യത്ത്, കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിലെ മുഖ്യമന്ത്രിയുടെ കഥാപാത്രം തീര്‍ച്ചയായും ഇതിന്റെ പ്രതീകമാണ്. ജനതാത്പര്യത്തെ ഈ വ്യക്തിയുടെ താത്പര്യം കൊണ്ട് മാറ്റിവെക്കുന്നതും നമ്മള്‍ കാണുന്നു. ഇതും സമകാലിക രാഷ്ട്രീയത്തിന് അന്യമായ കാര്യമല്ല. പക്ഷേ, ഇവിടെ ഇങ്ങനെ അധികാരം കൈയ്യാളുന്ന വ്യക്തി നടപ്പാക്കുന്നത് അയാളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളല്ല, പകരം അയാളെയും നിയന്ത്രിക്കുന്നത് വ്യവസ്ഥിതിയുടെ അധികാരവര്‍ഗ്ഗമാണ് എന്നതാണ് പരമമായ സത്യം. എന്തായാലും അത്ര ആഴത്തിലേക്ക് ഈ ചിത്രം ദൃഷ്ടി പായിക്കുന്നില്ല. പക്ഷേ സമകാലിക രാഷ്ട്രീയത്തില്‍ നാം കണ്ടിട്ടും അറിയാതെ പോകുന്ന ഇത്തരം ധാരകള്‍ നായാട്ടില്‍ ഉപരിപ്ലവമായെങ്കിലും പ്രതിഫലിക്കുന്നുണ്ട്.

വ്യവസ്ഥിതിയുടെ ഭാഗമായി നിന്നവര്‍ തന്നെയായിക്കോട്ടെ, അവര്‍ അനഭിമതരായാല്‍ എന്താണ് നേരിടേണ്ടി വരിക എന്നതാണ് നായാട്ടിന്റെ പ്രധാനപ്രമേയം. യാദൃശ്ചികമായി വന്നുപെട്ട ഒരു പ്രശ്‌നത്തില്‍, നിരപരാധികളായിരുന്നിട്ടു കൂടി മണിയനും പ്രവീണും സുനിതയും (നിമിഷ അവതരിപ്പിക്കുന്ന വനിത കോണ്‍സ്റ്റബിള്‍ കഥാപാത്രം) പൊലീസിനാല്‍ വേട്ടയാടപ്പെടുന്നു, മാധ്യമവിചാരണകള്‍ നേരിടുന്നു. കുറ്റം തെളിയുന്നതിനു മുന്നേ അവര്‍ കുറ്റവാളികളായി മുദ്ര കുത്തപ്പെടുന്നു. കാരണം, തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ആവശ്യങ്ങള്‍ക്കായി അവരെ കുറ്റവാളികളായി അവതരിപ്പിച്ച് കീഴടക്കേണ്ടത് ഭരണാധികാരത്തിന്റെ ആവശ്യമായി വരുന്നതായി ചിത്രം സ്ഥാപിക്കുന്നു. ഇവിടെ, സത്യസന്ധമായി കേസ് അന്വേഷിക്കേണ്ട പൊലീസ്, കുറ്റം അവരുടെ മേല്‍ തന്നെ ചാര്‍ത്താനുള്ള തെളിവുകള്‍ സൃഷ്ടിച്ചെടുത്തു കൊണ്ട് യജമാനന്മാരുടെ വിശ്വസ്ത സേവകരാകുന്നു. ഒരു ദിവസം മുമ്പു വരെ ഈ മൂന്നു പേരും തങ്ങളുടെ സഹപ്രവര്‍ത്തകരായിരുന്നു എന്നതു തന്നെ വിസ്മരിച്ചു കൊണ്ട് അവരെ വേട്ടയാടുകയാണ് ചിത്രത്തില്‍. അവരുടെ കുടുംബങ്ങളെ പോലും വെറുതെ വിടുന്നില്ല എന്നതും നമ്മള്‍ കാണുന്നു.


തന്റെ മകള്‍ കലോല്‍സവത്തില്‍ പങ്കെടുത്ത് അംഗീകാരം നേടുന്നതായിരുന്നു മണിയ​െൻറ ഏറ്റവും വലിയ സ്വപ്നമായി തുടക്കം തൊട്ടേ ചിത്രത്തില്‍ കാണിക്കുന്നത്. പക്ഷേ, തന്റെ സഹപ്രവര്‍ത്തകര്‍ തന്നെ മകളുടെ അവസരം മുടക്കിയ വാര്‍ത്ത അയാള്‍ വായിച്ചറിഞ്ഞ് തകര്‍ന്നു പോകുന്നു, ആത്മഹത്യ ചെയ്യുന്നു. 'പത്തിരുപതു വര്‍ഷം ഞാനവരുടെ വേട്ടപ്പട്ടിയായി ഓടിനടന്നതല്ലേ, എന്റെ വീട്ടിക്കേറി അവരീപ്പണി ചെയ്യുമെന്ന് കരുതിയില്ല', എന്നു വേദനയോടെ പറയുന്ന മണിയനെ നമ്മള്‍ കാണുന്നു. ഈ സംഭാഷണത്തില്‍ എല്ലാമുണ്ട്. എന്തായിരുന്നു തന്റെ ജോലി എന്നും അവസാനം താന്‍ തന്നെ അതിന്റെ ഇരയായി മാറുന്നതുമാകാം അയാള്‍ തിരിച്ചറിയുന്നത്. ഈ തിരിച്ചറിവ് അനില്‍ നെടുമങ്ങാടിന്റെ പൊലീസ് ഉദ്യോഗസ്ഥനും പങ്കു വെക്കുന്നുണ്ട്, അയാള്‍ സംവിധാനത്തിന് വഴങ്ങിക്കൊടുക്കുന്നുവെങ്കിലും.

ജീർണിക്കുന്ന ജനാധിപത്യം

സിനിമയുടെ അവസാനം ഒരു തെരഞ്ഞെടുപ്പിന്റെ രംഗമാണ് കാണിക്കുന്നത്. പ്രവീണിനേയും സുനിതയേയും കൊണ്ട് കോടതിയിലേക്കു പോകുന്ന പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തി ഒരാള്‍ ഒരു പ്രായമായ വോട്ടറേയും കൊണ്ട് പോളിങ്ങ് ബൂത്തിലേക്കു പോകുന്നു. തുടര്‍ന്നു കാണുന്നത് അന്ധയായ ഒരാളെ വോട്ടു ചെയ്യിക്കാനായി നയിച്ചു കൊണ്ടു പോയി മെഷീനില്‍ വിരല്‍ കൊണ്ടു കുത്തുന്നതാണ്. കാര്യമായ രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടത്താതെ, കൊട്ടിഘോഷങ്ങളുടേയും പണക്കൊഴുപ്പിന്റെയും പിആര്‍ വര്‍ക്കിന്റേയും കൂത്തരങ്ങു മാത്രമായി മാറുകയാണ് നമ്മുടെ തെരഞ്ഞെടുപ്പുകള്‍ എന്നത് കൃത്യമായി രാഷ്ട്രീയം ശ്രദ്ധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ബോധപൂര്‍വം ജനത്തെ അരാഷ്ട്രീയവല്‍ക്കരിക്കാന്‍ വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളടക്കം ശ്രമിക്കുന്നു. ജനങ്ങളുടെ ജീവിതമായി യാതൊരു ബന്ധവുമില്ലാത്ത, വാസ്തവത്തില്‍ അവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ മാത്രം ഉതകുന്ന വികസനം-ജാതി-മതം തുടങ്ങിയ വിഷയങ്ങളുപയോഗിച്ച് ജനത്തെ വഴിതെറ്റിക്കുന്നു.


ജനം ഇങ്ങനെ യഥാര്‍ത്ഥ പ്രശ്‌നങ്ങളോട് അന്ധത പുലര്‍ത്തുന്നവരാവുക എന്നത് ഇന്നത്തെ മുതലാളിത്തവ്യവസ്ഥിതിയുടേയും ഭരണകൂടത്തിന്റെയും ആവശ്യമാണ്. തങ്ങളുടെ എല്ലാ പ്രതിഷേധവും വല്ലപ്പോഴും നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടു കുത്തിയാണ് തീര്‍ക്കേണ്ടതെന്ന തരത്തില്‍ ജനത്തെ പരുവപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. അതിനപ്പുറം, സാമാന്യ ജനാധിപത്യം അനുവദിക്കുന്ന, ജനാധിപത്യത്തിനു തന്നെ അര്‍ത്ഥം നല്‍കുന്ന പ്രതിഷേധസ്വരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഇടയുണ്ടാകാത്തതാണ് ഇന്നത്തെ വ്യവസ്ഥിതി ആഗ്രഹിക്കുന്ന അവസ്ഥ. അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട്, അന്ധരായി പോളിങ്ങ് ബൂത്തിലേക്ക് ആട്ടിത്തെളിക്കേണ്ടവരായാണ് ജനങ്ങളെ അവര്‍ക്ക് ആവശ്യം. നായാട്ടിന്റെ അവസാനരംഗം സൂചിപ്പിക്കുന്നതും ഇതു തന്നെയല്ലേ? വോട്ടിങ്ങ് മെഷീനിലെ ബീപ്പ് ശബ്ദം നീണ്ട് പോകുന്നുണ്ട് അവസാനം. തുളഞ്ഞു കയറുന്ന ചോദ്യങ്ങളായി ഈ ശബ്ദം പ്രേക്ഷകനിലേക്ക് കയറട്ടെ. ചിന്തിക്കട്ടെ എന്ന് സംവിധായകന്‍ പ്രതീക്ഷിച്ചിരിക്കാം.

സിനിമയുടെ പരിമിതികൾ

ദളിത് വിഭാഗത്തെ അവതരിപ്പിച്ച രീതിയുമായി ബന്ധപ്പെട്ട് നായാട്ടിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളുണ്ട്. അത് സാധൂകരിക്കുന്ന രീതിയില്‍ ദുര്‍ബലമായ പാത്രസൃഷ്ടിയുണ്ടായി എന്നത് വസ്തുതയായി തോന്നാം. ബിജു എന്ന വില്ലന്‍ സ്വഭാവത്തിലുള്ള കഥാപാത്രവും അയാളുടെ ദളിത് സംഘടനയേയും അവതരിപ്പിക്കുന്നിടത്താണ് ഈ വിമര്‍ശനത്തിന്റെ കാതല്‍. ലഹരി ഉപയോഗിക്കുന്ന, എവിടെയും അഹങ്കാരത്തോടെ പെരുമാറുന്ന, അക്രമകാരിയായ ഒരാളായാണ് ബിജുവിന്റെ കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും സംഘടനാശക്തിയുടേയും ബലത്തില്‍ ഇയാളുടെ തോന്നിയവാസങ്ങള്‍ രക്ഷപ്പെടുത്തിയെടുക്കുന്നത് ദളിത് കാര്‍ഡിന്റെ ദുരുപയോഗമായി വായിക്കുന്നതാണ് വിമര്‍ശനം ഉണ്ടാക്കിയതെന്നു കരുതാം. മറുവശത്ത് നായകകഥാപാത്രമായ മണിയനേയും ദളിത് ആക്കി മാറ്റി ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഞാനും ദളിതനല്ലേടാ എന്നു പറയിപ്പിച്ചു, മണിയനെ കൊണ്ട് ഒന്നിലേറെ തവണ തന്റെ ദളിത് സ്വത്വം പ്രകടിപ്പിക്കുന്നു. ദളിത് വിഭാഗത്തിലുള്ളവര്‍ക്ക് സഹജമായ അക്രമസ്വഭാവമുണ്ട്, ലഹരി ഉപയോഗമുണ്ട്, പിന്നോക്കാവസ്ഥ മാത്രം ആഗ്രഹിക്കുന്നവരാണ് എന്നൊക്കെയുള്ള സ്റ്റീരിയോടൈപ്പിങ്ങ് ഈ സിനിമയുടെ പാത്രസൃഷ്ടിയില്‍ കടന്നു വന്നിട്ടുണ്ട് എന്ന വിമര്‍ശനവും വിലയിരുത്തലും കേട്ടിരുന്നു.


ഒരുപക്ഷേ, ഇത്തരത്തിലൊരു വിമര്‍ശനത്തിനുള്ള അവസരം ഉണ്ടാക്കാതെ ചിത്രശില്‍പ്പികള്‍ക്കു ശ്രദ്ധിക്കാമായിരുന്നു. സ്റ്റീരിയോടൈപ്പിങ്ങ് എന്നതിനോട് യോജിക്കാനാകില്ലയെങ്കിലും, ഉണ്ടായിരുന്ന ഒരു വലിയ സാധ്യത അണിയറപ്രവര്‍ത്തകര്‍ ഉപയോഗിച്ചില്ല എന്ന പരാതിയേ ഈ വിഷയത്തില്‍ രണ്ടാമതായി ഉന്നയിക്കുന്നുള്ളൂ. നിമിഷയുടെ സുനിത എന്ന കഥാപാത്രത്തെ കൂടുതല്‍ ആഴത്തില്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ മേലേ പറഞ്ഞ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതോടൊപ്പം ചിത്രത്തെ അത് മറ്റൊരു ഉയര്‍ന്ന തലത്തില്‍ എത്തിച്ചേനേ എന്നു തോന്നി. കാരണം, ഈ കഥാപാത്രം അര്‍ഹിക്കുന്ന ഡീറ്റെയ്‌ലിങ്ങ്, വികാസപ്രക്രിയ ചിത്രത്തില്‍ കാണാനുണ്ടായില്ല. സുനിതയും ബിജുവും തമ്മിലുള്ള ബന്ധവും പ്രശ്‌നങ്ങളും എന്തെന്ന് വ്യക്തമാക്കുന്നില്ല.

സുനിതയുടേത് ദരിദ്രമായ ദളിത് സാഹചര്യത്തില്‍ നിന്നും ഉയര്‍ന്നു വന്ന് ജോലി നേടുകയും, ചിത്രത്തില്‍ തന്നെ സൂചനകള്‍ നല്‍കുന്നതു പോലെ ദുര്‍ബലയായ അമ്മ മാത്രം തുണയായി എന്തൊക്കെയോ ജീവിതപ്രശ്‌നങ്ങളെ നേരിടുന്ന ഒരു കഥാപാത്രമായിട്ടും, അതിലേക്കൊന്നും ഇറങ്ങിച്ചെല്ലാതെയാണ് ചിത്രം മുന്നോട്ടു പോയത്. ഏറെ സാധ്യതകളുണ്ടായിരുന്ന ഈ കഥാപാത്രത്തെ അവഗണിച്ച് മണിയന്‍ എന്ന കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത പോലെ തോന്നി. പക്ഷേ ആത്യന്തികമായി ചിത്രം അതിന്റെ സംവിധായകന്റെയും എഴുത്തുകാരന്റെയും കലയാണ്. അവര്‍ക്ക് അതിന് യുക്തമായ കാരണങ്ങളുണ്ടാകും എന്നതു കൊണ്ട് കഥാപാത്രങ്ങളും അവതരണവും അവരുടെ മാത്രം സ്വാതന്ത്ര്യമാണ്. അതു കൊണ്ട് ഈ സാധ്യതയെ ചൂണ്ടിക്കാട്ടിയത് ഒരിക്കലും ഒരു വിമര്‍ശനമായല്ല.

പരിമിതികളെന്തു തന്നെയാണെങ്കിലും, ധീരമായ ഒരു ചലച്ചിത്ര പരിശ്രമം തന്നെയാണ് നായാട്ട്. ആദ്യത്തെ വടംവലി രംഗം മുതല്‍ അവസാനത്തെ പോളിംഗ് ബൂത്ത് രംഗം വരെ, വ്യവസ്ഥിതിക്കു നേരേ ചോദ്യമുയര്‍ത്തുന്ന നിരവധി സൂചകങ്ങളടങ്ങിയ ഒരു രാഷ്ട്രീയ സിനിമ. വ്യവസ്ഥിതിയുടെ കാപട്യം അല്‍പ്പമായെങ്കിലും തുറന്നു കാട്ടപ്പെടുന്നു. കൃത്യമായി നിര്‍വ്വചിക്കാത്ത ഒരു ക്ലൈമാക്‌സിലേക്ക് പ്രവീണിനേയും സുനിതയേയും കൊണ്ടുള്ള പൊലീസ് വാഹനം നീങ്ങിത്തുടങ്ങുന്നതിനു മുമ്പ്, പ്രതിയായ സുനിതയും, അവരെ തേടിപ്പിടിച്ചുവെങ്കിലും കണ്മുന്നില്‍ നടക്കുന്ന അനീതി നിശ്ശബ്ദം നോക്കിനില്‍ക്കേണ്ടി വരുന്ന ആ വനിത ഐപിഎസ് ഉദ്യോഗസ്ഥയും മുഖാമുഖം നോക്കുന്ന ഒരു ദൃശ്യമുണ്ട്. ഈ രണ്ടു സ്ത്രീകളുടെ ആ പരസ്പര നോട്ടത്തില്‍, നിസ്സഹായതയില്‍, ഒരുപാട് അര്‍ത്ഥങ്ങള്‍ കണ്ടെത്താന്‍ പ്രേക്ഷകര്‍ക്കായി മാറ്റിവെച്ചുകൊണ്ടാണ് ആ വാഹനം ക്ലൈമാക്‌സില്‍ നീങ്ങിത്തുടങ്ങി, പോളിംഗ് ബൂത്തിനു സമീപമെത്തുന്നത്. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ശേഷി അടയാളപ്പെടുത്തുന്ന ഇത്തരം ദൃശ്യങ്ങളുടെ കരുത്തില്‍ നായാട്ട് എന്ന സിനിമയും ശ്രദ്ധ അര്‍ഹിക്കുന്നു. തുടക്കത്തില്‍ പറഞ്ഞതു പോലെ ഗൗരവമാര്‍ന്ന ചര്‍ച്ചയും ആവശ്യപ്പെടുന്നു.

(siddharthan2015@hotmail.com)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movieKunchacko BobanJoju GeorgeNayattu
Next Story